ADVERTISEMENT

കൃഷിയും മൃഗപരിപാലനവും അടക്കമുള്ള മനുഷ്യന്റെ പ്രകൃതിയിലെ എല്ലാവിധ ഇടപെടലുകളും പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ഏറിയോ കുറഞ്ഞോ സ്വാധീനിക്കുന്നതാണ്. ചൈനക്കാര്‍ നിര്‍മിച്ച ത്രീഗോര്‍ഗസ്സ് അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗത്തെ തന്നെ സ്വാധീനിക്കാന്‍ കഴിയുന്നത്ര വലുതാണ്.

20-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കുടിയിറക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നം. ആ മനുഷ്യരായിരുന്നു പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഏറ്റവുമധികം മുറവിളികൂട്ടിയത്. 21-ാം നൂറ്റാണ്ടിലാകട്ടെ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ജീവിതമാര്‍ഗങ്ങള്‍ തുടര്‍ച്ചയായി പരിമിതപ്പെടുത്തപ്പെടുന്നവരുടെ ശബ്ദമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അന്ന് പരിസ്ഥിതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഇന്ന് പരിസ്ഥിതി വിരുദ്ധരാണ്.

ഗ്ലോബല്‍ പാരിസ്ഥിതിക ഫൂട്ട് പ്രിന്‌റ് (Ecological Foot Print) 1.7 മടങ്ങ് ആണ്. അതായത് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് അവര്‍ ഇന്ന് പിന്തുടരുന്ന ശരാശരി ജീവിതശൈലി തുടര്‍ന്നുപോകാന്‍ 1.7 മടങ്ങ് ഭൂമി വേണം. വേറൊരുതരത്തില്‍ പറഞ്ഞാല്‍ ഓരോ വര്‍ഷവും ഓഗസ്റ്റോടെ ഓരോരുത്തരും അവരവര്‍ക്ക് അര്‍ഹമായ വിഭവങ്ങളുടെ ക്വാട്ട തീര്‍ത്തിട്ടുണ്ടാവും. 2017ല്‍ ഇത് ഓഗസ്റ്റ് 2 ആയിരുന്നു. ഇതിനെ 'എര്‍ത്ത് ഓവര്‍ ഷൂട്ട് ഡേ' എന്നു പറയും. വര്‍ഷം തോറും ആ തീയതി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ 2020ല്‍ അത് ഓഗസ്റ്റ് 22 ആയിരുന്നു. അതിന് മുഖ്യകാരണം കൊറോണ വൈറസ് ആണെന്നാണ് പറയുന്നത്. ഡിസംബര്‍ 31 വരെ പോകണമെങ്കില്‍ ഓരോരുത്തരും തന്റെ ജീവിതശൈലിയില്‍ 1.7ല്‍നിന്ന് 0.7 വീതം കുറയ്ക്കണം.

ഇന്ത്യക്കാര്‍ ഇങ്ങനെ ചെയ്താല്‍ പിന്നെ അവര്‍ക്ക് ജീവിതമുണ്ടാവില്ല. കാരണം അവരുടെ ഇപ്പോഴത്തെ പാരിസ്ഥിതിക ഫൂട്ട് പ്രിന്‌റ് 0.7 മാത്രമേയുള്ളൂ. ഇതു ശരാശരിയാണെന്നോര്‍ക്കണം. അതായത് പകുതിയിലേറെ ഇന്ത്യക്കാരുടെ ഫൂട്ട് പ്രിന്‌റ് ലോകത്തിന്‌റ് പാദത്തിനും എത്രയോ അടിയിലായിരിക്കും. അവര്‍ക്ക് കുറയ്ക്കാന്‍ ഒരു ജീവിതം പോലും ഉണ്ടാവില്ല.

കേരളത്തിലെ മലയോരവാസികളാണ് ഈ കാര്യത്തില്‍ മാതൃക കാണിക്കുന്നത്. ആഴ്ചയില്‍ ഏതാണ്ട് ഒന്ന് എന്ന കണക്കിന് അവരിപ്പോള്‍ സ്വജീവന്‍ പരിസ്ഥിതിക്ക് ബലിയായി നല്‍കുന്നുണ്ട്. സ്വന്തം ജീവന്‍ തരപ്പെട്ടില്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ ജീവനെങ്കിലും ഉറപ്പാണ്. പലര്‍ക്കും ഇതു രണ്ടും തമ്മില്‍ വ്യത്യാസമൊന്നുമില്ല.

കഴിഞ്ഞയാഴ്ച വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റില്‍ സര്‍ക്കാര്‍ വളര്‍ത്തുന്ന കടുവ അതിര്‍ത്തിയിലെ കര്‍ഷകന്റെ പശുവിനെ കൊന്നുതിന്നുകയുണ്ടായി. വനംവകുപ്പ് വാഹനത്തിന്റെ ചക്രത്തിനടിയില്‍ തലവെച്ചു കിടന്നാണ് കര്‍ഷകന്‍ പ്രതിഷേധിച്ചത്. അയാള്‍ക്ക് ആ പശു ഒരു മൃഗം മാത്രമല്ല അയാളുടെയും കുടുംബത്തിന്റെയും ജീവിതം കൂടിയാണ്.

മലയാളിയെ സംബന്ധിച്ചേടത്തോളം പരിസ്ഥിതി സംരക്ഷണം എന്നാല്‍ പശ്ചിമഘട്ട സംരക്ഷണമാണ്. ഏകരക്ഷകന്‍ മാധവ് ഗാഡ്ഗിലും. അതിലപ്പുറത്തേക്ക് അവരുടെ പാരിസ്ഥിതീകാവബോധം നീളില്ല.

ഗ്ലോബല്‍ ഏക്കോളജിക്കല്‍ ഫൂട്ട് പ്രിന്റാണ് ഒന്നാമത്തെ ചിത്രത്തില്‍. ഓരോ രാജ്യങ്ങള്‍ക്കും അവരുടെ ഇന്നത്തെ ജീവിതരീതി ലോകം മുഴുവന്‍ പിന്തുടരുകയാണെങ്കില്‍ ആവശ്യമായ ഭൂമികളുടെ എണ്ണം ആണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കക്കാരുടെ ഇന്നത്തെ ജീവിതശൈലി ലോകമെങ്ങും നിലനിര്‍ത്തണമെങ്കില്‍ അഞ്ച് ഭൂമികള്‍ വേണ്ടിവരും. പാരിസ്ഥിതിക മൂലധനത്തിനുമേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം കണക്കുകൂട്ടുന്നതിനുള്ള ഒരു രീതിയാണ് എക്കോളജിക്കല്‍ ഫൂട്ട് പ്രിന്റ്.

അമേരിക്കയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും ബെല്‍ജിയത്തിലും ഫിലിപ്പീന്‍സിലുമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫൂട്ട് പ്രിന്റ് നെറ്റ്‌വര്‍ക്ക് എന്ന എന്‍ജിഒ ആണ് ഇത് കണക്കാക്കുന്നത്. ഇവരുടെ ആസ്ഥാനം കലിഫോര്‍ണിയയാണ്. വേള്‍ഡ് വൈഡ് ഫണ്ട് പോലുള്ള 70ല്‍പ്പരം സംഘടനകളുമായി യോജിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഭൂമികൊണ്ടുതന്നെ ഇന്നുള്ള 'മനുഷ്യര്‍ക്ക് മുഴുവനും നന്നായി' ജീവിക്കാന്‍ അവസരമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ഓരോ വര്‍ഷവും അവര്‍ 200 രാജ്യങ്ങളുടെ National Footprint and Biocapacity Accounts കണക്കാക്കും. 15,000 ഡാറ്റാ പോയിന്റുകളെ അടിസ്ഥാനമാക്കിയാണ് ഇതു ചെയ്യുന്നത്. ഇക്വഡോര്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കൊറിയ, ഫിലിപ്പീന്‍സ്, റഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ വികസന നയങ്ങള്‍ രൂപീകരിക്കുന്നതിന് ഇവരുടെ ഡാറ്റ ഉപയോഗപ്പെടുത്തുന്നുണ്ട്.

English summary:  Importance of Ecological Footprint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com