വേണമെങ്കിൽ പഴവും പൊടിയാക്കാം! വാഴയിൽ പുതുസാധ്യതകൾ തേടുന്നവർക്ക് ഉത്തമ വഴികാട്ടിയായി എൻആർസിബി
Mail This Article
തമിഴ്നാട്ടിലെ മാത്രമല്ല, കേരളം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിലെ വാഴക്കർഷകരും സംരംഭകരും ആശ്രയിക്കുന്ന സ്ഥാപനമാണ് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രം (National Research Centre for Banana-NRCB). വാഴയുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് മികച്ച പിന്തുണ നൽകുന്ന അഗ്രി ബിസിനസ് ഇൻകുബേഷൻ സെന്റർ, വാഴക്കൃഷിയിൽ ഉൽപാദനവർധനയ്ക്ക് ഉതകുന്ന പരിശീലനം, മൂല്യവർധനയ്ക്കു മികച്ച സാങ്കേതികവിദ്യകൾ തുടങ്ങി ഒട്ടേറെ അറിവുകളും സേവനങ്ങളും എൻആർസിബി നൽകും. സ്റ്റാർട്ടപ് സംരംഭകർക്ക് സ്വന്തം ആശയങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്യാനും അതിന്റെ പ്രായോഗിക സാധ്യതകൾ പരീക്ഷിക്കാനും വിപുലമായ സംവിധാനങ്ങളാണ് ഇൻകുബേഷൻ സെന്ററിൽ ഉള്ളതെന്ന് സെന്ററിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ.എൻ.ശിവ പറയുന്നു. കർഷകർക്കും സംരംഭകർക്കും കൈമാറാനായി അറുപതോളം സാങ്കേതികവിദ്യകളാണ് എൻആർസിബി വികസിപ്പിച്ചിരിക്കുന്നത്. നടപടികളിലെ സങ്കീർണതകളും കാലതാമസവും ഒഴിവാക്കി അത് ആവശ്യക്കാരിലെത്തിക്കാൻ ഗവേഷണകേന്ദ്രത്തിനു കഴിയുന്നുമുണ്ട്.
ചിപ്സ് മുതൽ പെക്ടിൻ വരെ
തമിഴ്നാട്ടിലും കേരളത്തിലുമുൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ വിപുലമായി വാഴക്കൃഷിയുണ്ടെങ്കിലും വാഴക്കുലയ്ക്ക് അപ്പുറമുള്ള വരുമാന സാധ്യത കണ്ടെത്തുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണെന്ന് എൻആർസിബി അഗ്രിബിസിനസ് ഇൻകുബേഷൻ സെന്ററിലെ സീനിയർ റിസർച് ഫെലോ ഡോ. അമേലിയ പറയുന്നു. വാഴക്കുല മാത്രം ലക്ഷ്യമിടുമ്പോൾ വാഴയിൽനിന്നു നേടാവുന്ന വരുമാനത്തിന്റെ 25% മാത്രമേ ലഭിക്കുന്നുള്ളൂ എന്നും ഡോ. അമേലിയ.
പച്ചക്കായ, പഴം, സസ്യഭാഗങ്ങൾ എന്നിവയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്കായി മാത്രം 25 സാങ്കേതികവിദ്യകള്‍ ഇൻകുബേഷൻ സെന്റർ നൽകുന്നു. 25,000–50,000 രൂപ മുടക്കിയാല്‍ ഇവ ലഭ്യമാണ്. ഏത്തക്കായ ചിപ്സ് നിര്‍മാണ സാങ്കേതികവിദ്യയാണ് അവയിലൊന്ന്. സാധാരണ ചിപ്സിൽ 40% വരെ എണ്ണയുണ്ടാകും. വാക്വം ഫ്രയിങ് രീതിയിലിത് 8% ആയി കുറയ്ക്കാമെങ്കിലും അതിനുള്ള യന്ത്രസംവിധാനത്തിനു വില കൂടും. ഉൽപാദനച്ചെലവും ഉയരും. അപ്പോള്‍ ചിപ്സിന്റെ വില വർധിക്കും. എന്നാൽ, സാധാരണ സൗകര്യങ്ങൾ ഉപയോഗിച്ചുതന്നെ എണ്ണയുടെ അംശം 25 ശതമാനത്തിൽ താഴെ എത്തിക്കാനുള്ള സാങ്കേതികവിദ്യ സെന്റർ വികസിപ്പിച്ചിട്ടുണ്ട്. ആരോഗ്യമേന്മ കൂടുതലുള്ള ഈ വിഭവം ‘ലോ ഫാറ്റ് ബനാന ചിപ്സ്’ എന്ന പേരിൽ വിപണിയിലെത്തിക്കുന്ന സംരംഭകരുണ്ടെന്നും അമേലിയ പറയുന്നു. ചിപ്സ് വിപണി മികച്ച വളർച്ച നേടുന്ന കേരളത്തിലും ഒട്ടേറെ സംരംഭകർക്കിത് പ്രയോജനപ്പെടുത്താനാകും.
പച്ചക്കായപ്പൊടിയാണ് വിപണനമൂല്യമുള്ള മറ്റൊരുൽപന്നം. പാസ്ത, ബ്രഡ്, നൂഡിൽസ്, കുക്കീസ് എന്നിങ്ങനെ കായപ്പൊടികൊണ്ടു തയാറാക്കാവുന്ന ഒട്ടേറെ ഭക്ഷ്യോൽപന്നങ്ങളുടെ സാങ്കേതികവിദ്യയും പരിശീലനവും എൻആർസിബിയില്‍ കിട്ടും. കായപ്പൊടിയിലെ സ്റ്റാർച്ച് സാവകാശമാണു ദഹിക്കുകയെന്നതിനാൽ പെട്ടെന്നു വിശക്കില്ല. കുട്ടികൾക്കു കായപ്പൊടി നൽകുന്നതിനു കാരണവും ഇതുതന്നെയെന്ന് ഡോ. അമേലിയ. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യോൽപന്നം എന്ന നിലയിൽ കായപ്പൊടിവിപണി വളരുകയാണ്. ഗ്ലൈസെമിക് ഇൻഡെക്സ് (രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന പഞ്ചാസാരയുടെ അളവ്) കുറഞ്ഞ കായ ഇനങ്ങൾ തിരഞ്ഞെടുത്ത് ആരോഗ്യമേന്മ കൂടിയ കായപ്പൊടി ഉൽപന്നങ്ങൾ തയാറാക്കാനും എൻആർസിബി സഹായിക്കും. മൂപ്പെത്താത്ത കുലകളും പൊടിയാക്കാം എന്നതിനാൽ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശത്തിന്റെ ആഘാതം കുറയ്ക്കാനും ഈ മൂല്യവർധന ഉപകരിക്കും. പച്ചക്കായ മാത്രമല്ല പഴവും പൊടിയാക്കാനുള്ള സാങ്കേതികവിദ്യ എൻആർസിബി നൽകുന്നുണ്ട്.
ജാം, ജെല്ലി തുടങ്ങിയ വിഭവങ്ങൾ തയാറാക്കുമ്പോൾ കട്ടി കൂട്ടാനായി (thickener) ചേർക്കുന്ന വ്യാവസായിക ഉൽപന്നമാണല്ലോ പെക്ടിൻ. അതിന്റെ സമ്പന്ന സ്രോതസ്സാണ് കായത്തൊലി (ചക്കമടലിലുമുണ്ട് പെക്ടിൻ). വ്യാവസായികമൂല്യമുള്ള ഉൽപന്നമാണ് പെക്ടിന്‍ എങ്കിലും അതിന്റെ ഉറവിടങ്ങളിലൊന്നായ കായത്തൊലി പക്ഷേ ചിപ്സ് യൂണിറ്റുകളിൽ മാലിന്യമായി കുന്നുകൂടി കിടക്കുകയാണ്. പെക്ടിൻ വേർതിരിക്കുന്ന സാങ്കേതികവിദ്യ എൻആർസിബിയിൽനിന്നു സ്വന്തമാക്കി പലരും ഇപ്പോള്‍ സംരംഭം തുടങ്ങിയിട്ടുണ്ടെന്ന് ഡോ. അമേലിയ പറയുന്നു. ബനാന ഷുഗർ, വാഴപ്പിണ്ടി ജൂസ് തുടങ്ങി വേറെയും ഒട്ടേറെ ഉൽപന്നങ്ങൾ, വാഴനാര് വേർതിരിക്കാനുള്ള യന്ത്രങ്ങൾ, സൂക്ഷ്മ വളക്കൂട്ടുകളുടെ സാങ്കേതികവിദ്യകൾ എന്നിങ്ങനെ പലവിധ സാധ്യതകളാണ് എൻആർസിബി കർഷകർക്കു പരിചയപ്പെടുത്തുന്നത്. കൃഷിയിലും വളപ്രയോഗത്തിലും വിളവെടുപ്പിലും നൽകുന്ന ശാസ്ത്രീയ പരിശീലനങ്ങളും കർഷകർക്കു ഗുണം ചെയ്യും. സെൻസർ അധിഷ്ഠിത തുള്ളിനനപോലുള്ളവ കൃഷി ഹൈടെക് ആക്കി മാറ്റുമെന്ന് വിജ്ഞാനവ്യാപന വിഭാഗം പ്രിൻസിപ്പ ൽ സയന്റിസിറ്റ് ഡോ. സി.കർപഗം പറയുന്നു. വാഴക്കൃഷിയിൽ പുതുസാധ്യതകൾ തേടുന്ന നമ്മുടെ കർഷകർക്കും തീർച്ചയായും ദിശാബോധം നൽകും ഈ ഗവേഷണകേന്ദ്രം.
ഫോൺ: 0431 2618125
Website: nrcb.icar.gov.in