തല ഒരിനം, ഉടൽ മറ്റൊരിനം; പാലൊഴുകാൻ റബറിനു ‘കിരീടധാരണം’; ധൈര്യമായി ചെയ്യാം
Mail This Article
മുൻകാലങ്ങളെ അപേക്ഷിച്ച് റബർമരങ്ങളിൽ ഇലരോഗബാധ ഇപ്പോൾ കൂടുതലെന്നു കർഷകർ. പൊടിക്കുമിൾ, ഇലപ്പൊട്ടുരോഗം, അകാലിക ഇലകൊഴിച്ചിൽ എന്നിവയൊക്കെ പലയിടത്തും രൂക്ഷമായിത്തന്നെ കാണാം. കാലാവസ്ഥമാറ്റമാകാം ഒരു കാരണമെന്നു കണ്ണൂർ ആലക്കോട് ഏണ്ടിയിലുള്ള മണിമല കല്ലകത്ത് സെബാസ്റ്റ്യൻ പറയുന്നു. കോട്ടയം പോലുള്ള തെക്കൻ ജില്ലകളിൽനിന്നു വ്യത്യസ്തമായി കണ്ണൂർ ജില്ലയിൽ അകാലിക ഇലകൊഴിച്ചിലും കുമിൾരോഗങ്ങളും പൊതുവേ കൂടുതലെന്നും സെബാസ്റ്റ്യൻ. അതിന്റെ ഫലമായി വളർച്ചമുരടിപ്പും കടുത്ത ഉൽപാദനക്കുറവും നേരിടുന്ന തോട്ടങ്ങൾ ഒട്ടേറെയുണ്ട്. ഏഴാം വർഷം ടാപ്പിങ് തുടങ്ങാനാവശ്യമായി വളർച്ച ലഭിക്കും എന്നാണ് കണക്കെങ്കിലും 10–12 വർഷമെത്തിയിട്ടും വളർച്ചയെത്താതെ മരങ്ങൾ മുരടിച്ചു നിൽക്കുന്നു.
ചുറ്റുവട്ടത്തുള്ള തോട്ടങ്ങളില്‍ മരങ്ങൾ വളർച്ചമുരടിപ്പു കണ്ടതോടെയാണ് ആവർത്തനക്കൃഷി ചെയ്ത തോട്ടത്തിൽ ക്രൗൺ ബഡിങ് പരീക്ഷിച്ചതെന്നു സെബാസ്റ്റ്യൻ. 2016ൽ അറുപതോളം തൈമരങ്ങളിൽ ഈ രീതി പരീക്ഷിച്ചു. ഒരു വയസ്സു പിന്നിട്ട തൈമരങ്ങളുടെ തലക്കം മുറിച്ചു കളഞ്ഞുള്ള പരീക്ഷണത്തിൽ അൽപം ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്നു സംസ്ഥാനത്തെ മുഴുവൻ റബർ കർഷകരും ഈ രീതി പിന്തുടരണം എന്ന അഭിപ്രായമാണ് സെബാസ്റ്റ്യന്. സമീപ തോട്ടങ്ങളിലെ റബർമരങ്ങളെല്ലാം ഇല കൊഴിഞ്ഞും പ്രായത്തിനൊത്ത വളർച്ച നേടാതെയും നിൽക്കുമ്പോൾ ഇടതൂർന്ന കരിമ്പച്ച ഇലകളും മികച്ച പാലുൽപാദനവുമായി ഇദ്ദേഹത്തിന്റെ മരങ്ങൾ കരുത്തോടെ വളരുന്നതിന്റെ കാരണം ക്രൗൺ ബഡിങ് തന്നെ.
Also read: ഇവിടെയുണ്ട് മികച്ച റബർത്തൈകൾ: തൈകൾ വാങ്ങാൻ ചെയ്യേണ്ടത്
ധൈര്യമായി ചെയ്യാം
ഇന്നു നമ്മൾ കൃഷി ചെയ്യുന്ന നല്ല ഉൽപാദനമുള്ള റബർ ഇനങ്ങളെല്ലാം പൊതുവേ പ്രതിരോധശേഷി കുറഞ്ഞവയാണ്. അതേസമയം, ഉൽപാദനശേഷി തീരെക്കുറവെങ്കിലും മികച്ച രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളുണ്ട്. ഈ രണ്ടിനങ്ങളുടെയും നല്ല ഗുണങ്ങൾ ഒരു മരത്തിലേക്കു കൊണ്ടുവരാനുള്ള അവസരമാണ് ക്രൗൺ ബഡിങ്. 2012ൽ നട്ട നാനൂറ് പരമ്പരയിൽപ്പെട്ട 430 ഇനം മരങ്ങളിലാണ് സെബാസ്റ്റ്യൻ ക്രൗൺ ബഡിങ് നടത്തിയത്. ഉൽപാദനശേഷിയിൽ പിന്നിലെങ്കിലും ഇലരോഗങ്ങളെ ചെറുക്കാൻ കഴിവുള്ള FX516 ഇനമാണ് ബഡ് കമ്പായി ഉപയോഗിച്ചത്. കോട്ടയം ജില്ലയിലെ ഒരു കർഷകനിൽനിന്ന് FX516 ഇനം തൈ വാങ്ങി വളർത്തി അതിന്റെ കമ്പെടുത്ത് ബഡ് ചെയ്തതും സെബാസ്റ്റ്യൻ തന്നെ. 14 മാസം വളർച്ചയെത്തിയ 430 ഇനം തൈകളുടെ രണ്ടര മീറ്റർ ഉയരത്തിലാണ് (കമഴ്ത്തി വെട്ട് ഉൾപ്പെടെ മുഴുവൻ കാലത്തേക്കുമുള്ള വെട്ടു പട്ടയ്ക്കാവശ്യമായ ഉയരം കണക്കാക്കി അതിനു മുകളിൽ) ബഡിങ് നടത്തിയത്. 20 ദിവസം കഴിഞ്ഞ്, ബഡ് വിജയിച്ചു എന്നു കണ്ടതോടെ ബഡിന് 4 ഇഞ്ച് മുകളിൽ വച്ച് 430 ന്റെ തലക്കം മുറിച്ചു നീക്കി.
തലക്കം മുറിച്ചു നീക്കിയുള്ള ബഡിങ് രീതിയായതിനാൽ മരത്തിന്റെ വളർച്ച അൽപം മന്ദഗതിയിലാകാനും അതനുസരിച്ച് ടാപ്പിങ് ഒരു വർഷം വൈകാനുമിടയുണ്ടെന്ന് അന്ന് റബർബോർഡ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. എന്നാൽ, ബഡിങ്ങിനുശേഷം വളർച്ചവേഗം കൂടിയെന്നും ഏഴാം വർഷം തന്നെ ഭൂരിപക്ഷം മരങ്ങളും 18 ഇഞ്ചിനു മുകളിൽ വണ്ണം വച്ചെന്നും സെബാസ്റ്റ്യൻ. എട്ടാം വർഷം മരങ്ങൾ 20 ഇഞ്ച് വണ്ണമെത്തി, ടാപ്പിങ്ങും തുടങ്ങി. ടാപ്പിങ് തുടങ്ങി 4 വർഷം പിന്നിടുമ്പോഴും ഒരു മരത്തിനെയും ഇലരോഗങ്ങൾ തെല്ലും ഏശുന്നില്ല. അതുകൊണ്ടുതന്നെ പാലുൽപാദനം വർഷംതോറും വർധിക്കുന്നുമുണ്ട്. എന്നാൽ, 400 പരമ്പരയിൽപെട്ടെ 414, 430 ഇനങ്ങൾ പരീക്ഷിച്ചപ്പോൾ രണ്ടിനത്തിന്റെയും പാലിന് പൊതുവേ ഡിആർസി (Dry Rubber Content) കുറവാണെന്നു കാണുന്നതായി സെബാസ്റ്റ്യൻ പറയുന്നു. അതു പ്രാദേശികമായുള്ള വ്യത്യാസമാകാം. 105 ഇനം നട്ട് ക്രൗൺ ബഡിങ് നടത്തിയിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ നേട്ടം ലഭിക്കുമായിരുന്നുവെന്നും സെബാസ്റ്റ്യൻ. ബഡിങ് പിടിക്കാതെ പോയ ഒന്നു രണ്ടു മരങ്ങളും ബഡിങ് നടത്താത്ത ഏതാനും മരങ്ങളും ഇതേ തോട്ടത്തിൽ തന്നെയുണ്ട്. ഇവയുമായി താരതമ്യപ്പെടുത്തി നിരീക്ഷിക്കുമ്പോൾ ക്രൗൺ ബഡിങ് നടത്തിയ മരങ്ങളുടെ മേന്മ ഒറ്റനോട്ടത്തിൽത്തന്നെ ദൃശ്യമാണ്. ഏതായാലും വളർച്ചയും ഉൽപാദനവും മുരടിപ്പിക്കുന്ന കുമിൾരോഗങ്ങൾ ഒഴിവാകുമ്പോൾത്തന്നെ റബർകൃഷി കൂടുതൽ ലാഭകരമാകുമെന്നാണ് സെബാസ്റ്റ്യന്റെ അനുഭവം.
ക്രൗൺ ബഡിങ് എല്ലാ തോട്ടങ്ങളിലും
ക്രൗൺ ബഡിങ് രീതി നമ്മുടെ നാട്ടിൽ ഇപ്പോഴും വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. പുതുതായി റബർകൃഷി ചെയ്യുന്നവരെല്ലാം ക്രൗൺ ബഡിങ് രീതി അവലംബിക്കണമെന്നു പറയുന്നു കോട്ടയം റബർ ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് പതോളജി വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഇൻ ചാർജ് ഡോ.ഷാജി ഫിലിപ്. അത്യുൽപാദനശേഷിയുള്ള ബഡ് തൈകളുടെ 8–10 അടി ഉയരത്തിൽ (2.5–3 മീറ്റർ) രോഗപ്രതിരോധശേഷിയുള്ള ഇനം ബഡ് ചെയ്യുന്ന രീതിയാണ് ക്രൗൺ ബഡിങ്. FX516 എന്ന ഇനമാണ് ബഡിങ്ങിനുള്ള ക്രൗൺ ആയി പ്രയോജനപ്പെടുത്തുന്നത്. ക്രൗൺ ബഡ് ചെയ്ത മരത്തിനെ 3 ഭാഗങ്ങളായി തിരിക്കാം; റൂട്ട് സ്റ്റോക്ക്, അത്യുൽപാദനശേഷിയുള്ള തായ്ത്തടി, രോഗപ്രതിരോധശേഷിയുള്ള ഇലഭാഗം. ഇന്നു കാണുന്ന എല്ലാ ഇലരോഗങ്ങളെയും ചെറുക്കാൻ ക്രൗൺ ബഡിങ്ങിനു കഴിയും. ഇലരോഗങ്ങൾ ബാധിക്കാത്തതിനാൽ ക്രൗൺ ബഡിങ് നടത്തിയ മരങ്ങളിൽനിന്ന് ഉയർന്ന ഉൽപാദനവും പ്രതീക്ഷിക്കാം. കാര്യമായ ഇലകൊഴിച്ചിൽ ഒരു കാലത്തും വരാത്തതിനാലും പുതിയ തളിരുകൾ എപ്പോഴും കാണുമെന്നതിനാലും ക്രൗൺ ബഡിങ് നടത്തിയ തോട്ടങ്ങളില്‍ തേനീച്ചക്കൃഷിയും നന്നായി വരും.
റബർ ബോർഡിന്റെ റാന്നി ചെതക്കലുള്ള സെൻട്രൽ പരീക്ഷണത്തോട്ടം, കോട്ടയം പുതുപ്പള്ളിയിലെ റബർ ഗവേഷണകേന്ദ്രം എന്നിവിടങ്ങളിൽ ക്രൗൺ ബഡിങ് ചെയ്ത മരങ്ങൾ കാണാം. കണ്ണൂർ ജില്ലയിൽ ബോർഡിന്റെ പ്രാദേശിക കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പല കർഷകരും ക്രൗൺ ബഡിങ് ചെയ്ത തോ ട്ടങ്ങൾ പരിപാലിക്കുന്നുണ്ടെന്നും ഡോ.ഷാജി ഫിലിപ്പ്. കോട്ടയം കരിക്കാട്ടൂരിലുള്ള, റബർ ബോർഡിന്റെ സെൻട്രൽ നഴ്സറിയിൽനിന്ന് കുറഞ്ഞ നിരക്കിൽ FX516 ബഡ് കമ്പും ലഭിക്കും.
ഫോൺ: 7306229681 (സെബാസ്റ്റ്യൻ)
9446386838 (ഡോ. ഷാജി ഫിലിപ്പ്)