കശുവണ്ടി കിളിർത്താലും കാശ്; കിളിർപ്പിച്ച കശുവണ്ടിയുമായി യുവ സംരംഭകൻ
Mail This Article
ലോക്ഡൗൺ കാലത്തു ജോലി നഷ്ടപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ഇന്ന് കാർഷിക സംരംഭകനാണ്. ജീവിതം തളിർക്കാൻ ഈ എൻജിനീയർ മാർഗം കണ്ടെത്തിയത് മുളപ്പിച്ച കശുവണ്ടിയുടെ വിപണി സാധ്യതയിലൂടെയാണ്. കണ്ണൂർ ഉളിക്കൽ സ്വദേശി ബ്രിജിത്ത് കൃഷ്ണയാണ് മഴയിൽ കുതിർന്ന കശുവണ്ടിക്കു വിപണിയിൽ പുതുവഴി കണ്ടെത്തിയത്. ഭാര്യ ശ്രീഷ്മയും സംരംഭത്തിൽ സജീവമായി പിന്തുണയ്ക്കുന്നുണ്ട്. ‘ഈറ്ററി മലബാറിക്കസ്’ എന്ന പേരിലാണ് കാർഷിക സർവകലാശാലയുടെ കീഴിലെ അഗ്രോ സ്റ്റാർട്ടപ്പിന്റെ പേര്. കേന്ദ്ര സർക്കാരിന്റെ റാബി–റഫ്താർ പദ്ധതിയിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നു. പിന്നാലെ ജോലി നഷ്ടപ്പെട്ടു. വീട്ടിൽ സൂക്ഷിച്ചിരുന്ന കശുവണ്ടിയുടെ വിൽപന പോലും മുടങ്ങി. ഇതോടെയാണ് മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യതയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. മൺസൂൺ കാലത്തെ നനഞ്ഞ കശുവണ്ടിയെ മുളപ്പിച്ചാണ് പരീക്ഷണങ്ങൾക്കു തുടക്കം കുറിച്ചത്. തൃശൂർ കാർഷിക സർവകലാശാലയിലെ അധികൃതരുടെ പിന്തുണയും ഇദ്ദേഹത്തിനു ലഭിച്ചു. ഇതു വിജയമായി. രുചികരമായ ഭക്ഷ്യവസ്തുവെന്ന നിലയിൽ പ്രദേശികമായി ഉപയോഗിച്ചിരുന്ന കശുവണ്ടി മുളപ്പിച്ചതിനെ ബ്രിജിത്ത് പാക്ക് ചെയ്തു വിപണിയിലിറക്കി.
വിപണിയിലേക്ക്
സാലഡായും കറിയായും ഉപയോഗിക്കാവുന്ന മുളപ്പിച്ച കശുവണ്ടിക്ക് പോഷകമൂല്യവും കൂടുതലാണെന്ന് ബ്രിജിത്ത്. മഴക്കാലം കഴിഞ്ഞാൽ നനഞ്ഞ കശുവണ്ടി ലഭിക്കില്ല എന്നത് പ്രശ്നമായി വന്നു. ഇക്കാര്യത്തിൽ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ സഹായങ്ങൾ ലഭിച്ചു. ‘കാഷ്യൂ സ്പ്രൗട്ട്’ എന്ന പേരിലാണ് മുളപ്പിച്ച കശുവണ്ടി വിപണിയിലെത്തിച്ചിട്ടുള്ളത്. വീട്ടിലെ കശുവണ്ടി പോരാതെ വന്നപ്പോൾ കിലോയ്ക്ക് 80 രൂപ നിരക്കിൽ ഒരു ടൺ കശുവണ്ടി സംഭരിച്ചു. മാടകക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രത്തിൽനിന്ന് ആവശ്യാനുസരണം അവ ലഭിക്കുകയും ചെയ്തു.
മുളപ്പിച്ച കശുവണ്ടി 5 ദിവസം വരെ ശീതീകരിച്ച സാഹചര്യത്തിൽ കേടുകൂടാതെ ഇരിക്കും. മഴക്കാലത്ത് ലഭിക്കുന്ന കശുവണ്ടി(മഴയണ്ടി) മുളച്ചു വരുമ്പോൾ 2 ബീജപത്രങ്ങൾ വശങ്ങളിലേക്ക് വരും. ഇവ അടർത്തി മാറ്റിയാണ് പാക്ക് ചെയ്യുന്നത്.
കൂടുതൽ ഗവേഷണങ്ങൾ
മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽനിന്നാണ് ബ്രിജിത്തിന് സംഭരണത്തിനും ഉൽപാദനത്തിനുമുള്ള സാങ്കേതിക സഹായങ്ങൾ ലഭിച്ചത്. അസി. പ്രഫ. ജലജാ മേനോന്റെ നിർദേശങ്ങൾ ഏറെ സഹായകമായെന്ന് ബ്രിജിത്ത് കൃഷ്ണ പറയുന്നു. ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചാൽ കശുവണ്ടിയുടെ കിളിർപ്പു ശേഷി കൂടുതൽ കാലം നിലനിർത്താമെന്ന് കണ്ടെത്തി ആ രീതിയിലാണ് ചെയ്യുന്നത്. ചണച്ചാക്കിൽ കെട്ടിയാണ് കശുവണ്ടി സൂക്ഷിക്കുക. അതിനു ശേഷം പ്ലാസ്റ്റിക് പാത്രങ്ങളും ചകിരിച്ചോറും തയാറാക്കി അതിൽ മുളപ്പിക്കും. രണ്ടാഴ്ചയോളമാണ് മുളയ്ക്കാനെടുക്കുക. ശേഷം പരിപ്പ് വേർതിരിച്ചെടുക്കും.
ഒരു കിലോയ്ക്ക് വില 700!
മൂന്നു കിലോ കശുവണ്ടി മുളപ്പിച്ചാലാണ് വിപണന യോഗ്യമായ ഒരു കിലോ ലഭിക്കുന്നത്. ഇതിന്റെ വില 700 രൂപ. 100 ഗ്രാമിന്റെ വില 90 രൂപയാണ്. കോഴിക്കോട്, കൊച്ചി നഗരങ്ങളിലെ പല ഹോട്ടലുകളിലെയും മെനുവിലും ഈ കാഷ്യൂ സ്പ്രൗട്ട് ഇടം പിടിച്ചു കഴിഞ്ഞു. 100 ഗ്രാം സാധാരണ കശുവണ്ടിയിലടങ്ങിയിരിക്കുന്ന കാത്സ്യം, നാരുകൾ, ഇരുമ്പ്, അമിനോ അമ്ലങ്ങൾ ഇവയെല്ലാം ഏതാണ്ട് ഇരട്ടിയോളം അളവിൽ മുളപ്പിച്ചവയിൽ അടങ്ങിയിട്ടുണ്ടെന്നും ബ്രിജിത്ത് പറഞ്ഞു.
ദേശീയ സെമിനാറിലേക്ക് ക്ഷണം
കൃഷി മന്ത്രാലയയത്തിനു കീഴിലെ കാഷ്യൂനട്ട് ആൻഡ് കൊക്കോ വികസന ഡയറക്ടറേറ്റ് ഗോവയിൽ നടത്തിയ ദേശീയ സെമിനാറിൽ ‘കശുവണ്ടി മേഖലയിലെ വികസനം: വെല്ലുവിളികളും വികസനവും’ എന്ന വിഷയത്തിൽ തന്റെ സംരംഭത്തെക്കുറിച്ച് വിഷയാവതരണത്തിനും ബ്രിജിത്തിന് അവസരം ലഭിച്ചു. ചെറുകിട കർഷകർക്ക് വീടിന്റെ ടെറസിൽ പോലും ചെറിയ അളവിൽ തുടങ്ങി വിജയിപ്പിക്കാവുന്ന സംരംഭമാണിതെന്ന് ബ്രിജിത്ത് പറയുന്നു.
ഫോൺ: 9447178995
English summary: Unsold cashew sprouts: Youth turns to new agriculture startup