മത്സ്യക്കൃഷിയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടുന്നു; വരുന്നത് വലിയ വിപത്ത്
Mail This Article
ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം ആന്റിബയോട്ടിക് റെസിസ്റ്റന്‍സിലേക്ക് എത്തിക്കും. ലോകം ഭയക്കുന്ന ഏറ്റവും വലിയ അവസ്ഥകളിലൊന്നാണിത്. അസുഖങ്ങള്‍ വന്നാല്‍ മരുന്നു ഫലിക്കാത്ത അവസ്ഥ, രോഗകാരികള്‍ മരുന്നുകളെ അതിജീവിക്കുന്ന അവസ്ഥ തുടങ്ങിയവയാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സുകൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകത്ത് മൃഗസംരക്ഷണമേഖലയില്‍ അനിയന്ത്രിതമായ തോതില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ധിക്കുന്നുണ്ട്. പശു, ആട്, പൗള്‍ട്രി, മുയല്‍, മത്സ്യം എന്നിങ്ങനെ എല്ലാ വിഭാഗത്തിലും ആന്റിബയോട്ടിക്കുകളുടെ ഉപയോഗമുണ്ട്. മരുന്നുകളുടെ ഉപയോഗം കൂടുന്നതിന്റെ ദൂക്ഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി കര്‍ഷകരെ ബോധവല്‍കരിക്കാന്‍ വിദഗ്ധര്‍ ശ്രമിക്കുന്നു. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കുന്നതിനായി മിത്ര ബാക്ടീരിയകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. രോഗകാരികളാകുന്ന ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ ഇത്തരം മിത്രബാക്ടീരയകള്‍ക്കു കഴിയും. അതുകൊണ്ടുതന്നെ പ്രോബയോട്ടിക് മരുന്നുകളുടെ ഉപയോഗം കര്‍ഷകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.
വൃത്തിയുള്ള സാഹചര്യം, നല്ല കാലാവസ്ഥ, നല്ല ഭക്ഷണം പോലുള്ളവ ഒരുക്കിയാല്‍ രോഗങ്ങളെ ഫാമിനു പുറത്തു നിര്‍ത്താന്‍ കഴിയും. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനു പകരം വരാതെ നോക്കുക എന്നതാണ് പ്രധാനം.
മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം മത്സ്യക്കൃഷിയില്‍ കൂടിവരുന്നുണ്ട്. ചെറിയ അസുഖങ്ങള്‍ കണ്ടാല്‍ത്തന്നെ കാരണം തിരക്കാതെ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നവരും ഒട്ടേറെ. ഈ നിര്‍ദേശിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളില്‍ നല്ലൊരു ശതമാനവും മനുഷ്യര്‍ക്കുള്ളതാണ്. അവ മത്സ്യങ്ങള്‍ക്കു നല്‍കുകയും, മത്സ്യങ്ങള്‍ വളരുന്ന ജലാശയത്തില്‍ കലര്‍ത്തുകയും ചെയ്താല്‍ പരിസ്ഥിതിക്കുകൂടിയാണ് ദോഷം വരുത്തിവയ്ക്കുക.
മെട്രോനിഡാസോള്‍, എറിത്രോമൈസിന്‍, എന്റോഫ്‌ളോക്‌സാസിന്‍ തുടങ്ങിയ ഹ്യൂമന്‍-വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നു. പലപ്പോളും വിത്‌ഡ്രോവല്‍ പീരിഡ് പോലും പരിഗണിക്കാതെ മത്സ്യങ്ങള്‍ വിളവെടുത്ത് ഉപയോഗത്തിനായി എത്തിക്കുന്നു. മത്സ്യങ്ങള്‍ക്കുള്ളത് എന്ന് രേഖപ്പെടുത്താത്ത ആന്റിബയോട്ടിക്കുകള്‍ മനുഷ്യര്‍ക്കുതന്നെയാണ് ഏറ്റവും കൂടുതല്‍ വില്ലനാകുന്നത്. ഇതിനെതിരെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഏതൊരു ആന്റിബയോട്ടിക്കും അത് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ സൈഡ് എഫക്ട് ഉണ്ടാകും. അതുകൊണ്ടുതന്നെ മനുഷ്യരിലും മൃഗങ്ങളിലും ഭാരം കണക്കാക്കിയാണ് ഇത്തരം മരുന്നുകള്‍ നല്‍കുക. കിഡ്‌നി-കരള്‍ പ്രശ്‌നങ്ങള്‍, ഗര്‍ഭമലസല്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആന്റിബയോട്ടിക്കുകളുടെ അനന്തരഫലമായി ഉണ്ടാകും. ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയ മത്സ്യങ്ങള്‍ കഴിക്കുന്നതുവഴി ശരീരത്തില്‍ പിന്നീട് ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.
മുന്‍പ് സൂചിപ്പിച്ചതുപോലെ രോഗം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. മത്സ്യക്കുളങ്ങളില്‍ കൃത്യമായ രീതിയില്‍ ജലപരിശോധനയും മാലിന്യം നീക്കം ചെയ്യലും ഉണ്ടായിരിക്കണം. വെള്ളത്തിന്റെ താപനില മത്സ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കണം. സമ്മര്‍ദ്ദമുണ്ടാകുന്ന വിധത്തിലുള്ള സാഹചര്യം ഉണ്ടാവരുത്. നല്ല ഭക്ഷണം നല്‍കണം, ഭക്ഷണാവശിഷ്ടങ്ങള്‍ വെള്ളത്തില്‍ അടിയാന്‍ ഇടയാവരുത്. അമോണിയ പോലുള്ള വാതകങ്ങളുടെ അളവ് ഉയരാതെ ശ്രദ്ധിക്കണം. പുറമേനിന്ന് മത്സ്യങ്ങളെ കൊണ്ടുവരുമ്പോള്‍ ശരിയായ രീതിയില്‍ അണുനശീകരണവും ക്വാറന്റൈനും നിര്‍ബന്ധം. ഇത്തരം കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്താല്‍ രോഗങ്ങളെ കുളത്തിനു പുറത്തു നിര്‍ത്താം. ഇനി രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കില്‍ത്തന്നെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചുവേണം ചികിത്സ നല്‍കാന്‍. അതും വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചുമാത്രം. അല്ലാതെ, ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കുകയല്ല വേണ്ടത്.