കേരളീയർക്കും അഭിമാനിക്കാം, കോവാക്സിന് പിന്നിലുമുണ്ട് മലയാളി
Mail This Article
കോവിഡ്19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം വാക്സിന് ഉപയോഗിച്ചുതുടങ്ങി. എന്നാല്‍, രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിനായ കോവാക്സിനു പിന്നിലുമുണ്ട് ഒരു മലയാളി, ചങ്ങനാശേരിക്കാരി ഡോ. ജോമി ജോസ്. പുതിയ മരുന്നുകളുടെയും വാക്സിനുകളുടെയും രാസസംയുക്തങ്ങളുടെയുമെല്ലാം സുരക്ഷാ പരിശോധന നടത്തുന്ന പ്രീക്ലിനിക്കല്‍ വിഭാഗമാണ് ഡോ. ജോമിയുടെ കര്‍മമണ്ഡലം. ഈ വനിതാദിനത്തില്‍ ഡോ. ജോമിയെ വായനക്കാര്‍ക്കു മുന്പില് കര്‍ഷകശ്രീ പരിചയപ്പെടുത്താനുമുണ്ട് ഒരു കാരണം, ഡോ. ജോമി ഒരു വെറ്ററിനറി ഡോക്ടറാണ്.
മരുന്നുകളുടെ പ്രീക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തുന്ന ഹൈദരാബാദിലെ ആര്‍സിസി ലബോറട്ടറീസിന്റെ രോഗലക്ഷണ ശാസ്ത്രം (Pathology) വിഭാഗം മേധാവിയാണ് ഡോ. ജോമി. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്-19 വാക്സിനായ കോവാക്സിന്റെ പ്രീക്ലിനിക്കല്‍ പഠനങ്ങള്‍ വഴി മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍സ് നടത്താന്‍ യോഗ്യമാണെന്ന് കണ്ടെത്തുകയാണ് ജോമിയും സംഘവും ചെയ്തത്. പ്രീക്ലിനിക്കല്‍ വിഭാഗത്തില്‍നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചതിനുശേഷം മാത്രമേ മനുഷ്യര്‍ക്കായി മരുന്നുകള്‍ പുറത്തിറക്കാന്‍ കഴിയൂ.
മരുന്നുകള്‍ മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്നതാണ് പ്രീക്ലിനിക്കല്‍ പഠനത്തിലുള്ളത്. മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും പ്രതികൂല പ്രശ്നങ്ങള്‍ ഉണ്ടോ, ഉണ്ടെങ്കില്‍ എന്തൊക്കെ എന്നിവയെല്ലാം സൂക്ഷ്മമായി ഈ പഠനത്തിലൂടെ കണ്ടെത്തും. കോവാക്സിന് വിജയകരമായിത്തന്നെയാണ് കമ്പനി വികസിപ്പിച്ചെടുത്തത്. എന്നാല്‍, അത് മനുഷ്യരിലേക്ക് എത്തുന്നതിനു മുന്‍പ് പ്രീക്ലിനിക്കല്‍ പഠനങ്ങള്‍ ആവശ്യമാണ്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡാര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് പോലുള്ള റെഗുലേറ്ററി ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന രീതിയില്‍ത്തന്നെയാണ് പഠനങ്ങളെന്ന് ഡോ. ജോമി പറയുന്നു.
മണ്ണുത്തി വെറ്ററിനറി കോളജില്‍നിന്ന് വെറ്ററിനറി ബിരുദം നേടിയ ഡോ. ജോമി, മദ്രാസ് വെറ്ററിനറി കോളജില്‍നിന്ന് വെറ്ററിനറി പതോളജിയില്‍ ബിരുദാനന്തര ബിരുദത്തിനുശേഷം ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലേക്ക് കടക്കുകയായിരുന്നു. ബെംഗളൂരുവിലെ അഡ്വിന്സ് തെറാപ്യൂട്ടിക്സ് എന്ന സ്ഥാപനത്തിലായിരുന്നു തുടക്കം. പിന്നീട്, ഹൈദരാബാദിലെ വിംറ്റ ലാബ്സിലേക്കു മാറി. പതോളജി മേഖലയിലേക്കുകൂടി വിംറ്റ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന അവസരത്തിലാണ് ജോമി കമ്പനിയുടെ ഭാഗമായത്. ഏകദേശം 9 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അവിടം വിട്ടത്. മൂന്നു വര്‍ഷമായി ആര്‍സിസിയുടെ ഭാഗമാണ്. 300ല്‍പ്പരം പ്രീക്ലിനിക്കല്‍ പഠനത്തിന്റെ ഭാഗമായിട്ടുള്ള ഡോ. ജോമി വിവിധ റെഗുലേറ്ററി അഥോറിറ്റികളുടെ മുന്‍പാകെ ഒട്ടേറെ പതോളജി റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പാട്ട് ജോസഫ് മാത്യുമറിയാമ്മ ദമ്പതികളുടെ മകളാണ് ജോമി. വെറ്ററിനറി ഡോക്ടറായ തോമസ് വിജോ ജോയിയാണ് ഭര്‍ത്താവ്. മക്കള്‍: ദിയ, റോണ്‍.
English summary: Dr. Jomy Jose performed Preclinical studies for COVAXIN which is India's first indigenous COVID-19 vaccine