തേങ്ങയിടാൻ തൊഴിലാളിക്ഷാമമുണ്ടോ? വിളിച്ചാൽ വിളിപ്പുറത്ത് വരും ന്യൂജെൻ പിള്ളേർ
Mail This Article
മലപ്പുറം മേൽമുറിയിലെ സ്വന്തം പുരയിടത്തിലെ തേങ്ങയിടാൻ ആളെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഇരട്ട സഹോദരങ്ങളായ നിഷാദും നാഷിദും. വിദ്യാർഥികളാണ് ഇരുവരും. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ക്ലാസില്ല. എങ്കിൽപ്പിന്നെ പുരയിടത്തിലെ കൃഷികാര്യങ്ങളിൽ അൽപം ശ്രദ്ധിക്കാമെന്നു കരുതി.
നാട്ടിലെ മുഴുവൻ തെങ്ങും കയറാൻ ആകെയുള്ളത് ഒരേയൊരു തൊഴിലാളിയാണ്. ഒരാഴ്ച തപ്പി നടക്കണം, കക്ഷിയെ ഒന്നു കണ്ടു കിട്ടാൻ. ഇത്തവണയും ആളെ അന്വേഷിച്ചു വലഞ്ഞപ്പോൾ ഇരട്ടകൾ ഇരുത്തിയൊന്നു ചിന്തിച്ചു, ‘ഇത്ര ഡിമാൻഡുള്ള ജോലിയാണെങ്കിൽ പിന്നെ എന്തുകൊണ്ട് ഈ രംഗത്തൊരു ന്യൂജെൻ സംരംഭം പരീക്ഷിച്ചുകൂടാ?’ ഇരുവരുടെയും സൃഹൃത്തും ബിരുദ വിദ്യാർഥിയുമായ അംജദ് സലൂമിനെക്കൂടി ആലോചനയ്ക്കായി ഒപ്പം കൂട്ടി.
മൂവരുംകൂടി പുത്തനൊരു തെങ്ങുകയറ്റയന്ത്രം വാങ്ങി. മലയാളി തെങ്ങുകയറാൻ താൽപര്യപ്പെടാത്തതുകൊണ്ടാണല്ലോ തൊളിലാളിക്ഷാമം. ആ സ്ഥിതിക്ക് ബംഗാളി തന്നെ ശരണം. ജോലി അന്വേഷിച്ച് രാവിലെ മലപ്പുറം ടൗണിൽ ഒത്തുകൂടുന്ന ബംഗാളികളെ നേരിൽക്കണ്ട് കാര്യം പറഞ്ഞു. ലോക്ഡൗണിൽപെട്ടതിനാൽ ജോലിയില്ലാതിരുന്ന മൂന്നുപേർ താൽപര്യപ്പെട്ടെത്തി. അവർക്ക് യന്ത്രത്തെങ്ങുകയറ്റത്തിൽ പരിശീലനവും നൽകി.
പിന്നെ താമസിച്ചില്ല, തെങ്ങുകയറ്റത്തൊഴിലാളിയെ അന്വേഷിച്ചു വിഷമിക്കുന്നവർക്ക് ഉടനടി തൊഴിലാളിയെ ലഭ്യമാക്കുമെന്ന അറിയിപ്പ് വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ഒരു വാട്സാപ്പ് മെസജ്, അതല്ലെങ്കിൽ കോൾ, ഒപ്പം വാട്സാപ്പിൽ ലൊക്കേഷൻ കൂടി ഷെയർ ചെയ്യുകയേ വേണ്ടൂ. നിശ്ചിത സമയത്ത് ആവശ്യക്കാരന്റെ തെങ്ങിൻതോപ്പിൽ തൊഴിലാളി ഹാജർ.
മലപ്പുറം മുനിസിപ്പൽ പരിധിയിൽ മാത്രം ഉദ്ദേശിച്ചു തുടങ്ങിയ നാസോ എന്ന ഈ തൊഴിൽ സംരംഭത്തിനു ലഭിച്ച അന്വേഷണങ്ങൾ അമ്പരപ്പിച്ചു എന്നു മൂവരും പറയുന്നു. സമീപ ജില്ലകളിൽനിന്നെല്ലാം ആളെ ആവശ്യപ്പെട്ടു സന്ദേശങ്ങളും വിളികളുമെത്തി. തലേദിവസം വരുന്ന അന്വേഷണങ്ങളെല്ലാം ഏകോപിപ്പിച്ച് പിറ്റേന്നു സമയം നിശ്ചയിച്ച് തൊഴിലാളികളുമായി ആവശ്യക്കാരുടെ കൃഷിയിടങ്ങളിൽ എത്തുന്നതാണു രീതി.
തെങ്ങൊന്നിന് 35 രൂപയാണ് നിരക്ക്. നിശ്ചിത കമ്മീഷൻ സഥാപനത്തിന്. അതിരാവിലെ തുടങ്ങും ജോലി. ജോലി കൂടുതലെങ്കിൽ തൊഴിലാളികൾക്കൊപ്പം തെങ്ങുകയറാൻ മൂവരും തയാർ. 12 മണിയോടെ ജോലി തീരും. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോ തൊഴിലാളിയുടെയും കയ്യിലെത്തും ശരാശരി 900 രൂപ.
ഇങ്ങനെ കാര്യങ്ങൾ ഉഷാറായി നീങ്ങുമ്പോഴാണ് മറുനാടൻ തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങാൻ ക്രമീകരിച്ച സ്പെഷ്യൽ ട്രെയ്നിൽ കയറി ബംഗാളികൾ നാടുവിടുന്നത്. ആദ്യമൊന്നു പതറിയെന്നു നിഷാദ്. ബംഗാളിത്തൊഴിലാളികൾക്ക് എല്ലായിടത്തും കടുത്ത ക്ഷാമം. പിന്നെ രണ്ടും കൽപിച്ച് തൊഴിലാളികളെത്തേടി ഒരു വാട്സാപ്പ് പരസ്യം. ഇക്കുറി വീണ്ടും അമ്പരപ്പിക്കുന്ന തൊഴിലന്വേഷണങ്ങൾ; അതും മലയാളികൾ. ലോക്ഡൗണും തൊഴിൽ പ്രതിസന്ധികളും മലയാളികളുടെയും തൊഴിൽമനോഭാവം മാറ്റിയിരിക്കുന്നു.
ഇന്ന് മലയാളി തൊഴിലാളികളുമായി സുഗമമായി മുന്നോട്ടു നീങ്ങുന്നു ഈ വിദ്യാർഥി സംരംഭം. പഠനത്തിനൊപ്പം സംരംഭവും ഉഷാറായി മുന്നോട്ടു കൊണ്ടുപോകണം എന്ന താൽപര്യത്തിലാണ് മൂന്നു സുഹൃത്തുക്കളും.
ഫോൺ: 7994616290
English summary: New Gen Coconut Palm Climbers in Kerala