പുറത്തുനിന്ന് വാങ്ങിയത് 2 പശുക്കുട്ടികളെ; വളർന്നത് 30 എണ്ണത്തിലേക്ക്; ഇത് കർഷകയായ വെറ്ററിനറി ഡോക്ടർ
Mail This Article
ഒരു വെറ്ററിനറി ഡോക്ടറുടെ പ്രധാന കടമ മൃഗചികിത്സയാണ്. കഠിനമായ മത്സരപരീക്ഷയിലൂടെ കടന്നുവന്ന് 5 വർഷം നീളുന്ന പഠനത്തിന് ഒടുവിലാണ് ഓരോരുത്തരും ഒരു വെറ്ററിനറി സർജന്റെ മേലങ്കി അണിയുന്നത്. ഭക്ഷ്യോൽപാദനത്തിൽ തന്നെ സുപ്രധാന പങ്കുവഹിക്കുന്ന പശു, ആട്, കോഴി, താറാവ് തുടങ്ങിയവയ്ക്കു പുറമേ അരുമമൃഗങ്ങൾ, വന്യമൃഗങ്ങൾ എന്നിവയെക്കുറിച്ചുള്ള കാര്യങ്ങളും പഠനകാലയളവിൽ പാഠ്യവിഷയങ്ങൾ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. വെറ്ററിനറി സയൻസ് പഠിച്ചിറങ്ങുന്ന ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ അവർക്ക് പ്രാവീണ്യമുള്ള വിഷയങ്ങളിലെയോ മാത്രം രോഗികളെ കിട്ടിയെന്ന് വരില്ല. ആകാശത്തിനു കീഴിൽ സസ്യങ്ങൾ ഒഴിച്ചുള്ള സർവ ചരാചരങ്ങളെയും ചികിത്സിക്കുന്നുണ്ട് വെറ്ററിനറി ഡോക്ടർമാർ.
താൻ നേടിയ വിദ്യാഭ്യാസവും അറിവും ഒപ്പം അനുഭവസമ്പത്തും പ്രയോജനപ്പെടുത്തി കാർഷികവൃത്തിയെ സ്നേഹിച്ചു ഒപ്പം കൂട്ടുകയാണ് കോട്ടയം ഏറ്റുമാനൂരിലെ ചന്ദ്രമംഗലം ഡോ. ലിനി ചന്ദ്രൻ. കുട്ടിക്കാലം മുതൽക്കേ വീട്ടിൽ പശുക്കളും കിടാക്കളും ഉണ്ടായിരുന്നു. ഏകദേശം 60 വർഷത്തെ പാരമ്പര്യമുണ്ട് ലിനിയുടെ വീട്ടിലെ പശുവളർത്തലിന്. സർക്കാർ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും ജോലിക്കു പോകുന്നതിനാൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ലിനിയും സഹോദരൻ ബിനു ചന്ദ്രനും (മൂവാറ്റുപുഴയിലെ ഓർത്തോപീഡിഷ്യൻ ഡോ. ബിനു ചന്ദ്രൻ) പശുക്കളെ കുളിപ്പിക്കുന്നതിനും പുല്ല് അരിയുയുന്നതിനുമൊക്കെ കൂടുമായിരുന്നു. പശുക്കളോടും കിടാക്കളോടും അന്ന് തുടങ്ങിയ ഇഷ്ടം, സ്നേഹം ഇതെല്ലാം ഇന്നും മാറാതെ നിൽക്കുന്നു.
2002ൽ പഠനം പൂർത്തിയാക്കിയ ശേഷം സർവീസിൽ പ്രവേശിച്ചെങ്കിലും വിവാഹത്തിനും കുട്ടിയുടെ ജനനത്തിനും ശേഷം 2004ലാണ് ലിനി തന്റെ ഇഷ്ടമേഖലയായ പശു വളർത്തലിലേക്ക് കടക്കുന്നത്. വീട്ടിലെ ഒഴിഞ്ഞു കിടന്ന തൊഴുത്തിലേക്ക് കുരിശുമല ആശ്രമത്തിൽനിന്നും ആറായിരവും പതിനായിരവും രൂപ നൽകി സ്വന്തമാക്കിയ രണ്ട് എച്ച്എഫ് സങ്കരയിനം കിടാരികളുമായാണ് ഡോ. ലിനി തന്റെ പശുവളർത്തലിന് തുടക്കം കുറിച്ചത്. ഇവർ വളർന്ന് കറവപ്പശുക്കൾ ആയപ്പോൾ ഫാം വികസിപ്പിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി വളർന്നാണ് 30 ഉരുക്കളിലേക്ക് എത്തിയത്.
18 കറവപ്പശുക്കളും 5 കിടാരികളും 7 കന്നുകുട്ടികളും അടങ്ങുന്നതാണ് ഡോ. ലിനിയുടെ ഫാം. ദിവസവും 80 ലീറ്റർ പാൽപാദിപ്പിക്കുന്ന ഈ ഫാമിൽ ഏകദേശം 20 ലീറ്റർ പാൽ പ്രാദേശിക വിൽപനയിലൂടെയും ബാക്കിയുള്ള 60 ലീറ്റർ വീടിനടുത്ത് തന്നെയുള്ള പുന്നത്തറ ക്ഷീരോൽപാദക സഹകരണ സംഘത്തിലും അളക്കുന്നു. ഒരു ക്ഷീരകർഷകനെ സംബന്ധിച്ച് ഉൽപാദനച്ചെലവിന്റെ ഏറിയ ഭാഗവും തീറ്റയിനത്തിൽനിന്നാണ്. അതുകൊണ്ടുതന്നെ തീറ്റപ്പുൽകൃഷിക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട് ഡോ. ലിനി. ഒന്നര ഏക്കർ സ്ഥലത്താണ് പുൽക്കൃഷി. CO3,CO4, CO5, സൂപ്പർ നേപ്പിയർ തുടങ്ങി ഏഴിനങ്ങളിൽപ്പെട്ട പുല്ല് ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്. തൊഴുത്തിൽനിന്നുള്ള ചാണകവും സ്ലറിയും കൃഷിക്കായും ബയോഗ്യാസ് ഉൽപാദനത്തിനായും പ്രയോജനപ്പെടുത്തുന്നു.
കൃത്യ സമയത്തു തന്നെ മദിലക്ഷണം തിരിച്ചറിഞ്ഞ് കൃത്രിമ ബീജാധാനം ചെയ്യുന്നതിനാൽ യാതൊരുവിധ വന്ധ്യതാ പ്രശ്നങ്ങളും ഇന്നുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്ന് ഡോ. ലിനി സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം വർഷത്തിൽ ഒരു പ്രസവം വഴി കിടാവിനേയും ലഭിക്കുന്നു. ജനിച്ചു വീഴുന്ന പശുക്കുട്ടികൾ ഇവിടെ കറവപ്പശുക്കൾ ആയി മാറുമ്പോൾ മൂരിക്കുട്ടന്മാരെ വിൽക്കുകയാണ് പതിവ്. പുറത്തുനിന്ന് ഒരു പശുവിനെ പോലും ഫാമിലേക്കു വാങ്ങിയിട്ടില്ല എന്നുള്ളതും നിലവിലുള്ള പശുക്കൾ എല്ലാം തന്നെ ഇവിടെ ജനിച്ചു വളർന്ന പശുക്കിടാക്കളാണ് എന്നുള്ളതും ഈ ഫാമിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. കൃത്യമായ തീറ്റ ക്രമവും പരിപാലനമുറകളും പ്രതിരോധ കുത്തിവയ്പ്പുകളും എല്ലാം ഡോ. ലിനി നേരിട്ട് ചെയ്യുന്നതിനാൽ കാര്യമായ രോഗങ്ങൾ ഒന്നും തന്നെ ഈ ഫാമിൽ ഇല്ല.
ഡോ. ലിനിയുടെ പ്രവർത്തനങ്ങൾക്കെല്ലാം ഒപ്പം നിൽക്കുന്നവരാണ് അബുദാബിയിൽ പൾമണോളജിസ്റ്റായ ഭർത്താവ് ഡോ. സജീവ് എസ് നായരും മക്കളായ ഡോ. ഭദ്രാ സജീവും എംബിബിഎസ് വിദ്യാർഥിയായ ഭൃഗു നന്ദ് സജീവും.
തന്നെ തേടിയെത്തുന്ന ഓരോ ക്ഷീരകർഷകരുടെയും പ്രശ്നങ്ങൾ തനിക്ക് നേരിട്ട് അറിയാവുന്നതുകൊണ്ട് തന്നെ അവരെ പൂർണ്ണമായും ഉൾക്കൊള്ളുവാനും വേണ്ട സേവനം നൽകുവാനും ഡോ. ലിനി ശ്രദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ കർഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയിട്ടുണ്ട് ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ കൂടിയായ ഡോ. ലിനി ചന്ദ്രൻ