ജയന്റ് ഗൗരാമികളുടെ കൃത്യമായ ലിംഗനിർണയം മൂന്നു വയസ് കഴിഞ്ഞ്
Mail This Article
ജയന്റ് ഗൗരാമി ചരിതം മൂന്നാം ഖണ്ഡം
ജയന്റ് ഗൗരാമികളുടെ വളർച്ചയെക്കുറിച്ചാണ് മുൻ ലക്കത്തിൽ പരാമർശിച്ചത്. ഈ ലക്കം അവയ്ക്ക് എന്തൊക്കെ നൽകാം എന്നതിനെക്കുറിച്ചാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ സസ്യാധിഷ്ഠിത ഭക്ഷണങ്ങളാണ് ഗൗരാമികൾക്ക് ഏറെ നല്ലത്. അതുകൊണ്ടുതന്നെ രണ്ടിഞ്ചു വലുപ്പം മുതൽ ഡക്ക് വീഡ്, അസോള തുടങ്ങിയവ നൽകാം. ഈ പ്രായത്തിൽ ചേമ്പിലയും ഗൗരാമികൾ നന്നായി കഴിക്കും.
ചേമ്പില പ്രധാന ഭക്ഷണമായി നൽകാം. ചേമ്പിലയാണ് ജയന്റ് ഗൗരാമികളുടെ ഇഷ്ടഭക്ഷം. സാധാരണ നമ്മൾ ഭക്ഷണാവശ്യത്തിനു വളർത്തുന്നയിനം ചേമ്പിന്റെ ഇലകൾ നൽകാം. തണ്ട് ചെറുതായി അരിഞ്ഞു നൽകിയാൽ അതും അവ കഴിച്ചോളും. മറ്റിനം ചേമ്പുകളും കഴിക്കുമെങ്കിലും കൊടുത്തു ശീലിപ്പിക്കണം.
ചേമ്പില കൂടാതെ, ചേനയില, മൾബെറിയില, വാഴയില, സിഒ3, സിഒ5 തീറ്റപ്പുല്ലുകൾ, മറ്റിനം പുല്ലുകൾ, തോട്ടപ്പയർ തുടങ്ങിയവയും തുളസിയില, പനിക്കൂർക്കയിലെ തുടങ്ങിയവയും നൽകാം. കപ്പ, പപ്പായ എന്നിവയുടെ ഇലകൾ കഴിക്കുമെങ്കിലും അവ വെള്ളതിൽ കിടന്ന് അഴുകിയാൽ ദുർഗന്ധമുണ്ടാകും.
പപ്പായപ്പഴം, ചക്കപ്പഴം, വാഴപ്പഴം, ചക്കച്ചുള, അപ്പം, ചോറ്, പഴത്തൊലി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ, ഒന്നും കുളത്തിൽ ബാക്കിയാവരുത്. കാബേജ്, പയർ, തക്കാളി പോലുള്ള പച്ചക്കറികളും ഗൗരാമികൾക്ക് ഇഷ്ട ഭക്ഷണമാണ്. പെല്ലറ്റ് തീറ്റകൾ വല്ലപ്പോഴും മാത്രം നൽകിയാൽ മതി.
തീരെ ചെറിയ കുഞ്ഞുങ്ങളുടെ തീറ്റക്രമം ഇവിടെ പരാമർശിച്ചിട്ടില്ല. അത് വരും ലക്കങ്ങളിൽ വായിക്കാം.
ലിംഗനിർണയം
അൽപം ശ്രമകരമാണ് ജയന്റ് ഗൗരാമികളുടെ ലിംഗനിർണയം. പ്രായപൂർത്തിയാകുമ്പോൾ മാത്രമേ കൃത്യമായി ലിംഗനിർണയം സാധ്യമാകൂ. അതിനായി നാലു വർഷം കാത്തിരിക്കണം. എന്നാൽ, ചില മത്സ്യങ്ങളെ (പ്രത്യേകിച്ച് അക്വേറിയങ്ങളിൽ കിടക്കുന്നവയെ) രണ്ടു വയസാകുമ്പോഴേക്കും ലിംഗനിർണയം നടത്തിയെടുക്കാൻ സാധിക്കും.
ചെറു പ്രായത്തിൽ കൂർത്ത മുഖവും ശരീരത്തിൽ വാലിനു സമീപം കറുത്ത പൊട്ടുകളുമാണ് കുഞ്ഞുങ്ങൾക്കുള്ളത്. എന്നാൽ പ്രായമേറുന്തോറും ആകൃതിയിൽ മാറ്റം വരും. പ്രായപൂർത്തിയാകുമ്പോഴേക്കും മുഖം ഉരുണ്ടതാകും. ശരീരത്തിലെ നിറം കുറേക്കൂടി തെളിഞ്ഞതാകും.
ആൺമത്സ്യത്തെ തടിച്ചു മുന്നോട്ടുന്തിയ കീഴ്ത്താടികൊണ്ട് തിരിച്ചറിയാം. ഒപ്പം അംസച്ചിറകുകളുടെ ചുവട്ടിൽ വെളുത്ത നിറമായിരിക്കം. നെറ്റിയിൽ മുഴയുമുണ്ടാകും.
പെൺമത്സ്യത്തിന്റെ മുഖം ചെറുതാണ്. അംസച്ചിറകുകളുടെ ചുവട്ടിൽ കറുത്ത നിറമായിരിക്കും. ആൺമത്സ്യത്തെ അപേക്ഷിച്ച് വലുപ്പത്തിൽ അൽപം ചെറുതുമാണ് പെൺമത്സ്യം.
അടുത്ത ലക്കം (25–11–2019)
പ്രജനനക്കുളം തയാറാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം