103 കോടി പാഴായി, കണ്ണുനീരായി: നീരയ്ക്ക് സംഭവിച്ചത്
Mail This Article
‘വർഷം 50,000 കോടി രൂപ വിറ്റുവരവ്. കുപ്പികളിലോ ടെട്രാപാക്കുകളിലോ 20 രൂപയ്ക്കു കിയോസ്കുകളിലൂടെ വിപണനം...’ സർക്കാരിൽനിന്നു നീരയെക്കുറിച്ച് കേട്ട വായ്ത്താരികളാണ്. കർഷകരേ വരൂ, നീര ഫാക്ടറികൾ തുടങ്ങൂ... എന്ന അഹ്വാനം കേട്ട് പാവം കർഷകരിൽനിന്ന് ഓഹരി പിരിച്ചു തുടങ്ങിയ നീര കമ്പനികളെല്ലാം പൂട്ടി.
കർഷകരുടെ പണം തിരികെ കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കമ്പനി ഭാരവാഹികൾ. നീര ഉൽപാദിപ്പിക്കാൻ 29 കമ്പനികളാണ് കേരളത്തിൽ മുന്നോട്ടു വന്നത്. ഈ കമ്പനികളെല്ലാം ചേർന്ന് 103 കോടി രൂപ മുതൽമുടക്കി. അതിൽ 53 കോടിയാണു കർഷകരിൽനിന്ന് ഓഹരിസമാഹരിച്ചത്. കെഎഫ്സിയിൽനിന്ന് കടമെടുത്തത് 17 കോടി. നീരയ്ക്കുവേണ്ടി ചോര നീരാക്കി പരിശ്രമിച്ച നാളികേര കർഷകർക്കെല്ലാം കടംകേറിയതല്ലാതെ ഒരു നേട്ടവുമുണ്ടായില്ല. ചിലർ വെളിച്ചെണ്ണ, കയർ വ്യവസായങ്ങളിലേക്കു മാറി.
ഭരണകക്ഷിക്കു താൽപര്യം കള്ളിനോട്
ടെട്രാപാക്കിൽ നീര നൽകിയാൽ ഏറ്റെടുക്കാൻ പാർലെ പോലുള്ള വൻകിട ശീതളപാനീയ കമ്പനികൾ തയാറായിരുന്നു. പക്ഷേ, ടെട്രാപാക്കുകൾ ഉണ്ടാക്കാനുള്ള പ്ലാന്റിനു സഹായധനം ലഭിക്കാൻ കൃഷിവകുപ്പ് അനുമതി നൽകിയില്ല. 2 വർഷമായി അതിനുള്ള അപേക്ഷ കെട്ടിക്കിടക്കുകയാണ്.
നീര ഉൽപാദന കമ്പനികളുടെ കൺസോർഷ്യത്തിന് ഈ അനുമതി കിട്ടിയിരുന്നെങ്കിൽ ടെട്രാപാക്ക് പ്ലാന്റ് സ്ഥാപിക്കാൻ കിഫ്ബിയിൽനിന്ന് 18 കോടി വായ്പ നൽകാമെന്ന് ധനമന്ത്രി തോമസ് ഐസക് വാഗ്ദാനം നൽകിയിരുന്നു. 25 കോടിയാണ് ഫാക്ടറി സ്ഥാപിക്കാനുള്ള ചെലവ്. കൃഷിവകുപ്പിൽനിന്ന് അനുമതി ഉത്തരവ് പ്രതീക്ഷിക്കേണ്ടെന്ന് അനൗപചാരികമായി അറിയിച്ചിരുന്നു. കാരണം ഇത്രമാത്രം– ഭരണകക്ഷികൾക്ക് നീരയോട് താൽപര്യമില്ല, കള്ള് വ്യവസായത്തോടാണ് താൽപര്യം. നീര വളരുന്നത് കള്ള് വ്യവസായത്തിന് എതിരാകുമെന്ന് അവർ കരുതുന്നു.
നീര വേഗം പുളിച്ച് മധുരക്കള്ളായി മാറുകയും ചെയ്യും. അങ്ങനെ കിട്ടുന്ന മധുരക്കള്ള് കള്ളുഷാപ്പ് കരാറുകാർക്ക് വിൽക്കാൻ അനുമതിയില്ല. നീരയിൽനിന്ന് വൈനും വിനാഗിരിയും ഉണ്ടാക്കുകയാണ് ശ്രീലങ്കയും ഫിലിപ്പീൻസും ചെയ്യുന്നത്. ഇവിടെ അതിനും സാധിക്കില്ല.
മുഖത്ത് നോക്കാനാകാതെ
സ്വകാര്യ സംരംഭകരല്ല നീരയുമായി ഇറങ്ങിത്തിരിച്ചത്, നാളികേര കർഷകരാണ്. അവരിൽനിന്നുതന്നെ കമ്പനി ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും സജീവമായിരുന്ന 12 കമ്പനികളിൽത്തന്നെ 120 ഡയറക്ടർമാരുണ്ട്. മിക്കവരും 65 വയസ് കഴിഞ്ഞ കർഷകർ. സമൂഹത്തിൽ മാന്യമായ സ്ഥാനമുള്ള അവർക്ക് വയസുകാലത്ത് ഓഹരി പിരിവ് നൽകിയ കർഷകരെ അഭിമുഖീകരിക്കാൻ കഴിയാതായി എന്നതാണ് നീരയുടെ ദുരന്തം.
English summary: Neera production plant crisis