മഞ്ഞക്കൂരിയല്ല, ഇത് വാണിജ്യക്കൃഷിക്ക് യോജിച്ച നാടൻ മത്സ്യം; ചാലക്കുടിപ്പുഴയുടെ സ്വത്ത്; ആദ്യമായി ബ്രീഡ് ചെയ്ത് കർഷകൻ
Mail This Article
കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി പ്രേരിതപ്രജനത്തിലൂടെ വംശവർധന നടത്തിയിരിക്കുകയാണ് എറണാകുളം കറുകുറ്റി സ്വദേശി ലിജോ ജോസ് പൈനാടത്ത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനെറ്റിക് റിസോഴ്സസിന്റെ (എൻബിഎഫ്‌ജിആർ) സാങ്കേതിക പിന്തുണയോടെയായിരുന്നു ഈ പ്രജനനം.
ഒന്നര വർഷം മുൻപ് മഞ്ഞക്കൂരിയുടെ പ്രജനനത്തെക്കുറിച്ച് പഠിക്കാൻ എൻബിഎഫ്‌ജിആറിൽ എത്തിയപ്പോഴാണ് ലിജോ കരിങ്കഴുത്തൻ കൂരിയെക്കുറിച്ച് അറിയുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെ ചാലക്കുടി പുഴയിൽ 10 കിലോമീറ്റർ ദൈർഘ്യത്തിൽ മാത്രം കണ്ടുവരുന്ന ഈ മത്സ്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവയെക്കൂടി തന്റെ പ്രജനനപദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. എൻബിഎഫ്‌ജിആർ അതിനുള്ള പിന്തുണകൂടി നൽകിയതോടെ മത്സ്യങ്ങളെ തേടിയിറങ്ങി.
അതിരപ്പള്ളി പ്രദേശത്തെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നാൽപതോളം കരിങ്കഴുത്തൻ കൂരിമത്സ്യങ്ങളെ സംഘടിപ്പിച്ചു. പൊതുവെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷവും ആഴമുള്ള സ്ഥലത്ത് പാറക്കെട്ടുകളിൽ കഴിഞ്ഞിരുന്ന കരിങ്കഴുത്തൻ കൂരിമത്സ്യങ്ങളെ പെല്ലെറ്റ് തീറ്റ നൽകി ശീലിപ്പിച്ചു. ഈ മത്സ്യങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ആറു ജോടി കഴിഞ്ഞ മാസം മുട്ടയിടുകയും ചെയ്തു. സാധാരണ ഡിസംബർ–ജനുവരി മാസങ്ങളിലാണ് ഇവയുടെ പ്രജനനം നടക്കുകയെങ്കിലും കൃത്യമായി പരിചരിച്ചതാണ് നേരത്തെ മുട്ടയിടാൻ പാകത്തിലേക്ക് മത്സ്യങ്ങൾ എത്തിയതെന്ന് ലിജോ. പ്രേരിതപ്രജനനം (Induced Breeding) വഴി ലഭിച്ച മുട്ടകൾ ഫ്ലോ ത്രൂ സംവിധാനത്തിലൂടെ വിരിയിച്ച് വളർത്തിയെടുക്കുകയായിരുന്നു. ആറു ജോടികളിൽനിന്നായി 10,000നു മുകളിൽ കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. അവ ഒരിഞ്ച് വലുപ്പത്തിലേക്ക് എത്തിയാൽ പുഴയിലേക്ക് വിടുമെന്നും ലിജോ.
ചാലക്കുടി പുഴയിൽ മാത്രം കണ്ടുവരുന്നവയാണെങ്കിലും വളർത്തുമത്സ്യഗണത്തിലും ഇവയെ പെടുത്താമെന്ന് ലിജോ. ആഴമുള്ള ജലാശയമാണ് ആവശ്യം. മിശ്രഭുക്ക് ആണ്. അതിനാൽ പെല്ലെറ്റ് തീറ്റകളും നൽകം. മഞ്ഞക്കൂരിയെ അപേക്ഷിച്ച് അൽപം വളർച്ച നിരക്ക് കുറവാണെങ്കിലും രുചിയിൽ മുൻപിലാണെന്നു ലിജോ.
ഫോൺ: 9447433631