ADVERTISEMENT

പാൽക്കാരൻ പയ്യനു കല്യാണം കഴിക്കാൻ പെണ്ണു കിട്ടാനില്ല. ഇഷ്‌ടപ്പെട്ട പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും 'പശുവിനെ നോക്കലല്ലേ ജോലി' എന്ന പരിഹാസവും.  രണ്ടും കൂടിയായപ്പോൾ പെരളശ്ശേരി മുളിയിൽ ചിറയിൽ ഒതയോത്ത് വീട്ടിൽ ടി.രമയുടെയും ടി.ഗോപാലന്റെയും മകൻ ടി.നിധിൻ (38) ഒരു തീരുമാനമെടുത്തു. പാൽക്കാരൻ പയ്യനായി തന്നെ തുടരുക. വെറുതേ പശു‌വിനെ നോക്കലല്ല, സംരംഭകനാകുക. ഇന്ന്, പശുവിനെ ചേർത്തു പിടിച്ച തന്റെ ഫോട്ടോയും വച്ച് ഈ 'പാൽക്കാരൻ യുവാവ്' വിറ്റഴിക്കുന്നത് അഞ്ച് ഉൽപന്നങ്ങളാണ്. ചെയ്യുന്ന കാര്യത്തിൽ നന്മയുണ്ടെങ്കിൽ നന്മ നമ്മെത്തേടി വരും എന്നതാണ് നിധിന്റെ പരസ്യവാചകം.

15-ാം വയസ്സിൽ പത്താം ക്ലാസ് കഴിഞ്ഞ് ബസ് കഴുകാനും ഓട്ടോറിക്ഷ ഓടിക്കാനുമെല്ലാം പോയപ്പോഴാണ് പച്ചക്കറിക്കൃഷിയിൽ നിധിനു കമ്പം തോന്നുന്നത്. അങ്ങനെ കൃഷി തുടങ്ങി.

nithin-1

കുറച്ചുനാൾ കഴിഞ്ഞപ്പോൾ രണ്ടു പശുവിനെ വാങ്ങിയാലോ എന്നായി ആലോചന. അമ്മയോടാണ് ആശയം ആദ്യം പറഞ്ഞത്. പശുവിനെ പോറ്റിയാൽ പെണ്ണ് കിട്ടില്ല. അതുകൊണ്ട് പശു വേണ്ടന്നായിരുന്നു അമ്മയുടെ അഭിപ്രായം. പക്ഷേ, നിധിൻ അതു കേട്ടില്ലെന്നു മാത്രമല്ല, നല്ല ഒന്നാന്തരം ക്ഷീരകർഷകനായി നിധിൻ പെട്ടെന്നു മാറി.

ജീവിതത്തിലൊരു കൂട്ടു വേണമെന്നു തോന്നി പെണ്ണുകാണാൻ പോയപ്പോൾ അമ്മ പറഞ്ഞ അതേ അഭിപ്രായം പറഞ്ഞു പെൺവീട്ടുകാർ കല്യാണം വേണ്ടെന്നുവച്ചു. അതോടെ നിധിന് വാശിയായി. സംരംഭകനായിട്ടേ മടക്കമുള്ളു എന്നായിരുന്നു തീരു മാനം. അതുമാത്രം പോരാ, യുവതികൾക്കു ജോലി നൽകാനുമാകണം. ഇന്ന്, പ്രദേശത്തെ പത്തു യുവതികളാണ് നിധിനൊപ്പം ജോലി ചെയ്യുന്നത്. 

പാൽക്കാരൻ പയ്യൻ എന്ന പേരിൽ പാൽ ഉൽപന്നങ്ങളും വിൽക്കുന്നുണ്ട്. മോര്, തൈര്, ലസ്സി, വെണ്ണ, നെയ്യ് തുടങ്ങിയവയാണ് ഉൽപന്നങ്ങൾ. ഇപ്പോൾ അഞ്ച് പശുക്കളുമുണ്ട്.

തട്ടിക്കൂട്ട് തട്ടുകട

നിധിന്റെ ഉൽപന്നങ്ങൾ അന്വേഷിച്ച് ആളുകൾ വീട്ടിലെത്താൻ തുടങ്ങിയതോടെ തട്ടുകട എന്ന ആശയത്തിനു ജീവൻവച്ചു. അങ്ങനെ കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ പെരളശ്ശേരി കോട്ടത്ത് ‘പാൽക്കാരൻ പയ്യന്റെ തട്ടിക്കൂട്ട് കട’ എന്ന പേരിൽ നാടൻ വിഭവങ്ങളും ഒരുക്കി. പത്തു യുവതികൾക്കു ജോലിയും നൽകി.

മുന്തിരിച്ചാറ്, മസാല മോര്, നെല്ലിക്ക മോര്, കുടം കലക്കി, കാന്താരി സർബത്ത്, പുഴുക്ക്, വിവിധ തരം സർബത്തുകൾ എന്നിങ്ങനെ രുചികരമായ പാലുൽപന്നങ്ങളാണ് തട്ടിക്കൂട്ട് കടയിലുള്ളത്. 2018ലെ പെരളശ്ശേരി പഞ്ചായത്തിലെ യുവകർഷകൻ അവാർഡ് നിധിനെ തേടിയെത്തിയിരുന്നു. സഹോദരങ്ങൾ: റിജിൻ, രജിന.

ഫോൺ: 98477 83478

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com