ADVERTISEMENT

സംരക്ഷണമില്ലാത്ത മൃഗസംരക്ഷണമേഖല-2

കേരളത്തിലെ അഭ്യസ്ഥവിദ്യരായ ഒട്ടേറെ യുവാക്കളുടെ സ്ഥിരവരുമാനമാര്‍ഗമാണ് കന്നുകാലിവളര്‍ത്തല്‍. വീടിനോടു ചേര്‍ന്ന് അഞ്ചും പത്തും പശുക്കളെ വളര്‍ത്തി തെറ്റില്ലാത്ത വിധത്തില്‍ വരുമാനം നേടുന്ന യുവാക്കള്‍ ഇന്ന് അനുഭവിക്കുന്ന വലിയ പ്രശ്‌നമാണ് വിവാഹക്കമ്പോളത്തില്‍ അവര്‍ക്ക് വലിയ പ്രാധാന്യമില്ലെന്നുള്ളത്. കഴിഞ്ഞ ദിവസം കര്‍ഷകശ്രീ പങ്കുവച്ച ഒരു യുവ കര്‍ഷകന്റെ അനുഭവത്തിന് ലഭിച്ച പ്രതികരണംതന്നെ ശ്രദ്ധിച്ചാല്‍ മനസിലാകും അതൊരു ഒറ്റപ്പെട്ട സംഭവമല്ലാ എന്നത്. മറ്റൊരാളുടെയും കീഴില്‍ പണിയെടുക്കാതെ സ്വന്തം അധ്വാനംകൊണ്ട് വരുമാനം നേടുന്ന യുവ കര്‍ഷകര്‍ കേരള സമൂഹത്തിനു മാതൃകയാണ്. വൈറ്റ് കോളര്‍ ജോലിയുടെ മാനസിക പിരിമുറുക്കവും മറ്റും ഈ മേഖലയില്‍ ഇല്ലാ എന്നുള്ളത് ആരും വിസ്മരിക്കരുത്.

വിവാഹാലോചനകള്‍ വരുമ്പോള്‍ വീട്ടില്‍ പശുവുണ്ട്, പണി കൂടുതലാണ് എന്നുപറഞ്ഞ് ഒഴിവാകുന്ന പെണ്‍വീട്ടുകാരുണ്ടെന്ന് യുവ കര്‍ഷകര്‍ത്തന്നെ പറയുന്നു. കണ്ട് ഇഷ്ടപ്പെട്ട് വരുന്നവരാണെങ്കിലും വീട്ടുമുറ്റത്ത് തൊഴുത്തും അതില്‍ പശുക്കളെയും കണ്ടാല്‍ നെറ്റി ചുളിയും. ഇത്തരത്തില്‍ വിഷമവൃത്തത്തിലായ യുവ കര്‍ഷകര്‍ ഒടുവില്‍ പശുവളര്‍ത്തല്‍ നിര്‍ത്തി മറ്റു ജോലികള്‍ തേടിയ ചരിത്രവും നമുക്ക് ചുറ്റും കാണാന്‍ കഴിയും.

വൈറ്റ് കോളറേക്കാള്‍ വരുമാനമുണ്ട്

അധ്വാനിച്ചാല്‍ അതനുസരിച്ചുള്ള പ്രതിഫലം, അത് ദിവസവും ലഭിക്കുന്ന മേഖലയാണ് ക്ഷീരമേഖലയെന്ന് പറയാതിരിക്കാന്‍ വയ്യ (പാല്‍ പൂര്‍ണമായും വില്‍ക്കാന്‍ കഴിയണം). മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കന്നുകാലി ഫാമില്‍നിന്ന് നല്ല രീതിയില്‍ വരുമാനം നേടാനും കഴിയും. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തു പ്രവര്‍ത്തിക്കുന്ന ഒരു ഫാമിലെ ഒരു ദിവസത്തെ കണക്കുകള്‍ പങ്കുവയ്ക്കാം. 

  • ആകെ പശുക്കള്‍                 :  14
  • കറവയുള്ളത്                         :  10
  • കറവയില്ലാത്തത്                 :  4
  • കിടാരികള്‍                             :  03
  • എരുമ                                          :  1 (ചെനയുള്ളത്)
  • ഒരു ദിവസത്തെ പാല്‍      :  130 ലീറ്റര്‍
  • ഒരു ദിവസത്തെ വരവ് (പാല്‍ വില്‍പന)        :  5,200 രൂപ
  • ശരാശരി പാല്‍വില                                                     :  40 രൂപ
  • കാലിത്തീറ്റയുടെ ചെലവ്                                         :  1,600 രൂപ
  • മറ്റു തീറ്റച്ചെലവ്                                                               :  1,000 രൂപ
  • ഒരു ദിവസത്തെ ആകെ നീക്കിയിരുപ്പ്            :  2600 രൂപ

പശുക്കള്‍ക്കുള്ള സപ്ലിമെന്റുകള്‍ക്ക് ഏകദേശം 300 രൂപ കണക്കാക്കിയാല്‍ ഒരു ദിവസത്തെ മിച്ചതുക 2300 രൂപ വരും. അച്ഛനും മകനുമാണ് ഈ ഫാമിലെ മുഴുവന്‍ ജോലികളും ചെയ്യുന്നത്. ഈ തുക എന്നത് മികച്ച വരുമാനമാണ്. മാസവരുമാനമായി കണക്കാക്കിയാല്‍ 78,000 രൂപയോളം വരും ഇരുവരുടെയും ആകെ വരുമാനം. 

ഈ മാസത്തെ കര്‍ഷകശ്രീ മാസികയില്‍ പങ്കുവച്ച സഹോദരങ്ങളായ ക്ഷീരകര്‍ഷകരുടെയും വരുമാനം ഏകദേശം സമാന രീതിയില്‍ത്തന്നെയാണ്. വിദേശ ജോലി അവസാനിപ്പിച്ചാണ് കോട്ടയം തലയോലപ്പറമ്പിനടുത്തുള്ള മറവന്‍തുരുത്തിലെ സുധീഷും രാജേഷും കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയത്. ഫാമിലെ ജോലികളെല്ലാം ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്. ഫാമില്‍ 11 പശുക്കള്‍, പ്രതിദിനം 100 ലീറ്റര്‍ പാല്‍. ഫാമിലെ പ്രതിദിന ചെലവ് 2000 രൂപയില്‍ താഴെ മാത്രം. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും ആകെ 2000 രൂപയോളം മിച്ചംപിടിക്കാന്‍ കഴിയുന്നു.

നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന ഫാമുകളിലൂടെ മികച്ച വരുമാനം നേടാന്‍ കര്‍ഷകര്‍ക്കു കഴിയുന്നുണ്ട്. എന്നാല്‍, വരുമാനം മാത്രമല്ല വിവാഹ മാര്‍ക്കറ്റിലെ അവഗണനയ്ക്കു കാരണമെന്ന് കര്‍ഷകര്‍ത്തന്നെ പറയുന്നു. പശുവിനെ പരിപാലിക്കാനും കൂട് വൃത്തിയാക്കാനുമെല്ലാം വലിയ ബുദ്ധിമുട്ടാണെന്ന ചിന്തയാണ് ഇത്തരത്തില്‍ പലരെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കാലം മാറിയതുകൊണ്ടുതന്നെ മിക്ക ഫാമുകളിലും യന്ത്രവല്‍കരണം നടന്നിട്ടുണ്ട്. പുല്ലും കന്നാരയും അരിയാന്‍ ചാഫ് കട്ടറും കറവയ്ക്ക് യന്ത്രവും വൃത്തിയാക്കാന്‍ പമ്പുകളുമെല്ലാം ഇന്നുണ്ട്. അതുകൊണ്ടുതന്നെ പഴയകാലത്തെ വലിയ അധ്വാനം ഫാമുകളിലില്ല. 

ഏതൊരു കാര്‍ഷിക സംരംഭവും വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നം വില്‍ക്കാന്‍ കഴിയണം. പാല്‍ സംഭരണത്തിന് പൊതു സംവിധാനം നിലനില്‍ക്കുന്ന നാട്ടില്‍ കര്‍ഷകര്‍ക്ക് പാല്‍വില്‍പന അത്ര ബുദ്ധിമുട്ടായി വരില്ല. കോവിഡ്-19 സൃഷ്ടിച്ച വെല്ലുവിളിയില്‍ ഒട്ടേറെ പേര്‍ ക്ഷീരമേഖലയെ ഒരു വരുമാനമാര്‍ഗമായി കാണാനുണ്ടായ സാഹചര്യവും ഇതുതന്നെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൃഗപരിപരിപാലന രംഗത്തുണ്ടായ കുതിച്ചുചാട്ടം വളരെ വലുതാണ്. എന്നാല്‍, അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ന് സംസ്ഥാനത്തില്ല. 

മൃഗപരിപാലനം പ്രോത്സാഹിപ്പിക്കുമ്പോളും കൃഷിവകുപ്പിനുള്ള പ്രാധാന്യം മൃഗസംരക്ഷണവകുപ്പിന് സര്‍ക്കാര്‍ നല്‍കിയിട്ടില്ലായെന്ന് പറയേണ്ടിവരും. കര്‍ഷകരും അരുമമൃഗപരിപാലകരും വെറ്ററിനറി ഡോക്ടര്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്തിയാല്‍ത്തന്നെ ഇക്കാര്യം മനസിലാക്കാം, അതേക്കുറിച്ച് നാളെ.

English summary: Problems in Animal Husbandry Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com