ADVERTISEMENT

തള്ളപ്പന്നിയുടെ തേറ്റ കൊണ്ടു മുറിവേറ്റ് ശ്വാസകോശം പുറത്തു വന്ന പന്നിക്കുഞ്ഞിന് പുനര്‍ജന്മം. കൂട്ടിക്കല്‍ മുണ്ടപ്പള്ളി പാലൂര്‍  അനി(ഷിബി)യുടെ വീലുണ്ടായ പന്നിക്കുഞ്ഞിനാണു ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം കുത്തേറ്റത്. പറത്താനം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നെല്‍സണ്‍ മാത്യുവാണ് പന്നിക്കുഞ്ഞിനു ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ചുനല്‍കിയത്. 

നാലു ദിവസം മുന്‍പായിരുന്നു പന്നിക്കുഞ്ഞിന്‌റെ ജനനം. രാവിലെ മുതല്‍ പ്രസവലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ അമ്മപ്പന്നി പ്രസവിച്ചത് രാത്രി പത്തോടെയാണ്. പ്രസവിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സ്വഭാവം കാണിച്ചിരുന്നെന്ന് അനി. 10ന് പ്രസവം തുടങ്ങിയത് പൂര്‍ത്തിയായപ്പോള്‍ പുലര്‍ച്ചെ 2 ആയി. അമ്മപ്പന്നി ആക്രമിക്കുമോ എന്ന് ഭയന്നിരുന്നതിനാല്‍ കുഞ്ഞുങ്ങളെ ഒരു ബോക്‌സിലേക്കു മാറ്റിയശേഷമാണ് അനി ഉറങ്ങാന്‍ പോയത്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോള്‍ കാണുന്നത് ശ്വാസകോശം വാരിയെല്ലു വഴി പുറത്തേക്ക് തള്ളിയ നിലയില്‍ വേദനകൊണ്ടു പിടയുന്ന പന്നിക്കുഞ്ഞിനെയാണ്. ഇടയ്ക്ക് ബോക്‌സില്‍നിന്ന് പുറത്തുചാടി അമ്മപ്പന്നിയുടെ അടുത്തേക്കു ചെന്നപ്പോള്‍ ആക്രമിച്ചതാവാനാണ് സാധ്യത.

pig
ശ്വാസകോശം പുറത്തുവന്ന നിലയില്‍ പന്നിക്കുഞ്ഞ്. ഇന്‍സെറ്റില്‍ ഡോ. നെല്‍സണ്‍.

ഡോ. നെല്‍സണെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുചെല്ലാന്‍ നിര്‍ദേശിച്ചു. ഉടന്‍തന്നെ വാഹനം വിളിച്ച് പന്നിക്കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ജനിച്ചിട്ട് അപ്പോള്‍ 12 മണിക്കൂര്‍ പ്രായം ആയിട്ടില്ല. അനസ്‌തേഷ്യ നല്‍കി ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ ശ്വാസകോശം വാരിയെല്ലു വഴി അകത്താക്കി തുന്നിക്കെട്ടി. എങ്ങനെ പന്നിക്കുഞ്ഞ് മണിക്കൂറുകളോളം ജീവന്‍ നിലനിര്‍ത്തിയെന്ന് ഡോക്ടര്‍ക്കും അത്ഭുതം. 

രണ്ടു പതിറ്റാണ്ടായി ചെറിയ തോതില്‍ പന്നിവളര്‍ത്തല്‍ നടത്തുന്ന ഷിബി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പന്നിവളര്‍ത്തല്‍ വിപുലീകരിച്ചത്. കൂടുകളും മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളുമെല്ലാം ഒരുക്കി ലൈസന്‍സ് നേടിയായിരുന്നു ശാസ്ത്രീയമായുള്ള പന്നിവളര്‍ത്തല്‍. അറുപതോളം പന്നികളും അങ്ങനെ ഷിബിയുടെയും ഭാര്യ എം.ആര്‍. പ്രീതിമോളുടെയും പാലൂര്‍ പിഗ് ഫാമിലെത്തി. 

pig-farmer
ഷിബിയും ഭാര്യ പ്രീതിമോളും പന്നിഫാമില്‍.

പത്തനംതിട്ടയില്‍നിന്നായിരുന്നു പന്നികള്‍ക്കാവശ്യമായ മിച്ചഭക്ഷണം കൊണ്ടുവന്നിരുന്നത്. പത്തനംതിട്ടയില്‍നിന്ന് മുണ്ടക്കയം വരെ എത്തിച്ചുതരുന്ന പന്നികള്‍ക്കുള്ള ഭക്ഷണം സ്വന്തമായി വാഹനമില്ലാത്തതിനാല്‍ കൂലിക്ക് വാഹനം വിളിച്ചായിരുന്നു ഫാമില്‍ എത്തിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതോടെ കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. പത്തനംതിട്ട പൂര്‍ണമായി അടച്ചതോടെ ഭക്ഷണം വഴിമുട്ടി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. 150 കിലോ തൂക്കമുണ്ടായിരുന്ന പന്നികള്‍ മെലിഞ്ഞ് 80 കിലോയിലേക്കെത്തി. ഒടുവില്‍ അവയെ ഇറച്ചിക്ക് വിറ്റൊഴിവാക്കേണ്ടിവന്നു. പ്രജനനാവശ്യത്തിനായി വളര്‍ത്തിയ പന്നികളെ ഇറച്ചിക്ക് വില്‍ക്കേണ്ട അവസ്ഥ വന്നെന്ന് ഷിബി. അന്ന് കുഞ്ഞുങ്ങള്‍ ജനിച്ചെങ്കിലും ഒന്നുംതന്നെ രക്ഷപ്പെട്ട് കിട്ടിയില്ലെന്നും വേദന നല്‍കുന്ന കാര്യമെന്ന് ഷിബി.

ലോക്ഡൗണ്‍ പ്രതിസന്ധി മാറിയശേഷം പന്നിവളര്‍ത്തലിലേക്ക് വീണ്ടും തിരിഞ്ഞിരിക്കുകയാണ് ഷിബി. കൈവശമുണ്ടായിരുന്ന ഏതാനും പന്നികള്‍ക്കു പുറമേ ഡോ. നെല്‍സണ്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പെടുത്തി നല്‍കിയ പന്നികളും ഇപ്പോള്‍ ഫാമിലുണ്ട്. വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന പിന്തുണയും മറ്റു കര്‍ഷകര്‍ പകര്‍ന്നുനല്‍കുന്ന അറിവുകളുമാണ് തന്നെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നതെന്നും ഷിബി. അതുകൊണ്ടുതന്നെ ഒരു കുഞ്ഞ് നഷ്ടപ്പെടുക എന്നത് വലിയ നഷ്ടമാണെന്നും ഷിബി പറയുന്നു. 

pig-farmer-1
ഷിബിയും ഭാര്യ പ്രീതിമോളും പന്നിഫാമില്‍.

പന്നി ഫാം വീണ്ടും നല്ലരീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി മുദ്രാ വായ്പയ്ക്ക് ഷിബി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഭാര്യ പ്രീതിമോളുടെ പേരിലാണ് ഫാം ലൈസന്‍സ്. അതുകൊണ്ട് പ്രീതിമോളുടെ പേരിലാണ് വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. എസ്ബിഐ കൂട്ടിക്കല്‍ ബാങ്ക് മാനേജര്‍ ഡി. ദിനേശ്കുമാര്‍ ഇതിന് തങ്ങളെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഷിബിയും ഭാര്യ പ്രീതിയും. 

ഡോക്ടര്‍ അത്ഭുതപ്പെടാന്‍ കാരണം ഇതാണ്:

മനുഷ്യന്‍ അടക്കമുള്ള ജീവികളില്‍ ശ്വാസകോശവും ഹൃദയവുമുള്‍പ്പടെയുള്ള അവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത് തൊറാസിക് കാവിറ്റി എന്ന അറയിലാണ്. നെഗറ്റീവ് പ്രഷര്‍ എന്ന അവസ്ഥയിലാണ് ഇവയുടെ നിലനില്‍പ്പ്. മുറിവോ മറ്റോ സംഭവിച്ച് പുറത്തുനിന്നുള്ള വായു അകത്തേക്കു കടന്നാല്‍ ബോധം മറഞ്ഞ് തല്‍ക്ഷണം മരണം സംഭവിക്കും. ആ കുഞ്ഞുജീവനില്‍ അങ്ങനെ സംഭവിച്ചില്ലെന്ന് ഡോ. നെല്‍സണ്‍ പറയുന്നു. അതാണു മിറക്കിള്‍!

ഷിബി: 9605939122

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com