ADVERTISEMENT

സർക്കാരിന്റെ പിന്തുണയോടെ പരമ്പരാഗത മത്സ്യക്കുളങ്ങളുടെ ആകൃതിയിൽനിന്ന് മാറി ഇന്തോനേഷ്യയിലെ കർഷകർ. ചതുരാകൃതിയിലുള്ള മത്സ്യക്കുളങ്ങൾ ഉപേക്ഷിച്ച് വൃത്താകൃതിയിലുള്ള കുളങ്ങളിലാണ് ഇന്തോനേഷ്യയിലെ കർഷകർ ചെമ്മീൻ വളർത്തുന്നത്. ചെറുകിട–വൻകിട ഫാമുകളെല്ലാം ഈ രീതിയിലേക്കു മാറിക്കഴിഞ്ഞു.

തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും വലിയ ചെമ്മീൻ ഉൽപാദകരാണ് ഇന്തോനേഷ്യ. 1980കളിൽ കാരച്ചെമ്മീനായിരുന്നു (tiger prawn (Penaeus monodon) ഇവിടെ ഏറ്റവും കൂടുതൽ വളർത്തിയിരുന്നത്. 2500 മുതൽ 5000 വരെ ചതുരശ്ര മീറ്റർ വിസ്തീർണം വരുന്ന വലിയ ചതുരാകൃതിയിലുള്ള കുളങ്ങളിലായിരുന്നു ഇവയെ വളർത്തിയിരുന്നത്. 

2000ൽ ചെമ്മീനുകളിൽ വെള്ളപ്പൊട്ടു (വൈറ്റ് സ്പോട്ട്) രോഗം പിടിപെട്ടതിനെത്തുടർന്ന് വനാമി വ്യാപകമായി വളർത്തിത്തുടങ്ങി. ഒപ്പം കുളങ്ങളുടെ ഘടനയിലും മാറ്റം വരുത്തി. നാച്ചുറൽ ജലാശയങ്ങളിൽനിന്ന് എച്ച്ഡിപിഇ ലൈനിങ് കുളങ്ങളും കോൺക്രീറ്റ് ടാങ്കുകളും രംഗത്തെത്തി.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചെമ്മീൻ കൃഷി വീണ്ടും മാറിയിട്ടുണ്ട്. 1000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചെറിയ ടാങ്കുകളായതാണ് പ്രധാന മാറ്റം. എന്നാൽ, അടുത്തിടെ ടാങ്കുകളുടെ രൂപത്തിൽ വീണ്ടും മാറ്റം വന്നു. ചതുരാകൃതിയിൽനിന്ന് വൃത്താകൃതിയിലേക്കാണ് മാറ്റം. 5 മുതൽ 30 മീറ്റർ വരെ വ്യാസമുള്ള വലിയ ജലാശയങ്ങളാണ് കർഷരുടെ ഇടയിൽ ജനപ്രീതിയാർജിച്ചുവരുന്നത്, അതും യുവ കർഷകരുടെ ഇടയിൽ. ചെറുകിട–വൻകിട ഫാമുകൾക്കുവേണ്ടി സർക്കാരും സ്വകാര്യ കമ്പനികളും ഈ പദ്ധതിയിൽ പങ്കുകാരായിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ ചതുരശ്ര മീറ്ററിൽ 200 പിഎൽ (പോസ്റ്റ് ലാർവെ) ചെമ്മീൻ വിത്താണ് നിക്ഷേപിക്കുക. ചെറുകിട രീതിയിൽ വരുമ്പോൾ ഇത് 100–120 പിഎൽ ആകും. അതിജീവന നിരക്ക് 80–90 ശതമാനമാണ്.

വെള്ളത്തിന്റെ ഗുണനിലവാരം കൈകാര്യം ചെയ്യാനാകും എന്നതാണ് ഇത്തരം വൃത്താകൃതിയിലുള്ള ജലാശയങ്ങളുടെ പ്രധാന ഗുണം. ചെമ്മീനുകളുടെ വിസർജ്യങ്ങളും മറ്റും ഒരു ഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടും. ഇത് നീക്കംചെയ്യാനും വളരെയെളുപ്പം. മാത്രമല്ല വലിയ ടാങ്ക് ആയതിനാലും വൃത്താകൃതി ആയതിനാലും ചെമ്മീനുകൾക്ക് യഥേഷ്ടം നീന്തിത്തുടിക്കാനും കഴിയും. അതുമൂലം അവയുടെ സമ്മർദം കുറയ്ക്കാനാകുമെന്നു മാത്രമല്ല ആരോഗ്യവും മികച്ചതാകും. 

English summary: Indonesian shrimp farmers are changing the shape of their ponds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com