റിസോർട് ടൂറിസമല്ല ഇത് കൃഷി ടൂറിസം; വിദേശികൾ തേടിയെത്തുന്ന വയനാട്ടിലെ ടൂറിസ്റ്റ് സ്പോട്
Mail This Article
നാലു വർഷം മുൻപാണ്. കൃഷിക്കൊപ്പം ഫാം ടൂറിസത്തിലേക്കുകൂടി കടന്നാലോ എന്ന് അജയൻ ആലോചിക്കുന്നതേയുള്ളൂ. വയനാട് പുൽപള്ളി ചേകാടിയിലുള്ള അജയന്റെ കൃഷിയിടത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടന്നുകൊണ്ടിരിക്കെ അതുവഴി രണ്ടു വിദേശദമ്പതികളെത്തി. കാലിഫോർണിയയിൽനിന്നു വയനാടു കാണാൻ വന്നവരാണ്. വയനാടിനൊരു സവിശേഷ സംസ്കാരവും ഗോത്രവർഗ പാരമ്പര്യവും വേറിട്ട ഭാഷകളും ജീവിതരീതികളുമുണ്ടെന്നു വായിച്ചറിഞ്ഞ് ആവേശത്തോടെ വന്നവർ.
ഓൺലൈൻ വഴിയൊരു റിസോർട് ബുക്ക് ചെയ്താണ് അവര്‍ വയനാട്ടിലെത്തിയത്, പക്ഷേ, കുറഞ്ഞ ദിവസംകൊണ്ടു തന്നെ അവർ നിരാശരായി. യൂറോപ്പിൽനിന്ന് വയനാട്ടിലെ ഉൾനാടൻ ഗ്രാമത്തിലെത്തിയപ്പോഴും കിട്ടിയത് എസി റൂമും സ്വിമ്മിങ് പൂളും വിദേശഭക്ഷണവും. മനസ്സു മടുത്ത് തിരിച്ചു പോകാൻ ഒരുങ്ങുകയാണ് ഇരുവരും. അജയനോട് അവർ ഇത്രമാത്രം പറഞ്ഞു, ‘‘ആധുനിക ജീവിതത്തിന്റെ ആഡംബരങ്ങളും കൂറ്റൻ കെട്ടിടങ്ങളുമൊന്നും കാണാനല്ല വിദേശികൾ വയനാട്ടിലെത്തുന്നത്. വയനാടിന്റെ സംസ്കാരവും തനതു ജീവിതവും അനുഭവിക്കാനും ആസ്വദിക്കാനുമാണ്.’’
ഫാം ടൂറിസത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്ന അജയന് അതൊരു പുതിയ ഉൾക്കാഴ്ചയായിരുന്നു. നാലു വശവും വനത്താൽ ചുറ്റപ്പെട്ട ചേകാടിയെന്ന അതിമനോഹര ഗ്രാമത്തിലേക്ക് വിനോദസഞ്ചാരത്തിന്റെ പുതിയൊരു വാതിൽ അജയൻ തുറക്കുന്നതങ്ങനെ. ഇന്ന് സുഗന്ധവാഹിയായ ഗന്ധകശാല അരിയുടെ ചോറും കബനീനദിയിലെ മത്സ്യംകൊണ്ടുള്ള നാടൻകറിയും ആസ്വദിച്ചു കഴിക്കാനും ചേകാടിയിലെ വയലും കാടും മേടും കൃഷിയും ഗോത്രജീവിതവുമെല്ലാം അടുത്തറിയാനുമായി അജയന്റെ നന്മന ഹെറിറ്റേജ് സെന്ററിലേക്കു വരുന്നവർ ഒട്ടേറെ.
കൃഷിമാത്രം പോരാ
പണ്ട് പുൽപള്ളിയുടെ പ്രശസ്തി കുരുമുളകിലായിരുന്നു. എൺപതുകൾ കുരുമുളകുകൃഷിയുടെ സുവർണ കാലമായിരുന്നെന്ന് അജയൻ. സർക്കാർ ജോലി കിട്ടിയാലും പോകാൻ താൽപര്യമില്ലാത്ത ചെറുപ്പക്കാർ. കുരുമുളകുകൃഷിയെക്കാൾ നേട്ടം മറ്റൊന്നിലും അവർ കണ്ടില്ല. ആ തലമുറയുടെ ഭാഗമായിരുന്നു അജയനും. കുരുമുളക് വിറ്റു വാങ്ങിയ മഹേന്ദ്ര ജീപ്പുകൾ പുൽപള്ളിയുടെ നിരത്തുകളിൽ കുതിച്ചു പാഞ്ഞു. മഹേന്ദ്രയുടെ ബിസിനസ് ഭൂപടത്തിൽ അന്ന് പുൽപള്ളി പ്രത്യേകം അടയാളപ്പെടുത്തിയിരുന്നത്രേ. എന്നാൽ, ദ്രുതവാട്ടം കുരുമുളകിന്റെ പ്രതാപത്തിനു തിരശ്ശീലയിട്ടു. ആണ്ടിൽ 100 ക്വിന്റൽ കുരുമുളകു പറിച്ച തോട്ടമായിരുന്നു അജയന്റേത്. ഇന്നത് 10 ക്വിന്റൽ പോലുമില്ല. കുരുമുളകു തകർന്നതോടെ പുൽപള്ളിക്കാർ ആശ്രയിച്ചത് ഇഞ്ചിയെ. താമസിയാതെ അതും ലാഭകരമല്ലാതായി. അപ്പോഴൊന്നും (ഇപ്പോഴും) ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ വയനാട്ടിലെ കർഷകർ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് അജയൻ. അതേസമയം ഫാം ടൂറിസമെന്ന പേരിൽ റിസോർട് ടൂറിസം വയനാട്ടിൽ വളരുകയും ചെയ്തു. യഥാർഥമായ കൃഷിയിട വിനോദസഞ്ചാരം ഇപ്പോഴും വയനാട്ടിൽ അപൂർവം. അതാണ് ഇനിയങ്ങോട്ട് വയനാടിന് ആവശ്യമെന്നും അതിലേക്ക് ശ്രദ്ധകൊടുത്തതുകൊണ്ടാണ് നാലു വർഷത്തിനിപ്പുറം മികച്ച വരുമാനത്തിലേക്ക് സ്വന്തം കൃഷിയിടത്തെ വളർത്താൻ കഴിഞ്ഞതെന്നും അജയൻ പറയുന്നു.
സാധ്യതകൾ ഒട്ടേറെ
പെട്ടെന്നൊരു ദിവസം തുടങ്ങാവുന്നതല്ല ഫാം ടൂറിസം. കൃഷിയിടം അതിനനുസരിച്ച് ക്രമീകരിക്കണം. എട്ടരയേക്കർ വരും അജയന്റെ കൃഷിയിട വിസ്തൃതി. അതിൽ 3 ഏക്കർ നെൽകൃഷി. ബാക്കി സ്ഥലത്ത് കുരുമുളക്, കാപ്പി, കമുക്, ഇഞ്ചി, മഞ്ഞൾ, തെങ്ങ് എന്നിങ്ങനെ സമ്മിശ്രക്കൃഷിയുടെ സമൃദ്ധി. സഞ്ചാരികൾക്കായി ഈ കൃഷിയിടത്തെ കൂടുതൽ വൈവിധ്യപൂർണമാക്കി മാറ്റുകയായിരുന്നു ആദ്യ പടി. ആദ്യംതന്നെ നാടൻ പൂച്ചെടികൾ നട്ടുവളർത്തി നല്ലൊരു ശലഭോദ്യാനം വളർത്തി. ജമന്തിയും അരിപ്പൂവും കിലുക്കിയും കനാകാംബരവും ചെത്തിയും ചെമ്പരത്തിയുമെല്ലാം ചേർന്ന ഈ ശലഭോദ്യാനമിന്ന് സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു.
ഒപ്പം, ഭക്ഷ്യവിളകളുടെ ഇനവൈവിധ്യങ്ങളിലേക്കും ശ്രദ്ധ വച്ചു. വയനാട്ടിൽ പ്രവർത്തിക്കുന്ന സ്വാമിനാഥൻ ഫൗണ്ടേഷനുമായി ചേർന്ന് കിഴങ്ങിനങ്ങളുടെ കൃഷി വിപുലമാക്കി. മുള്ളൻകാച്ചിൽ, നൈജീരിയൻ കാച്ചിൽ, ഇഞ്ചിക്കാച്ചിൽ, കരടിക്കാച്ചിൽ, നീലക്കാച്ചിൽ എന്നിങ്ങനെ കാച്ചിൽത്തന്നെ 13 ഇനമുണ്ട് അജയന്റെ കൃഷിയിടത്തിൽ. ഓരോ വിളയുടെയും വ്യത്യസ്ത ഇനങ്ങൾ, ഓരോന്നിന്റെയും സവിശേഷതകൾ, കൃഷിരീതി, പരിപാലനം, വിളവെടുപ്പ്, മൂല്യവർധന എന്നിവയെല്ലാം സന്ദർശകർക്ക് പരിചയിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കുംവിധമാണ് അജയന്‍ കൃഷിയും കൃഷിയിടവും ക്രമീകരിച്ചിരിക്കുന്നത്. വയനാടിന് തനതായ ഒട്ടേറെ നെല്ലിനങ്ങളുണ്ട്. അതിൽത്തന്നെ സുഗന്ധനെല്ലിനമായ ഗന്ധകശാലയുടെ കൃഷി പൊതുവേ കുറഞ്ഞുവരുകയാണ്. എന്നാൽ അജയനാകട്ടെ, കൃഷിവിസ്തൃതി വർധിപ്പിക്കുകയാണ്. നിലവിൽ 2 ഏക്കറിലുണ്ട് ഗന്ധകശാലക്കൃഷി. വലിച്ചൂരിയാണ് മറ്റൊരു നെല്ലിനം. ജൂൺ മുതൽ ഡിസംബർ വരെ നീളുന്നതാണ് നഞ്ചക്കൃഷി. സഞ്ചാരികൾക്കായി നടീൽ ഉത്സവവും കൊയ്ത്തുത്സവവുമെല്ലാം ഒരുക്കും. കൊയ്ത്തു കഴിഞ്ഞാൽ വയലിൽ പിന്നെ ജൈവപച്ചക്കറിക്കൃഷിയുടെ കാലമാണ്. ഒപ്പം ഉഴുന്നും എള്ളുമെല്ലാം കൃഷി ചെയ്യുന്നു.
ഫാം ടൂറിസം എന്ന പേരിൽ വൻകിട റിസോർട്ടുകാർ ഒരുക്കുന്ന സാംപിൾ കൃഷിയിൽനിന്ന് ഏറെ വ്യത്യസ്തമായ കൃഷിയനുഭവമാണ് സഞ്ചാരികൾക്ക് ഇത്തരം കൃഷിയിടങ്ങളിൽനിന്നു ലഭിക്കുകയെന്ന് അജയൻ. ഈ രീതിയിലുള്ള തനി നാടൻ ഫാം ടൂറിസത്തിലേക്ക് വയനാട്ടിലെ കർഷകർ കടന്നുവന്നാൽ വിളകളുടെ വിലയിടിവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കു പരിഹാരമാകുമെന്നും ഈ കർഷകൻ പറയുന്നു. സ്വന്തം കൃഷിയിടത്തിൽ വിളയുന്ന കാപ്പിയും മഞ്ഞളും ഗന്ധകശാല അരിയുമുൾപ്പെടെ എല്ലാ കാർഷികോൽപന്നങ്ങളും സന്ദർശകർ തന്നെ വാങ്ങുന്നതിനാൽ അജയനിന്ന് വിലയിടിവിനെക്കുറിച്ച് വേവലാതി ഒട്ടുമില്ല.
കൃഷിയും നാടൻ ഭക്ഷണവും മാത്രമല്ല, വയനാടിന്റെ വയലും കാടും പുഴയും ഗോത്രവർഗ സംസ്കൃതിയു മെല്ലാം നേരിട്ടറിഞ്ഞ് ആസ്വദിക്കാൻ അജയൻ തന്നെ സഞ്ചാരികളെ ചേകാടിയുടെ വയൽവരമ്പുകളിലേക്കും നാട്ടിടവഴികളിലേക്കും കൊണ്ടുപോകും. വേഷവും ഭാഷയും ആചാരമര്യാദകളുമെല്ലാം വ്യത്യസ്തമാ യ ഗോത്രവർഗ സമൂഹത്തോടു സംവദിക്കാൻ അവസരമൊരുക്കും. റിസോർട് ടൂറിസത്തിനു കൈമാറാൻ കഴിയാത്ത യഥാർഥ ഫാം ടൂറിസം സഞ്ചാരികൾക്കു സമ്മാനിക്കാൻ കഴിയുക, സാധാരണക്കാരായ കർഷകർക്കു മാത്രമാണെന്നും അതിലാണ് ഇനി കർഷകർ ശ്രദ്ധിക്കേണ്ടതെന്നും അജയൻ ഓർമിപ്പിക്കുന്നു.
ഫോൺ: 9605399876