ADVERTISEMENT

ആർആർഐഐ105 എന്ന ഇനം എത്തിയശേഷമുള്ള 1980കളും 1990കളും റബർകൃഷിയുടെ സുവർണകാലമായി രുന്നു.  പിന്നീട് പല മേഖലകളിലും റബർകൃഷി ഏറെ പുരോഗമിച്ചെങ്കിലും  കാലാവസ്‌ഥാവ്യതിയാനം, അതുമൂലം രൂക്ഷമായ രോഗ, കീടബാധ, തുടർച്ചയായ ആവർത്തനക്കൃഷി മൂലം മണ്ണിനുണ്ടാകുന്ന ഫലപുഷ്‌ടിക്കുറവ്, ഗുണമേന്മയുള്ള നടീൽവസ്‌തുക്കളുടെ ദൗർലഭ്യം തുടങ്ങിയ പ്രശ്നങ്ങൾ കർഷകർ നേരിടുന്നുണ്ട്. ഇക്കാരണങ്ങളാൽ തോട്ടങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും ഉല്‍പാദനത്തിലുള്ള അന്തരം കൂടിവരുന്നു. 

ആർആർഐഐ105 ഇനത്തില്‍ അന്തർലീനമായ ഉല്‍പാദനക്ഷമത 3 ടണ്ണിനടുത്താണെങ്കിലും  ഇപ്പോഴത്തെ ശരാശരി ഉല്‍പാദനം 2 ടണ്ണിലും കുറവാണെന്നു കാണാം.  അത്യുല്‍പാദനശേഷിയുള്ള മറ്റിനങ്ങളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി.  നടീൽവസ്‌തുക്കൾ തിരഞ്ഞെടുക്കുമ്പോൾ സുസ്ഥിര വളർച്ച, രോഗപ്രതിരോധശേഷി, കാറ്റു വീഴ്‌ചപോലുള്ള പ്രതികൂല ഘടകങ്ങൾ എന്നിവയും കണക്കിലെടുക്കേണ്ടതുണ്ട്. ഇവയനുസരിച്ച്  ബോർഡ് നടീൽവസ്തുക്കൾ സംബന്ധിച്ച ശുപാർശ യഥാകാലം പരിഷ്‌കരിച്ചുവരുന്നു.  കേരളത്തിലെതന്നെ വ്യത്യസ്ത മേഖലകളിൽ വിവിധ  ഇനങ്ങളുടെ പ്രകടനത്തിൽ വ്യത്യാസമുള്ളതായി കാണാം. പ്രാദേശികമായി ഏറ്റവും യോ ജിച്ച ഇനങ്ങൾതന്നെ തിരഞ്ഞെടുത്താൽ മാത്രമെ പരമാവധി ആദായം നേടാനാകൂ. മികച്ച ഇനങ്ങളുടെ പൊതു ശുപാർശയും പ്രാദേശികമായി മികവു കാണിക്കുന്ന ക്ലോണുകളുടെ വേർതിരിച്ചുള്ള ശുപാർശയും ഇന്നു ലഭ്യമാണ്. പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കും തയാറെടുക്കുന്നവർ തങ്ങളുടെ പ്രദേശത്തിന് ഏറ്റവും യോജിച്ച ഇനം തിരഞ്ഞെടുക്കാൻ പുതുക്കിയ ശുപാര്‍ശ പ്രയോജനപ്പെടുത്തണം.

പൊതു ശുപാർശ

ഉല്‍പാദനക്ഷമതയുടെ അടിസ്‌ഥാനത്തിൽ 2 പ്രധാന വിഭാഗങ്ങളാണ് ശുപാർശയിലുള്ളത്. വ്യാപകമായി കൃഷി ചെയ്യാവുന്ന ഒന്നാം വിഭാഗവും പരിമിതമായ കൃഷിക്കു യോജ്യമായ രണ്ടാം വിഭാഗവും. ഓരോ വി ഭാഗത്തിലെയും ക്ലോണുകൾ പട്ടിക 1ൽ. റബർ ബോർഡിന്റെ പരീക്ഷണത്തോട്ടത്തിലും സ്വകാര്യ വൻകിടത്തോട്ടങ്ങളിലും ഒരേപോലെ ഉല്‍പാദനക്ഷമത തെളിയിച്ച ഇനങ്ങളാണ് ഒന്നാം വിഭാഗത്തില്‍. നിലവിൽ ആർആർഐഐ 105നു പുറമെ  ആർആർഐഐ 414, ആർആർഐഐ 417, ആർആർഐഐ 422, ആർആർഐഐ 430 എന്നീ ഇനങ്ങളും പിബി 260 എന്ന മലേഷ്യൻ ക്ലോണുമാണ്  ഈ വിഭാഗത്തിൽ പരമ്പരാഗതമേഖലയ്ക്കു വേണ്ടിയുള്ളത്. ചുരുങ്ങിയ ഭൂവിസ്തൃതിയുള്ള ചെറുകിട കർഷകർക്ക് ഇവയിൽ ഏതു ക്ലോണും  തിരഞ്ഞെടുക്കാം.‌ എന്നാൽ ഇടത്തരം കർഷകരും (ശരാശരി 5 ഹെക്‌ടറിനു മുകളിൽ) വൻകിട തോട്ടമുടമകളും ഇവയിൽ ഒരു ക്ലോൺ, ഭൂവിസ്തൃതിയുടെ പരമാവധി 50 ശതമാനത്തിലേക്കു പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ബാക്കി സ്‌ഥലത്ത് ഒന്നാം വിഭാഗത്തിലോ രണ്ടാം വിഭാഗത്തിലോ ഉള്ള 2–3 ഇനങ്ങൾ  നടാം. 

ബ്രസീലിൽ, സൗത്ത് അമേരിക്കൻ ലീഫ് ബ്ലൈറ്റ് മൂലവും ശ്രീലങ്കയിൽ ആർആർഐസി 103 എന്ന ഇനത്തെ ബാധിച്ച കോറിനിസ്‌പോറ എന്ന ഇലരോഗം മൂലവും കൃഷിനാശമുണ്ടായതു കണക്കിലെടുത്ത് ബഹു ക്ലോൺ  സമ്പ്രദായം നിലനിർത്തേണ്ടത് റബർകൃഷിയുടെ നിലനിൽപ്പിന് ആവശ്യമാണ്. അതേസമയം ഒന്നിലധികം ക്ലോണുകൾ കൃഷി ചെയ്യുന്നവർ ക്ലോണുകൾ കൂട്ടിക്കലർത്തി നടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

പരീക്ഷണത്തോട്ടത്തിൽ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും തോട്ടം മേഖലയിലെ  ഉല്‍പാദനക്കണക്കുകൾ പൂർണമാകാത്ത ഇനങ്ങളാണ് രണ്ടാം വിഭാഗത്തില്‍. ഇവയിൽ പ്രാദേശികമായി യോജിച്ചതാണെന്നു തെളിഞ്ഞ 2–3 ഇനങ്ങൾ  നടാം. ഇപ്രകാരം  കേരളവും, കന്യാകുമാരി ജില്ലയുമുൾപ്പെടുന്ന പരമ്പരാഗത കൃഷിമേഖലയ്ക്കു നടീൽ ഇനങ്ങളുടെ പൊതു ശുപാർശ ലഭ്യമാണ് (പട്ടിക1).

പുതിയ ഇനങ്ങൾ

ആർആർഐഐ 105ന്റെ ഉല്‍പാദനക്ഷമതയും ആർആർഐസി 100 എന്ന ശ്രീലങ്കൻ ക്ലോണിന്റെ ഊർജസ്വലമായ വളർച്ചയും സമന്വയിപ്പിച്ചതാണ് റബർബോർഡ് പുറത്തിറക്കിയ ആർആർഐഐ 414, ആർആർഐഐ 430, ആർആർഐഐ 417, ആർആർഐഐ 422, ആർആർഐഐ 429 എന്നീ ക്ലോണുകൾ. ആർആർഐഐ 105നെ അപേക്ഷിച്ച്  അപക്വ കാലഘട്ടത്തിൽ ത്വരിത വളർച്ച കാണിക്കുന്ന ഈ ഇനങ്ങളിൽ, ആർആർഐഐ 429 ഒഴികെയുള്ളവയ്ക്ക് രോഗങ്ങൾ തീവ്രമാകുന്നില്ലെന്ന മെച്ചവുമുണ്ട്.  വിശേഷിച്ച് നഴ്‌സറികളിൽ ആർആർഐഐ 105നെ ഏറെ ബാധിക്കുന്ന കൂമ്പുചീയൽ. ആർആർഐഐ 429ന് ചീക്കുരോഗബാധ അതിതീവ്രമായതിനാൽ പരമ്പരാഗതകൃഷിമേഖലയിലേക്ക് പൊതുവായി ശുപാർശ ചെയ്തിട്ടില്ല. എന്നാൽ ചീക്കുരോഗം ബാധിക്കാത്ത വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ വ്യാപകമായ കൃഷിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഓരോ ഇനത്തിന്റെയും ഗുണങ്ങളും ന്യൂനതകളും പരിശോധിക്കാം. 

ആർആർഐഐ 414

പുതിയ ഇനങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ളത്. ഇലച്ചിലിന്റെ ഭാരത്താൽ ചെറു തൈകൾ വളയാനുള്ള സാധ്യത കൂടുതലായതിനാൽ യഥാസമയം പിടിച്ചുകെട്ടണം. പല പ്രദേശങ്ങളിലും പരമാവധി ആറര വർഷംകൊണ്ടു ടാപ്പിങ് വണ്ണമെത്തുന്നു. എങ്കിലും പട്ടക്കനം കുറവായി കാണുന്ന പ്രദേശങ്ങളിൽ ആദ്യ വർഷം ആഴം കുറച്ച് ടാപ്പ് ചെയ്യുന്നതാവും നന്ന്.  പ്രധാന സവിശേഷത ഇതിന്റെ രോഗപ്രതിരോധശേഷിയാണ്. പരമ്പരാഗതകൃഷിമേഖലയിൽ റബറിനെ ബാധിക്കുന്ന  അകാലിക ഇലപൊഴിച്ചിൽ, ചീക്ക്, കോറിനി സ്‌പോറ, ഇലരോഗം തുടങ്ങി അടുത്ത കാലത്തായി കാണുന്ന വൃത്താകൃതിയിലുള്ള ഇലപ്പുള്ളിരോഗത്തോടുവരെ ആർആർഐഐ 414 സാമാന്യം നല്ല പ്രതിരോധശേഷി കാണിക്കുന്നു.  വാർഷിക ഇലപൊഴിച്ചിലും തളിരിടലും നേരത്തേ ആരംഭിക്കുന്നതിനാൽ മഞ്ഞുകാലത്തു കാണുന്ന പൊടിക്കുമിൾ ബാധയും കുറവാണ്. ഡിആർസിയുടെ ശതമാനം അൽപം കുറവും പാലിന്റെ വ്യാപ്തം ആർആർഐഐ 105നെ അപേക്ഷിച്ച് കൂടുതലുമാണ്. ഏറ്റവും കൂടുതൽ തടി കിട്ടുന്നതും ഇതില്‍നിന്നുതന്നെ.

ആർആർഐഐ 430

വളർച്ചയിലും ഉല്‍പാദനത്തിലുമുള്ള സുസ്‌ഥിരതയാണ് ആർആർഐഐ 430നെ  വ്യത്യസ്തമാക്കുന്നത്. ടാപ്പിങ് ആരംഭിക്കുമ്പോൾ വണ്ണമെത്താത്ത മരങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും. ശരാശരി ഉണക്ക റബറിന്റെ അളവും ഏറ്റവും കൂടുതൽ.  പ്രധാന ശിഖരവും  മറ്റു ശാഖകളും സന്തുലിതമായി ക്രമീകരിക്കപ്പെടുന്നു.  ആർആർഐഐ 430ന് കാറ്റിനെ ചെറുക്കുന്നതിനുള്ള കഴിവും എടുത്തുപറയണം. ആർആർഐഐ 105 നടുന്ന തോട്ടങ്ങളുടെ അതിരുകളിൽ ആർആർഐഐ 430 വയ്‌ക്കുന്നത് കാറ്റിനെ അതിജീവിക്കാൻ സഹായകമാണ്. അകാലിക ഇലപൊഴിച്ചിലിനോടും, കൊറിനിസ്‌പോറ ഇലരോഗത്തോടും സാമാന്യം നല്ല പ്രതിരോധശേഷി കാണിക്കും. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ  പൊടിക്കുമിൾ സാരമായി ബാധിക്കാറുണ്ട്. ചില പ്രദേശങ്ങളിൽ ഇലപ്പുള്ളിരോഗവും  കാണുന്നു. ആർആർഐഐ 430 ഇല പൊഴിക്കുന്നതും തളിരിടുന്നതും വളരെ വൈകിയാണ്. തന്മൂലം വേനൽമാസങ്ങളിൽ ഈ ക്ലോണിന് ഉല്‍പാദനം ഗണ്യമായി കുറയുന്നു. വാര്‍ഷികോല്‍പാദന ത്തിന്റെ ഏറിയ പങ്കും കാലവര്‍ഷത്തോടനുബന്ധിച്ചു ലഭിക്കുന്നതിനാല്‍ ഇതിനു റെയിന്‍ ഗാര്‍ഡിങ് നടത്തി പാലെടുക്കണം. ഇല്ലെങ്കില്‍ മറ്റു ക്ലോണുകളെ അപേക്ഷിച്ച് പാല്‍ ലഭ്യത കുറയും.  

ആർആർഐഐ 417

താരതമ്യേന ഉയർന്ന ശരാശരി ഉണക്ക റബർ തൂക്കം.  ചീക്കുരോഗം കൂടുതലുള്ള പ്രദേശ ങ്ങളിൽ രോഗബാധ കൂടും. പ്രധാന ശിഖരം ഒടിഞ്ഞുണ്ടാകുന്ന ഫോർക്കിങ് പലയിടത്തും കാണപ്പെടുന്നു. അകാലിക ഇലപൊഴിച്ചിലിനും കൊറിനിസ്‌പോറ ഇലരോഗത്തിനും ശരാശരി പ്രതിരോധശേഷി.  പൊടിക്കുമിൾ രോഗത്തിനു സാധ്യതയേറെ. 

ആർആർഐഐ 422

പ്രധാന ശിഖരങ്ങൾ സന്തുലിതമായി ക്രമീകരിച്ചിരിക്കും. ഇല പൊഴിച്ചിലും തളിരിടലും പുഷ്‌പിക്കുന്നതും വളരെ നേരത്തേ നടക്കും. അതിനാൽ ആർആർഐഐ 400 പരമ്പരക്ലോണുകളിൽ വേനൽക്കാല ഉല്‍പാദനം കൂടുതല്‍ ഈ ഇനത്തിനാണ്. സാമാന്യമായ രോഗപ്രതിരോധശേഷിയും, ഉണക്ക റബർ തൂക്കവുമുണ്ട്.  

പട്ടക്കനവും, പാൽകുഴലുകളും പട്ടമരപ്പിനു സാധ്യതയും അപക്വ കാലഘട്ടത്തിൽ ആർആർഐഐ400 പരമ്പര ക്ലോണുകളുടെ വളർച്ച  ഊർജസ്വലമാണെങ്കിലും, ടാപ്പിങ് ആരംഭിച്ച ശേഷമുള്ള വളർച്ചനിരക്ക് ആർആർഐ ഐ105നെ അപേക്ഷിച്ച് കൂടുതലല്ല. എന്നാൽ ഈ ക്ലോണുകൾക്കെല്ലാം അസ്സൽപട്ടയിൽനിന്ന് പുതുപ്പട്ടയിലേ ക്കു ടാപ്പിങ് പുരോഗമിക്കുമ്പോൾ പാൽക്കുഴലുകളുടെ എണ്ണം ക്രമാനുഗതമായി കൂടുന്നു. പട്ടമരപ്പ് ഈ ക്ലോണുക ളിലും കാണാം. ചില പ്രദേശങ്ങളിൽ കറയൊഴുക്ക് നിലയ്ക്കാൻ വൈകുമെങ്കിലും അത് പട്ടമരപ്പിലേക്ക് നയിക്കാറില്ല. അത്യുല്‍പാദനശേഷി കണക്കിലെടുത്ത് 3 ദിവസത്തിൽ ഒരിക്കൽ ടാപ്പ് ചെയ്യുന്നതാണ് നല്ലത്. 

പ്രാദേശിക അടിസ്‌ഥാനത്തിലുള്ള ക്ലോണുകളുടെ ശുപാർശ

റബർ ഇനങ്ങളുടെ അന്തിമമായ ഉല്‍പാദനക്ഷമത അതിന്റെ ജനിതക ഗുണമേന്മയോടൊപ്പം കാലാവസ്ഥയുമായുള്ള പ്രതിപ്രവർത്തനവുമായും ബന്ധപ്പെട്ടിരിക്കുന്നു. ആർആർഐഐ 10‌5നു തിരുവനന്തപുരത്ത് ലഭിക്കുന്ന ഉല്‍പാദനമായിരിക്കില്ല കാസര്‍കോട്ടു കിട്ടുക. കോട്ടയം ജില്ലയിലെ ഉല്‍പാദനം മറ്റൊന്നായിരിക്കും. കൃഷിസ്‌ഥലത്തിന്റെയും കാലാവസ്‌ഥയുടെയും വ്യതിയാനം വളർച്ചയെയും ഉല്‍പാദനത്തെയും സാരമായി ബാധിക്കുന്നതായി കാണാം. പൊതു ശുപാർശയിലുള്ള മികച്ച ഇനങ്ങളിൽനിന്ന് ഓരോ പ്രദേശത്തും  മുൻതൂക്കം നൽകേണ്ട ഇനങ്ങൾ സംബന്ധിച്ച ശുപാർശയിലേക്ക് എത്തിച്ചേർന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

പരമ്പരാഗതകൃഷിമേഖലയായ കന്യാകുമാരി മുതൽ കേരളം ഉൾപ്പെടെ തെക്കൻ കർണാടകവരെ 7 പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. പരമ്പരാഗതകൃഷിമേഖലയിൽ ഇടവപ്പാതിയും തുലാവർഷവും ഒരേപോലെ ലഭിക്കുന്ന പ്രദേ ശങ്ങളും, ഇവയിൽ ഒന്നു മാത്രം സുലഭമായി ലഭിക്കുന്ന പ്രദേശങ്ങളുമുണ്ട്. കേരളത്തിൽതന്നെ വരൾച്ച കൂടിയ പ്രദേശങ്ങളിലും സമുദ്രനിരപ്പിൽനിന്നു  വളരെ ഉയർന്ന പ്രദേശങ്ങളിലും സ്‌ഥിതി വ്യത്യസ്തമാണ്. ഇവയെല്ലാം കണക്കിലെടുത്താണ് പ്രാദേശികാടിസ്‌ഥാനത്തിലുള്ള ശുപാർശയിൽ എത്തിച്ചേർന്നത് (പട്ടിക2).  ഇതിനായി റബർ ഗവേഷണകേന്ദ്രത്തിലും, തിരഞ്ഞെടുത്ത ചെറുകിട– വന്‍കിട തോട്ടങ്ങളിലുമായി 3 ദശകത്തിലേറെ നീണ്ട 37 പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലങ്ങൾ സമഗ്രമായി വിലയിരുത്തി.

മധ്യകേരളത്തിൽ ആർആർഐഐ 430, ആർആർഐഐ 414, ആർആർഐഐ 417 എന്നീ ക്ലോണുകൾ മികച്ച  ഉല്‍പാദനവും വളർച്ചയും കൈവരിക്കുന്നു. എന്നാൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആർആർഐഐ 422, 430, 417 എന്നിവയ്ക്കാണ് മുൻതൂക്കം. ആർആർഐഐ 430 പൊതുവെ പരമ്പരാഗതമേഖലയ്ക്ക് യോജിച്ചതാണെ‌ങ്കിലും  ഇടുക്കി, വയനാട് ജില്ലകൾക്ക് നിർദേശിച്ചിട്ടില്ല. കൊറിനിസ്‌പോറ ഇലരോഗബാധയുടെ തീവ്രതമൂലം കർണാടകയുടെ തെക്കുപടിഞ്ഞാറൻ ജില്ലകളിൽ ആർആർഐഐ 105 യോജ്യമല്ല. എന്നാൽ രോഗപ്രതിരോധ ശേഷിയുള്ള ആർആർഐഐ 414, ആർആർഐഐ 430 ഇനങ്ങളാകാം.

പ്രാദേശകിമായി മുൻഗണന നൽകേണ്ട  ഇനങ്ങളുടെ പട്ടികയിൽ ആർആർഐഐ 400 പരമ്പര ക്ലോണുകൾക്കു പുറമെ, പഴയകാല ഇനങ്ങളായ ജിറ്റി 1, ആർആർഐഐ 203 തുടങ്ങിയവയും ചേർത്തിട്ടുണ്ട്. കൃഷിച്ചെലവ് പതിന്മടങ്ങ് വർ‌ധിച്ച സാഹചര്യത്തിൽ പ്രാദേശികമായി യോജിച്ച നടീൽ ഇനങ്ങൾ തിരഞ്ഞെടുത്തു നടുന്ന വിവേചനപൂർണമായ സമീപനത്തിലൂടെ മാത്രമേ കൃഷി ലാഭകരമാകൂ.

പട്ടിക1. വിവിധ ഭൂപ്രദേശങ്ങൾക്ക് യോജിച്ച ഇനങ്ങളുടെ പൊതുശുപാർശ

പരമ്പരാഗതമേഖല

  • 1–ാം വിഭാഗം

ആർആർഐഐ 105, ആർആർഐഐ 414, ആർആർഐഐ 417, ആർആർഐഐ 422, ആർആർഐഐ 430, പിബി 260

  • 2–ാം വിഭാഗം

ആർആർഐഎം 600, ജിറ്റി 1, ആർആർഐഐ 5, ആർആർഐഐ 203, പിബി 28/59, പിബി 217, പിബി 312, പിബി 314, പിബി 255, പിബി 280

പട്ടിക 2 

കാലാവസ്‌ഥയുടെ അടിസ്‌ഥാനത്തിൽ പരമ്പരാഗത മേഖലയിലെ റബർകൃഷിമേഖലയുടെ വിഭജനം

  • 1. തെക്കൻ തമിഴ്‌നാട്–കന്യാകുമാരി

ക്രമമായ മഴലഭ്യത, താപനിലയിൽ കാര്യമായ ഏറ്റക്കുറച്ചിലില്ല; അകാലിക ഇലപൊഴിച്ചിൽ വളരെ കുറവ്. പ്രതിവർഷം മഴയുടെ അളവ് ശരാശരി 2000 മി.മീ. 

ശുപാർശിത ഇനങ്ങൾ– ആർആർഐഐ 430, ആർആർഐഐ 105, ആർആർഐഐ 429

  • 2. തെക്കൻ കേരളം– തിരുവനന്തപുരം , കൊല്ലം

മഴ  സുലഭം; വേനൽചൂട് രൂക്ഷമായ പ്രദേശം. പ്രതിവർഷ മഴയുടെ അളവ് 2000 മുതൽ 4500 മി.മീ. വരെ

ശുപാർശിത ഇനങ്ങൾ– ആർആർഐഐ 422 ആർആർഐഐ 430, ആർആർഐഐ 417

  • 3. മധ്യകേരളം– എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ

ഇടവപ്പാതിയും തുലാവർഷവുമായി പ്രതിവർഷം 3000 മുതൽ 4000 മി.മീ. വരെ മഴ ലഭിക്കുന്നു. ചീക്കുരോഗത്തിനും അകാല ഇലപൊഴിച്ചിലിനും ഇടയാക്കുന്ന  കാലാവസ്‌ഥ.

ശുപാര്‍ശിത ഇനങ്ങൾ– ആർആർഐഐ 430, ആർആർഐഐ 414, ആർആർഐഐ 417

  • 4. തെക്കേ മലബാർ– തൃശൂർ, പാലക്കാട്

തുലാവർഷം ദുർബലം; കാലവർഷത്തിനും വേനലിനും തീവ്രത, വേനൽചൂടിന് ഏറ്റക്കുറച്ചിൽ,  ചില പ്രദേശങ്ങളി ൽ ശക്തിയേറിയ കാറ്റ്, മഴയുടെ അളവ് പ്രതിവർഷം 2300 മുതൽ 3000 മി.മീ. വരെ 

ശുപാര്‍ശിത ഇനങ്ങൾ– ആർആർഐഐ 417 ആർആർഐഐ 429, ആർആർഐഐ 430

  • 5. വടക്കൻകേരളം (മലബാർ)– കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസര്‍കോട്

തുലാവർഷം ദുർബലം; ശക്തമായി പെയ്യുന്ന ഇടവപ്പാതി, കഠിനമായ വേനൽചൂട്; ഡിസംബർ മുതൽ മേയ് വരെ നീളുന്ന വേനൽ. മഴയുടെ അളവ് പ്രതിവർഷം 3400 മി.മീ. 

ശുപാര്‍ശിത ഇനങ്ങൾ– ആർആർഐഐ 430, ആർആർഐഐ 417, ആർആർഐഐ 105

  • 6. ഉയർന്ന പ്രദേശങ്ങൾ– വയനാട്, ഇടുക്കി, കുളത്തൂപ്പുഴ, വിതുര

സമുദ്രനിരപ്പിൽനിന്ന് 450 മി.മീറ്ററിനു മുകളിൽ ഉയരം; ഇടവപ്പാതിയിൽ കനത്ത മഴ; ഡിസംബർ മുതൽ മാർച്ച് വരെ നീളുന്ന ഉണക്ക്; തണുപ്പ് കൂടിയ അന്തരീക്ഷം; ജനുവരിയിൽ 15–1 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന താപനിലയും മഞ്ഞും. പൊടിക്കുമിൾരോഗബാധയ്ക്കു യോജിച്ച കാലാവസ്‌ഥ. മഴയുടെ അളവ് പ്രതിവർഷം 4000 മി.മീ.

ശുപാര്‍ശിത ഇനങ്ങൾ– ആർആർഐഐ 422, ആർആർഐഐ 429, ആർആർഐഐ 417

  • 7. തെക്കു കിഴക്കൻ കർണാടകം– ദക്ഷിണ കാനറ, ഗോവ

തുലാവർഷം ദുർബലം; കഠിനമായ വേനൽച്ചൂട്; അകാലിക ഇലപൊഴിച്ചിൽ; കൊറിനിസ്‌പോറ എന്നിവ മൂലമുള്ള രോഗബാധയ്ക്കു യോജിച്ച കാലാവസ്‌ഥ. മഴയുടെ അളവ് പ്രതിവർഷം 2000 മുതൽ 4500 മി.മീ. വരെ.

ശുപാര്‍ശിത ഇനങ്ങൾ– ആർആർഐഐ 430, ആർആർഐഐ 414, ആർആർഐഐ 203, ജിറ്റി 1

മൊത്തത്തിൽ എല്ലാ പ്രദേശങ്ങൾക്കും റബർ ബോർഡ് ശുപാർശ ചെയ്യുന്ന രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. അത്യുല്‍പാദനശേഷിയുള്ള എല്ലാ ഇനങ്ങളും 3ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്നതാണ് നല്ലത്.  ആർആർഐഐ 105ന് ഇടവേള കൂടിയ ടാപ്പിങ് സമ്പ്രദായം അവലംബിക്കാം. ആർആർഐഐ 429 അത്യുല്‍പാദനശേഷി തെളിയിച്ചിട്ടുള്ളതാണെങ്കിലും ചീക്കുരോഗത്തിനെതിരെ കരുതല്‍ വേണം. 

ഫോണ്‍: 9447028578 (ടി. ഗിരീഷ്)

English summary:  Growth Performance of Rubber Clones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com