ഉരുക്കു വെളിച്ചെണ്ണ തേടിയിറങ്ങി സംരഭകരായി മാറി ദമ്പതികൾ
Mail This Article
നവജാതയായ പേരക്കുട്ടിയെ തേച്ചു കുളിപ്പിക്കാൻ ശിശുരോഗ വിദഗ്ധൻ നിർദേശിച്ച തേങ്ങാപ്പാൽ വേവിച്ചുണ്ടാക്കിയ എണ്ണയ്ക്കായുള്ള അന്വേഷണമാണ് ഇരിങ്ങാലക്കുട കാട്ടൂരിലുള്ള ടെസ്സി ജോസിനെ ഉരുക്കു വെളിച്ചെണ്ണ നിർമാണത്തിലെത്തിച്ചത്.
ഉരുക്കു വെളിച്ചെണ്ണ തേടി 2015ൽ ഇരിങ്ങാലക്കുട, തൃശൂർ മേഖലയിലെ മിക്ക കടകളിലും സൂപ്പർ മാർക്കറ്റുകളിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മകൾ പ്രസവശുശ്രൂഷ കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം തിരികെപ്പോകുന്നതുവരെ ഉരുക്കുവെളിച്ചെണ്ണ പുരട്ടി കുഞ്ഞിനെ കുളിപ്പിക്കാൻ കഴിയാഞ്ഞതിന്റെ ദുഃഖമാണ് ടെസ്സിയെ സംരംഭകയാക്കിയത്.
നീണ്ട 20 വർഷത്തെ മുംബൈ ജീവിതത്തിനുശേഷം നാട്ടിലെത്തിയപ്പോഴായിരുന്നു ഉരുക്കു വെളിച്ചെണ്ണ തേടിയുള്ള യാത്രയും സംരംഭകയാകാനുള്ള തീരുമാനവും. മുംബൈയിൽ ഇലക്ട്രീഷ്യനായിരുന്ന ജോസും ഭാര്യയുടെ തീരുമാനത്തെ തുണച്ചു.
കുടുംബത്തിലെ പ്രായമായ അമ്മമാരോടു ചോദിച്ചും ഗൂഗിളിൽ പരതിയും ഒടുവിൽ ഉരുക്കു വെളിച്ചെണ്ണ തയാറാക്കിയെങ്കിലും ഗുണമേന്മയിൽ തൃപ്തി വന്നില്ല ടെസ്സിക്ക്. അങ്ങനെയിരിക്കെ 2016ൽ നാളികേര വികസന ബോർഡിന്റെ ആലുവ വാഴക്കുളത്തുള്ള നാളികേര ഉൽപന്ന നിർമാണ പരിശീലനകേന്ദ്രത്തെക്കുറിച്ച് അറിഞ്ഞു. തുടർന്ന് അവിടെ ഉരുക്കു വെളിച്ചെണ്ണ, സ്ക്വാഷ്, അച്ചാർ തുടങ്ങിയവ ഉണ്ടാക്കുന്നതിൽ പരിശീലനം നേടി. അതിനുശേഷം തയാറാക്കിയ ഉരുക്കു വെളിച്ചെണ്ണ സിഡിബിയുടെ ലാബിൽ പരിശോധിപ്പിച്ച് ഗുണമേന്മയുള്ള ഉൽപന്നമെന്ന സാക്ഷ്യപത്രവും നേടി.
ഉരുക്കു വെളിച്ചെണ്ണ തയാറാക്കുമ്പോൾ ബാക്കിയാകുന്ന പീരയും തേങ്ങാപ്പാൽ വറ്റിക്കുമ്പോഴുണ്ടാകുന്ന കക്കനും തലവേദനയായി. ഇവയെന്തു ചെയ്യാൻ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം നടത്തുന്ന നാളികേരോൽപന്ന മൂല്യവർധന പരിശീലനത്തെക്കുറിച്ച് വാട്സാപ്പ് സന്ദേശം കണ്ടത്. തുടർന്ന് മൂന്നുദിവസത്തെ പരിശീലന പരിപാടിയിൽ ചേർന്നു. 2018ല്‍ ആയിരുന്നു കെവികെയിലെ പരിശീലനം. ഉരുക്കു വെളിച്ചെണ്ണയ്ക്കു പുറമെ കക്കനിൽനിന്നും ലഡു, പീര ഉപയോഗിച്ച് ബേ ക്കറി ഉൽപന്നങ്ങൾ, സാമ്പാർപൊടി, ഇറച്ചിമസാലക്കൂട്ട്, വെജിറ്റബിൾ കറി മിക്സ്, ഫിഷ് കറി മിക്സ്, ചമ്മന്തിപ്പൊടി എന്നിവ ഉണ്ടാക്കാൻ പഠിച്ചു. ഇന്ന് നാളികേരത്തിൽനിന്ന് 18 തരം ഉൽപന്നങ്ങൾ ഒരുക്കി വിപണിയിലൊരുക്കുന്നു ടെസ്സി.
മൈക്രോ ഫിനാൻസ് സ്ഥാപനമായ ഇസാഫി(ESAF)ന്റെ സാമ്പത്തിക പിന്തുണയോടെ ചെറിയ മൂലധന നിക്ഷേപവും തേങ്ങ ചുരണ്ടുന്ന സ്ക്രാപ്പറും ഉരുളിയും മാത്രമുപയോഗിച്ച് ദിവസം വെറും 25 തേങ്ങയിൽ നിന്നുള്ള ഉൽപന്നങ്ങൾ മാത്രം നിർമിച്ചുകൊണ്ടായിരുന്നു ടിജെ ഫുഡ്പ്രോഡക്ട്സിന്റെ തുടക്കം. ഇന്ന് 5 വനിതകൾ സഹായികളായുണ്ട്. ഒപ്പം ഡ്രയർ, പൾവറൈസർ, റോസ്റ്റിങ് മെഷീൻ തുടങ്ങിയ യന്ത്രസാമഗ്രികളും.
വിപണനം
ഉരുക്കു വെളിച്ചെണ്ണയടക്കമുള്ള ഉൽപന്നങ്ങൾ പതിവായി നേരിട്ടു വാങ്ങുന്നവരേറെയുണ്ട്. കൂടാതെ, ആയുർവേദ ഔഷധക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയിലൂടെയും വിൽക്കുന്നു. കോവിഡിനു മുന്‍പ് മേളകളിലും പ്രദർശനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോൾ നേരിട്ടും കടകളിലൂടെയുമുള്ള വിപണനമാണ് പ്രധാനം. നിർമാണം, പായ്ക്കിങ്, ലേബലിങ് എന്നിവ ടെസ്സിയുടെയും നാളികേരമടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ്, സംഭരണം, ഉൽപന്ന വിപണനം എന്നിവ ജോസിന്റെയും മേൽനോട്ടത്തിലാണ്.
മൂന്നു മക്കളുടെയും വിവാഹം കഴിഞ്ഞ് എല്ലാവരും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായതോടെ സംരംഭം വിപുലമാക്കാനുള്ള ശ്രമത്തിലാണ് ടെസ്സി - ജോസ് ദമ്പതികൾ. ദന്തപ്പാലയെണ്ണ, മുടി വളരാനുള്ള ഹെൽത്ത് ഓയിൽ, സന്ധിവേദനയ്ക്കുള്ള മസാജിങ് ഓയിൽ തുടങ്ങിയവ ഓർഡർ അനുസരിച്ച് ആയുർവേദ വിദഗ്ധന്റെ മേൽനോട്ടത്തിൽ തയാർ ചെയ്ത് ഇറക്കുകയാണ്. ലോക്‌ഡൗൺ കാലത്ത് കർഷകരിൽ നിന്നു ശേഖരിച്ച കണ്ണൻ കായ ഉണക്കിപ്പൊടിച്ചതിന് ഏറെ ആവശ്യക്കാരുണ്ടെന്ന് ടെസ്സി പറയുന്നു. കുഞ്ഞുങ്ങൾക്കായുള്ള ആരോഗ്യഭക്ഷണമെന്ന നിലയിൽ ഏറെ സ്വീകാര്യതയുണ്ട് ഈ ഉൽപന്നത്തിന്. ഉരുക്കു വെളിച്ചെണ്ണയും ചിരട്ടക്കരിയും ചേർത്തുള്ള ചാർക്കോൾ സോപ്പും തയാറായി വരുന്നു.
പുതു സംരംഭകരോട്
അവനവന്റെ സാഹചര്യത്തിനും അഭിരുചിക്കും അനുസരിച്ചുള്ള സംരംഭം കണ്ടെത്തുക, വിപണിസാധ്യത പഠിക്കുക, സംരംഭത്തിനിറങ്ങും മുന്‍പ് പരിശീലനം നേടുക, ചെറിയ തോതിൽ തുടങ്ങുക, നിരന്തരം പുതിയ ആശയങ്ങൾ പരീക്ഷിക്കുക, ഉപഭോക്താക്കളുടെ അഭിരുചിയും ആവശ്യവുമറിഞ്ഞ് ഉൽപന്നത്തിൽ മാറ്റം വരുത്തുക, പുതിയ ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുകയും ചെയ്യുക. വേണ്ടത്ര പരസ്യം നൽകേണ്ടതും അനിവാര്യം.