പാഴ്വസ്തുക്കൾ ചീയുന്നതല്ല ജൈവവളം; ഒരേസമയം കലയും ശാസ്ത്രവുമാണ് കംപോസ്റ്റ് നിർമാണം- അറിയേണ്ടത്
Mail This Article
ജൈവകൃഷിയിലെ അതിപ്രധാന ഘടകമായ കംപോസ്റ്റ് ഒരേ സമയം മണ്ണിനെ പരുവപ്പെടുത്തുന്ന ഘടകമായും വളമായും ഉപയോഗപ്പെടുന്നു. സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ തുടർച്ചയായ കൃഷിമൂലം മണ്ണില്‍നിന്നു നീക്കം ചെയ്യപ്പെടുന്നതിനാൽ വളങ്ങൾ ചേർത്തു കൊടുക്കാതെ പിന്നീടുള്ള കൃഷിക്കു നല്ല വിളവു ലഭിക്കില്ല. ജൈവരീതിയിലുള്ള കൃഷിക്കു രാസവളങ്ങൾ ഉപയോഗിക്കാനാവാത്തതിനാൽ ഉയർന്ന ഗുണമേന്മയുള്ള കംപോസ്റ്റിന്റെ നിർമാണവും ഉപയോഗവും നിർണായകമാണ്. കംപോസ്റ്റ് നിർമാണം ഒരേസമയം കലയും ശാസ്ത്രവുമാണെന്നു പറയാം. അതിനാൽ ശരിയായ അറിവു പ്രധാനമാണ്. മണ്ണിലലിയുന്ന പാഴ്വസ്തുക്കൾ കൂനകൂട്ടി ചീയാൻ അനുവദിക്കുന്നതല്ല കംപോസ്റ്റ് നിർമാണം.
കൃഷിസ്ഥലത്തുനിന്നു ലഭിക്കുന്ന ജൈവപദാർഥങ്ങൾ ഉപയോഗിച്ചു കംപോസ്റ്റ് നിർമിക്കുന്നതാണു നല്ലത്. സൂക്ഷ്മാണുക്കൾ, കാർബൺ, നൈട്രജൻ (C:N) അനുപാതം, വായു സഞ്ചാരം, പാഴ്‌വസ്തുക്കളുടെ അളവ്, ഈർപ്പം, താപനില, കംപോസ്റ്റ് കൂനയുടെ വലുപ്പം എന്നിവ കംപോസ്റ്റിങ്ങിനെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്. എത്രമാത്രം വൈവിധ്യമുള്ള സസ്യങ്ങളുടെ ഇലയും തണ്ടും തടിയും കംപോസ്റ്റ് നിർമാണത്തിന് ഉപയോഗപ്പെടുത്തുന്നോ, അത്രയും മേന്മ കപോസ്റ്റിനുണ്ടാവും.
എല്ലാ ജൈവ പദാർഥങ്ങളുടെയും കോശങ്ങളിൽ നിശ്ചിത അനുപാതത്തില്‍ കാര്‍ബണും നൈട്രജനും അടങ്ങിയിട്ടുണ്ട്. ഇവയുടെ അനുപാതം(C:N) ശരിയായ രീതിയിൽ ആണെങ്കിൽ മാത്രമേ സൂക്ഷ്മജീവികളുടെ പ്രവർത്തനം സാധ്യമാകുകയുള്ളൂ. അവയുടെ വളർച്ചയ്ക്കും വികാസത്തിനും കാർബണിൽനിന്നുള്ള ഊർജവും പ്രത്യുൽപാദനത്തിനു നൈട്രജനും ഉപയോഗപ്പെടുത്തുന്നു. കംപോസ്റ്റ് കൂനയിലെ ജൈവപദാർഥങ്ങളുടെ സംസ്കരണം പെട്ടെന്നു സാധ്യമാകണമെങ്കിൽ ബ്രൗൺ പദാർഥ(ഉണങ്ങിയ ഇലകൾ, സസ്യ അവശിഷ്ടങ്ങൾ)ങ്ങളുടെയും ഗ്രീൻ പദാർഥ(പച്ചിലകൾ, ജലാംശം കൂടുതലുള്ളവ)ങ്ങളുടെയും അളവ് നിശ്ചിത അനുപാതത്തിലായിരിക്കണം. ഈ സന്തുലിതാവസ്ഥയ്ക്കാണ് കാർബൺ : നൈട്രജൻ അനുപാതം എന്നു പറയുന്നത്. ഏറ്റവും കുറഞ്ഞ കാലയളവിൽ ഏറ്റവും മികച്ച കംപോസ്റ്റ് ലഭിക്കണമെങ്കിൽ ജൈവ പദാർഥങ്ങളുടെ C:N അനുപാതം 25 മുതൽ 30 വരെ ഭാഗം കാർബണും ഒരുഭാഗം നൈട്രജനും ആയിരിക്കണം. പൊതുവെ പറഞ്ഞാൽ നൈട്രജന്‍ അളവിന്റെ 25 മുതൽ 30 വരെ മടങ്ങുണ്ടായിരിക്കണം കാർബൺ. ജൈവപദാർഥങ്ങളെ കംപോസ്റ്റാക്കുന്ന സൂക്ഷ്മജീവികൾക്ക് ഓരോ 25 അല്ലെങ്കിൽ 30 ഭാഗം കാർബണിനും ഒരു ഭാഗം നൈട്രജൻ ആവശ്യമാണ്. നൈട്രജന്റെ അളവു കൂടിയാൽ, അതു സൂക്ഷ്മജീവികൾക്കു വിഘടിപ്പിക്കാനാകാതെ അമോണിയ ആയി മാറി അന്തരീക്ഷത്തിൽ ചേരും. ഇപ്രകാരം നൈട്രജൻ നഷ്ടം 60 ശതമാനത്തിലധികമാകാം. എന്നാൽ C:N അനുപാതം 30:1 ആണെങ്കിൽ ഈ നഷ്ടം ഒരു ശതമാനത്തിലും താഴെ ആയിരിക്കും. ഇതിനാലാണ് നൈട്രജന്റെ അംശം കംപോസ്റ്റിങ് പ്രക്രിയയിൽ ഒഴിവാക്കണമെന്നു പറയുന്നത്.
ഉണങ്ങിയ ജൈവ പദാർഥങ്ങളിൽ കാർബൺ 40 മുതൽ 50 വരെ ശതമാനവും ജലാംശമുള്ള പദാർഥങ്ങളിൽ 10 മുതൽ 20 വരെ ശതമാനവുമായിരിക്കും. അതിനാൽ C:N അനുപാതം രേഖപ്പെടുത്തുമ്പോൾ ജലത്തിന്റെ അളവു നിർണായകമാണ്. കാർബൺ–നൈട്രജൻ അനുപാതത്തിൽ ഏറ്റക്കുറവ് ഉണ്ടാകുന്നതു നൈട്രജന്റെ അളവ് അനുസരിച്ചായിരിക്കും. കാർബണിന്റെ അളവ് അനുസരിച്ചായിരിക്കുകയില്ല.
വേഗത്തിൽ കംപോസ്റ്റ് തയാറാക്കാൻ
ചാണക ലായനി ഉപയോഗിച്ചു വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടു കമ്പോസ്റ്റ് നിർമിക്കുന്നതു നോക്കാം. മൂന്നു ടൺ ജൈവ പദാർഥങ്ങൾ ഏഴടി ഉയരവും 10 അടി വ്യാസവുമുള്ള കൂനയായി കൂട്ടിയാല്‍ 45 ദിവസംകൊണ്ടു കംപോസ്റ്റ് ലഭിക്കും. ജൈവ പദാർഥങ്ങൾ ഷ്രെഡർ ഉപയോഗിച്ചു ചെറുതായി നുറുക്കി (രണ്ടു മുതൽ എട്ടു സെ.മീ.) കൂനകൂട്ടേണ്ടതാണ്. ഒരു ഭാഗം ഗ്രീൻ പദാർഥങ്ങളും ഒരു ഭാഗം ബ്രൗൺ പദാർഥങ്ങളും ഉപയോഗിക്കാമെങ്കിലും ഏറ്റവും മികച്ചതായി കണ്ടത് ഒരു ഭാഗം ബ്രൗണും രണ്ടു ഭാഗം ഗ്രീനും ഉപയോഗിക്കുന്നതാണ്.
ഇങ്ങനെ 45 ദിവസംകൊണ്ട് ഏറ്റവും മികച്ച കംപോസ്റ്റ് ലഭിക്കണമെങ്കിൽ ബ്രൗൺ പദാർഥങ്ങളും (ഉണങ്ങിയ ഇലകൾ, സസ്യാവശിഷ്ടങ്ങൾ) ഗ്രീൻ പദാർഥങ്ങളും (പച്ചിലകൾ ) 1:2 അനുപാതത്തിൽ കൂട്ടിക്കലർത്തി തറയിൽ പോളിത്തീൻ ഷീറ്റ് വിരിച്ച് ഒരടി കനത്തിലും ഏഴടി വീതിയിലും സ്ഥലലഭ്യതയനുസരിച്ചുള്ള നീളത്തിലും നിരത്തുക. ഇതു നന്നായി നനയത്തക്കവിധം ചാണക ലായനി ഒഴിക്കുക. ഇതിനു മുകളിൽ ട്രൈക്കോ ഡെർമപ്പൊടി വിതറുക. വീണ്ടും ഒരടി കനത്തിൽ ജൈവ പദാർഥങ്ങൾ നിരത്തി, ചാണക ലായനി ഒഴിക്കുകയും ട്രൈക്കോഡെർമ വിതറുകയും ചെയ്യുക. ഈ പ്രക്രിയ ആവർത്തിച്ച് ഏഴ് അടി ഉയരത്തിൽ ത്രികോണാകൃതിയിൽ കൂനയൊരുക്കി വേണ്ടത്ര ജലാംശവും ലഭ്യമാക്കണം. സൂക്ഷ്മജീവികളുടെ ശരിയായ പ്രവർത്തനത്തിന് 60 ശതമാനം ജലാംശം ആവശ്യമാണ്. മിശ്രിതം കൈയിലെടുത്തു പരിശോധിക്കുമ്പോൾ ഉരുട്ടാൻ പറ്റുകയും എന്നാൽ നീര് ഒഴുകുകയും ചെയ്യാതിരുന്നാൽ ജലാംശം ശരിയായ അളവിലാണെന്നു മനസ്സിലാക്കാം. ഇപ്രകാരം കൂന തയാറാക്കി, ചണച്ചാക്കുകൊണ്ടു മൂടി ഇടണം.
ശരിയായ വായുസഞ്ചാരമാണു കമ്പോസ്റ്റിങ്ങിലെ മറ്റൊരു പ്രധാന ഘടകം. അന്തരീക്ഷ വായുവിനെ ഉപയോഗപ്പെടുത്തി ജൈവ പദാർഥങ്ങളെ വിഘടിപ്പിക്കുന്ന ബാക്ടീരിയകൾക്കു പ്രവർത്തിക്കണമെങ്കിൽ വായു സഞ്ചാരം അനിവാര്യമാണ്. വായുവിന്റെ അഭാവത്തിൽ അനറോബിക് ബാക്ടീരിയകളുടെ പ്രവർത്തനം കൂടുകയും കമ്പോസ്റ്റില്‍നിന്നു ദുർഗന്ധം വമിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ രണ്ടാഴ്ച കൂടുമ്പോൾ കൂന നന്നായി ഇളക്കി മറിക്കേണ്ടതാണ്. കമ്പോസ്റ്റ് പ്രക്രിയയിൽ താപനില വർധിക്കും. ആദ്യഘട്ടത്തിൽ (മിസോ ഫിലിക്ക്) താപനില 60 ഡിഗ്രി സെല്‍ഷ്യസ് വരെ വർധിച്ച്, പിന്നീട് കുറച്ചുകൂടി ഉയർന്ന് 70 ഡിഗ്രി സെല്‍ഷ്യസ് വരെ (തെർമോഫിലിക്) എത്താം. പിന്നീടു സാവധാനം കുറഞ്ഞ് ശരിയായ താപനിലയിൽ എത്തിനിൽക്കും. തെർമോഫിലിക്ക് ബാക്ടീരിയകളുടെ പ്രവർത്തനം പൂർത്തിയാക്കി, ക്യൂവറിങ് ഘട്ടത്തിൽ എത്തി, 45 ദിവസംകൊണ്ട് ഉയർന്ന ഗുണമേന്മയുള്ള കംപോസ്റ്റ് നിർമിക്കാം. നിര്‍മാണത്തിന് ഉപയോഗിച്ച ജൈവ വസ്തുക്കളുടെ ഏകദേശം പകുതി അളവില്‍ കംപോസ്റ്റ് ലഭിക്കും.