സർ, ഞാനൊരു സാധാരണ കർഷകയാണ്, അത്ര വലിയ ഒരു സെറ്റപ്പിലുള്ള ആളല്ല
Mail This Article
കാർഷികമേഖലയിലുള്ളവർക്ക് കുമളി സ്വദേശിനി ബിൻസി ജെയിംസ് ചിരപരിചിതയാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകയ്ക്കുള്ള കർഷകതിലകം അവാർഡ് ബിൻസിയെ തേടിയെത്തിയതോടെ ബിൻസിയുടെയും കുടുംബനത്തിന്റെയും കൃഷി രീതികൾ പഠിക്കാനും കണ്ടു മനസിലാക്കാനും നിരവധി പേർ എത്തുന്നുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ബിൻസിയെത്തേടി കുട്ടിക്കാനം മരിയൻ കോളജിൽനിന്ന് ഒരു ഫോൺകോൾ എത്തി. കുട്ടികൾക്ക് കാർഷിക അറിവുകൾ പങ്കുവച്ചു നൽകാനായിരുന്നു ക്ഷണം. എന്നാൽ, പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് അറിവ് പകർന്നു നൽകാൻ താൻ ആളല്ലെന്നായിരന്നു ബിൻസിയുടെ പ്രതികണം. എന്നാൽ, അതൊന്നും സാരമില്ലെന്ന് പറഞ്ഞ് കോളജിലെ അധ്യാപകൻ ബിൻസിക്ക് ധൈര്യം പകർന്നു. ഒപ്പം കഴിഞ്ഞ ദിവസം കുട്ടിക്കാനം മരിയൻ കോളജിലെ ഒരുപറ്റം വിദ്യാർഥികൾ ബിൻസിയെ സന്ദർശിക്കുകയും ചെയ്തു. രണ്ടു സംഭവങ്ങളും കോർത്തിണക്കി ബിൻസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വളരെ ഹൃദയസ്പർശിയാണ്.
ബിൻസിയുടെ കുറിപ്പിന്റെ പൂർണ രൂപം ചുവടെ,
കഴിഞ്ഞ ദിവസം ഒരു ഫോൺകോൾ കുട്ടിക്കാനം മരിയൻ കേളേജിൽ നിന്ന്...
ഹലോ ബിൻസിയല്ലേ
ഞാൻ: അതെ...
ബിൻസി ഞങ്ങൾ വിളിച്ചത് 31-ാം തീയതി കോളേജിൽ വച്ച് ഞങ്ങളൊരു ഫഗ്ഷൻ നടത്തുന്നു ബിൻസി അതിൽ പങ്കെടുക്കുകയും കുട്ടികളോട് കൃഷിയുടെ കുറച്ചു കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും വേണം...
മരിയൻ കോളേജ് ഞാൻ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും വന്നു പഠിക്കുന്ന ഏറ്റവും ബ്രില്യന്റായ കുട്ടികൾ... അതൊക്കെ മനസിലേക്ക് വന്നപ്പോൾ എന്റെ അപകർഷതാബോധം സടകുടഞ്ഞെഴുന്നേറ്റു...
സാറിനോട് ഒന്നൂടെ പറഞ്ഞുറപ്പിച്ചു Sir, ഞാനൊരു സാധാരണ കർഷകയാണ് അത്ര വലിയ ഒരു സെറ്റപ്പിലുള്ള ആളല്ല (അവർക്ക് വല്ല തെറ്റിദ്ധാരണയുണ്ടെങ്കിൽ എന്നെ ഒഴിവാക്കിക്കോട്ടെ എന്നു കരുതി)
പക്ഷേ, സർ പറഞ്ഞത് ബിൻസി എന്താണോ അതിൽ നിന്നു കൊണ്ട് പറഞ്ഞാൽ മതി അതാണ് ഞങ്ങൾക്ക് വേണ്ടത്...
ഞാൻ പറഞ്ഞു OK സർ വന്നേക്കാം...
അങ്ങനെയിരിക്കെ ഇന്ന് അവിചാരിതമായി ഒരു സംഭവമുണ്ടായി...
മരിയൻ കോളേജിലെ ഒരു പ്രോജക്ടിന്റെ ഭാഗമായി (ഇടുക്കിയിലെ സംരംഭകരായ വനിതകളെക്കുറിച്ച്) കോളേജിൽ നിന്നുള്ള കുട്ടികൾ പഞ്ചായത്തിൽ വരികയും അവിടെനിന്ന് ഒരു സുഹൃത്ത് ഇവിടേക്ക് പറഞ്ഞു വിടുകയും ചെയ്തു...
അവരുടെ പ്രോജക്ടിലെ 53-ാമത്തെ ആളായിട്ടാണ് ഇന്ന് ഞങ്ങൾ കണ്ടുമുട്ടിയത്...
പ്രോജക്ട് വിഷയം ഇതാണ്
ഇടുക്കിയിലെ വനിതകൾ ഒരു സംരംഭം തുടങ്ങിയാൽ അവർക്ക് എത്രത്തോളം പിന്തുണ ലഭിക്കുന്നുണ്ട്, മുഖ്യധാരയിലേക്ക് അവർക്ക് എത്തിപ്പെടാൻ എന്തു കൊണ്ട് സാധിക്കുന്നില്ല...
മാത്രമല്ല ഒരു വനിത എന്ന നിലയിൽ എവിടെ നിന്നെല്ലാം ധനസഹായം പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്....
എല്ലാം കാര്യകാരണസഹിതം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.....
കുട്ടികൾ ചെറിയ നൊമ്പരത്തോടെ എന്നാൽ അതിലും വലിയ സന്തോഷത്തോടെ ചേച്ചിയെ കണ്ടു സംസാരിക്കാൻ പറ്റിയില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ എന്നു പറഞ്ഞ് 31ആം തീയതി കോളേജിൽ വച്ച് കണ്ടു മുട്ടാം എന്ന് പറഞ്ഞ് യാത്ര തിരിച്ചു.....
പല സ്കൂളുകളിലും ഇപ്പോൾ കൃഷിയെക്കുറിച്ച് സംസാരിക്കാൻ വിളിക്കാറുണ്ട്
ഞാൻ കുഞ്ഞുങ്ങളോട് പറയാറുള്ള ഒരു കാര്യമുണ്ട്...
മക്കളെ നാളെ നിങ്ങൾ ഏതു ഫീൽഡിലും ആവട്ടെ നിങ്ങളുടെ മുമ്പിൽ ഒരാവശ്യവുമായി വരുന്ന കർഷകനെ മാത്രം കാണാതെ പോകരുത്
കാരണം...
ഏതു ജോലി ചെയ്യുന്ന ആൾക്കും ഒരു പ്രതീക്ഷയുണ്ട്. കൂലിപ്പണിക്കാരനു പോലും ജോലി കഴിഞ്ഞാൽ ശമ്പളം കിട്ടുമെന്ന് ഉറപ്പുണ്ട്. എന്നാൽ, ഒരു കർഷകനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഉണ്ടോ?
ഒരു നല്ല മഴ പെയ്താൽ...
ഒരു നല്ല കാറ്റടിച്ചാൽ...
ഒരു നല്ല വെയിലടിച്ചാൽ...