പ്രധാനമന്ത്രി പുറത്തിറക്കിയത് 109 വിളയിനങ്ങൾ; കാലാവസ്ഥമാറ്റം ചെറുക്കാൻ കേരളത്തിനു യോജിച്ചവ ഇവയാണ്
Mail This Article
×
കാർഷിക മേഖലയിൽ ഉല്‍പാദനക്ഷമതയും കാലാവസ്ഥമാറ്റ പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 11ന് 109 വിത്തിനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 61 വിളകളിലായാണ് ഈ 109 ഇനങ്ങൾ. ഇവയിൽ ധാന്യവിളകൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയ വയൽവിളകളുടെ 69 ഇനങ്ങളും പഴം, പച്ചക്കറികൾ, പൂക്കൾ തുടങ്ങിയ ഹോർട്ടികൾചർ വിളകളുടെ 40 ഇനങ്ങളും ഉൾപ്പെടും. പ്രതികൂല കാലാവസ്ഥയിൽ, വിശേഷിച്ച് വരൾച്ച ബാധിത പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ യോജ്യമാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത ഈ ഇനങ്ങളില്‍ കേരളത്തിൽ കൃഷി ചെയ്യാവുന്നവ പരിചയപ്പെടാം.
നാളികേരം
- കല്‍പ സുവർണ: കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്തത്. ഉല്‍പാദന ശേഷി കൂടിയ കുറിയ ഇനം. മധുരമുള്ള ഇളനീരും ഗുണമേന്മയേറിയ കൊപ്രയും. സംസ്കരണത്തിനു യോജ്യം. നേരത്തേ കായ്ക്കുന്നു. നട്ട് 30 - 36 മാസം കൊണ്ട് പുഷ്പിച്ചു തുടങ്ങും. തേങ്ങയ്ക്കു പച്ച നിറം. ശരാശരി വിളവ് ഒരു വർഷം ഒരു തെങ്ങിൽനിന്ന് 97 തേങ്ങ. നന്നായി പരിപാലിച്ചാൽ 108 -138 എണ്ണം വരെ. ഒരു തേങ്ങയിൽ 431 മില്ലി ലീറ്റർ ഇളനീര്.
- കല്‍പ ശതാബ്ദി: ഉയരം കൂടിയ ഇനം. കൊപ്രയ്ക്കും കരിക്കിനും യോജ്യം. നല്ല വലുപ്പമുള്ള തേങ്ങയ്ക്കു പച്ച കലർന്ന മഞ്ഞനിറം. കൂടുതൽ കൊപ്ര. ഒരു നാളികേരത്തിൽ 272.9 ഗ്രാം. ഹെക്ടറിന് 5.01 ടൺ കൊപ്ര. ഒരു തേങ്ങയിൽ 612 മില്ലി ലീറ്റർ ഇളനീര്‍. ശരാശരി വാര്‍ഷിക വിളവ് ഒരു തെങ്ങിൽ ഒരു വർഷം 105 തേങ്ങ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും കൃഷി ചെയ്യാം.
കൊക്കോ
- വിടിഎൽസിഎച്ച് 1(വിട്ടൽ കൊക്കോ ഹൈബ്രിഡ്- 1): കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്തത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും കൃഷി ചെയ്യാം. നേരത്തേ കായ്ക്കുന്നതും സ്ഥിരതയോടെ ഉയർന്ന വിളവ് നൽകുന്നതുമായ സങ്കരയിനം. ശരാശരി വാര്‍ഷിക വിളവ് ഒരു മരത്തിൽ 50 കായ്കൾ. ഒരു കായ്ക്ക് ശരാശരി 350-400 ഗ്രാം ഭാരം.
- വിടിഎൽസിഎച്ച് 2: കീട, രോഗ പ്രതിരോധശേഷി. ശരാശരി വാര്‍ഷിക വിളവ് 50 കായ്കൾ. ഒരു കായ്ക്ക് 350-400 ഗ്രാം ഭാരം. കറുത്ത കായ് രോഗം, തേയില കൊതുക് എന്നിവയെ പ്രതിരോധിക്കും. മറ്റ് തെക്കന്‍ സംസ്ഥാനങ്ങളിലും ഗുജറാത്തിലും കൃഷി ചെയ്യാം.
ഏലം
- ഐഐഎസ്ആർ മനുശ്രീ: കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തത്. കർണാടകത്തിലും യോജ്യം. വരൾച്ച ചെറുക്കും. ഉരുണ്ട കായ്കൾ. നനച്ചു കൃഷി ചെയ്യുമ്പോൾ ഹെക്ടറിന് ശരാശരി 550 കിലോ ഉണങ്ങിയ കായ്കൾ ലഭിക്കും. ജലലഭ്യത കുറവെങ്കിൽ ശരാശരി വിളവ് 360 കിലോ.
ജാതി
- കേരളശ്രീ: കർഷക പങ്കാളിത്തത്തോടെ കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. കായ്ക്ക് ദൃഢതയും ജാതിപത്രിക്ക് ആകർഷണീയതയും കൂടും. നട്ട് എട്ടാം വർഷത്തോടെ ഹെക്ടറിന് 1512 കിലോ പത്രി വിളവ്. ഇന്ത്യയിൽ ജാതിക്കൃഷിയുള്ള എല്ലായിടത്തും യോജ്യം.
മാങ്ങായിഞ്ചി
- ഐഐഎസ്ആർ അമൃത്: കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചത്. പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യാം. കിഴങ്ങിന് ഉരുണ്ട ആകൃതി. ശരാശരി വിളവ് ഹെക്ടറിന് 45.75 ടൺ.
എള്ള്
- തൻജില: കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചറൽ സയൻസസ് വികസിപ്പിച്ചത്. നെൽപാടങ്ങളിൽ മൂന്നാം വിളയായി കൃഷി ചെയ്യാം. വിളവ് ഹെക്ടറിന് 963–1148 കിലോ. 91 ദിവസം കൊണ്ടു വിളവെടുക്കാം.
ചെറുപയർ
- ലാം പെസര 360: ആന്ധ്രപ്രദേശ് കാർഷിക സർവകലാശാലയുടെ ഗുണ്ടൂർ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തത്. പയറിൽ 24 ശതമാനത്തോളം പ്രോട്ടീനുണ്ട്. 74 ദിവസം കൊണ്ടു വിളവെടുക്കാം. വിളവ് ഹെക്ടറിന് 11.7 ക്വിന്റൽ. കേരളത്തിൽ റാബി സീസണിൽ കരപ്രദേശങ്ങളിലും നെൽ പാടങ്ങളിൽ മൂന്നാം വിളയായും കൃഷി ചെയ്യാം.
മാവ്
- അർക്ക ഉദയ: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച് പുറത്തിറക്കിയത്. ഒരു മാങ്ങയ്ക്ക് 200-250 ഗ്രാം ഭാരം. വൈകി കായ്ക്കുന്ന ഈ ഇനത്തിൽ കുലകളായി മാങ്ങയുണ്ടാകും. 5 മീറ്റർ അകലത്തിൽ നടുമ്പോൾ ഹെക്ടറിന് 18-20 ടൺ വിളവ്.
- അംബിക: ലക്നൗവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ് ട്രോപ്പിക്കൽ ഹോർട്ടികൾചർ വികസിപ്പിച്ചത്. ഇടത്തരം വലുപ്പമുള്ള മാങ്ങകൾക്ക് പഴുക്കുമ്പോൾ ഗോൾഡൻ മഞ്ഞനിറം. 10 വർഷം പ്രായമായാല്‍ ശരാശരി വിളവ് 80 കിലോ.
- അരുണിക: വ്യത്യസ്ത കാലാവസ്ഥകളിൽ ഇന്ത്യയിലെങ്ങും മികച്ച വിളവ്. അതിസാന്ദ്രതാകൃഷിയിൽ അടുപ്പിച്ചു വളർത്താൻ ലക്നൗവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ് ട്രോപ്പിക്കൽ ഹോർട്ടികൾചര്‍ പ്രത്യേകം വികസിപ്പിച്ചെടുത്തത്. ഒതുങ്ങി വളരുന്ന ഉയരം കുറഞ്ഞ ഇനം. പാകമായ മാങ്ങയ്ക്ക് ഓറഞ്ച് കലർന്ന മഞ്ഞനിറമാണ്.10 വർഷം പ്രായമായ മാവിൽനിന്ന് ശരാശരി 70 കിലോ വിളവു ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.