ADVERTISEMENT

ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 6

കേരളത്തിലെ മത്സ്യക്കൃഷി ആരംഭിക്കുന്നത് മേയ്-ജൂണ്‍ മാസങ്ങളിലെ മഴയോട് അനുബന്ധിച്ചാണ്. സാധാരണ ഈ സമയത്ത് നിക്ഷേപിക്കുന്ന മത്സ്യങ്ങളാണ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വില്‍പനയ്‌ക്കെത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള മുഴുവന്‍ മത്സ്യക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടില്ല. അതുകൊണ്ടുതന്നെയാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യാപകമായി മത്സ്യക്കുഞ്ഞുങ്ങള്‍ കേരളത്തിലേക്ക് വിമാനം കയറിയത്.

ഫിഷറീസ് വകുപ്പിന്റെയും അനുബന്ധ ഏജന്‍സികളുടെയും ഹാച്ചറികളിലെ ഉല്‍പാദനം പോലും കേരളത്തിലെ മത്സ്യക്കുഞ്ഞുങ്ങളുടെ ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമല്ല. അതുകൊണ്ടുതന്നെ പലപ്പോഴും ടെന്‍ഡര്‍ ക്ഷണിച്ചാണ് സര്‍ക്കാര്‍ സ്‌കീമിലൂടെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. കേരള ജലക്കൃഷി വികസന ഏജന്‍സി(അഡാക്)ക്കാണ് ഡെന്‍ഡര്‍ ക്ഷണിച്ച് മത്സ്യക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് എത്തിക്കാനുള്ള ചുമതല. 

5-5-2021ല്‍ B1/721/2021 എന്ന നമ്പറില്‍ അഡാക് ക്ഷണിച്ച ടെന്‍ഡറുകള്‍ കഴിഞ്ഞ ദിവസം പരിഗണനയ്‌ക്കെടുത്തു. ടെന്‍ഡറില്‍ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ഏതാനും സ്ഥാപനങ്ങളെ അന്തിമ പട്ടികയിലേക്ക് പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മത്സ്യക്കുഞ്ഞുങ്ങളെ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ സ്വന്തമായി ഇല്ലാത്തവരും ശുദ്ധജല മത്സ്യങ്ങളെ വളര്‍ത്താന്‍ സൗകര്യമില്ലാത്തവരുമൊക്കെയാണ് അന്തിമ പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പരിഗണിക്കപ്പെട്ട സ്ഥാപനങ്ങള്‍ അഡാക് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോ എന്ന് വ്യക്തമായി പരിശോധിച്ചതിനുശേഷമേ ടെന്‍ഡര്‍ അനുവദിച്ചുനല്‍കാന്‍ പാടുള്ളൂ.

പന്‍ഗേഷ്യസ് (വാള) മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് പരിഗണിക്കപ്പെട്ട കൊടുങ്ങല്ലൂരിലുള്ള ഹാച്ചറിക്ക് കാര, നാരന്‍ ചെമ്മീനുകളുടെ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സാണ് ലഭിച്ചിട്ടുള്ളത്. ഓരുജല മത്സ്യങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഈ ഹാച്ചറി എങ്ങനെ ശുദ്ധജലമത്സ്യമായ വാളയുടെ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചു വിതരണം ചെയ്യും? 

അതുപോലെ, കൊഞ്ചിനെ ഉല്‍പാദിപ്പിക്കുന്ന ഹാച്ചറിയാണ് തിലാപ്പിയക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ സര്‍ക്കാര്‍ വഴിയുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പൂര്‍ണമായും കുത്തകയാക്കി കൈവശപ്പെടുത്താമെന്ന ഏതാനും ചിലരുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് കാണാം. ടെന്‍ഡറില്‍ ഇവര്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍നിന്നുതന്നെ ഇവയെല്ലാം വ്യക്തമാണ്.

fish-bid

കൂടാതെ, ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ ടെന്‍ഡറിനോടൊപ്പം ചില രേഖകളും നല്‍കിയിരിക്കണം. സംസ്ഥാന/കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ ഹാച്ചറി/ഫാം റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഏജന്‍സിക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുള്ള പരിചയം, ജിഎസ്ടി രേഖകള്‍, 5 ലക്ഷം കുഞ്ഞുങ്ങളെ ക്വാറന്റൈന്‍ ചെയ്യാനും സൂക്ഷിക്കാനും ശേഷിയുള്ള ലൈസന്‍സ് ഉള്ള യൂണിറ്റുകള്‍ക്കു മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയൂ (ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം). ഇക്കാര്യങ്ങള്‍ പാലിച്ചിട്ടുള്ളവരാണോ ടെന്‍ഡര്‍ ലഭിക്കാനുള്ള സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതെന്ന് അഡാക് അന്വേഷിക്കണം. കഴിഞ്ഞ വര്‍ഷം ടെന്‍ഡര്‍ ലഭിച്ച ഹാച്ചറി വിതരണം ചെയ്ത മത്സ്യക്കുഞ്ഞുങ്ങള്‍ പൂര്‍ണമായും ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 

നിലവാരമില്ലാത്ത മത്സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുകയും ചത്തുപോവുകയും ചെയ്തതിനാല്‍ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ പരമ്പരയിലൂടെ പങ്കുവച്ചിരുന്നു. മെച്ചപ്പെട്ട വരുമാനം നേടാം എന്ന പ്രതീക്ഷയോടെ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞ ഒട്ടേറെ കര്‍ഷകര്‍ ഇന്ന് കടക്കെണിയിലാണ്. ഇതിനൊരു പരിഹാരം ഉണ്ടാകുന്നതിന് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവാരമില്ലാത്ത മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നവരെ വിലക്കി ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഹാച്ചറികളില്‍ത്തന്നെ ഉല്‍പാദിപ്പിച്ച് കര്‍ഷകരിലേക്ക് എത്തിക്കാന്‍ കഴിയണം. അല്ലാത്തപക്ഷം, ബയോഫ്‌ളോക്, റാസ് (റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം), പടുതക്കുളം എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ വിതരണം ചെയ്യപ്പെടുന്ന നിലവാരമില്ലാത്ത മത്സ്യക്കുഞ്ഞുങ്ങള്‍ മൂലം സര്‍ക്കാരിനും ഫിഷറീസ് വകുപ്പിനും പഴി കേള്‍ക്കേണ്ടിവരും. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കര്‍ഷകരില്‍നിന്ന് ഉയര്‍ന്നുവരുന്ന പരാതി ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകും. സര്‍ക്കാര്‍ സ്‌കീമിലൂടെ നല്‍കിയ മത്സ്യങ്ങള്‍ പല സ്ഥലങ്ങളിലും വ്യാപകമായി ചത്തുപോയിട്ടുണ്ട്, ഇപ്പോഴും ചത്തുപൊയ്‌ക്കൊണ്ടുമിരിക്കുന്നു. ഈ വര്‍ഷം മുതലെങ്കിലും സര്‍ക്കാരിന്റെ മത്സ്യക്കൃഷി പ്രോത്സാഹന പരിപാടികള്‍ പാളാതിരിക്കാനും കര്‍ഷകര്‍ക്ക് സാമ്പത്തികബാധ്യത ഉണ്ടാവാതിരിക്കാനും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്.

തുടരും

English summary: Problem with the tender bidding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com