ADVERTISEMENT

രാഹുൽ ഗാന്ധി അന്വേഷിച്ചുവന്ന കർഷകൻ. ആ കർഷകനാണ് വയനാട് മാനന്തവാടി ആറാട്ടുതറ ഇളപ്പുപാറ വീട്ടിൽ എൻ.എം. ഷാജി. രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ കർഷകൻ സ്വന്തം മണ്ഡലത്തിലുള്ളപ്പോൾ അന്വേഷിച്ചു കാണ്ടെത്താതിരിക്കാൻ രാഹുൽ ഗാന്ധിക്കായില്ല. ഈ വർഷം തുടക്കത്തിലാണ് അദ്ദേഹം ഷാജിയുടെ ഭവനവും പാരമ്പര്യ വിള സംരക്ഷണ കൃഷിയിടവും സന്ദർശിച്ചത്. 

കിഴങ്ങ് വർഗങ്ങളുടെ സംരക്ഷണമാണ് യുവകർഷകനായ എൻ.എം. ഷാജിയുടെ ജീവിതം. കൃഷിയിടങ്ങളിൽനിന്നു പടിയിറങ്ങിയതും വനങ്ങളിലും അപൂർവമായി മാത്രം കണ്ടുവരുന്നതും അടക്കം ഇരുന്നൂറിലേറെ കിഴങ്ങിനങ്ങൾ സ്വന്തം കൃഷിയിടത്തിൽ സംരക്ഷിക്കുകയും ഇവയുടെ വിത്തുകൾ കൃഷിയെ സ്നേഹിക്കുന്നവർക്ക് കൈമാറുകയും ചെയ്യുന്നതാണ് ഷാജിയുടെ ശീലം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരവും കേന്ദ്ര സർക്കാരിന്റെ ബഹുമതിയും ഈ യുവകർഷകനെ തേടി എത്തി. ഒന്നര ഏക്കർ വരുന്ന സ്വന്തം കൃഷിയിടവും പാട്ടത്തിനെടുത്ത ഭൂമിയും ഇന്നു കിഴങ്ങ് കൃഷിയാൽ സമ്പന്നമാണ്. കേദാരമെന്നാണ് കൃഷിയിടത്തിനു ഷാജി നൽകിയ പേര്.

വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് അപൂർവ ഇനം കിഴങ്ങുവർഗങ്ങളുടെ വിത്തുകൾ ശേഖരിച്ചത്. കാപ്പിയും, കുരുമുളകും വിളയുന്ന കൃഷിയിടം ഇന്നു ജൈവസമ്പുഷ്ടമാണ്. മീൻ, ആട്, കോഴി, പശു എന്നിവയെ വളർത്തി ആദായമുണ്ടാക്കുന്നതിനൊപ്പം ഇവയിലൂടെ ലഭിക്കുന്ന ജൈവ വളവും കൃഷിയിടത്തിൽ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിച്ചിട്ടില്ലാത്ത മണ്ണ് മണ്ണിരകളാൽ സമ്പുഷ്ടമാണ്.

shaji-farmer-wayanadu-2
കൃഷി പഠിക്കാൻ വിദ്യാർഥികൾ

‌64 ഇനം ചേമ്പ്, ഒട്ടേറെ ഇനം കപ്പയും ചേനയും, 70 ഇനം കാച്ചിൽ എന്നിവ ഇവിടെയുണ്ട്. നീണ്ടിക്കാച്ചിൽ, കിന്റൽ കാച്ചിൽ, ഇറച്ചിക്കാച്ചിൽ, നീലക്കാച്ചിൽ, ചോരക്കാച്ചിൽ, കരിക്കാച്ചിൽ, കുറ്റിക്കാച്ചിൽ, തൂങ്ങൻ കാച്ചിൽ, ഗന്ധകശാലക്കാച്ചിൽ, ഇഞ്ചിക്കാച്ചിൽ, ഉണ്ടക്കാച്ചിൽ, മൊരട്ട് കാച്ചിൽ, വെള്ളക്കാച്ചിൽ, മാട്ട്കാച്ചിൽ, കടുവാക്കയ്യൻ, പരിശക്കോടൻ തുടങ്ങിയ ഇനങ്ങളാണുള്ളത്.

ആദിവാസികൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവയും ശ്വാസം മുട്ടലിനു ചികിത്സക്കായി മുതുവനാ വിഭാഗത്തിലെ ആദിവാസികൾ ഉപയോഗിക്കുന്ന കോതക്കിഴങ്ങ്, നിലമ്പൂരിലെ ഇരുള വിഭാഗത്തിൽപ്പെട്ട ആദിവാസികൾ വനത്തിൽനിന്നും ശേഖരിച്ച് ഉപയോഗിച്ചിരുന്ന നോപ്പൻ കിഴങ്ങ്, മരുന്നിന് ഉപയോഗിക്കുന്ന അടപൊതിയൻ കിഴങ്ങ്, ച്യവനപ്രാശത്തിൽ ഉപയോഗിക്കുന്ന ചെങ്ങഴനീർ കിഴങ്ങ് തുടങ്ങിയവയും ഇവിടെയുണ്ട്.

കൂടാതെ 33 ഇഞ്ചി ഇനങ്ങൾ, 47 ഇനം മഞ്ഞൾ എന്നിവയും ഷാജിയുടെ ശേഖരത്തിലുണ്ട്. നീലക്കൂവ, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, പ്രമേഹ ചികിത്സക്കായി ഉപയോഗിക്കുന്ന വീയറ്റ്‌നാം പാവൽ, എരിവ് കൂടിയ ഇനം കാന്താരിയായ മാലി മുളക്, മുല്ലമൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങ ഇഞ്ചി തുടങ്ങിയവയും വളർത്തുന്നുണ്ട്. ചൊറിയൻ ചേമ്പ്, വെട്ട് ചേമ്പ്, കുഴിനിറയൻ ചേമ്പ്, വെളിയൻ ചേമ്പ്, കുടവാഴ ചേമ്പ് തുടങ്ങിയ ഇനങ്ങളും ശ്രദ്ധേയമാണ്. ഇവകൂടാതെ നാടൻ നെല്ലിനങ്ങളുടെ സംരക്ഷകൻകൂടിയാണ് ഷാജി. 52 ഇനം തനി നാടൻ നെല്ലുകൾ സംരക്ഷിക്കുന്നു. ഇപ്പോൾ ഗന്ധകശാല ഇനം നെല്ല് കൊയ്യാൻ തയാറായിക്കൊണ്ടിരിക്കുന്നു. 

shaji-farmer-wayanadu
ഷാജി

പടുതാ കുളത്തിൽ മത്സ്യകൃഷിയും നടത്തി വരുന്നു. കുളത്തിന് മുകളിൽ പന്തലിട്ട് ഫാഷൻ ഫ്രൂട്ട്, നാടൻ കോവൽ എന്നിവയും കൃഷിചെയ്യുന്നു. ചെറുതേൻ, ഞൊടിയൻ എന്നീ രണ്ടിനം തേനീച്ചകളുമുണ്ട്. നാടൻ കോഴികളെയും ഷാജി വളർത്തുന്നുണ്ട്. നാടൻ കോഴികളെ അടവച്ച് കുഞ്ഞുങ്ങളെ ഇറക്കി വിൽക്കുന്നു. 

2018ലെ പ്രളയം ഷാജിക്ക് കനത്ത നഷ്ടമാണ് വരുത്തിയത്. കൃഷിയിടത്തിലെ അപൂർവ ജൈവവൈവിധ്യ ശേഖരം പ്രളയത്തിൽ നഷ്ടപ്പെട്ടു. പല ഇനങ്ങളും മറ്റൊരിടത്തും ലഭ്യമല്ലാത്തതായിരുന്നു. സസ്യവൈവിധ്യം കൂടാതെ വർഷങ്ങളായി സംരക്ഷിച്ചുവന്നിരുന്ന ഒട്ടേറെനിയം തവളകളും പ്രളയത്തിൽ ഒലിച്ചുപോയി. അർധരാത്രിയുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ കുടുംബാംഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി തിരിച്ചെത്തിയപ്പോഴേക്കും പശുക്കൾ കഴുത്തൊപ്പം വെള്ളത്തിലായിരുന്നു. അവയെ രക്ഷിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിച്ചപ്പോഴേക്കും കോഴിയുൾപ്പെടെയുള്ളവയുടെ കൂടുകൾ വെള്ളമെടുത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രളയം ഷാജിക്ക് വരുത്തിവച്ചത്. സർക്കാർ വകുപ്പുകൾ കണക്കുകൾ എടുത്തുകൊണ്ടുപോയെങ്കിലും നാളിതുവരെ നഷ്ടപരിഹാരം ഈ കർഷകനു ലഭിച്ചിട്ടില്ല. 

മാതാപിതാക്കളായ ഇളപ്പുപാറ ജോസും മേരിയും ഭാര്യ ജിജിയും മക്കളായ ഇമ്മാനുവേലും ആൻമരിയയും കൃഷിയിടത്തിൽ സജീവമാണ്. കിഴങ്ങ് വർഗങ്ങളുടെ പ്രാധാന്യം പൊതുസമൂഹം വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ലെന്നും ഭക്ഷ്യസുരക്ഷയിൽ ഇവയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്നുമാണ് ഷാജിയുടെ അഭിപ്രായം. സർക്കാരും കൃഷിഭവനുകളും ഉദ്യോഗസ്ഥരും കർഷകർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചെങ്കിൽ മാത്രമേ കാർഷികമേഖലയിൽ വലിയൊരു മാറ്റം സാധ്യമാകൂ. മാത്രമല്ല യുവാക്കളും കാർഷികമേഖലയിലേക്ക് കടന്നുവരണമെന്നും ഈ കർഷകൻ പറയുന്നു.

ഫോൺ: 9747853969

English summary: Classification Of Tuber Crops, Edible Tuber Crops, Example Of A Tuber Crops, Explain Tuber Crops, Root And Tuber Crops, Root And Tuber Crops List, Tropical Tuber Crops, Tuber And Bulb Crops, Tuber Crop Development, Tuber Crops And Their Uses, Tuber Crops Cultivation, Tuber Crops In India, Tuber Crops In Kerala, Tuber Crops Malayalam, Tuber Crops Names, Tuber Crops Research Centre Trivandrum, Tuber Crops Research Institute, Tuber Crops Research Institute Kerala, Tuber Vegetable Crops, Kappa Kizhangu, Kizhangu English, Kizhangu Gaveshana Kendram Trivandrum, Kizhangu In Malayalam, Kizhangu Vargam

അടപതിയൻ കിഴങ്ങ്, ഉരുള കിഴങ്ങ്, കിഴങ്ങ്, കിഴങ്ങ് കൃഷി, കിഴങ്ങ് ഗവേഷണ കേന്ദ്രം, കിഴങ്ങ് വർഗ്ഗങ്ങൾ, കൊള്ളി കിഴങ്ങ്, നന കിഴങ്ങ്, മധുര കിഴങ്ങ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com