ശ്രദ്ധിച്ചില്ലെങ്കിൽ അനാബസിന്റെ കുളം കാലിയാകും
Mail This Article
രുചിയിൽ ഏറെ മുന്നിലാണ് അനാബസ് എന്ന മത്സ്യം. ശരാശരി 300 ഗ്രാമോളം തൂക്കം വയ്ക്കുന്ന അനാബസ് മത്സ്യക്കർഷകരുടെ ഇഷ്ടയിനമാണ്. മികച്ച രോഗപ്രതിരോധശേഷിയും തീറ്റുപരിവർത്തനശേഷിയും അന്തരീക്ഷത്തിൽനിന്നു നേരിട്ടു ശ്വസിക്കാനുള്ള കഴിവുമാണ് അനാബസുകളുടെ പ്രധാന പ്രത്യേകതകൾ. നമ്മുടെ നാട്ടിൽ അണ്ടികള്ളി, കൈതക്കോര തുടങ്ങിയ പേരുകളിൽ വിവിധ പ്രദേശത്ത് ഇവ അറിയപ്പെടുന്നു. കേരളത്തിലെ പുഴകളിൽ ഇവ കാണപ്പെടുമെങ്കിലും മറുനാട്ടിൽനിന്നാണ് കർഷകർക്കാവശ്യമായ കുഞ്ഞുങ്ങൾ ഇവിടേക്കെത്തുക.
ഇത്രയൊക്കെയാണെങ്കിലും അനാബസിനെ വളർത്തിയെടുക്കുക വലിയ വെല്ലുവിളിതന്നെയാണ്. കൃത്യമായി തീറ്റ ലഭിച്ചില്ലെങ്കിൽ ചെറുപ്പത്തിൽ പരസ്പരം ആക്രമിക്കുന്ന സ്വഭാവം മുതൽ കര കയറിപ്പോകുന്ന പ്രവണത വരെ അനാബസിനുണ്ട്. ഇതിൽത്തന്നെ കരകയറിപ്പോകുന്ന സ്വഭാവമാണ് വലിയ വെല്ലുവിളി. അനാബസിനെ വളർത്തുന്ന ജലാശയങ്ങളുടെ ജലനിരപ്പ് താഴ്ത്തി നിർത്താൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഷെയിഡ് നെറ്റ് പോലെയുള്ള എന്തെങ്കിലും ഉപയോഗിച്ച് മതിൽ കെട്ടുകയോ വേണം. അന്തരീത്ഷത്തിൽനിന്നു ശ്വസിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവ കരയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നത്. ശരീരത്തിൽ ഈർപ്പം നിലനിർത്താനായാൽ ദീർഘ നേരം ഇവയ്ക്ക് വെള്ളത്തിനു പുറത്ത് ജീവിക്കാനാകും.
പാമ്പുകള്‍ ശരീരത്തിന്റെ അടിഭാഗം നിലത്തുറപ്പിച്ച് ഇഴഞ്ഞു സഞ്ചരിക്കുന്നു. ഏതാണ്ട് ആ രീതിയില്‍ത്തന്നെയാണ് അനാബസിന്റെയും കരയാത്ര. എന്നാല്‍, മറ്റു മത്സ്യങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇവയുടെ ചെകിള മകുടത്തിനുണ്ട്. അതാണ് അവയെ കരയിലൂടെ സഞ്ചരിക്കാൻ പ്രാപ്തരാക്കുന്നത്.
തറയിലൂടെയോ പുല്ലിലൂടെയോ വലയിലൂടെയോ സഞ്ചരിക്കുമ്പോള്‍ പിടുത്തം കിട്ടാനായി അവയുടെ ചെകിളയ്ക്ക് പുറത്ത് നിരവധി ചെറിയ മുള്ളുകളുണ്ട് (ചിത്രത്തില്‍ കാണാം). ഇവ ഉപയോഗിച്ചാണ് അനാബസ് ജലത്തിനു പുറത്തെ സഞ്ചാരം സാധ്യമാക്കുന്നത്. ഓരോ സ്‌റ്റെപ്പ് മുന്നോട്ടുവയ്ക്കുമ്പോഴും രണ്ടു വശത്തേക്കും ചെരിഞ്ഞ് നിലത്ത് പിടുത്തം ഉറപ്പിച്ചാണ് അവ സഞ്ചരിക്കുക.