കർഷകരെ ഇനിയും കബളിപ്പിക്കാനാവില്ല
Mail This Article
കർഷകരുടെ പ്രശ്നങ്ങളും ദുരിതങ്ങളും സങ്കടങ്ങളും മാറ്റമില്ലാതെ തുടരുന്നു. ആത്മഹത്യവരെയെത്തിയ കടുത്ത പ്രതിഷേധത്തിനും ഫലമുണ്ടാകുന്നില്ല. പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ, കർഷകരോഷം തങ്ങളുടെ അധികാരക്കസേരകൾ ഇളക്കുമോ എന്ന് രാഷ്ട്രീയനേതൃത്വം ആശങ്കപ്പെടുന്നു. വരുമാനം ഇരട്ടിയാക്കൽ, സബ്സിഡി, കടം എഴുതിത്തള്ളൽ തുടങ്ങി പലകുറി ആവർത്തിച്ച വാഗ്ദാനപ്പെരുമഴ ഇനിയും പെയ്തേക്കാം. എന്നാലും പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിച്ചു പരിഹാരം തേടാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല.
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളാണ് കർഷകരുടെ ദുരിതം പെരുപ്പിക്കുന്നത്. കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലെ കർഷകർ ഈയിടെ ഡൽഹിയിൽ മഹാ റാലി നടത്തി. കർഷകരോഷത്തിനു തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനാവുമെന്ന് ഈയിടെ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകൾ തെളിയിച്ചു. കാർഷികോല്‍പന്നങ്ങളുടെ വൻ വിലയിടിവ്, നോട്ട് നിരോധനം മൂലം ഗ്രാമീണമേഖലയിൽ പണലഭ്യത കുറഞ്ഞത്, കാലാവസ്ഥാവ്യതിയാനം മൂലമുള്ള കടുത്ത വെല്ലുവിളികൾ തുടങ്ങി സംഭരണസംവിധാനത്തിലെ പാളിച്ചകൾ, പ്രഖ്യാപിത താങ്ങുവിലയും ഇൻഷുറൻസ് തുകയും ലഭിക്കാനുള്ള പ്രയാസങ്ങൾ തുടങ്ങി കർഷകർ നേരിടുന്ന വെല്ലുവിളികളേറെ. ഏറെ കൊട്ടിഗ്ഘോഷിച്ച പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെ ഗുണം കർഷകർക്കല്ല ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കാണു ലഭിക്കുന്നതെന്ന ആരോപണം ശക്തം. കിലോയ്ക്ക് 20 പൈസയ്ക്കു വഴുതനങ്ങ വിൽക്കാൻ നിർബന്ധിതനായ അഹമ്മദ് നഗറിലെ കർഷകൻ തന്റെ രണ്ടേക്കർ വഴുതനക്കൃഷി വെട്ടി നശിപ്പിച്ചു. 750 കിലോ ഉള്ളി വിറ്റു കിട്ടിയ1,064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചാണ് നാസിക്കിലെ കർഷകന്‍ തന്റെ വേദനയും രോഷവും ലോകത്തെ അറിയിച്ചത്. കടക്കെണിയിൽ പെട്ട് മൂന്നുലക്ഷത്തിലേറെ കർഷകർ ജീവനൊടുക്കി. രാജ്യത്തെ 57% കർഷകകുടുംബങ്ങളും കടക്കെണിയിലാണെന്നാണ് ദേശീയ കണക്ക്.
രണ്ടു വർഷമായി രാജ്യത്തു കാർഷികോല്‍പാദനം റെക്കോർഡായിരുന്നു. എന്നാൽ, കനത്ത വിലയിടിവു മൂലം കർഷകരുടെ വരുമാനത്തിൽ ഇതു പ്രതിഫലിക്കുന്നില്ല. ഉല്‍പന്നങ്ങളുടെ വില വല്ലാതെ കുറയുമ്പോഴും ഉല്‍പാദനച്ചെലവ് കുതിച്ചുയരുകയായിരുന്നു. ഡീസൽ, രാസവളം വിലവർധന, പല മടങ്ങായ കൂലിച്ചെലവ് എന്നിവ കർഷകരെ കടക്കെണിയിലാക്കി. ഉല്‍പാദനച്ചെലവിന്റെ ഒന്നരയിരട്ടിയെങ്കിലും വരുന്ന താങ്ങുവില 23 പ്രധാന വിളകൾക്കു ലഭ്യമാക്കണമെന്ന സ്വാമിനാഥൻ കമ്മിഷൻ ശുപാർശയിൽ സർക്കാർ വെള്ളം ചേർത്തു.
കാർഷികവിപണികൾ
ഉല്‍പന്നങ്ങൾക്കു ന്യായവില ലഭിക്കുക എന്ന കർഷകരുടെ താല്‍പര്യത്തിനു തടസ്സമാകുന്നതെന്താണ്? ചില വിളകൾക്കു താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ കൃത്യമായി സംഭരിക്കാനുള്ള സംവിധാനത്തിന്റെ അഭാവംമൂലം അതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല. പെട്ടെന്നു കേടാകുന്ന പഴം, ഗ്രാമങ്ങളിലെ പച്ചക്കറി ഉല്‍പന്നങ്ങൾ എന്നിവ സംഭരിച്ചു നഗരങ്ങളിൽ വിതരണം ചെയ്യുന്നതിനു ശീതീകരണികളുടെ ശൃംഖല വരുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. ഉല്‍പന്നങ്ങൾ തരംതിരിച്ചു പായ്ക്ക്ചെയ്തു ശീതീകരണികളിലെത്തിക്കേണ്ടതിനു സർക്കാർകണക്കനുസരിച്ചുതന്നെ രാജ്യത്ത് 70,000 ‘പായ്ക്ക്ഹൗസു’കൾ വേണം. ഇപ്പോഴുള്ളതു വെറും 450. വിലയിടിവിനു പരിഹാരമായ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ രാജ്യമെങ്ങും സ്ഥാപിക്കുന്നതു ഗുണകരമാവുമെങ്കിലും അതിനു നടപടികളായിട്ടില്ല.
കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടു തുടങ്ങിയ കാർഷികോല്‍പന്ന വിപണന സമിതി(എപിഎംസി)കളും ഉദ്ദേശിച്ച ഗുണം ചെയ്തില്ല. പലയിടത്തും അവ കുത്തക സ്ഥാപിച്ച് കർഷകതാല്‍പര്യങ്ങൾ മറന്നു. തുടർന്ന് ആദ്യം അതിന്റെ പരിധിയിൽനിന്നു പഴങ്ങളും പച്ചക്കറികളും മാറ്റിയ മഹാരാഷ്ട്ര സർക്കാർ ഇപ്പോൾ എല്ലാ വിളകൾക്കും അതു ബാധകമാക്കുകയാണ്. ബിഹാർ എപിഎംസിയുടെ കുത്തക നേരത്തേ തകർത്തിരുന്നു. മധ്യപ്രദേശിലല്ലാതെ മറ്റൊരിടത്തും സ്വകാര്യ സംരംഭകർ എപിഎംസിക്കു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ തയാറായില്ല. ഫലത്തിൽ സ്വതന്ത്രവിപണി നഷ്ടമായ കർഷകർ ഇടനിലക്കാരുടെ ചൂഷണത്തിനിരയാകുന്നു.ഈ സാഹചര്യത്തിൽ ജിഎസ്ടി കൗൺസിൽ പോലെ, എപിഎംസി മേഖലയുടെ പരിഷ്കരണത്തിനും നിയന്ത്രണത്തിനും പ്രത്യേക സംവിധാനം ഉണ്ടാകുന്നതു നന്നായിരിക്കും.
കടം എഴുതിത്തള്ളൽ
കർഷകരക്ഷയ്ക്കു രാഷ്ട്രീയപാർട്ടികളുടെയെല്ലാം എളുപ്പവഴിയാണ് കടം എഴുതിത്തള്ളൽ. ഇതിന്റെ പ്രയോജനം10% യഥാർഥ കർഷകർക്കുപോലും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതിനു പ്രധാന കാരണം ഭൂവുടമസ്ഥതാപ്രശ്നവുമായി ബന്ധപ്പെട്ടതു കൂടിയാണ്. രാജ്യത്തെ 9 കോടി കർഷകകുടുംബങ്ങളിൽ ബഹു ഭൂരിപക്ഷവും ചെറുകിട, നാമമാത്ര കർഷകരാണ്. ശരാശരി ഒരേക്കറിലും താഴെയാണ് ഇവരുടെ കൃഷിഭൂമി. പാട്ടക്കൃഷിക്കു വായ്പ ലഭിക്കാനുള്ള സൗകര്യം പാട്ടക്കൃഷിനിയമം നിലവിലുള്ള കേരളത്തിലല്ലാതെ മറ്റു സംസ്ഥാനങ്ങളിൽ ഇല്ല. സഹകരണപ്രസ്ഥാനം ശക്തമായതുകൊണ്ടു കേരളത്തിലെ കർഷകർക്കു കൊള്ളപ്പലിശക്കാരെ അമിതമായി ആശ്രയിക്കേണ്ടിവരുന്നില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സഹകരണ വായ്പാസ്ഥാപനങ്ങളുണ്ടാക്കാന്‍ കര്‍ഷകരോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ ശ്രദ്ധിക്കാതിരുന്നത് കർഷകർക്കു ദോഷമായി. ഫലമോ, കൃഷിയിറക്കാൻ കൊള്ളപ്പലിശയ്ക്കു വായ്പ നൽകു കയും വിളവെടുക്കുമ്പോൾ തുച്ഛവിലയ്ക്ക് അതു വാങ്ങുകയും ചെയ്ത് മുതലെടുപ്പു നടത്തുന്ന രീതി ഇടനിലക്കാർ തുടരുന്നു. നിയതമായ രേഖകളില്ലാത്തതുകൊണ്ടു പാട്ടക്കൃഷി സംബന്ധിച്ച വ്യക്തമായ ചിത്രവും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകുന്നത് ചൂഷണം ഒരുപരിധിവരെ ഒഴിവാക്കും.
ഊർജ പ്രതിസന്ധി
കർഷകർ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഊര്‍ജ പ്രതിസന്ധി. സർക്കാരുകളുടെ ജനപ്രിയ നയങ്ങളുടെ ഭാഗമായി നൽകുന്ന സൗജന്യ വൈദ്യുതി കർഷകർക്കു ഗുണം ചെയ്യുന്നില്ല. വലിയ വില കൊടുത്തിട്ടും വേണ്ട സമയത്തു കൃത്യമായ വോൾട്ടേജിൽ തടസ്സമില്ലാത്ത വൈദ്യുതി കർഷകന് ഇന്നും സ്വപ്നമാണ്. വിളവെടുപ്പിലും സംഭരണത്തിലും സംസ്കരണത്തിലും എല്ലാം പ്രശ്നമാകുന്നതു െവെദ്യുതി തടസ്സം. സൗജന്യ വൈദ്യുതി വിതരണം കാരണം സാമ്പത്തിക പ്രതിസന്ധിയിലായ വൈദ്യുത ബോർഡുകൾ അതിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നതു കർഷകരെയാണ്. സൗജന്യ വൈദ്യുതി ഒഴിവാക്കി ന്യായവിലയ്ക്കു കർഷകനു കൃത്യമായി വൈദ്യുതി ലഭ്യമാക്കുകയാണു വേണ്ടത്. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കു െവെദ്യുതിലഭ്യത സുപ്രധാനമാണ്. 40,000 കോടി രൂപ ചെലവിൽ 2019നകം 99 വലിയ ജലസേചന പദ്ധതികൾ പൂർത്തിയാക്കാനുള്ള കേന്ദ്രപദ്ധതി എങ്ങുമെത്തിയിട്ടില്ല.
വിപണി അധിഷ്ഠിത പരിഹാരം
കർഷകരുടെ വരുമാനം വർധിപ്പിക്കാൻ വിപണി അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തിയേ തീരൂ. മൊത്തം ഉല്‍പാദനച്ചെലവിലും 50% അധികം താങ്ങുവിലയായി നൽകുമെന്ന സർക്കാർ വാഗ്ദാനം ഫലപ്രദമായി നടപ്പാക്കാനാവുന്നില്ല. യാഥാർഥ്യബോധത്തോടെയാവണം താങ്ങുവില നിശ്ചയിക്കേണ്ടത്. കാര്യക്ഷമവും സുതാര്യവും മത്സരക്ഷമവുമായ, തടസ്സങ്ങളില്ലാത്ത വിപണനസംവിധാനമുണ്ടായാലേ കർഷകർക്ക് അവരുടെ ഉല്‍പന്നത്തിനു ന്യായവില ലഭിക്കാൻ വഴിതെളിയുകയുള്ളു. പച്ചക്കറിക്കൃഷി, പുഷ്പക്കൃഷി, മീൻവളർത്തൽ തുടങ്ങി ആദായകരമായ അനുബന്ധ സംരംഭങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനാവും.
കയറ്റുമതി
കേന്ദ്രസർക്കാർ ഈയിടെ പ്രഖ്യാപിച്ച കാർഷികോല്‍പന്ന കയറ്റുമതിനയം ഗുണകരമാകുമെന്നു പ്രതീക്ഷയുണ്ട്. പരമ്പരാഗതവിപണികൾക്കു പുറമെ, പുതിയ വിപണികൾ കണ്ടെത്താൻ ഇതു കാർഷികോ ല്‍പന്ന കയറ്റുമതി മേഖലയെ സഹായിച്ചേക്കും. വില ഇന്ത്യൻ രൂപയിൽ ലഭിക്കാൻ സൗകര്യമുണ്ടാകുന്നതു രാജ്യാന്തര കറൻസിവിപണിയിലെ ചാഞ്ചാട്ടത്തെ നേരിടാനും സഹായിക്കും. സർക്കാരിന്റെ നയങ്ങളും കയറ്റുമതിവിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഗോസംരക്ഷകരുടെ അമിതാവേശം ഇറച്ചി കയറ്റുമതിമേഖലയെ ഏതാണ്ട് പൂർണമായും തളർത്തിയിരിക്കുന്നു. പശുസംരക്ഷണത്തിന്റെ പേരി ൽ എല്ലാത്തരം കാലികളുടെ കടത്തും കശാപ്പും തടയുന്നതും ഈ മേഖലയിലുള്ളവരെ ആക്രമിക്കുന്നതും തുടരുന്നു. പോത്ത്, എരുമ മാംസം കയറ്റുമതിയിലൂടെ രാജ്യത്തെ കർഷകർ നേടിയിരുന്ന വരുമാനത്തിൽ വൻഇടിവുണ്ടായിരിക്കുന്നു. രാജ്യാന്തരനിലവാരമുള്ള കശാപ്പുശാലകളും മറ്റും പ്രയോജനരഹിതമായിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ആടുകളെ കയറ്റുമതി ചെയ്തിരുന്നതും മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ നിയന്ത്രിച്ചിരിക്കുന്നു. ഉല്‍പാദനം കുറഞ്ഞ പ്രായമായ പശുക്കളെ വിൽക്കാനാവാത്തതുകൊണ്ട് അതിലൂടെ കൃത്യമായി ലഭിച്ചിരുന്ന അധിക വരുമാനവും ഇല്ലാതായി. കാർഷികോല്‍പന്ന കയറ്റുമതി വളർച്ചയ്ക്കു സബ്സിഡിയുടെ താങ്ങും അവശ്യമാണ്.
ഉല്‍പാദന വർധന, മൂല്യവർധന
മൊത്തം ആഭ്യന്തര ഉല്‍പാദനത്തിൽ കാർഷികമേഖലയുടെ സംഭാവന 2016ലെ കണക്കനുസരിച്ച് 17% ആണ്. എന്നാൽ ഏറ്റവുമധികം തൊഴിൽ നൽകുന്ന മേഖലയാണിതെന്നു മറക്കരുത്. സാമ്പത്തിക സഹകരണ വികസന സംഘടനയുടെ(ഒഇസിഡി) കണക്കനുസരിച്ച് ഇന്ത്യയിലെ കർഷകരിൽ 85 ശതമാനവും ഒരു ഹെക്ടറിൽ താഴെ കൃഷിയിടമുള്ളവരാണ്. 5% പേർമാത്രമാണ് 4 ഹെക്ടറിൽ കൂടുതൽ ഭൂമിയുള്ളവർ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യന്ത്രസഹായത്തോടെ കുറഞ്ഞ ചെലവിൽ കൃഷിയിറക്കി മികച്ച വിളവു നേടാൻ ഇതുമൂലം ഇവിടുത്തെ കർഷകർക്കു കഴിയാതെപോകുന്നു. മൂല്യവർധനയിലൂടെ നവീന വിപണനവഴികൾ കണ്ടെത്തിയാലേ ഉല്‍പാദനച്ചെലവേറുമ്പോഴും ന്യായവില നേടാനാകൂ. കന്നുകാലിവളർത്തൽ, കോഴി, താറാവുവളർത്തൽ, മത്സ്യക്കൃഷി തുടങ്ങി എല്ലാ കൃഷി അനുബന്ധമേഖലകളിലും നവീന സാങ്കേതികവിദ്യയും അവസരങ്ങളും പ്രയോജനപ്പെടുത്തിയാലേ ഇനി രക്ഷയുള്ളൂ.
ന്യായവില സ്വപ്നം
ഇന്ത്യയിൽ കർഷകരുടെ ഏറ്റവും വലിയ ശത്രു സർക്കാരാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തക്കാളിക്കു കർഷകന് കിലോയ്ക്കു രണ്ടു രൂപ ലഭിക്കുമ്പോൾ വിപണിയിൽ കിലോയ്ക്ക് 20 രൂപയിൽ കുറഞ്ഞ് തക്കാളി ലഭ്യമല്ല. ഉല്‍പാദകനും ഉപഭോക്താവിനും കനത്ത നഷ്ടം. ലാഭം ഇടനിലക്കാരനും. ഇതിനു കാരണമാകുന്നതോ സർക്കാർ നയങ്ങളും. ഇഷ്ടമുള്ള വിള കൃഷിയിറക്കുന്നതിനും ഉല്‍പന്നങ്ങൾ ന്യായവിലയ്ക്കു സ്വതന്ത്രവിപണിയിൽ വില്‍ക്കുന്നതിനും ഇവിടെ കർഷകർക്കു സാഹചര്യമില്ല. കൃഷിക്കാവശ്യമായ വിത്ത്, വളം, ഊർജം, വായ്പ തുടങ്ങിയവയെല്ലാം ലഭിക്കാൻ സുഗമ മാർഗമില്ല. പ്രയാസപ്പെട്ട് ഇവയെല്ലാം സംഘടിപ്പിച്ചു കൃഷിയിറക്കി വിളവെടുത്താലോ അതിനു ന്യായവില ലഭിക്കാൻ വഴിയുമില്ല. തുറന്ന വിപണിയുടെ സ്വാതന്ത്ര്യം നൽകാതെ കർഷകരെ ചൂഷണം ചെയ്യാൻ സർക്കാർ അവസരമൊരുക്കുന്നു. കൃഷിയിടത്തിന്റെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. കൃഷി ലാഭകരമല്ലാത്തതുകൊണ്ടു മികച്ച വിലയ്ക്കു ഭൂമി വിറ്റ് മറ്റെന്തെങ്കിലും ചെയ്യാൻ സ്വാതന്ത്ര്യമില്ല. രാജ്യത്തെ പകുതിയലേറെപ്പേരും കാർഷികമേഖലയുടെ ഭാഗമാണെങ്കിലും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ വെറും 14% മാത്രമാണ് കാർഷികമേഖലയുടെ പങ്ക്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റാനുള്ള നയമാറ്റങ്ങൾ അനിവാര്യമായി.