എത്ര തീറ്റ കൊടുത്താലും ജയന്റ് ഗൗരാമികൾ അതിവേഗം വളരില്ല
Mail This Article
ജയന്റ് ഗൗരാമി ചരിതം രണ്ടാം ഖണ്ഡം
ശരാശരി അഞ്ചു കിലോഗ്രാമോളം ജയന്റ് ഗൗരാമികൾ തൂക്കം വയ്ക്കുമെങ്കിലും ദീർഘകാലമെടുത്താണ് അവ ആ തൂക്കത്തിലേക്കെത്തുക. കഴിക്കുന്ന തീറ്റയ്ക്കനുസരിച്ച് ശരീരതൂക്കം വയ്ക്കുന്ന വാള, തിലാപ്പിയ, അനാബസ്, നട്ടർ തുടങ്ങിയ വളർത്തുമത്സ്യങ്ങൾ ലഭ്യമായിട്ടുള്ളപ്പോൾ ഗൗരാമികളെ അത്തരത്തിൽ വളർത്തുന്നത് അഭികാമ്യമല്ല. എന്നാൽ, മുകളിൽ പറഞ്ഞ മത്സ്യങ്ങളേക്കാളേറെ രുചിയുള്ളത് ജയന്റ് ഗൗരാമികൾക്കാണെന്ന് നിസംശയം പറയാം.
സസ്യഭുക്കുകളായ ജയന്റ് ഗൗരാമികൾക്ക് ഏറെയിഷ്‌ടം നാരുകളടങ്ങിയ ഭക്ഷണങ്ങളോടാണ്. അതായത് ഇലവർഗങ്ങളും പഴങ്ങളുമൊക്കെ മടികൂടാതെ വെട്ടിവിഴുങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് ഗൗരാമികൾ. അതേസമയം, മറ്റു മത്സ്യങ്ങൾക്ക് വളർച്ച പെട്ടെന്നാകാൻ പ്രോട്ടീൻ കൂടുതലുള്ള തീറ്റകൾ നൽകാറുണ്ടല്ലോ. ആ തീറ്റകൾ ഗൗരാമികൾക്ക് നൽകിയാൽ നേരിയ വളർച്ച ലഭിക്കുമെങ്കിലും ഉടമയുടെ പോക്കറ്റിന്റെ ഭാരം കുറയ്ക്കാനേ അതുപകരിക്കൂ. നാരുകൾ അടങ്ങിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയാണ് ഗൗരാമികളുടെ ആമാശയത്തിനുള്ളത്. എന്നാൽ, പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം നൽകുമ്പോൾ പ്രോട്ടീൻ ചെയിനുകൾ വിഘടിപ്പിച്ച് ദഹിപ്പിക്കാൻ അവർക്കു കഴിയില്ല. അപ്പോൾ സ്വാഭാവികമായും പോഷകങ്ങൾ ആഗീരണം ചെയ്യാൻ ശരീരത്തിനു കഴിയില്ല.
"ഞങ്ങൾ പെല്ലറ്റ് കൊടുക്കുന്നുണ്ടല്ലോ, ഇതുവരെ യാതൊരു പ്രശ്നവും കണ്ടിട്ടില്ല" എന്ന് ഇതു വായിക്കുന്ന പലർക്കും തോന്നാം. എന്തു ഭക്ഷണം നൽകിയാലും കുറച്ചു സമയമെടുത്തിട്ടാണെങ്കിലും ഗൗരാമികളുടെ ആമാശയം അത് ദഹിപ്പിക്കും. എന്നാൽ, സ്ഥിരം പെല്ലറ്റ് നൽകുമ്പോൾ ആമാശയത്തിന് ജോലിഭാരം കൂടുകയാണ് ചെയ്യുന്നത്. സാവധാനം അൾസർ, വയർ വീർക്കൽ തുടങ്ങിയ അവസ്ഥയിലേക്ക് ഗൗരാമികൾ എത്തപ്പെടും. വയർവീർക്കൽ അസുഖം കണ്ടുതുടങ്ങിയാൽ പിന്നീടൊരു തിരിച്ചുവരവ് ആ മത്സ്യത്തിനുണ്ടാകില്ല. അതുകൊണ്ടുതന്നെ 15 വർഷത്തിനു മുകളിൽ ജീവിക്കാൻ ശേഷിയുള്ള ഗൗരാമികളുടെ ആയുസ് തീറ്റ നൽകി ഇല്ലാതാക്കേണ്ട.
പെല്ലറ്റ് തീറ്റ നൽകിയാലും ഇലകൾ നൽകിയാലും ഗൗരാമികളുടെ വളർച്ച ഒരേ രീതിയിലായിരിക്കും. അതുകൊണ്ട് പെല്ലറ്റ് നൽകി പണച്ചെലവ് കൂട്ടണ്ട. വളർച്ചയിൽ ചെറിയൊരു മാറ്റം വരുന്നത് കുളത്തിന്റെ വലുപ്പമനുസരിച്ചാണ്. അതായത് വിശാലമായ കുളങ്ങളിൽ മറ്റു മത്സ്യങ്ങൾക്കുള്ളതുപോലെതന്നെ ഗൗരാമികളുടയും വളർച്ച കൂടും. എന്നാൽ, രണ്ടു വയസിനു ശേഷം മാത്രമേ ദ്രുതഗതിയിലുള്ള വളർച്ച പ്രതീക്ഷിക്കാവൂ.
അടുത്ത ലക്കം (22–11–2019)
ജയന്റ് ഗൗരാമികളുടെ തീറ്റയും ലിംഗനിർണയവും