ADVERTISEMENT

‘‘വിത്തുഗുണം പത്തുഗുണം’’ എന്ന ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണ്, കൊക്കോയുടെ കാര്യത്തിൽ. കൊക്കോവില മികച്ച നിലയിൽ നിൽക്കുന്നതുകൊണ്ടുതന്നെ കർഷകർ പുതിയ നടീലിന് ഉത്സാഹിക്കുന്നുണ്ട്. പരപരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ എന്നതിനാൽ വിത്തിനായി കായ്കൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഉദ്ഭവം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാതൃവൃക്ഷം എത്രതന്നെ മുന്തിയ ഇനമാണെങ്കിലും അതിൽ വന്നുചേരുന്ന പൂമ്പൊടിയുടെ ജനിതകഗുണം തിരിച്ചറിയാൻ മാർഗമില്ല. അതിനാൽ തൈകൾ നട്ട് വിളവെടുക്കാറാകുമ്പോൾ മാത്രമേ ഇവയ്ക്കു മികച്ച കായ്ഫലം ഉണ്ടാക്കുന്ന ജനിതക മികവ് ഉണ്ടോയെന്ന് അറിയാനാവുകയുള്ളൂ. ഈ ആശയക്കുഴപ്പം ഒഴിവാക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും ശാസ്ത്രീയമായി നട്ടുവളർത്തിയ തോട്ടങ്ങളിൽനിന്നു തന്നെ നടീൽവസ്തു ശേഖരിക്കണം.

പരാഗണം നടന്ന് 120–150 ദിവസത്തിനകം കായ്കൾ പറിക്കാൻ പാകമാകും. ഈ കായ്കൾ പറിച്ച് ഏഴു ദിവസംവരെ സൂക്ഷിക്കാമെങ്കിലും കിളിർപ്പുശേഷി ക്രമേണ കുറയുന്നതായി കണ്ടുവരുന്നു. അതിനാല്‍ കായ്കളിൽനിന്നു ശേഖരിച്ച കുരുക്കൾ അന്നുതന്നെ പാകുന്നതാണ് നല്ലത്. വിത്തു നട്ട് 15 ദിവസത്തിനുള്ളിൽ 90–95 ശതമാനവും മുളയ്ക്കും.

സ്വപരാഗണം നടത്താത്ത കൊക്കോച്ചെടികളുടെ തോട്ടങ്ങൾ കേരള കാർഷിക സർവകലാശാല വച്ചുപിടിപ്പിച്ച് പരിപാലിച്ചുപോരുന്നു. ഈ കൊക്കോച്ചെടികൾ വർഷങ്ങളോളം നിരീക്ഷിച്ച് ഇവയിൽനിന്നു മുന്തിയ ഇനം മാത്രം മാതൃവൃക്ഷമായി തിരഞ്ഞെടുക്കുന്നു. ദീർഘകാലവിളയായ കൊക്കോയിൽ അത്യുൽപാദനശേഷിയും മറ്റ് ഗുണമേന്മകളുമുള്ള മാതൃവൃക്ഷങ്ങൾ ഉരുത്തിരിക്കാനായി ചുരുങ്ങിയത് 15 വർഷത്തെ ചിട്ടയായ ഗവേഷണം ആവശ്യമാണ്. ഇത്തരം കൊക്കോത്തോട്ടങ്ങൾ ജനിതകശേഷി കുറഞ്ഞ മറ്റ് കൊക്കോമരങ്ങളിൽനിന്ന് അകലെ ഒറ്റപ്പെട്ട സ്ഥലത്തു വേണം നട്ടുപിടിപ്പിക്കാൻ. അനാവശ്യ പരപരാഗണം തൈകളുടെ ഗുണനിലവാരത്തെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലാണിത്. ഇത്തരം തോട്ടങ്ങളിലെ ചെടികൾക്കൊന്നിനും സ്വപരാഗണശേഷി ഇല്ലാത്തതിനാലും അന്യോന്യം പരാഗണശേഷി ഉള്ളതിനാലും എല്ലാ ചെടികളിലുമുണ്ടാകുന്ന കായ്കൾ സങ്കരമായിരിക്കും. 

തൈകളുടെ ആദ്യകാല വളർച്ചയും ആരോഗ്യവും ചെടികളുടെ കായ് പിടിക്കാനുള്ള കഴിവിനെ സ്വാധീനിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതു കണക്കാക്കി ആദ്യകാല വളർച്ചത്തോത് അനുസരിച്ച് ചെടികളെ തരം തിരിച്ച് ആരോഗ്യമില്ലാത്ത 10 ശതമാനം തൈകൾ നഴ്സറിയിൽതന്നെ ഒഴിവാക്കുന്നു.

cocoa-vakkachan-3

ഏതെങ്കിലും തോട്ടത്തിലെ നല്ല മരം പോലെയൊന്ന് നമുക്കും സ്വന്തമാക്കണം എന്നുണ്ടെങ്കിൽ കായിക പ്രജനനം ആണ് വഴി. പാച്ച് ബഡ്ഡിങ് വഴി ഉരുത്തിരിച്ചെടുത്ത ചെടിയുടെ തൈകൾ ഉപയോഗിച്ച് തോട്ടം വച്ചുപിടിപ്പിക്കാം. ഇങ്ങനെ നടുമ്പോഴും ഒരു തോട്ടം മുഴുവൻ ഒരിനം തന്നെയാകാതെ നോക്കണം. സ്വപരാഗണ ശേഷിയില്ലാത്തതിനാൽ ഒരേയിനംതന്നെ വച്ചു പിടിപ്പിക്കുമ്പോൾ കായ്ഫലമുണ്ടാകാറില്ല എന്നതാണ് കാരണം. ജനിതകവ്യത്യാസമുള്ള അഞ്ച് ഇനങ്ങളെങ്കിലും കൂട്ടിക്കലർത്തി മാത്രമേ തോട്ടം ഉണ്ടാക്കാവൂ.

കൂടുതൽ വിവരങ്ങൾക്ക്: കൊക്കോ ഗവേഷണകേന്ദ്രം, കേരള കാർഷിക സർവകലാശാല, തൃശൂർ.

English Summary:

High-yielding cocoa cultivation relies on superior seed quality. The Kerala Agricultural University uses scientific methods to produce high-quality cocoa seedlings, ensuring superior yields through careful selection and propagation techniques.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com