ADVERTISEMENT

നാലു വർഷം മുൻപ് കോവിഡ് കാലത്താണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കാരിക്കൽ ജോസഫ് ഡൊമിനിക് കൃഷിയിലേക്കു തിരിഞ്ഞത്. അന്നു മുതൽ ഇന്നോളവും ഇഷ്ട ഇനം മരച്ചീനി (കപ്പ/കൊള്ളി) തന്നെ. വർഷം 10,000 മൂടിനു മുകളിൽ വരും ജോസഫിന്റെ കപ്പക്കൃഷി. പാട്ടഭൂമിയിലാണ് കൃഷിയത്രയും.

tapioca-3

കൃഷിയിലേക്കു തിരിഞ്ഞ കാലത്ത് കോട്ടയം കോഴയിലുള്ള കൃഷിവകുപ്പിന്റെ ഫാമിൽ പരിശീലനത്തിനെത്തിയപ്പോഴാണ് നടീൽക്കമ്പിൽ വട്ടത്തിൽ ചെറിയൊരു മുറിപ്പാടു വീഴ്ത്തി വിളവു വർധിപ്പിക്കുന്ന രീതിയെക്കുറിച്ചു കേൾക്കുന്നതെന്ന് ജോസഫ്. പിന്നീട് കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിൽ തുടർ പരിശീലനത്തിനെത്തിയപ്പോൾ പരിപാടി ഉദ്ഘാടനം ചെയ്ത അന്നത്തെ കോട്ടയം ജില്ലാ കലക്ടറും കാർഷിക ഗവേഷകയുമായ ഡോ. പി.കെ.ജയശ്രീയോട് ഇതു സംബന്ധിച്ചു സംസാരിക്കാൻ അവസരം ലഭിച്ചു. ഈ രീതിയിലുള്ള നടീൽ ഗുണകരമെന്നു മാത്രമല്ല, മുറിപ്പാട് വീഴ്ത്തിയ ചുവടുഭാഗം വാം മുക്കി നടുക കൂടി ചെയ്താൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നും ഡോ. ജയശ്രീ പറഞ്ഞു. അന്നു മുതൽ ജോസഫിന്റെ കപ്പക്കൃഷി വളയമിട്ടുതന്നെ. അതുവഴി വിളവും വരുമാനവും ഗണ്യമായി വർധിപ്പിക്കാനായെന്നും ജോസഫ് പറയുന്നു.

tapioca-2

കരുത്തും വിളവും

സാധാരണ രീതിയിൽ അരയടി നീളത്തിൽ (15 സെ.മീ.) മുറിച്ച കമ്പുകളാണ് മരച്ചീനിക്കൃഷിയിൽ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. എന്നാല്‍ 18 സെ.മീ. നീളത്തിലാണ് ജോസഫ് കമ്പ് മുറിക്കുന്നത് (കമ്പുകൾ മുറിച്ചെടുക്കുമ്പോഴും ശ്രദ്ധിക്കാനുണ്ട്. കൂടുതൽ സമയം വേണ്ടിവരുമെങ്കിലും, നടീൽക്കമ്പുകൾ വാക്കത്തിക്കു വെട്ടിയെടുക്കുന്നതിനെക്കാൾ ഹാക്സോ ബ്ലെയ്ഡുകൊണ്ട് അറുത്തു മുറിക്കുന്നതാണു ഗുണകരമെന്നു ജോസഫ്. തണ്ടിലെ പൊട്ടലുകൾ ഒഴിവാക്കാമെന്നതാണു മെച്ചം). ഇങ്ങനെ മുറിച്ചെടുക്കുന്ന നടീൽക്കഷണത്തിന്റെ ചുവടു ഭാഗത്തുനിന്ന് 3 സെ.മീ. മുകളിൽ തൊലിയിൽ കത്തികൊണ്ട് വളയത്തിൽ മുറിപ്പാടു വീഴ്ത്തുന്നു. മോതിരമിട്ടതുപോലെ ഇങ്ങനെ വരഞ്ഞെടുക്കാൻ സെക്കൻഡുകൾ മതി. തുടർന്ന്. മിത്രകുമിൾ ആയ വാം (VAM) കുഴമ്പു പരുവത്തിലാക്കി ചുവടുഭാഗം അതിൽ മുക്കിയെടുത്താണ് നടീൽ. ഒരു കിലോ വാം ഉപയോഗിച്ച് 200 ചുവടുകൾ മുക്കിയെടുക്കാം.

മറ്റു കർഷകർക്കും പരീക്ഷിക്കാം

നടീൽവസ്തുവിൽ മുറിപ്പാടു വീഴ്ത്തുമ്പോൾ ചുവടിനു പുറമേ ആ ഭാഗത്തും തൊലിക്ക് അടിയിലുള്ള കാമ്പ് മണ്ണുമായി സമ്പർക്കത്തിൽ വരുകയും അത് കൂടുതൽ വേരുവളർച്ചയ്ക്കു വഴിവയ്ക്കുകയും ചെയ്യുന്നു. ഹോർമോൺ പ്രവർത്തനം വർധിക്കാനും മുറിപ്പാട് ഗുണം ചെയ്യും. ഈ രണ്ടു ഘടകങ്ങളും  ഉൽപാദനത്തെ സ്വാധീനിക്കുമെന്ന് കാഞ്ഞിരപ്പള്ളി കൃഷി ഓഫിസർ അർച്ചന പറയുന്നു.

വെസിക്കുലർ അർബസ്കുലർ മൈക്കോറൈസേ അഥവാം വാം എന്ന മിത്ര കുമിൾ വേരുവളർച്ചയ്ക്ക് ഏറെ ഗുണകരമാണ്. ചെടിയുടെ വേരുപടലത്തോടൊപ്പം വളർന്ന് മണ്ണിൽനിന്നു ഗുണകരമായ ഘടകങ്ങൾ സ്വാംശീകരിക്കാൻ വേരിനെ പ്രാപ്തമാക്കുകയാണ് വാം ചെയ്യുന്നത്. ഇത് വിളവു വർധനയിലേക്കു നയിക്കും. 

ചുവടുഭാഗത്തിനു പുറമേ വട്ടത്തിൽ വരഞ്ഞ ഭാഗത്തുനിന്നു കൂടി വേരുകൾ പൊട്ടി വളരും എന്നതാണ് ഈ രീതിയുടെ മേന്മയെന്ന് ജോസഫ്. അതിന്റെ ഫലമായി രണ്ട് അടുക്കായി കൂടുതലെണ്ണം കിഴങ്ങുകൾ ഓരോ ചുവടിലും വളരും. വേരുവളർച്ച കൂട്ടുന്ന വാം, ചുവടിനു കൂടുതൽ ഉറപ്പു നൽകുന്നതിനാൽ കാറ്റിൽ കപ്പ മറിഞ്ഞു വീഴുന്നതും ഒഴിവാകും. ആദ്യവർഷങ്ങളിൽ ഇങ്ങനെ വരഞ്ഞശേഷം നടുന്നതായിരുന്നു രീതിയെങ്കിൽ പിന്നീട് നട്ടശേഷം വരയുന്ന രീതിയിലേക്കു മാറി. വരഞ്ഞു നടുമ്പോഴുള്ള കാലതാമസവും അതിനു വേണ്ടിവരുന്ന കൂലിച്ചെലവുമാണ് മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നു ജോസഫ്. നട്ട് മുള വന്ന് 20 ദിവസത്തിനു ശേഷം ആദ്യ വളപ്രയോഗം നടത്തുന്നതിനു മുന്നോടിയായി മണ്ണിളക്കുന്ന സമയത്ത് മണ്ണിന്റെ തൊട്ടു മുകളിൽ വരുന്ന ചുവടുഭാഗത്തു വരയുന്നതാണ് പുതിയ രീതി. അതിനുശേഷം വളമിട്ട് വരഞ്ഞ ഭാഗം ഉൾപ്പെടുന്ന രീതിയിൽ മണ്ണു കൂട്ടിക്കൊടുക്കുന്നു. ഇടകിളയ്ക്കലും വളപ്രയോഗവുമൊക്കെ സ്വയം ചെയ്യുന്നതിനാൽ വളയമിടലും അക്കൂട്ടത്തിൽ നടക്കും. 

tapioca-4

വളയമിട്ട് കൃഷി ചെയ്യുമ്പോൾ വിളവ് 60% കണ്ട് വർധിക്കുന്നതായി അനുഭവമുണ്ടെന്ന് ജോസഫ്. വിളവെടുക്കാന്‍ 10 മാസം ദൈർഘ്യം വരുന്ന കറുത്ത മലബാർ ഇനം കപ്പയാണ് പതിവിനം. 6–7 മാസം കൊണ്ട് വിളവെടുക്കാവുന്ന മിക്സ്ചർ ഇനവുമുണ്ട്. പല ഘട്ടങ്ങളായി കൃഷിയിറക്കി വർഷം മുഴുവൻ വിളവെടു പ്പും വിൽപനയും ക്രമീകരിച്ച് വിപണിയും വരുമാനവും ഉറപ്പാക്കുന്ന രീതിയാണ് ജോസഫിന്റേത്. കൃഷിയിടത്തിലെ സാഹചര്യമനുസരിച്ച് ഏക്കറിൽ 4800 മുതൽ 6000 ചുവടുവരെ നടും. ഏക്കറിന് ശരാശരി 25 ടൺ ഉൽപാദനം പ്രതീക്ഷിക്കാം. നിലവിൽ കിലോയ്ക്കു ശരാശരി 30 രൂപയ്ക്കാണ് വിൽപന.

കളനീക്കലും ഇടകിളയ്ക്കലും വളംചേർക്കലും ഉൾപ്പെടെ വരുമാനത്തിന്റെ പകുതിയിലേറെ കൃഷിച്ചെലവു വരുമെങ്കിലും നിലവിൽ ഏറ്റവും ലാഭകരമായ വിളയാണ് മരച്ചീനിയെന്നു ജോസഫ് പറയുന്നു. പുതിയ കൃഷിരീതി അവലംബിച്ചതോടെ വരുമാനത്തിൽ വർധനയുമുണ്ട്. കാഞ്ഞിരപ്പള്ളി കൃഷിഭവൻ മികച്ച കൃഷിക്കാരനുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള ജോസഫ് ഓരോ വർഷവും കൃഷിയിട വിസ്തൃതി വർധിപ്പിക്കാനും ഉത്സാഹിക്കുന്നു.

ഫോൺ: 9645991038

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com