ADVERTISEMENT

മൂല്യവർധിത നാളികേരോൽപന്നങ്ങളുടെ ഗണത്തിൽ ആഗോള വിപണിയിലിപ്പോൾ ഏറ്റവും ശ്രദ്ധ നേടുന്ന ഉൽപന്നങ്ങളിലൊന്നാണു കോക്കനട്ട് ഷുഗർ അല്ലെങ്കിൽ നീര ഷുഗർ. നീരയിലെ ജലാംശം നീക്കുന്ന സംസ്കരണപ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ രൂപപ്പെടുന്നവയാണ് നീര ഹണി, നീര ജാഗറി, നീര ഷുഗർ എന്നിവയെല്ലാം. വിപണിയിലെത്തുന്ന നീരാ ഷുഗറിന്റെയൊരു പോരായ്മ അതു പൊടി രൂപത്തിലാണ് എന്നതാണ്. എന്നാൽ, സാധാരണ പഞ്ചസാരത്തരികൾപോലെ ക്രിസ്റ്റൽ രൂപത്തിൽ നീര ഷുഗർ വികസിപ്പിച്ചെടുത്തിരിക്കുന്നു കോയമ്പത്തൂരിലെ ഡീ ആൽബൻ എന്ന ഭക്ഷ്യസംസ്കരണ സംരംഭത്തിന്റെ ഉടമ ഷെർളി. ക്രിസ്റ്റൽ രൂപത്തിലുള്ള നീര ഷുഗർ രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഈ സംരംഭക.

ഹൈഡ്രോഗ്രാഫിക് സയൻസിൽ ഉന്നത ബിരുദമുള്ള ഷെർളി പഠനവിഷയവുമായി ബന്ധമില്ലാത്ത ഭക്ഷ്യസംസ്കരണ സംരംഭത്തിലേക്കു തിരിഞ്ഞത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പിതാവ് ഫെർണാണ്ടോയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്. തുടക്കത്തിൽ നീര ഹണിക്കാണു കൂടുതൽ പ്രാധാന്യം നൽകിയതെന്നു ഷെർളി. നീര ഷുഗറിന്റെ രാജ്യാന്തരവിപണി വിപുലമെന്നു കണ്ടതോടെ അതിലേക്കായി ശ്രദ്ധ. പൗഡർ രൂപത്തിൽനിന്നു മാറി ക്രിസ്റ്റൽ രൂപത്തിൽ ലഭിക്കാനുള്ള പരീക്ഷണങ്ങളും തുടങ്ങി. ദീർഘമായ ശ്രമങ്ങൾക്കൊടുവിൽ ക്രിസ്റ്റൽ രൂപത്തിലുള്ള നീര ഷുഗർ സംസ്കരിച്ചെടുക്കാവുന്ന യന്ത്രസംവിധാനം ഫെർണാണ്ടോയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തി.

സംരക്ഷകങ്ങൾ ചേർക്കാതെയും രാസ ശുദ്ധീകരണ പ്രക്രിയകളില്ലാതെയുമാണ് ക്രിസ്റ്റൽ നീര ഷുഗർ നിർമിക്കുന്നതെന്നു ഫെർണാണ്ടോ. നിലവിൽ പ്രചാരത്തിലുള്ള നിർമാണ രീതി വഴി നീരയുടെ പോഷകഗുണങ്ങൾ ഒട്ടൊക്കെ നഷ്ടപ്പെടുന്നുണ്ട്. എന്നാൽ കുറഞ്ഞ താപവും ഉയർന്ന മർദവും ക്രമീകരിച്ച് പുതുരീതിയിൽ സംസ്കരിച്ചെടുക്കുന്ന നീര ഷുഗറിൽ 97.25 ശതമാനവും നിർമലമായ പഞ്ചസാര തന്നെയെന്നു ഷെർളി. 

‘‘പഞ്ചസാരയുടെ അളവ് കൂടുതൽ എന്നു കേൾക്കുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കും. ഷുഗറിന്റെ ഗുണമേന്മ ഉയർന്നതാണ് എന്നതാണ് അതിനർഥം. സാധാരണ പഞ്ചസാരയും നീര ഷുഗറും തമ്മിലുള്ള വ്യത്യാസവും അവിടെയാണ്. കഴിക്കുന്ന മാത്രയിൽ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ഷുഗറിന്റെ തോത് സാധാരണ പഞ്ചസാരയുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറവേ വരൂ നീര ഷുഗറിന്റെ കാര്യത്തിൽ’’, ഷെർളിയുടെ വാക്കുകൾ. 

coconut-neera-sugar
നീര ഷുഗർ നിർമാണ യൂണിറ്റിനുള്ളിൽ ഫെർണാണ്ടോ

ഉൽപന്നങ്ങൾ നേരിട്ടു വിപണിയിലെത്തിക്കുന്നതിനൊപ്പം മറ്റു സംരംഭകർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമിച്ചു നൽകുന്ന സംരംഭശൈലികൂടിയാണ് ഷെർളിയുടേത്. കേരളത്തിൽനിന്ന് ഉൾപ്പെടെ ഈ ആവശ്യത്തിനായി ഷെർളിയെ സമീപിക്കുന്ന പ്രമുഖ ബ്രാൻഡുകളുമുണ്ട്. 

നീര ഷുഗർ ചേർത്ത കുക്കീസുകൾ, കോക്കനട്ട് ചിപ്സ് എന്നിവയ്ക്കു പുറമെ വാഴപ്പഴത്തിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങളും നിർമിക്കുന്നു ഷെർളി. 

പുതിയ മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കാനും നിലവിലുള്ളവയുടെ ഗുണമേന്മ വർധിപ്പിക്കാനും സഹായകമാവുന്ന യന്ത്രസംവിധാനങ്ങളൊരുക്കി ഫെർണാണ്ടോയും ഒപ്പമുണ്ട്.

ഫോൺ: 9443978420 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com