വരുമാനം വഴിമുട്ടിയപ്പോൾ തേരാളിയായത് പോരാളിമത്സ്യം; കലയിൽനിന്ന് കൃഷിയിലേക്കിറങ്ങിയ കലാകാരൻ
Mail This Article
‘കൊട്ടാൻ കൊതിയായതുകൊണ്ട് ഈയിടെ ഒരു പെട്രോൾ പമ്പ് ഉദ്ഘാടനത്തിനു പോയി. കഴിഞ്ഞ മാർച്ചിൽ താഴെ വച്ച ഇലത്താളം വീണ്ടും കയ്യിലെടുത്തത് അന്നാണ്. കലകൊണ്ടു മാത്രം ജീവിക്കാനിറങ്ങിയവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന സാഹചര്യമായിരുന്നു കോവിഡ് സൃഷ്ടിച്ചത്. വാദ്യകലാകാരന്മാരെ സംബന്ധിച്ച്, മേളം സീസണായ വേനൽക്കാലത്തെ വരുമാനം കൊണ്ടു വേണം വർഷകാലം കഴിച്ചുകൂട്ടാൻ. ഈ മേളക്കാലം കോവിഡ് കൊണ്ടുപോയപ്പോൾ ആദ്യമൊന്നു പതറി. പിന്നെയൊന്ന് പോരാടി നോക്കാമെന്നായി. ഇപ്പോൾ നല്ല ധൈര്യം. ഫൈറ്റു ചെയ്യാൻ ഫൈറ്ററുണ്ടല്ലോ കൂടെ.’വർണഭംഗിയുളള ഫൈറ്റർ മത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന ചില്ലു ഭരണികൾക്കിടയിൽനിന്ന് വാദ്യകലാകാരനായ എറണാകുളം ചോറ്റാനിക്കര സ്വദേശി മുരിയമംഗലം രാജു പറയുന്നു.
വിനോദം എന്ന നിലയ്ക്കു മാത്രം അലങ്കാരമത്സ്യയിനമായ ഗപ്പി വളർത്തുന്നുണ്ടായിരുന്നു രാജു. ലോക്ഡൗൺ വന്ന് വരുമാനം വഴിമുട്ടിയപ്പോൾ, ആകെ അഞ്ചര സെന്റ് സ്ഥലം മാത്രമുള്ള രാജുവിന്റെ മനസ്സിൽ ആദ്യം നീന്തിയെത്തിയതും അലങ്കാരമത്സ്യങ്ങൾ തന്നെ. പരിമിതമായ പുരയിടത്തിൽ ഇടം കൊടുക്കാവുന്നത് ഗപ്പിയും ഫൈറ്ററും പോലുള്ള ചെറു മത്സ്യങ്ങൾക്കു മാത്രമെന്ന വസ്തുതയും മുന്നിലുണ്ടായിരുന്നു.
ഫൈറ്റർ മത്സ്യങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന ജനപ്രീതി കണക്കിലെടുത്ത് അതിൽത്തന്നെ ശ്രദ്ധിക്കാമന്നു തീരുമാനിച്ചു. കാണാനഴകുള്ള ഫൈറ്റർ ഇനങ്ങളെയെല്ലാം തേടിപ്പിടിച്ച് ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു. അക്വേറിയം കടക്കാർ അവയെ മൊത്തമായി വാങ്ങാൻ തയാറായതോടെ വരുമാനം പ്രതീക്ഷിച്ചതിലും മുന്നിലെത്തിയെന്നു രാജു. ജോടിക്ക് 40 രൂപ മുതൽ 600 രൂപ വരെയുള്ള ഫൈറ്റർ ഇനങ്ങളാണ് രാജുവിന്റെ ശേഖരത്തിലുള്ളത്. ആയിരങ്ങൾ വില വരുന്ന ഫൈറ്ററുകളുണ്ടെങ്കിലും സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ളവതന്നെ വിറ്റു പോകാൻ എളുപ്പമെന്നു രാജു.
ചെറിയ ചില്ല് / പ്ലാസ്റ്റിക് ഭരണികളിൽ സുഖകരമായി ഫൈറ്റർ വളരും. തീറ്റയും പരിമിതമായി മാത്രം മതി. ചലനത്തിലെ പോരാട്ടവീര്യവും അഴകു തുളുമ്പുന്ന ചിറകും വാലുമെല്ലാം ചേർന്ന ഫൈറ്ററുകൾ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രിയങ്കരമായതിനാൽ ഈ രംഗത്തേക്കു വരുന്നവർക്ക് വിപണനം പ്രയാസമാവില്ലെന്നും രാജു പറയുന്നു.
ഫോൺ: 9061495691
English summary: An Artist turns to fish breeder