കേട്ടറിവില്ലാത്ത സംഭവം; ഒരു ചതുരശ്ര മീറ്ററിൽനിന്ന് ഒരു കിലോ നെല്ല്; ഇതാണ് ആ കർഷകൻ
Mail This Article
ഡിസംബർ ലക്കം കർഷകശ്രീയിൽ നെൽക്കൃഷിയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ഒരു മീറ്റർ നീളവും വീതിയുമുള്ള സ്ഥലത്തുനിന്ന് 40000 നെന്മണികൾ അഥവാ ഒരു കിലോ നെല്ല് വിളയിക്കുന്നതിനെക്കുറിച്ചായിരുന്നു അത്.
വായിച്ച കുറേപ്പേർ വിളിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്ത് മികച്ച വിളവ് കാലങ്ങളായി നേടിക്കൊണ്ടിരിക്കുന്ന മലപ്പുറം, എടപ്പാൾ കോലെളമ്പ് അബ്ദുൾ ലത്തീഫ് (ലത്തീഫിക്ക) ആയിരുന്നു അവരിൽ പ്രമുഖൻ. ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധത്തിന് ഏതാണ്ട് നാലു വർഷത്തെ പഴക്കമുണ്ട്. കോവിഡ് കാലത്താണ്, ഒരു ദിവസം അദ്ദേഹം എന്നെ വിളിക്കുന്നത്. ഫേസ്ബുക്കിൽ കണ്ട പോസ്റ്റുകൾ വായിച്ച്, അവരുടെ കൃഷി ഓഫിസറായ വിനയനിൽനിന്ന് എന്റെ നമ്പർ വാങ്ങിയാണ് വിളിച്ചത്. അതു പിന്നീട് ശക്തമായ സൗഹൃദമായി. അങ്ങനെ ചാത്തന്നൂരിലേ നെൽക്കർഷകർക്ക് ക്ലാസ് എടുക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയും മലപ്പുറത്തുനിന്ന് സ്വന്തം ചെലവിൽവന്ന് അദ്ദേഹത്തിന്റെ അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു.
വെള്ളായണിയിൽനിന്നു പഠിച്ച അറിവുകൾക്കു പുറമേ നെൽക്കൃഷിയെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത് രണ്ടു പേരിൽ നിന്നാണ്. ആനക്കര (തൃത്താല ബ്ലോക്ക്, പാലക്കാട് ) കൃഷി ഓഫിസർ ആയിരിക്കുമ്പോൾ എന്റെ സഹപ്രവർത്തകനായിരുന്ന മൊയ്‌തീൻകുട്ടിക്കയിൽനിന്നും ലത്തീഫിക്കയിൽനിന്നും. ഇവർ രണ്ടു പേരും പാട്ടത്തിന് നിലങ്ങൾ എടുത്ത് ഒരു വർഷം 25-30 ഏക്കറിൽ കൃഷി ചെയ്യുന്നവരായിരുന്നു. രണ്ടു പേരും വലിയ സംഖ്യ പാട്ടം നൽകി കൃഷിയിറക്കിയിട്ടും മികച്ച ലാഭം ഉണ്ടാക്കുന്നവരായിരുന്നു (പക്ഷേ, ഓരോ വർഷവും പാട്ടത്തുക കൂട്ടുന്ന നിലം ഉടമകൾ വല്ലാതെ അത്യാഗ്രഹം കാണിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ). ഇവരിൽനിന്നു മനസ്സിലാക്കിയ പല കാര്യങ്ങളും പിന്നീട് ധാരാളം കർഷകർക്ക് പകർന്നു നൽകാൻ കഴിഞ്ഞിട്ടുണ്ട്.
കോവിഡ് കാലത്ത് ലത്തീഫിക്ക ഞാറ് നടീലിനു തൊഴിലാളികളെ ഉത്തർപ്രദേശിൽനിന്നു വിമാനത്തിൽ കൊണ്ടുവന്ന്, കലക്ടറുടെ സഹായത്തോടെ വീടെടുത്ത് ക്വാറന്റൈനിൽ പാർപ്പിച്ച കഥകളൊക്കെ വരുംതലമുറ കേട്ടാൽ വിശ്വസിച്ചു എന്ന് വരില്ല.
ഈ പോസ്റ്റിനോടൊപ്പം 2019-20ൽ ലത്തീഫിക്ക ചെയ്ത കൃഷിയിൽനിന്നും Crop Cutting Experiment നടത്തി, Economics & Statistics വകുപ്പ് കൊടുത്ത സർട്ടിഫിക്കറ്റ് ഇതോടൊപ്പം കാണാം. ഒരു ഹെക്റ്ററിൽനിന്ന് 10,108 കിലോ നെല്ലാണ് അവിടെ വിളഞ്ഞത്. വർധൻ സീഡ്‌സ് എന്ന കമ്പനിയുടെ ദീപ്തി എന്ന വിത്താണ് പറിച്ച് നട്ടത്.
150 രൂപ കിലോയ്ക്ക് വിലയുള്ള വിത്ത് 48 കിലോ വരുത്തി, അഞ്ചര ഏക്കറിൽ പറിച്ചു നടുകയാണ് ചെയ്തത് (ഓർക്കണം വെറും 48 കിലോ വിത്ത് അഞ്ചര ഏക്കറിൽ! ആ സ്ഥാനത്ത് നമ്മുടെ സാധാരണ കർഷകർ ഏതാണ്ട് 165 കിലോ വരെ വിത്ത് ഉപയോഗിക്കുന്നുണ്ട്. അതായത് വിത്തിന്റെ അളവ് കൂടുമ്പോൾ നെല്ലിന്റെ വിളവ് കുറയുന്നു!).
പക്ഷേ, ഒരു വലിയ വ്യത്യാസമുണ്ട്. അഞ്ചര ഏക്കർ സ്ഥലത്തേക്ക് എത്ര സ്ഥലത്താണോ സാധാരണ ഗതിയിൽ ഞാറ്റടി ഉണ്ടാക്കുന്നത് അത്രയും സ്ഥലത്തുതന്നെയാണ് ഈ 48 കിലോ വിത്ത് വിതച്ച് ഞാറാക്കുന്നത്. അപ്പോൾ നെൽവിത്ത് ലൂസ് ആയി അയച്ച് പാകുകയാണ് വേണ്ടത്. പക്ഷേ, സെന്റിന് 40 കിലോ എന്ന അളവിൽ ജൈവവളം അടിവളമായി കൊടുക്കും. അപ്പോൾ നല്ല അകലത്തിൽ, അടിവളത്തിന്റെ കരുത്തോടെ വളരുന്ന ഞാറുകൾ വളരെ വേഗം തന്നെ പറിച്ചു നടാൻ പാകമാകും.
അപ്പോൾ നല്ല വിളവു കിട്ടാൻ ചെയ്യേണ്ട കാര്യങ്ങളിൽ പ്രധാനമായത് ഗുണമേന്മയുള്ള വിത്ത്, അത് ഞാറ് ആക്കാൻ പാകുന്ന രീതി, ഞാറ്റടിയിലെ അടിസ്ഥാനവള പ്രയോഗം എന്നിവയാണ് എന്ന് വരുന്നു.
അടുത്തത് പറിച്ചു നടാൻ പോകുന്ന സ്ഥലത്ത് നൽകുന്ന ജൈവ വളപ്രയോഗമാണ്. ഒരു ചതുരശ്രമീറ്ററിൽ അരക്കിലോ (ഒരു സെന്റിൽ 20 കിലോ ) ജൈവവളം (ചാണകപ്പൊടി) നൽകുന്നു. സ്വന്തമായി പശുക്കൾ ഇല്ലാത്ത ഒരു കർഷകനും പുറത്തുനിന്നു വാങ്ങി ഈ അളവിൽ അടിവളം കൊടുക്കില്ല എന്നുറപ്പിച്ചു പറയാം.
അടുത്ത കാര്യം നടീൽ ആണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ലത്തീഫിക്കയ്ക്ക് നടുന്നത്. ഒരു ഏക്കർ നടാൻ ഇത്ര രൂപ എന്നാണു കരാർ. ഇത്ര അകലത്തിൽ, ഓരോ നുരിയിലും ഇത്ര അലകുകൾ എന്നു മുൻകൂട്ടി പറയും. നട്ട് കഴിഞ്ഞ് random ആയി ഒരു ചട്ട(Template)ത്തിന്റെ സഹായത്തോടെ അത് ഉറപ്പ് വരുത്തുകയും ചെയ്യും. അതു പറഞ്ഞ പ്രകാരം അല്ലെങ്കിൽ കൂലിയിൽ പ്രതിഫലിക്കും. (കേരളത്തിലെ തൊഴിലാളികളോട് ഈ സമീപനം നടക്കുമോയെന്ന് സംശയമാണ്). ഞാറിന്റെ കടഭാഗത്തുനിന്നു നുള്ളിഎടുത്ത് കൃത്യം രണ്ട് അല്ലെങ്കിൽ മൂന്ന് ഞാറുകൾ മാത്രമേ അവർ ഒരു നുരിയിൽ നടുകയുള്ളൂ. നമ്മുടെ ആൾക്കാർക്ക് പിച്ചുമ്പോൾ കയ്യിൽ എത്ര ഞാർ വരുന്നോ അതാണ് കണക്ക്.
പണിക്കാരെ കൂടെ ചേർത്ത് നിർത്തുന്നതിനും ലത്തീഫിക്കയ്ക്ക് തന്റെതായ രീതികളുണ്ട്. സ്ഥിരമായി രണ്ടു തൊഴിലാളികൾ ഉണ്ട്. അവർക്ക് വേണ്ട പലവ്യഞ്ജന സാധനങ്ങൾ പരിചയമുള്ള കടകളിൽനിന്നും വില കുറച്ച് വാങ്ങി നൽകും. അവർ നേരിട്ട് വാങ്ങിയാൽ കടക്കാർ ചിലപ്പോൾ കൂടുതൽ പൈസ വാങ്ങും. വർഷത്തിൽ ഒരിക്കൽ മുണ്ടും ഷർട്ടും നൽകും. നാട്ടിലെ കല്യാണങ്ങൾ നടക്കുമ്പോൾ അധികം വരുന്ന ഭക്ഷണങ്ങൾ അവർക്കും കൂട്ടുകാർക്കും ലഭ്യമാക്കിക്കൊടുക്കും. ചുരുക്കത്തിൽ വളരെ കരുതലോടെയും സ്നേഹത്തോടെയും അവരോടു പെരുമാറുകയും ചേർത്തുനിർത്തുകയും ചെയ്യും. സ്വാഭാവികമായും അവർ ജോലിയിൽ ആത്മാർഥത കാണിക്കും.
മണ്ണിന്റെ പുളിപ്പറിഞ്ഞ് കുമ്മായപ്രയോഗം, കൃത്യമായ NPK വളപ്രയോഗം, Humic Acidന്റെ ഉപയോഗം, സിലിക്കയുടെ ഉപയോഗം, ഇലകളിലൂടെയുള്ള വള പ്രയോഗം, ആവശ്യധിഷ്ഠിത കീട-കുമിൾ-കളനാശിനി പ്രയോഗം എന്നിവയും അനുവർത്തിക്കും. ശരിയായ സാങ്കേതികവിദ്യകൾ കലർപ്പില്ലാതെ ചെയ്യും.
കാലാവസ്ഥ കനിയണം എന്നതാണ് പുഞ്ചക്കൃഷിയുടെ വിജയരഹസ്യം. ബാക്കിയൊക്കെ കർഷകന് നിയന്ത്രിക്കാൻ കഴിയും. ഇതാണ് അദ്ദേഹത്തെ കേരളത്തിലെ ഏറ്റവും മികച്ച സമ്മിശ്ര കർഷകനുള്ള കർഷകോത്തമ പുരസ്‌കാര ജേതാവാക്കിയതും കോലൊത്തുംപാടം പാടശേഖര സമിതിയെ ഏറ്റവും മികച്ച സമിതിക്കുള്ള നെൽക്കതിർ അവാർഡിന് അർഹമാക്കിയതും.
നെല്ല് കൃത്യമായി സപ്ലൈകോ സംഭരിക്കുന്നു. വില കിട്ടാൻ വൈകുന്നു എന്ന പരാതിയുണ്ട്. നല്ല ഒരു ഡെയറി ഫാം നടത്തുന്നു. അതിൽനിന്നു പാൽ, തൈര്, നെയ്യ് എന്നിവയുണ്ടാക്കി വിൽക്കുന്നു. കൂട്ടിന് സഹധർമിണിയുമുണ്ട്. കുടുംബാധ്വാനം, അതാണ് കർഷകന്റെ കരുത്ത്.
ഏറ്റവും മികച്ച രീതിയിൽ കൃഷിയിലെ വരവ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിക്കുന്നു. ഉദ്യോഗസ്ഥരോടും ബാങ്കുകാരോടും ശാസ്ത്രജ്ഞരോടും സ്നേഹത്തോടെയും വിനയത്തോടെയും ഇടപെടുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ, ബാങ്കുകാർ (NABARD അടക്കം ) എന്നിവരുടെയെല്ലാം സ്നേഹിതനും വഴികാട്ടിയും സഹകാരിയുമാണ് അദ്ദേഹം. പല പ്രധാന കമ്മിറ്റികളിലും അദ്ദേഹം അംഗമാണ്.
അപ്പോൾ സൂർത്തുക്കളേ, ഏക്കറിന് 4000 കിലോ നെല്ല് വിളയിക്കുക എന്നത് അതികഠിനമല്ല എന്നു തെളിയിച്ച ഒരാൾ നമ്മളോടൊപ്പം ഉള്ളപ്പോൾ, നിങ്ങൾക്കുമായിക്കൂടേ, അല്ലെങ്കിൽ ഒന്ന് ആഞ്ഞു ശ്രമിച്ചു കൂടേ എന്നു മാത്രമാണ് എന്റെ ചോദ്യം. നിങ്ങളുടെ വിളവുകൾ തിട്ടപ്പെടുത്താൻ Economics & Statistics വകുപ്പിന്റെ സഹായവും തേടാം.