ADVERTISEMENT

പ്ലാസ്റ്റിക് വേണ്ടെന്നു പറയാൻ നമുക്ക്  സാധിച്ചത് ഇപ്പോൾ മാത്രം. എന്നാൽ, പ്ലാസ്റ്റിക് കപ്പുകൾക്കു പകരം ചിരട്ട ഉപയോഗിക്കാമെന്ന് 27 വർഷം മുമ്പ് കാണിച്ചുതന്ന മനോജ് ഈ രംഗത്തു മുമ്പേ പറന്ന പക്ഷിയാണ്. ചിരട്ടകൊണ്ടുള്ള ഐസ്ക്രീം കപ്പുകളുണ്ടാക്കുക മാത്രമല്ല, കയറ്റുമതി ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു. പഠനകാലത്തിനു ശേഷം തൊഴിലന്വേഷിച്ചു നടക്കുകയായിരുന്ന മനോജിനെ ഇങ്ങനെയൊരു സംരംഭത്തിലെത്തിച്ചത് 1992ലെ ബാഴ്സിലോണ ഒളിംപിക്സാണ്. ഒളിംപിക് വേദികളിൽ പ്ലാസ്റ്റിക് ഐസ്ക്രീം കപ്പുകൾ ഒഴിവാക്കാൻ ആലോചന നടന്നു. പകരക്കാരനായി നിർദേശിക്കപ്പെട്ടത് ചിരട്ട കൊണ്ടുള്ള ഐസ്ക്രീം കപ്പുകളാണ്. ചിരട്ട ഐസ്ക്രീം കപ്പുകൾക്കായി ഇന്ത്യയിൽ ചിലർ ഓർഡർ എടുത്തെങ്കിലും യഥാസമയം എത്തിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി ചിരട്ടക്കപ്പുകൾ സംഘടിപ്പിക്കാൻ കേരവൃക്ഷങ്ങളുടെ നാട്ടിലെത്തിയ സായിപ്പാണ് മനോജിന് ഈ സംരംഭസാധ്യത ചൂണ്ടിക്കാണിച്ചത്. 

വ്യത്യസ്തമായ ആശയം, വീട്ടിലിരുന്ന് ഡോളർ നേടാം, ചിരട്ടയാണെങ്കിൽ നാട്ടിൽ സുലഭവും, – ഒരു കൈ നോക്കാമെന്നു മനോജും കൂട്ടുകാരനും തീരുമാനിക്കുകയായിരുന്നു. നെടുമ്പാശേരിയിലെ ചെറിയൊരു ഷെഡിൽ ഇരുവരും ചേർന്ന് പരിമിതമായ തോതിൽ ചിരട്ടക്കപ്പുണ്ടാക്കി തുടങ്ങി.  ഓർഡർ പാലിച്ച് പണം വാങ്ങാമെന്നു മാത്രമെ അന്ന് കരുതിയുള്ളൂ. ഒളിംപിക് വേദികളിൽ കേരളത്തിന്റെ ചിരട്ട ഐസ്ക്രീം കപ്പുകൾ എത്തുകയും ചെയ്തു. എന്നാൽ, കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. 

cup-1
പഴങ്ങളുടെ പുറംതോടുകൾ ഐസ്‌ക്രീം കപ്പ്

യൂറോപ്പിലാകെ ശ്രദ്ധ നേടിയ ചിരട്ടക്കപ്പുകൾക്ക് പിന്നീട് വലിയ ഓർഡറുകൾ എത്തി. ചിരട്ടക്കപ്പു ഫാക്ടറി വർഷം മുഴുവൻ സജീവമാകേണ്ട സ്ഥിതിയായി. ഇപ്പോൾ എൺപതോളം  ജീവനക്കാരുള്ള വലിയ ഫാക്ടറിയാണ് മനോജിനുള്ളത്. 2006ൽ പങ്കാളിത്തസംരംഭം അവസാനിപ്പിച്ച് ‘നെക്സസ് ഫ്രോസൺ ഫ്രൂട്ട് കണ്ടെയ്നേഴ്സ്’ എന്ന പേരിൽ കാലടി മാണിക്കമംഗലത്ത് സ്വന്തം സംസ്കരണശാല സ്ഥാപിച്ചു. ചിരട്ട മാത്രമല്ല കൊക്കോ, പൈനാപ്പിൾ, പപ്പായ, നാരങ്ങ, ഓറഞ്ച് എന്നിവയുടെ പുറംതോടുകളും ഇവിടെ ഐസ്ക്രീം കപ്പുകളായി മാറുന്നു. നെസ്കോ എന്ന ബ്രാൻഡിൽ പ്രകൃതിദത്ത കപ്പുകളിലുള്ള ഐസ്ക്രീമും ഉൽപാദിപ്പിക്കുന്നുണ്ട്. വേഗം കേടാവാനിടയുള്ളതിനാൽ തുടക്കം മുതൽ ശീതീകൃത ശൃംഖലയിൽ സൂക്ഷിച്ചാണ് പൈനാപ്പിളിന്റെയും കൊക്കോയുടെയുമൊക്കെ കപ്പുകൾ വിപണിയിലെത്തിക്കുന്നത്.

‘‘ചിരട്ട മുറിക്കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള യന്ത്രസാമഗ്രികൾ കണ്ടെത്തുന്നതിനെക്കാൾ പ്രയാസമായിരുന്നു നിശ്ചിത വലുപ്പത്തിലും നിലവാരത്തിലുമുള്ള ചിരട്ട ആവശ്യാനുസരണം കണ്ടെത്തുകയെന്നത്’’– മനോജ് ഓർമിക്കുന്നു. കയറ്റുമതി ആവശ്യത്തിനുള്ള കപ്പുകളായതിനാൽ ഇടപാടുകാർ നിർദേശിക്കുന്ന അളവും ആകൃതിയുമൊക്കെ പാലിക്കേണ്ടിവരും. നമ്മുടെ നാട്ടിലെ സാധാരണ ചിരട്ടകളല്ല ഐസ്ക്രീം കപ്പിനു വേണ്ടത്. നീളത്തിൽ മുറിച്ച, ഓവൽ ആകൃതിയിലുള്ള ചിരട്ട മാത്രമേ കയറ്റുമതി വിപണിക്കു സ്വീകര്യമാവുകയുള്ളൂ. അതുകൊണ്ടുതന്നെ ചിരട്ട വാങ്ങി കപ്പുണ്ടാക്കാമെന്ന ചിന്ത ഉപേക്ഷിച്ചു. നിശ്ചിത വലുപ്പത്തിലുള്ള പച്ചത്തേങ്ങ വാങ്ങി പൊതിച്ചശേഷം നീളത്തിൽ മുറിക്കുക മാത്രമായിരുന്നു പരിഹാരം. ഇപ്രകാരം മുറിച്ച തേങ്ങ ഉണങ്ങി കൊപ്രയാക്കിയശേഷം ചിരട്ടയിൽനിന്നു വേർപെടുത്തുന്നു. ഇങ്ങനെ കിട്ടുന്ന ചിരട്ടയാണ് നാരുകളും മറ്റും നീക്കി വൃത്തിയാക്കി ഐസ്ക്രീം കപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത്.  നീളത്തിൽ മുറിഞ്ഞ കൊപ്രയുടെ വക്കുകൾ അമിതമായി ചുരുങ്ങുമെന്നതിനാൽ കുറഞ്ഞ വിലയേ കിട്ടൂ.

ഒരു ചിരട്ടക്കപ്പിനു യൂറോപ്പിൽ നാലു രൂപയോളം വില കിട്ടും. എന്നാൽ, മൂന്നര രൂപയോളം ഉൽപാദനച്ചെലവ് വേണ്ടിവരുന്നതിനാൽ ചെറിയ ലാഭം മാത്രം. വൻതോതിലുള്ള ഉൽപാദനത്തിലൂടെ മാത്രമേ സംരംഭം ആദായകരമാക്കാനാകൂ. 1000 തേങ്ങ പൊതിച്ചു കൊപ്രയാക്കിയാൽ 95 തേങ്ങയിൽനിന്നു മാത്രമാണ് കപ്പിനു യോഗ്യമായ ചിരട്ട കിട്ടുക. ഇവ നീളത്തിൽ മുറിക്കുന്നതിനുള്ള കൂലിച്ചെലവ് മാത്രമല്ല, കാമ്പിന്റെ നഷ്ടവും പരിഗണിക്കണം. 40 രൂപ വിലയുള്ള തേങ്ങ മുറിക്കുമ്പോൾ ഒരു രൂപയുടെ തേങ്ങയെങ്കിലും ഇപ്രകാരം നഷ്ടപ്പെടും. പതിനായിരക്കണക്കിനു തേങ്ങ സംസ്കരിക്കുമ്പോൾ അതിലെ ഓരോ പ്രവൃത്തിക്കും നിശ്ചിത നിരക്കിൽ കൂലി നൽകേണ്ടിവരുന്നുണ്ട്. ഇതെല്ലാം കൂട്ടുമ്പോഴാണ് ഒരു ചിരട്ടക്കപ്പിന് മൂന്നര രൂപ ചെലവു വരുന്നത്– മനോജ് വിശദീകരിച്ചു.

cup-2
പഴങ്ങളുടെ പുറംതോടുകൾ ഐസ്‌ക്രീം കപ്പ്

ചിരട്ടക്കപ്പുകൾക്ക് പുറമെ കൊക്കോ, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് എന്നിവയുടെ കപ്പുകളും ഇവിടെ നിർമിക്കുന്നുണ്ട്. ഉൾഭാഗത്തെ കാമ്പ് നീക്കം ചെയ്ത് ഐസ്ക്രീമിലും മറ്റും ചേർത്തശേഷമാണ് ഇവ കപ്പാക്കി മാറ്റുന്നത്. അഴുകാതിരിക്കാൻ സംസ്കരണഘട്ടം മുതൽ ചില്ലറവിൽപനശാല വരെ ശീതീകൃത സംവിധാനത്തിൽ സൂക്ഷിക്കേണ്ടിവരുന്ന ഈ കപ്പുകൾക്ക് പക്ഷേ വിലയേറും. എങ്കിലും രൂപയുടെ വിനിമയനിരക്ക് കൂടുതലായതിനാൽ ആദായകരമാണെന്നു മാത്രം.

പൈനാപ്പിളും കൊക്കോയുമൊക്കെ വാങ്ങുമ്പോഴും നിശ്ചിത വലുപ്പവും ആകൃതിയും പാലിക്കേണ്ടതുണ്ട്. ഇതിനായി  കച്ചവടക്കാർക്കൊപ്പം കൃഷിയിടങ്ങളിലെത്തി ആവശ്യമുള്ളവ തിരഞ്ഞുകണ്ടെത്തുകയാണ്. നീളവും വീതിയും മാത്രമല്ല ഉള്ളളവും പരിഗണിക്കണം. അതുകൊണ്ടുതന്നെ സ്കെയിലും കാലിപ്പേഴ്സുമൊക്കെ മനോജിന്റെ കാറിൽ എപ്പോഴുമുണ്ടാവും. തുടർച്ചയായി കപ്പുണ്ടാക്കി വിപണിയിലെത്തിക്കുന്ന രീതിയല്ല നെസ്കോയുടെ ഫാക്ടറിയിലുള്ളത്. ഓർഡറനുസരിച്ചു മാത്രമാണ് കപ്പുനിർമാണം.  പതിവായി ഓർഡറുള്ളതിനാൽ പ്രവർത്തനം മുടങ്ങാറില്ലെന്നു മാത്രം. വിദേശത്തുപോലും അഞ്ചോ പത്തോ ശതമാനമാളുകൾ മാത്രമാണ് പ്രകൃതിദത്ത കപ്പുകളിൽ ഐസ്ക്രീം വാങ്ങുന്നതെന്ന് മനോജ്. നമ്മുടെ നാട്ടിലാവട്ടെ ഇത്തരം കപ്പുകളുടെ വില വലിയ വെല്ലുവിളിയാണ്. എങ്കിലും പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ കാലഘട്ടത്തിൽ  ഇവിടെയും  പ്രകൃതിദത്ത കപ്പുകൾക്ക് ആവശ്യക്കാർ വർധിക്കുമെന്നാണ് പ്രതീക്ഷ.  

ഫോൺ: 9447777797

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com