കൊംബൂച്ച മുതൽ ഡ്രൈ ഫ്ലേക്സ് വരെ; വികാരമില്ലാത്ത പഴമൊന്നുമല്ല ഡ്രാഗൺഫ്രൂട്ട്
Mail This Article
കാലാവസ്‌ഥ മാറ്റത്തെ പ്രതിരോധിക്കാൻ കഴിയും. നമ്മുടെ കാലാവസ്‌ഥയിൽ നന്നായി കൃഷി ചെയ്യാനാവും. കുറഞ്ഞ കാലറി മൂല്യം. എന്നാൽ, ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റ്, നാരുകൾ എന്നിവയുടെ സാന്നിധ്യം. ആഴത്തിൽ വേരുകൾ പോകാത്തതിനാൽ മണ്ണാഴം കുറഞ്ഞതും മറ്റു വിളകൾക്ക് അനുയോജ്യം അല്ലാത്തതുമായ സ്‌ഥലങ്ങളിലും കൃഷി ചെയ്യാം. ജൈവവളങ്ങളോടും രാസവളങ്ങളോടും നന്നായി പ്രതികരിക്കും. തുടർ പരിചരണത്തിനു ചെലവു കുറവ്. ചെടി നട്ട് 3 വർഷം കൊണ്ടു കായ്ച്ചു തുടങ്ങും. പൂത്തു കഴിഞ്ഞാൽ ഏകദേശം 40 ദിവസം കൊണ്ട് വിളവെടുക്കാം. ഏക്കറിന് 5- 7 ടൺ വരെ വിളവ്.
ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇവിടെ പ്രചരിച്ചതിന് ഇങ്ങനെ പല കാരണങ്ങളുണ്ട്. എന്നാൽ, കൃഷി വ്യാപകമായതോടെ മിക്ക കർഷകർക്കും വിപണി കിട്ടാതെയായി. ഫ്രൂട്ടിനു നല്ല വിലയുണ്ടെങ്കിലും സൂക്ഷിപ്പു കാലാവധി കുറവായതിനാൽ, കോൾഡ് സ്റ്റോറേജ് സംവിധാനം ഇല്ലാത്തവർക്കു വിള, വില നോക്കാതെ വിറ്റഴിക്കേണ്ടി വരുന്നു. മൂല്യവർധിത ഉൽപന്നങ്ങളാണ് ഈ പ്രതിസന്ധിക്കുള്ള മറുപടി.
ഡ്രാഗൺ ചായ
ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രചരിപ്പിച്ചവരിൽ പ്രമുഖരായ തിരുവനന്തപുരം ഭരതന്നൂർ തണ്ണിച്ചാലിലെ വൈശാഖ് ഗാർഡൻസ് മൂല്യവർധിത ഉൽപന്ന നിർമാണത്തിലും വഴി കാട്ടുകയാണ്. പ്രോബയോട്ടിക് ചായയും ഡ്രൈ ഫ്ലേക്സും ഇവർ വിപണിയിൽ എത്തിക്കുന്നു.
ഗ്രീൻ ടീ, ബാക്ടീരിയ-യീസ്റ്റ്കൾ (SCOBY-Symbiotic culture of bacteria and yeast), പഞ്ചസാര എന്നിവ ചേർത്തു പുളിപ്പിച്ചെടുക്കുന്ന പ്രോബയോട്ടിക് ചായയാണു കൊം ബൂച്ച. ഗുണകരമായ സൂക്ഷ്‌മ ജീവികൾ അടങ്ങിയ കൊംബൂച്ചയുടെ ഉത്ഭവം ചൈനയാണ്. മധുരത്തിന്റെ അളവു കുറഞ്ഞ, പുളിപ്പു കൂടുതലുള്ള ഈ പാനീയം ശരീരഭാരം കുറയ്ക്കുന്നതിനും ഊർജദായകമായും ഉപയോഗിക്കുന്നു. ആരോഗ്യ പാനീയമായാണു കരുതുന്നത്. ഇതിലേക്ക് ഡ്രാഗൺ ഫ്രൂട്ടിന്റെ ചാറു ചേർത്താണു വൈശാഖ് ഗാർഡൻസിലെ വിജയനും മകൾ അനുവും പുതിയ പാനീയം നിർമിച്ചത്. പഴച്ചാറിൽനിന്നു നിറവും രുചിയും പൂർണമായും സന്നിവേശിച്ചു കഴിഞ്ഞാൽ ദ്രാവകം അരിച്ചെടുത്തു കുപ്പിയിൽ സൂക്ഷിച്ചു രണ്ടു ദിവസം കാർബണേറ്റ് ചെയ്യും. പാനിയം നുരഞ്ഞുപൊങ്ങുന്ന പാകത്തിലാകുമ്പോൾ ഉപയോഗിക്കാം. ഇതു ഫ്രിജിൽ സംരക്ഷകങ്ങൾ ചേർത്ത് 6 മാസം വരെയും ചേർക്കാതെ 2 മാസം വരെയും കേടുകൂടാതെ സൂക്ഷിക്കാം.
ഡ്രാഗൺ ഡ്രൈ ഫ്ലേക്സ്
ഡ്രാഗൺ ഫ്രൂട്ട് അരിഞ്ഞെടുത്തു ഡ്രയറിൽ ഉണക്കിയാണു ഫ്ലേക്‌സ് തയാറാക്കു ന്നത്. 11 കിലോഗ്രാം പഴമുണക്കുമ്പോൾ ഒരു കിലോഗ്രാം ഡ്രൈഫ് ഫ്ലേക്‌സ് ലഭിക്കും. 100 ഗ്രാം ഫ്ലേക്സ് ഒരു കിലോഗ്രാം പഴത്തിനു തുല്യമാണ്. 500 ഗ്രാം ഫ്ലേക്സ് 1000 രൂപയാണ് വില. പ്രിസർവേറ്റീവ്സും മറ്റു ചേരുവകളും ചേരാത്ത ഡ്രാഗൺ ഡ്രൈ ഫ്ലേക്സ് ലഘു ഭക്ഷണമായി ഉപയോഗിക്കാം.
ഡ്രാഗൺ ഇൻഫ്യൂഷൻ ഡ്രിങ്ക്
ഡ്രാഗൺ ഡ്രൈ ഫ്ലേക്‌സിൽ നിന്ന് ഇൻ ഫ്യൂഷൻ ഡ്രിങ്കും തയാറാക്കാം. ഒരു ഗ്ലാസ് ഇൻഫ്യൂഷൻ ഡ്രിങ്ക് തയറാക്കാൻ 4-5 കഷ ണം ഡ്രൈ ഫ്ലേക്‌സ് മതിയാകും. ഫ്ലേക്സ് ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടാൽ മാത്രം മതി. ആകർഷകമായ ഇൻഫ്യൂഷൻ ഡ്രിങ്ക് റെഡി.
ഫോൺ: 8590484808