അഴകുള്ള ചെടികൾ അക്വേറിയത്തിലേക്ക്: ജലസസ്യങ്ങൾക്ക് നാട്ടിലും മറുനാട്ടിലും മികച്ച വിപണി
Mail This Article
അക്വേറിയവും അലങ്കാരമത്സ്യങ്ങളും പ്രചാരം നേടിയപ്പോഴും അക്വാസ്കേപ്പിങ്ങിന്റെ സാധ്യതകള്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല നമ്മുടെ ഉദ്യാനപ്രേമികൾ. ഏതാനും വർണക്കല്ലുകളും പ്ലാസ്റ്റിക് ചെടികളും ക്രമീകരിക്കുന്നതിലൊതുങ്ങി അക്വേറിയത്തിലെ ലാൻഡ്സ്കേപ്പിങ് അഥവാ അക്വാസ്കേപ്പിങ്. അലങ്കാര ജലസസ്യങ്ങളുടെ ലഭ്യതക്കുറവും ശാസ്ത്രീയ രീതികള്‍ സംബന്ധിച്ച അജ്ഞതയുമാണ് അക്വാസ്കേപ്പിങ്ങിന്റെ വളർച്ചയ്ക്കു തടസ്സമായത്. എന്നാൽ, ഇന്ന് അക്വാസ്കേപ്പിങ് ചെയ്ത അക്വേറിയങ്ങൾക്ക് ആവശ്യക്കാർ ഏറി. അതിന് അനുസൃതമായി അലങ്കാര ജലസസ്യങ്ങളുടെ വിപണിയും വികസിക്കുന്നു.
തൃശൂർ പുറ്റേക്കരയിലുള്ള സി.കെ.ഗോപിനാഥൻ ഈ രംഗത്ത് മികച്ച വരുമാനം നേടുന്ന സംരംഭകനാണ്. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായിരുന്ന ഗോപിനാഥൻ വിരമിച്ച് വീട്ടിലിരുന്നപ്പോഴാണ് മകൻ നിഖിൽ വിനോദത്തിനു പരിപാലിക്കുന്ന ജലസസ്യങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയത്. സ്കൂൾ അധ്യാപകനായി ജോലി കിട്ടി നിഖിൽ തിരക്കിലായതോടെ മകന്റെ ഹോബി ഗോപിനാഥൻ ഏറ്റെടുത്തു. മാത്രമല്ല, അതിവേഗം അതിനെയൊരു സംരംഭമായി വളർത്തുകയും ചെയ്തു. ഇന്ന് എൺപതിലധികം ഇനം അക്വേറിയം സസ്യങ്ങളുടെ അഴകുള്ള ശേഖരമുണ്ട് ഗോപിനാഥന്. അവയെ വംശവർധന നടത്തി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിൽക്കുകയും ചെയ്യുന്നു.
രണ്ടു വർഷം മുൻപ് കോവിഡ് കാലത്തിനു തൊട്ടു മുൻപുള്ള മാസങ്ങളിലായിരുന്നു തുടക്കം. കോവിഡും ലോക്ഡൗണും ചേർന്ന് പണി പാളുമോ എന്ന ആശങ്ക വളരെ വേഗം ആദായത്തിനു വഴിമാറിയെന്നു ഗോപിനാഥൻ. കോവിഡ് കാലം ആളുകളുടെ അഭിരുചികളിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് നിഖിലും പറയുന്നു. വീടിനു പുറത്തിറങ്ങാതെ, വായിച്ചും യുട്യൂബ് കണ്ടുമൊക്കെ സമയം ചെലവിട്ടപ്പോഴാണ് അലങ്കാരമത്സ്യങ്ങളും അലങ്കാര ജലസസ്യങ്ങളും അക്വാസ്കേപ്പിങ്ങുമൊക്കെ പലരുടെയും ശ്രദ്ധയിലെത്തുന്നത്. അത് സംരംഭങ്ങൾക്ക് ഊർജമായി.
അറിഞ്ഞും പഠിച്ചും
മകന്റെ ശേഖരത്തെ വിപുലമാക്കലായിരുന്നു ഗോപിനാഥന്റെ ആദ്യ പടി. കേരളത്തന് അകത്തും പുറത്തുമുള്ള മികച്ച ഫാമുകളിൽനിന്ന് പുതിയ സസ്യങ്ങളുടെയും അപൂർവ ഇനങ്ങളുടെയും തൈകൾ വാങ്ങി വളർത്തി അവയുടെ തണ്ടുകൾ മുറിച്ചു നട്ടും, ഓൺലൈൻ വഴി വിദേശയിനങ്ങളുടെ വിത്തുകൾ വാങ്ങി മുളപ്പിച്ചെടുത്തും ജലസസ്യശേഖരം ആകർഷകമാക്കി. ഇനങ്ങൾ കൂടിയതോടെ അവ പരിപാലിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റുകളുടെയും സിമന്റ് ടാങ്കുകളുടെയും എണ്ണവും കൂടി.
തൈ ഒന്നിന് 2 രൂപ മുതൽ 500 രൂപവരെ വിലവരുന്ന അലങ്കാരസസ്യങ്ങളുണ്ട് ഇന്നു വിപണിയിൽ. അക്വേറിയത്തിലേക്കായി ചെടി വാങ്ങുന്നവരും ഈ രംഗത്ത് സംരംഭ താൽപര്യമുള്ളവരും ചെടികളെക്കുറിച്ച് നന്നായി പഠിക്കണമെന്നു ഗോപിനാഥൻ. ഹൈടെക്, ലോടെക്, മീഡിയം എന്നിങ്ങനെ അക്വേറിയം സസ്യങ്ങളെ 3 വിഭാഗങ്ങളിലായി തിരിക്കാറുണ്ട്. നല്ല വെളിച്ചവും കാർബൺ ഡൈ ഓക്സൈഡിന്റെ ഉയർന്ന ലഭ്യതയും പോഷകങ്ങളുമെല്ലാം ആവശ്യമുള്ള ചെടികളാണ് ഹൈടെക് വിഭാഗത്തിൽ ഉൾപ്പെടുന്നത്. വെളിച്ചം കുറഞ്ഞാലും പ്രശ്നമില്ലാത്തതും കാര്യമായ വളമോ പരിപാലനമോ ആവശ്യമില്ലാത്തവയുമായ ഇനങ്ങൾ ലോടെക് വിഭാഗത്തിൽ വരും. രണ്ടിനുമിടയിൽ നിൽക്കുന്നത് മീഡിയവും. ചുരുക്കത്തിൽ, പരിപാലനച്ചെലവു കൂടിയവയാണ് ഹൈടെക് അക്വാട്ടിക് പ്ലാന്റ്സ്. കുറഞ്ഞവ ലോടെക്കും. വിപണിയിൽ ഡിമാൻഡുള്ള ചെടികൾ 3 വിഭാഗത്തിലുമുണ്ട്.
അക്വേറിയത്തിനായി ചെലവിടാനുള്ള സമയവും സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ വെളിച്ചത്തിന്റെ ലഭ്യതയുമെല്ലാം വിലയിരുത്തി വേണം ചെടികൾ തിരഞ്ഞെടുക്കാൻ. സാവധാനം വളരുന്ന ചെടികൾക്കാണ് വില കൂടുതലെന്നു ഗോപിനാഥൻ. 300 രൂപവരെ വില വരുന്ന അനൂബിയാസ് ഉദാഹരണം. റോട്ടാലയും ലുഡ്‌വീജിയയും പോലെ, പെട്ടെന്ന് വളരുകയും ഇടയ്ക്ക് മുറിച്ചൊതുക്കി വളർച്ച നിയന്ത്രിക്കേണ്ടി വരികയും ചെയ്യുന്ന ചെടികൾക്ക് താരതമ്യേന വില കുറയും. അതേസമയം അഴകുള്ള ഇനമായതിനാൽ റൊട്ടാലയ്ക്ക് പ്രിയം കൂടുതലുണ്ടുതാനും.
അക്വേറിയം സസ്യങ്ങൾക്കൊപ്പം വളർത്തുന്ന അലങ്കാരമത്സ്യങ്ങളുടെ കാര്യത്തിലും കരുതൽ വേണം, ചെറു മീനുകളാണ് ചെടികൾ വളരുന്ന പ്ലാന്റഡ് അക്വേറിയങ്ങൾക്കു യോജ്യം. ഗപ്പി, ടെട്രാ ഇനങ്ങൾ ഉദാഹരണം. കാർപ്പിനങ്ങളും ഗോൾഡ്ഫിഷുമൊക്കെയിട്ടാൽ ചെടികൾ പൊടിപോലും ബാക്കിവയ്ക്കില്ല. അതുപോലെ, ചെടികളുടെ വളർച്ചയ്ക്ക് ഗുണകരമാവുന്ന ചില അലങ്കാരമത്സ്യയിനങ്ങൾ നിർബന്ധമായും പ്ലാന്റഡ് അക്വേറിയത്തിൽ ഉൾപ്പെടുത്തുകയും വേണം. ചെടികളിൽ അടിയുന്ന അഴുക്ക് ആഹരിച്ച് ചെടികള്‍ക്കു കേടും രോഗവും വരാതെ അവ സംരക്ഷിക്കും. ഒട്ടോസിക്ലസ്, അമാനോ ഷ്റിമ്പ്, സയാമീസ് ആൽഗ ഈറ്റർ എന്നിവ മേൽപ്പറഞ്ഞ ഗുണമുള്ള മത്സ്യയിനങ്ങളാണ്.
ജലസസ്യങ്ങൾക്കൊപ്പം അക്വാസ്കേപ്പിങ് ആവശ്യമുള്ളവർക്ക് അതിനുള്ള സന്നാഹങ്ങളും ലഭ്യമാക്കുന്നു ഗോപിനാഥൻ. ഉദ്യാനപ്രേമികൾക്ക് അക്വേറിയത്തോടും അലങ്കാര ജലസസ്യങ്ങളോടുമുണ്ടായിട്ടുള്ള താൽപര്യം ഈ രംഗത്ത് കൂടുതൽ സംരംഭ സാധ്യതകൾ തുറന്നിടുന്നുവെന്നും അദ്ദേഹം പറയുന്നു.
ഫോൺ: 9495801155
English summary: aquarium plants cultivation