ADVERTISEMENT

‘‘ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്തുള്ള 20 ഏക്കറിലാണ് ഞങ്ങളുടെ വീട്. നാടിന്റെ പേരിന് ‘20 ഏക്കർ’ എന്ന ഗമയൊക്കെ ഉണ്ടെങ്കിലും ഞങ്ങൾക്കവിടെ ആകെയുള്ളത് 9 സെന്റു സ്ഥലവും ഒരു കൊച്ചു വീടും മാത്രമാണു കേട്ടോ’’, കുമളി ചെളിമടയിലുള്ള വാടക വീടിന്റെ ഇടുങ്ങിയ ഇറയത്തിരുന്ന്, എറണാകുളത്തേക്കു കൊടുത്തയയ്ക്കാനുള്ള പച്ചക്കറികൾ പായ്ക്ക് ചെയ്യുന്നതിനിടയിൽ ചിരിയോടെ പറഞ്ഞുതുടങ്ങുന്നു ബിൻസി. 

ഏലക്കാട്ടിൽ കൂലിപ്പണിയായിരുന്നു ബിൻസിക്കും ഭർത്താവു ജെയിംസിനും. എത്ര അധ്വാനിച്ചാലും അല്ലൽ തീരാത്ത കാലം. വീട്ടാവശ്യത്തിനായി 9 സെന്റിലെ ഒഴിവുള്ള ഇടങ്ങളിൽ പച്ചക്കറി കൃഷി തുടങ്ങിയിരുന്നു അക്കാലത്തു ബിൻസി. കൂലിപ്പണി കഴിഞ്ഞെത്തിയാലും വിശ്രമിക്കാൻ നിൽക്കാതെ ബിൻസിയും ജെയിംസും ഒപ്പം സ്കൂളിൽനിന്നെത്തുന്ന മൂന്നു മക്കളും കൃഷിക്കിറങ്ങിയപ്പോൾ ഒമ്പതു സെന്റിൽ ഒരിഞ്ചു സ്ഥലം ബാക്കിയില്ലാതെ വിളകൾ നിറഞ്ഞു. 

bincy
കീടങ്ങൾക്കെതിരേ മഞ്ഞക്കെണി

വിത്ത് നൽകിയ കരുത്ത്

ആയിടെ കൗതുകത്തിനു മാത്രം കൃഷിച്ചിത്രങ്ങൾ ചിലത് ഫെയ്സ്ബുക് പേജിൽ പോസ്റ്റ്‌‌ ചെയ്തു ബിൻസി. 9 സെന്റിലെ 102 ഇനം പച്ചക്കറികൾ കണ്ട് അമ്പരന്നു നവമാധ്യമങ്ങളിലെ കൃഷിക്കൂട്ടുകാർ. അഞ്ചും ആറും പയറിനങ്ങൾ. മുളകും ബീൻസും വെണ്ടയും വഴുതനയും പീച്ചിലും കോവലും പാവലുമെല്ലാം പലയിനങ്ങൾ. നാടനും ഹൈബ്രിഡും ചേർന്ന് ആരെയും ആകർഷിക്കുന്ന വിളവൈവിധ്യം. വിത്തു ചോദിച്ചുള്ള അന്വേഷണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങുന്നത് അങ്ങനെ.

നാടറിയുന്ന കൃഷിക്കാരിയായി ബിൻസി വളരുന്നതും അവിടെനിന്നു തന്നെ. കൃഷിയിൽനിന്നു നാലു കാശ് വരുമാനം വന്നുതുടങ്ങിയതും അന്നു മുതലെന്നു ബിൻസി. ‘‘30 കവറുകളിലായി 30 ഇനം പച്ചക്കറിവി ത്തുകൾ. പോസ്റ്റൽ ചാർജ് ഉൾപ്പെടെ വില 340 രൂപ. സീസണിൽ 42,000 രൂപയുടെ വിത്തുവരെ വിറ്റുപോയ അനുഭവമുണ്ട്. വിത്തുവിൽപനയിലൂടെ കൈവന്ന കരുത്തും ധൈര്യവും വലുതായിരുന്നു. കൂലിപ്പണി മതിയാക്കി സ്ഥലം പാട്ടത്തിനെടുത്തു കൃഷിചെയ്യാൻ ഒരുമ്പെടുന്നത് അങ്ങനെ. കുമളി ടൗണി നടുത്ത് ചെളിക്കണ്ടത്തുള്ള ഈ രണ്ടേക്കർ സ്ഥലം ഏഴു വർഷത്തേക്കു പാട്ടത്തിനെടുത്തു. മുൾക്കാടും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലം. അതിലെ ഷെഡ്ഡ് ഒട്ടൊക്കെ നന്നാക്കി താമസയോഗ്യമാക്കി. കട്ടപ്പനയിലെ വീടു വാടകയ്ക്കു കൊടുത്ത് 2017ൽ ഇങ്ങോട്ടു താമസം മാറ്റി, കൃഷി തുടങ്ങി. കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു പിന്നീട്’’, ബിൻസി തുടരുന്നു.

അധികമാരെയും കൂലിക്കു വിളിക്കാതെ കുടുംബം ഒന്നാകെ പണിക്കിറങ്ങി. പോറലും നീറ്റലുംനകൂസാതെ മുൾച്ചെടികൾ വെട്ടിനീക്കി. കൃഷിയിടമാകെ ചാലു കീറി വെള്ളക്കെട്ട് ഒഴിവാക്കി. കുമ്മായം ചേർത്തിളക്കിയ ശേഷം ആട്ടിൻകാഷ്ഠവും വേപ്പിൻപിണ്ണാക്കും ചേർത്ത് മണ്ണൊരുക്കി വാരം കോരി പച്ചക്കറിക്കൃഷിക്കു തുടക്കമിട്ടു. ഇഞ്ചക്കാടും ഇഴജന്തുക്കളും പാർത്തിരുന്ന പാഴ്സ്ഥലത്ത് പച്ചക്കറികൾ നിറയുന്നത് വിസ്മയത്തോടെ കണ്ടു അയൽക്കാർ. വേനലിൽ വെള്ളവും വെള്ളമെത്തിക്കാൻ പൈപ്പും വെള്ളം നിറയ്ക്കാൻ ടാങ്കും നൽകി തുണ നിന്നു അവർ.  2018ലെ പ്രളയം പക്ഷേ പ്രതീക്ഷകളൊക്കെ തെറ്റിച്ചു. വ്യാപകമായ കൃഷിനാശം. എന്നാൽ അതിനെയും അതിജീവിച്ചു ഈ കൃഷികുടുംബം.

ഇന്നു ബിൻസിയുടെ രണ്ടേക്കറിനു സമ്മിശ്രക്കൃഷിയുടെ സമൃദ്ധി. വിളവെടുക്കുന്നത്രയും വിൽക്കുന്നത് വാട്‌സാപ് ഗ്രൂപ്പുകൾ നടത്തുന്ന എറണാകുളത്തെ ആഴ്ചച്ചന്തകളിൽ. ജൈവകൃഷിയായതിനാൽ ഉൽപന്നങ്ങൾക്കു സാധാരണ വിപണിവിലയെക്കാൾ ഉയർന്ന വിലയും മൂല്യവും. മാസം നല്ലൊരു തുക വരുമാനം.  ഇപ്പോഴിതാ, സംസ്ഥാന സർക്കാരിന്റെ കർഷക തിലകം പുരസ്കാരവും. 

bincy-3
കളനിയന്ത്രണത്തിന് മൾച്ചിങ്

മൾച്ചിങ്ങും മഴമറയും

ആദ്യ വർഷം പച്ചക്കറിത്തടങ്ങളിലെ കള പറിച്ചു മടുത്തെന്നു ബിൻസി. തുറസ്സായ സ്ഥലത്ത്, മൾച്ചിങ്(പുത) ചെയ്തുള്ള കൃത്യതാകൃഷിരീതിക്കു തുടക്കമിടുന്നത് അങ്ങനെ. വാരത്തിനു മുകളിൽ തുള്ളിനനയ്ക്കും വളപ്രയോഗത്തിനും ഒരുപോലെ ഉപകരിക്കുന്ന ഡ്രിപ് പൈപ്പുകൾ ക്രമീകരിച്ച ശേഷം പ്ലാസ്റ്റിക് പുതയിട്ട് അതിൽ ദ്വാരമുണ്ടാക്കി തൈകൾ നട്ടു. കളശല്യം ഇല്ലാതായെന്നു മാത്രമല്ല, നനയുടെ അധ്വാനം ഒഴിവാകുകയും ചെയ്തു അതോടെ. ഓരോ ബാച്ച് വിളവെടുപ്പു കഴിയുമ്പോഴും ചെടിയുടെ അവശിഷ്ടങ്ങൾ പറിച്ചു നീക്കി, മൾച്ചിങ് ഷീറ്റിലെ ദ്വാരത്തിലൂടെ വാരത്തിലെ മൂന്നോ നാലോ പിടി മണ്ണു മാറ്റും. പകരം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത നടീൽമിശ്രിതം നിറയ്ക്കും. അടുത്ത വിളയ്ക്ക് അടിവളമായി മാറും ഈ പോഷകക്കൂട്ട്. ഓരോ തവണയും കൃഷിയിനങ്ങളും മാറ്റും. വെണ്ട നട്ട വാരങ്ങളിൽ അടുത്ത ഘട്ടം വഴുതന എന്ന രീതിയിൽ. ഒരേ സ്ഥലത്ത് ഒരേ ഇനം ആവർത്തിച്ചു കൃഷി ചെയ്യുമ്പോഴുള്ള ഉൽപാദനക്കുറവ് പരിഹരിക്കാനാണിത്. 

മൾച്ച് ചെയ്ത വാരങ്ങളിൽ മുഖ്യ വിളയ്ക്കൊപ്പം ഒന്നിടവിട്ട ദ്വാരങ്ങളിൽ, മല്ലിയും ചീരയുംപോലെ കുറഞ്ഞ ദിവസങ്ങൾകൊണ്ടു കൃഷിയും വിളവെടുപ്പും കഴിയുന്ന ഇനങ്ങൾ ഇടവിളയായി നടും. പയർപോലുള്ളവ പന്തലിൽ കയറി, കായ്ക്കും മുമ്പ് ഇടവിളകളുടെ വിളവെടുപ്പു കഴിയുമെന്നതാണു നേട്ടം. പയർ, ബീൻസ് തുടങ്ങിയവ നട്ട് രണ്ടില പരുവത്തിലെത്തുമ്പോൾ പ്ലാസ്റ്റിക് വള്ളിക്കു പകരം ചണനൂൽ താങ്ങായി നൽകി പന്തലിൽ കയറ്റുന്ന രീതിയാണ് ബിൻസിയുടേത്. വിളവെടുപ്പു തീരുന്നതോടെ നൂൽ ഉൾപ്പെടെ ചെടിയവശിഷ്ടങ്ങൾ മുറിച്ചെടുത്ത് കമ്പോസ്റ്റു യൂണിറ്റിലേക്കു മാറ്റും. ചെലവു കുറയും, പ്ലാസ്റ്റിക് ഒഴിവാകും, ജൈവവളവും ലഭ്യമാകും.

bincy-2
ബിൻസിയും മകളും ബിൻസ് വിളവെടുപ്പിൽ

പയറും ബീൻസും പാവലും പീച്ചിലുമാണ് പന്തലിനങ്ങളിൽ മുഖ്യമായുള്ളത്. രണ്ടു മഴമറയുള്ളതിൽ ഒന്ന് കൃഷിക്കായും അടുത്തത്, പച്ചക്കറിത്തൈ ഉൽപാദിപ്പിച്ചു വിൽക്കുന്ന ചെറു നഴ്സറിക്കായും നീക്കിവച്ചിരിക്കുന്നു. തുറസ്സായ സ്ഥലത്തുനിന്നു ലഭിക്കുന്നതിനെക്കാൾ കൂടുതലുണ്ട് മഴമറയിലെ ഉൽപാദനം. കോളിഫ്ലവർ, ബ്രൊക്കോളി, കാബേജ്, ലെറ്റ്യൂസ് തുടങ്ങിയവ ഉൾപ്പെടെ എല്ലായിനം പച്ചക്കറികളും ഹൈറേഞ്ചിന്റെ കാലാവസ്ഥയിൽ വർഷം മുഴുവൻ കൃഷി ചെയ്യാമെന്നതും അനുകൂലഘടകമെന്നു ബിൻസി. 

വെർട്ടിക്കൽ രീതിയിൽ വലയൊരുക്കി തക്കാളിച്ചെടികളെ അതിലേക്കു ചേർത്തു കെട്ടി മുകളിലേക്കു വളർത്തുന്നത് പൂവിടലും പരാഗണവും വർധിപ്പിക്കുമെന്നു ബിൻസി. രാവിലെ സമയം ഈ വലകൾ ചെറുതായി ഇളക്കി പൂക്കളെ കുലുക്കുന്നത് പരാഗണത്തോത് വർധിപ്പിക്കും. 

കൃഷിയിടത്തിൽ 28 ഞൊടിയൻ തേനീച്ചപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട് ബിൻസി. കുമളിയുടെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും തേൻ ലഭ്യത പൊതുവെ കുറവ്. വിളകളിലെ പരാഗണം വർധിപ്പിച്ച് ഉൽപാദനം ഉയർത്താൻ തേനീച്ചകൾ സഹായിക്കുന്നു എന്നതു തന്നെയാണ് പ്രധാന നോട്ടം.

bincy-5
വാഴയ്ക്ക് ഇടവിളയായി പച്ചക്കറിക്കൃഷി

പപ്പായ, വാഴ, സ്ട്രോബെറി എന്നിവയാണ് ബിൻസിയുടെ മുഖ്യ പഴവർഗ കൃഷികൾ. വേഗത്തിൽ പഴുത്തു പോകാതെ, വിളവെടുപ്പിനു ശേഷവും കൂടുതൽ സൂക്ഷിപ്പു കാലം ലഭിക്കുന്ന റെഡ് ലേഡിയാണ് പപ്പായ യിനം. കിലോ 50 രൂപ വില ലഭിക്കുന്നു ഇതിന്. ചട്ടിയിൽ സ്ട്രോബെറി  വളർത്തി പഴങ്ങളായിത്തുടങ്ങുമ്പോൾ ചട്ടിയുൾപ്പെടെ വിൽക്കും. വാങ്ങാൻ ആളുകൾ ഏറെയുണ്ടെന്നു ബിൻസി. സ്ട്രോബെറിപ്പഴത്തില്‍നിന്നു ജാം നിർമിച്ചു വിൽപനയുമുണ്ട്. 

സമ്പൂർണ ജൈവകൃഷിയാണെന്നു മാത്രമല്ല, കാര്യമായ തോതിൽ ജൈവകീടനാശിനികൾപോലും പ്രയോഗിക്കുന്നില്ല ഈ കൃഷിക്കാരി. മഞ്ഞക്കെണിയും അഞ്ചിലക്കഷായവുമാണ് (കൊന്നയില, വേപ്പില, ആവണ ക്കില, പപ്പായയില, കാഞ്ഞിരം പോലെ ഏതെങ്കിലും കയ്പുള്ള ഇല എന്നിവ വെട്ടിയരിഞ്ഞ് 15 ദിവസം ഗോമൂത്രത്തിലിട്ടുവച്ച ശേഷം അരിച്ചെടുത്ത് വെള്ളത്തിൽ നേർപ്പിച്ച് തയാറാക്കുന്ന ജൈവകീടനാശിനി) കീടങ്ങളെ തുരത്താൻ മുഖ്യമായും പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉൽപാദനം കുറയും. എന്നാൽ ഉള്ള ഉൽപന്നങ്ങൾക്കു ലഭിക്കുന്ന മികച്ച വില, ഉൽപാദനക്കുറവിന്റെ നഷ്ടം പരിഹരിക്കും.

വിളയും വിലയും

വർഷം മുഴുവൻ ഒരാഴ്ചപോലും മുടങ്ങാതെ നിശ്ചിത അളവു പച്ചക്കറികൾ എറണാകുളത്തെ വാട്‌സാപ് കൂട്ടായ്മ ചന്തകളിലേക്ക് എത്തിക്കാവുന്ന തരത്തിലാണ് ബിൻസി കൃഷിയും ഉൽപാദനവും ക്രമീകരിച്ചിരിക്കുന്നത്. 25–30 കിലോ ബീൻസ്, 10–12 കിലോ തക്കാളി, 6–7 കിലോ പച്ചമുളക്, 20–22 കിലോ കാബേജ് എന്നിങ്ങനെയാവും ഓരോ ആഴ്ചയിലെയും വിളവും വിൽപനയും. 

വിളവെടുത്ത് ബസ്സിൽ എറണാകുളത്തേക്ക് അയയ്ക്കും. ചന്തകളുടെ സംഘാടകർ അവ വാങ്ങി വില കൃത്യമായി  ബിൻസിയുടെ അക്കൗണ്ടിലിടും. സീസണിൽ നിശ്ചിത വില എന്നതാണു രീതി. ഉദാഹരണത്തിന്, നിലവിൽ ബീൻസിനു ലഭിക്കുന്ന വില കിലോഗ്രാമിന് 100 രൂപ. വിപണിവില 20 രൂപയിലേക്കു തകർന്നാലും 150 രൂപയിലേക്കു കുതിച്ചാലും ബിൻസിയുടെ ബീൻസിന്റെ വില എന്നും ഒന്നുതന്നെ.   

പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമെ പശുവും കോഴിയും താറാവും കാടയും ഉൾപ്പെടെ അനുബന്ധ വരുമാനത്തിലേക്കും ചുവടുവയ്ക്കുന്നു ബിൻസി. പച്ചക്കറികൾക്ക് ആവശ്യക്കാർ കൂടിയതോടെ മൂന്നേക്കർ സ്ഥലം കൂടി പാട്ടത്തിനെടുത്ത് കൃഷി വിസ്തൃതമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. കൂലിപ്പണിവിട്ട് കൃഷിയിലെത്തിയ ബിൻസി ഇന്ന് സ്വന്തം കൃഷിയിടത്തിൽ രണ്ടുപേർക്കു സ്ഥിരം ജോലി നൽകുന്ന തൊഴിൽദാതാവായും വളർന്നിരിക്കുന്നു.  

ഫാം ടൂറിസമാണ് ബിൻസിയുടെ മുന്നിൽത്തെളിയുന്ന മറ്റൊരു പാത. വിനോദസഞ്ചാരകേന്ദ്രമായ കുമളി–തേക്കടി മേഖലയിലെ ചില റിസോർട്ടുകാർ ഈ കൃഷിയിടത്തിലേക്കു സഞ്ചാരികളെ എത്തിച്ചു തുടങ്ങിയിരിക്കുന്നു. അവർക്കുള്ള വിഭവങ്ങളൊരുക്കി കൂടുതൽ വരുമാനത്തിലേക്ക് വളരാനുള്ള ശ്രമങ്ങൾ ബിൻസിയുടെ ‘ചക്കാലയ്ക്കൽ ഫാം’ തുടങ്ങിക്കഴിഞ്ഞു. 

bincy-4
ബിൻസിയും ഭർത്താവ് ജയിംസും

ചൂണ്ടയിട്ട് മീൻ പിടിക്കാം 

രണ്ടു കുളങ്ങളിലാണ് ബിൻസിയുടെ മത്സ്യക്കൃഷി. നട്ടറും തിലാപ്പിയയും ഇനങ്ങൾ. വിളവെടുപ്പുകാലമെത്തുമ്പോൾ ദിവസം അറിയിച്ച് ഫെയ്‌സ്ബുക്കിൽ ബിൻസിയുടെ പോസ്റ്റെത്തും; ‘ചൂണ്ടയിട്ടു മീൻ പിടിക്കാം’. എറണാകുളത്തുനിന്നുൾപ്പെടെ കൃഷിഗ്രൂപ്പുകളിലെ കൂട്ടുകാരെല്ലാം ഉത്സാഹത്തോടെ ചൂണ്ടയുമായി പാഞ്ഞെത്തും. പിന്നെ ചൂണ്ടയിടലിന്റെ ആരവങ്ങളും മീൻ കുരുങ്ങിയതിന്റെ ആഹ്ളാദങ്ങളും. കിട്ടിയ മീനിന് കിലോ 200 രൂപ നൽകി ചൂണ്ടക്കാർ മടങ്ങും. ചൂണ്ടയിട്ട് മീൻപിടിക്കാൻ കാത്തിരിക്കുന്ന കൂട്ടുകാരുടെ ധൈര്യത്തിൽ അടുത്ത ബാച്ച് മത്സ്യക്കൃഷിയിലേക്കു കടക്കും ബിൻസി.

വിളകൾക്ക് വാം 

ജീവാണുവളമായ വാം നിർമാണമുണ്ട് ബിൻസിയുടെ കൃഷിയിടത്തിൽ. വേരുകളുടെ വളർച്ച കൂട്ടി വിളകൾക്കു ശക്തി പകരുന്ന ജീവാണുവളമാണ് വാം. മണ്ണിരക്കമ്പോസ്റ്റ് മുഖ്യഘടകവും വറുത്തെടുത്ത മണ്ണ്, ചാണകപ്പൊടി, പെർക്കുലേറ്റ്, വെർമിക്കുലേറ്റ് എന്നിവ അനുബന്ധഘടകങ്ങളുമായി തയാറാക്കുന്ന മിശ്രിതത്തിൽ വാം കൾച്ചർ ചേർത്ത് ഇളക്കും. മിശ്രിതം ചട്ടികളിലാക്കി ഓരോന്നിലും ചോളത്തിന്റെ വിത്തിട്ട് വളർത്തും. ചോളത്തിന്റെ വേരിൽ ജീവാണു വളരും. നിശ്ചിത നാളുകൾക്കു ശേഷം ചോളത്തിന്റെ വേരു മാത്രം മുറിച്ചെടുത്ത് അരിഞ്ഞ് മിശ്രിതത്തിൽ ചേർത്തിളക്കും. ഇങ്ങനെ വർധിപ്പിച്ചെടുത്ത വാം തടത്തിൽ വിതറി അതിൽ തൊട്ടിരിക്കും വിധം വിത്തു നടുന്നത് വിളകളുടെ വളർച്ചയ്ക്കും വിളവിനും ഏറെ ഗുണകരമെന്നു ബിൻസി. 

ഫോൺ: 8113902060

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com