ADVERTISEMENT

വർഷം 1990... എനിക്കന്ന് സുമാർ എട്ടു മാസം പ്രായം. 

വിത്തിലുറങ്ങിക്കിടന്ന ഞാൻ തൃശൂരലുള്ളൊരു അച്ചായന്റെ നഴ്സറിയിലാണ് പ്രകൃതിയുടെ സ്വതന്ത്ര വെളിച്ചം തേടി മുളച്ചുയർന്നത്. അതായത് എന്റെ പിറവി

എന്റെ പൂർവികരൊക്കെ ഹൈറേഞ്ചിലെ ഒരു പുരയിടത്തിൽ ഉണ്ടെന്ന് എന്റെ ചെറുപ്പത്തിൽ നേഴ്സറിയുടമയായ അച്ചായൻ ആരോടൊക്കെയോ പറയുന്നത് കേട്ട ചെറിയ ഒരോർമ്മ എനിക്കുണ്ട്. 

അത്യുൽപാദനശേഷിയുള്ള കൂട്ടരായതുകൊണ്ടാണ് ഞാനുറങ്ങികിടന്ന വിത്ത് അച്ചായൻ ശേഖരിച്ചു നഴ്സറിയിലേക്കു കൊണ്ടു വന്നത്. 

എന്നെപ്പോലെ തന്നെ പല പല സ്ഥലത്തുനിന്നുമെത്തിയ മരക്കുഞ്ഞുങ്ങളേയും ചെടിക്കുഞ്ഞുങ്ങളേയും ഓരോരുത്തരുടെ നിറവും വംശവും ക്ഷമതയും ഒക്കെ നോക്കി വേർതിരിച്ചു വെള്ളവും വളവും ഒക്കെ തന്ന് കൃഷിക്കാരുടെ വരവും കാത്ത് അച്ചായൻ ഞങ്ങളെയെല്ലാം ആ നഴ്സറിയിൽ നിര ഒപ്പിച്ചു ഒരുക്കി നിർത്തുമായിരുന്നു. 

ഒരു ദിവസം കലപില പറഞ്ഞുകൊണ്ട് എന്നെ നിർത്തിയ വരികൾക്ക് അടുത്തുകൂടെ നടന്നു നീങ്ങിയ അമൃതാ നഴ്സറി ഉടമ ദിലീപൻ മാഷും അച്ചായന്റെ നഴ്സറി നടത്തിപ്പുകാരനും കൂടി കൂട്ടത്തിൽ വളർച്ചയിൽ മുന്നിട്ടു നിന്ന എന്നെ കച്ചവടം പറഞ്ഞ് ഉറപ്പിച്ചു; പിന്നീട് എന്റെ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് അദ്ദേഹത്തിന്റെ വണ്ടിയിൽ കയറ്റി കോഴിക്കോട് വട്ടോളിയിലുള്ള നഴ്സറിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. 

tree-salim
സലിം മുറിച്ചാണ്ടി

വട്ടോളിയിലെ നഴ്സറിയിൽ ധാരാളം മരകുഞ്ഞുങ്ങളുടെ  ഒപ്പം വരിനിന്ന എന്നിലെ വളർച്ചയിലുള്ള കരുത്തും തുടിപ്പും ഒക്കെ കണ്ടിട്ടാവും സലിംക്ക എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു എന്നെ കൂട്ടിക്കൊണ്ടു വന്നത്. അദ്ദേഹത്തെ എനിക്കു മുൻ പരിചയം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നഴ്സറിക്കകത്ത് കൂടെ നടന്ന് ഗുണമേന്മയും വളർച്ചയും വംശഗുണവും ഒക്കെ നോക്കി നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കുന്നതു കണ്ടതോടെ അദ്ദേഹം എന്റെ വളർത്തച്ഛൻ ആകണേ എന്നു ഞാൻ മനസ്സാ  പ്രാർഥിച്ചു പോയി.

സാധാരണയായി തൊടിയിലെ ഏതെങ്കിലും മൂലയിലോ കൈത്തോടുകളുടെ ഓരത്തോ ഒക്കെയാണ്  മനുഷ്യർ ഞങ്ങളെ വളരാൻ അനുവദിക്കാറ്. എന്നാൽ ഇക്ക അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്തു തന്നെ വളരാൻ എനിക്കവസരം തന്നു. 

സുമാർ ഒരു 10 വർഷം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ വരുന്ന അതിഥികൾക്കെല്ലാം ഞാൻ തണലേകാൻ തുടങ്ങി. 

tree-3

എന്റെ കുഞ്ഞുങ്ങളെ സന്തോഷത്തോടെ പഴങ്ങളായി അവർക്ക് നൽകിക്കൊണ്ട് അവരുടെ  ആരോഗ്യത്തിനു ഞാൻ കാവലാളായി. വീട്ടിൽ വരുന്ന വിരുന്നുകാരോടൊക്കെയും എന്റെ കുഞ്ഞുങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വൈറ്റമിനുകളുടെയും ധാതുക്കളുടെയും ആധിക്യം ഇക്ക വിവരിക്കുന്നതു കേട്ട് ഞാൻ  നിർവൃതിയടഞ്ഞു. കൃഷികൂട്ടായ്മയുടെയും ഓയിസ്‌ക അംഗങ്ങളുടെ കൂടിച്ചേരലുകൾക്കും ഞാനെന്റെ തണലിൻകീഴെ വേദി ഒരുക്കി. വേനലിൽ വിയർത്തു കുളിച്ചു വന്ന കൃഷിക്കാരായ ബാണിയേക്കാരൻ ജമാൽ മൂസയ്ക്കും കായക്കൊടിക്കാരൻ മോഹൻ ദാസിനും ഞാൻ കുളിർ ചാലിച്ച തണലേകി. 

ഗൾഫിൽനിന്ന് അവധിക്കു വീട്ടിൽ വന്ന ഇക്കയുടെ പേര മക്കൾക്ക് ഞാനെന്റെ കൈകളിൽ ഊഞ്ഞാലൊരുക്കി... മീന മാസത്തിൽ പോലും കട്ടിയുള്ള ഇലച്ചാർത്തുകൾ ഒരുക്കി വെയിലിന്റെ കാഠിന്യത്തിൽ തളർന്നു വരുന്ന ഇക്കയുടെ അതിഥികളെ സ്വീകരിക്കാൻ ഞാൻ ഒരുങ്ങിനിന്നു. 

ഞാൻ നൽകിയ തണലും ശുദ്ധവായുവും സ്വീകരിച്ച മിക്കവരും നിർവൃതിയോടെ മേലോട്ടു നോക്കും; ശേഷം ഇവരെന്റെ ഊരും പേരും മനുഷ്യർക്കു ഞാൻ ചെയ്യുന്ന സംഭാവനകളും എല്ലാം ഇക്കാനോട്  ചോദിച്ചറിയുന്നത് ഒന്നും മിണ്ടാതെ നിശബ്ദം ഞാനും കേട്ടു നിൽക്കും. 

tree-sq

34 വർഷം കൊണ്ട് ലക്ഷക്കണക്കിനു മക്കളെ പെറ്റുകൂട്ടുന്നതിനിടെ ഒരു തടിച്ചിയായി മാറിയ ഞാൻ കഴിഞ്ഞ ദിവസം രാത്രി കടുത്ത തോൾ വേദന സഹിക്കാൻ പറ്റാതെ വലതുകൈ പതുക്കെ ഇക്കാന്റെ വീട്ടിലെ കാർ ഷെഡ്ഡിന്റെ മുകളിലേക്കുവച്ചു. എന്റെ നെഞ്ചകം പിളരാൻ പോകുന്നതിന്റെ മുന്നോടിയാണ് ഈ തോൾവേദനയെന്ന് ഞാൻ മനസ്സിലാക്കാൻ വൈകി...

സഹിക്കാൻ പറ്റാത്ത വേദനയിൽ പുളയുമ്പോഴും ഞാൻ കരുതിയത് എന്റെ കൈ അവിടെ വച്ചു കൊണ്ടങ്ങിനെ തന്നെ ജീവിക്കാൻ ഇക്ക എന്നെ അനുവദിക്കുമെന്നായിരുന്നു.

രാവിലെ പതിവായി എന്റെ ചുവട്ടിലള്ള സിമന്റെ ബെഞ്ചിലിരുന്ന് വാട്സാപ് നോക്കാറുള്ള ഇക്കയോട് കൃഷിക്കൂട്ടം ഗ്രൂപ്പിലെ ആയഞ്ചേരിക്കാരൻ പ്രശാന്ത് മാഷും തൃശൂർക്കാരായ സനിഷയും മുകുന്ദേട്ടനും മൊകേരിക്കാരൻ അശോകൻ മാഷും എന്തു ചികിത്സ നൽകിയാൽ എന്നെ പൂർവ സ്ഥിതിയിലാക്കാം എന്നതിനെ സംബന്ധിച്ച് ഓഡിയോ ക്ലിപ്പിലൂടെ നിരന്തരം സംവദിക്കുന്നത് വേദനയ്ക്കിടയിലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു. 

മാനവരുടെ ആരോഗ്യരംഗത്ത് തന്റെ സമയത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്ന കുറ്റ്യാടിക്കാരനായ സി.കെ.കരുണാകരൻ മാസ്റ്റർ എന്റെ തണലിൽ കൃഷി ക്ലാസുകളിൽ ഏറെ സംവദിച്ചിട്ടുണ്ടങ്കിലും എന്റെ ചികിത്സയുടെ കാര്യത്തിൽ ഒരു വാക്കുപോലും മാഷ് ഉരിയാടിയില്ല എന്നത് എനിക്കു വല്ലാത്ത വിഷമമായി.

സ്വർണം കായ്ക്കുന്ന മരമായാലും വീടിനു നേരെ വന്നാൽ വെട്ടിമാറ്റണമെന്ന പൈതൃക പഴഞ്ചൊല്ല് എന്റെ കാര്യത്തിലും നടപ്പിലാക്കണമെന്നു ഗ്രൂപ്പിലെ കാരണവരായ മുകുന്ദേട്ടൻ പറഞ്ഞത് നടപ്പിൽ വരുത്തണമെന്ന് അവസാനം അവരെല്ലാവരും കൂടി തീരുമാനിച്ചു. 

tree-2

എന്തു ചെയ്യാം! തളർച്ച മാറ്റാൻ വച്ച കൈ വെട്ടി മാറ്റി എന്റെ ശരീരഭാരം കുറയ്ക്കണമെന്ന് ഗ്രൂപ്പിലെ കൃഷി വിദഗ്ധർ വിധിയെഴുതി. 

ഇന്ന് ഓപ്പറേഷൻ കഴിഞ്ഞു...

tree-4

മുറിവായിലൂടെ കുറെ രക്തം നഷ്ടപ്പെട്ടതു കാരണം നല്ല വേദനയും ക്ഷീണവുമൊക്കെയായി ആകെ കോലം കെട്ടു. ഞാൻ ആളാകെ മാറിയിരിക്കുന്നു... എങ്കിലും നാളെ മുതൽ പുതുനാമ്പുകൾ നീട്ടിയൊരു പുനർജനിക്കായി ഞാൻ പതുക്കെ പതുക്കെ ശ്രമിച്ചു തുടങ്ങും. 

‌ഇക്കാനെ ബുദ്ധിമുട്ടിക്കാതെ വീടിന്റെ മുറ്റത്തു തന്നെ ശ്രദ്ധയോടെ വളരാൻ ശ്രമിക്കും എന്നും ഞാൻ നിങ്ങൾക്കു വാക്ക് തരുന്നു . 

നിങ്ങളുടെ എല്ലാ പ്രാർഥനകളും ഉണ്ടാവണം...

എന്ന് സ്നേഹപൂർവം  

സലിം മുറിച്ചാണ്ടിയുടെ സ്വന്തം തേനാംപുളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com