പയ്യന്നൂർ കോളജിൽ കൃഷിയും പഠിപ്പിക്കും; വിദ്യാർഥികളുടെ കൂൺകൃഷി സൂപ്പർഹിറ്റ്; പായ്ക്ക് ചെയ്ത് വിപണിയിലേക്ക്
Mail This Article
പയ്യന്നൂർ കോളജിലെ ബോട്ടണി ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ സിലബസിന്റെ ഭാഗമായാണു കൂൺ ഉൽപാദനത്തെക്കുറിച്ചു പഠിക്കുന്നത്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൂണും വിത്തും ഉൽപാദിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അതിലൊരു വിൽപന സാധ്യത ഉണ്ടല്ലോയെന്നു ബോട്ടണി അധ്യാപിക ഡോ. പി.സി.ദീപമോൾക്കു തോന്നിയത്.
ടീച്ചറിന്റെ ആശയം ഡിപ്പാർട്മെന്റിന് ആവേശമായി. കോളജ് അധികൃതരും വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഒപ്പം കൂടി. അധ്യാപകരുടെ മേൽനോട്ടത്തിൽ കൂണും കൂൺ വിത്തും ഉൽപാദിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചതു കോളജിൽതന്നെ വിറ്റുപോയി.
കൂൺ ഉൽപാദനം പഠിക്കാൻ 30 മണിക്കൂറുള്ള സർട്ടിഫിക്കറ്റ് കോഴ്സ് കോളജിലുണ്ട്. മറ്റു വിഷയങ്ങൾ പഠിക്കുന്നവർക്കും സർട്ടിഫിക്കറ്റ് കോഴ്സിൽ ചേരാം. സർട്ടിഫിക്കറ്റ് കോഴ്സിൽ ചേർന്ന മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാർഥികൾ ബോട്ടണിക്കാരുടെ ഉദ്യമത്തിലെ സംരംഭക സാധ്യത മനസ്സിലാക്കി. രണ്ടു വകുപ്പുകളും ചേർന്നൊരു പ്രോജക്ട് തയാറാക്കി. ബോട്ടണി വിദ്യാർഥികളുടെ നിർമാണം, മാനേജ്മെന്റ് സ്റ്റഡീസുകാരുടെ മാർക്കറ്റിങ്! അങ്ങനെ മെറി മഷ്റൂം എന്ന പേരു വന്നു. ദാ, ഇപ്പോൾ മെറി മഷ്റൂം കോളജിൽനിന്നു പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റുകളിലേക്ക് ഇറങ്ങുന്നു.
കൂണിനൊപ്പം വിത്തും വിൽപനയ്ക്കു തയാറാക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീട്ടമ്മമാർക്കു കൂൺകൃഷിയിൽ ശാസ്ത്രീയ പരിശീലനം നൽകി അവരെക്കൂടി പ്രോജക്ടിന്റെ ഭാഗമാക്കാനാണു പദ്ധതിയിടുന്നതെന്നു പ്രിൻസിപ്പൽ വി.എം.സന്തോഷ് പറയുന്നു.
കോഴ്സ‌് കഴിഞ്ഞ ചില വിദ്യാർഥികൾ വീടുകളിൽ കൂൺകൃഷി നടത്തുന്നുണ്ട്. ഇപ്പോൾ പഠിക്കുന്നവർക്കും വീടുകളിൽ കൂൺകൃഷി തുടങ്ങാൻ താൽപര്യമുണ്ട്. ഇവ രെല്ലാം ഉൽപാദിപ്പിക്കുന്ന കൂണും മെറി മഷ്റൂമിന്റെ ഭാഗമാക്കാനാണു ദീപമോളുടെ ശ്രമം.
ഇനി സ്റ്റാർട്ടപ്
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്നവേറ്റീവ് ആൻഡ് ഒൻട്രപനർഷിപ് (ഐഇഡിസി) ഡവലപ്മെന്റ് സെന്ററിന്റെ യൂണിറ്റ് കോളജിൽ തുടങ്ങിയിട്ടുണ്ട്. ഐഇഡിസിയുമായി ചേർന്ന് കൂൺ ഉൽപാദനം വലിയൊരു സംരംഭമാക്കാനുള്ള തയാറെടുപ്പിലാണു കോളജ് മാനേജ്മെന്റ്റ്. കെ.മുഹമ്മദ് തയിബും ദീപമോളുമാണ് ഐഇഡിസിയുടെ നോഡൽ ഓഫിസർമാർ.
ഫോൺ: 9744753130