ADVERTISEMENT

ആന്റിബയോട്ടിക് റെസിസ്റ്റൻസ് (ആന്റിബയോട്ടിക്കുകൾക്കെതിരെയുള്ള സൂക്ഷ്മാണുക്കളുടെ പ്രതിരോധം) ഇന്ന് ആഗോള തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുകയാണ്. ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന വരുംകാല വിപത്തിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഒരു അദൃശ്യ മഹാമാരി (invisible pandemic) എന്നാണ്. അണുബാധയുണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധം തീർക്കുന്ന അവസ്ഥയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്. സാധാരണ ഗതിയിൽ ആന്റിബയോട്ടിക് പ്രയോഗിക്കുമ്പോൾ അണുക്കളിൽ വളരെ ചെറിയൊരു വിഭാഗം പ്രസ്തുത ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ഡോക്ടർമാരുടെ കൃത്യമായ നിർദേശമില്ലാതെ,  കൃത്യമായ അളവിലും,  ഇടവേളകളിലും അല്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷ്മാണുക്കൾക്ക് ആന്റിബയോട്ടിക് പ്രതിരോധം കൂടുതൽ എളുപ്പമാകുന്നു. ഇവ കാലക്രമേണ പെരുകുകയും ഭക്ഷ്യശൃംഖല വഴി മനുഷ്യരിലേക്കെത്തുകയും ചെയ്യുന്നു. മനുഷ്യരുടെ കുടലിൽ അധിവസിക്കുന്ന ഇവ പിന്നീടൊരിക്കൽ മനുഷ്യർക്ക് ചികിത്സാവശ്യത്തിനായി ഇതേ ആന്റിബയോട്ടിക് സംയുക്തങ്ങൾ ഉപയോഗിക്കുമ്പോൾ,  ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ വന്നു ചേരുന്നു.

വളർത്തു മൃഗങ്ങളിലും, ഇറച്ചിക്കോഴി വളർത്തലിലുമൊക്കെ നടക്കുന്ന വിവേചന രഹിതമായ ആന്റിബയോട്ടിക് ദുരുപയോഗം ആന്റിബയോട്ടിക് റെസിസ്റ്റൻസിനു ഒരു പ്രധാന  കാരണമാണ്. ഇത് വരും കാലങ്ങളിൽ മനുഷ്യർക്ക് വളരെയധികം ഭീഷണി സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ആന്റിബയോട്ടിക് ദുരുപയോഗം കുറയ്ക്കുകയോ, അതിനു വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ 2050 ആകുന്നതോടെ ലോകത്ത് പ്രതിവർഷം ഒരു കോടി ജനങ്ങളെങ്കിലും ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലം മരണപ്പെട്ടേക്കാമെന്നു ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങൾക്കും  മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 

ഒരു രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം അവിടുത്തെ പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. അതിനാൽ പ്രസ്തുതമേഖലകളിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ ആന്റിബയോട്ടിക് റെസിസ്റ്റൻസിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ഉദാഹരണത്തിന് ഇറച്ചിക്കോഴി വളർത്തൽ മേഖലയുടെ കാര്യമെടുക്കാം. ലോകമാകെമാനമുള്ള പ്രതിവർഷ ഇറച്ചിക്കോഴി ഉൽപാദനം ഏതാണ്ട് 9 കോടി ടൺ ആണ്. 1910 കാലഘട്ടത്തിൽ ചികിത്സയ്ക്കായി മാത്രം ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകൾ കാലക്രമേണ രോഗ പ്രതിരോധത്തിനും,  വളർച്ച കൂട്ടാനായുമൊക്കെ ഉപയോഗിച്ച് പൊന്നു. 

ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഇത്തരം ആന്റിബയോട്ടിക് സംയുക്തങ്ങൾ ഏതൊരു മെഡിക്കൽ സ്റ്റോറിൽനിന്നും ഡോക്ടർമാരുടെ കുറിപ്പടി പോലും ഇല്ലാതെ തന്നെ ലഭ്യമാകുന്ന അവസ്ഥയുമുണ്ട്. ഏതൊരു ആന്റിബയോട്ടിക് ചികിത്സയും ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആയിരിക്കണമെന്നും,  അദ്ദേഹം നൽകുന്ന കുറിപ്പടി പ്രകാരം മാത്രമേ അത് ലഭ്യമാവുകയുള്ളൂ എന്ന അവസ്ഥ വന്നാലേ  ആന്റിബയോട്ടിക് ദുരുപയോഗം ഒരു പരിധി വരെയെങ്കിലും തടയാൻ സാധിക്കൂ. അതിന് സർക്കാർ തലത്തിൽ വിവിധ മേഖലകളിലുള്ള ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു കർമ്മ പദ്ധതിക്ക് തന്നെ രൂപം നൽകേണ്ടി വരും. എന്നാൽ, ഇതൊന്നും പെട്ടെന്ന് പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നുമോർക്കണം. കൂടാതെ ആന്റിബയോട്ടിക് ചികിത്സയ്ക്ക് ശേഷം, ഒരു കൃത്യമായ withdrawal periodന് ശേഷം മാത്രമേ  മുട്ട,  ഇറച്ചി എന്നിവ വിപണിയിൽ എത്തിക്കാൻ പാടുള്ളു. ഈ നീക്കങ്ങൾക്കു ശക്തി പകരാൻ എന്നോണം 2018 ഓഗസ്റ്റ് 1 ന് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ) ആക്ടിൽ രണ്ടാമതൊരു അമെൻഡ്മെന്റ് നടത്തി. അതുപ്രകാരം ഇറച്ചിയിലും മുട്ടയിലും കാണപ്പെടാൻ സാധ്യതയുള്ള 103 വിഭാഗം മരുന്നുകൾ,  ആന്റിബയോട്ടിക്കുകൾ എന്നിവയ്ക്ക്  ഒരു മിനിമം പരിധി നിശ്ചയിക്കുകയും,  പ്രസ്തുത പരിധിക്ക് മുകളിൽ ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയാൽ ഉൽപാദകന് 6 മാസം മുതൽ 7 വർഷം വരെ തടവ് ലഭിക്കുകയോ, 7 ലക്ഷം വരെ പിഴയോ ലഭിക്കുന്ന  കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. 

സെപ്റ്റിസീമിയ, ശസ്ത്രക്രിയാ മുറിവുകൾ എന്നിവയ്ക്കൊക്കെ എതിരെയുള്ള അവസാന വജ്രായുധമാണ് ആന്റിബയോട്ടിക്ക്. പുതിയ ഒരു ആന്റിബയോട്ടിക് വിഭാഗത്തെ കണ്ടെത്താൻ വർഷങ്ങളെടുക്കും. ഏറ്റവും ഒടുവിൽ  30 വർഷം മുൻപാണ് ഒടുവിലത്തെ  ആന്റിബയോട്ടിക് വിഭാഗത്തെ  കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവിൽ ലഭ്യമായിട്ടുള്ള ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ പല രാജ്യങ്ങളും ശക്തമായ നിയമങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു.

1986 ഇൽ  സ്വീഡൻ ആണ് ആദ്യമായി ഭക്ഷ്യമൃഗങ്ങളിൽ വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഗ്രോത് പ്രൊമോട്ടറുകൾ നിയമം മൂലം നിരോധിച്ചത്. 1988ൽ രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും അവർ നിരോധിച്ചു.  തുടർന്ന് 2011 വരെയുള്ള കാലഘട്ടങ്ങളിൽ ഡെന്മാർക്ക്‌,  നെതർലാൻഡ്സ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയും രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന  ആന്റിബയോട്ടിക്കുകൾ നിരോധിക്കുകയും, പകരം പ്രോബയോട്ടിക്ക്, പ്രീബയോട്ടിക്ക് എന്നിവ തീറ്റയിൽ ഉപയോഗിക്കുന്നതിനു പ്രാമുഖ്യം നൽകുകയും ചെയ്തു. 

ഇന്ത്യയിലും കാര്യങ്ങൾ പതിയെ മാറിത്തുടങ്ങി. അതിനൊരുത്തമ ഉദാഹരണമാണ് ഭക്ഷ്യ മൃഗങ്ങളിൽ കോളിസ്റ്റിൻ ഉപയോഗം ഉടൻ നിർത്തിവച്ചു കൊണ്ട്  2019 ജൂലൈ 19ന് ഇറങ്ങിയ  ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. കോളിസ്റ്റിൻ എന്നത് മനുഷ്യരിൽ ന്യുമോണിയ,  മെനിഞ്ചൈറ്റിസ് എന്നിങ്ങനെ  അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഒരു ലാസ്റ്റ് ഹോപ്പ്  ആന്റിബയോട്ടിക് ആണ്.  ഇറച്ചിയിലും, മീനിലും പലപ്പോഴായി  കോളിസ്റ്റിൻ റെസിസ്റ്റന്റ് ആയിട്ടുള്ള സൂക്ഷ്മാണുക്കളെ കണ്ടെത്തുകയും, 2018ൽ മറ്റൊരു പഠന പ്രകാരം മനുഷ്യ വിസർജ്യത്തിലും കോളിസ്റ്റിൻ റെസിസ്റ്റന്റ് ബാക്ടീരിയ റിപ്പോർട്ട്‌ ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ഭക്ഷ്യ മൃഗങ്ങളിൽ കോളിസ്റ്റിൻ ഉപയോഗിക്കുന്നത് അടിയന്തിരമായി നിർത്തലാക്കാൻ കേന്ദ്ര  സർക്കാർ തീരുമാനിച്ചത്. ഇതിനു പുറമെ മനുഷ്യരിലും മൃഗങ്ങങ്ങളിലും വ്യത്യസ്തമായ ആന്റിബയോട്ടിക് വിഭാഗങ്ങൾ  ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. കൂടാതെ  അടിയന്തിര സാഹചര്യങ്ങളിൽ,  ആവശ്യാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ കുറിക്കുകയുള്ളു എന്ന് ഡോക്ടർമാരും തീരുമാനിക്കണം, അത്  മൃഗങ്ങളിലായാലും മനുഷ്യരിലായാലും. എന്നാൽ മാത്രമേ ഭാവിയിൽ വന്നുചേരാവുന്ന ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന ഒരു വൻ വിപത്തിൽനിന്ന് നമുക്ക് രക്ഷയുള്ളൂ !!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com