ADVERTISEMENT

വിർജിൻ കോക്കനട്ട് ഓയിൽ പതിവായി കഴിച്ച് കൊളസ്ട്രോൾ കുറഞ്ഞതിന്റെ ആവേശത്തിലാണ് പാലക്കാട് ജില്ലയിലെ എടപ്പലത്തുള്ള ഡന്റിസ്റ്റായ ഡോ. ശ്രീകാന്ത് നാളികേര  മൂല്യവർധന സംരംഭത്തെക്കുറിച്ചു ചിന്തിക്കുന്നത്. ഉറച്ച പിന്തുണ വാഗ്ദാനം ചെയ്ത് ഭാര്യ ചിത്രയെ സംരംഭകയാക്കി. എന്നാൽ, മൂല്യവർധിത നാളികേരോൽപന്നങ്ങളുടെ വിപണി അത്ര പെട്ടെന്നു കയ്യടക്കാനാവില്ലെന്നു മനസ്സിലായെന്ന് ചിത്രയും ശ്രീകാന്തും പറയുന്നു. 

ദിവസം 5000 തേങ്ങ സംസ്കരിച്ച് വിർജിൻ കോക്കനട്ട് ഓയിൽ ഉൽപാദിപ്പിക്കാവുന്ന യൂണിറ്റാണ് ഈ ദമ്പതികളുടേത്. ആദ്യഘട്ടത്തിൽ അതിനാണ് ഊന്നൽ നൽകിയതും. തേങ്ങാപ്പാൽ ചൂടാക്കി തയാറാക്കുന്ന വെന്ത വെളിച്ചെണ്ണയാണ് വിർജിൻ കോക്കനട്ട് ഓയിലെന്നു നമ്മുടെ നാട്ടിൽ പലരും കരുതുന്നതായി ശ്രീകാന്ത്. വെന്ത വെളിച്ചെണ്ണ മികച്ച ഉൽപന്നം തന്നെ. എന്നാൽ, ചൂടാക്കുന്നതിനു പകരം തേങ്ങാപ്പാൽ സെൻട്രിഫ്യൂജ് ചെയ്ത്, തണുപ്പിച്ചു വേർതിരിച്ചെടുക്കുന്ന വിർജിൻ കോക്കനട്ട് ഓയിലിന് കൂടുതൽ ആരോഗ്യമേന്മകളുണ്ടെന്ന് ശ്രീകാന്ത്. 

വെന്ത വെളിച്ചെണ്ണ തന്നെയാണ് വിർജിൻ കോക്കനട്ട് ഓയിൽ എന്നു ഭൂരിപക്ഷവും കരുതുന്നതിനാൽ കേരളത്തിലതിന്റെ വിപണി അത്ര വളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയെക്കാൾ കയറ്റുമതി തന്നെയാണ് മെച്ചം. എന്നാൽ, അവിടെയും നേരിടണം ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽനിന്ന് കടുത്ത മത്സരം. ഉൽപാദനച്ചെലവു കുറവായതിനാൽ കുറഞ്ഞ നിരക്കിൽ വിർജിൻ കോക്കനട്ട് ഓയിൽ വിപണിയിലെത്തിക്കാൻ അവർക്കു കഴിയും.

coconut-products-2
ഡോ. ശ്രീകാന്ത്

നാടൻതന്നെ നേട്ടം

സംരംഭത്തെ ലാഭകരമാക്കുന്നതു പ്രാദേശിക വിപണിയിലിറക്കുന്ന നാടൻവിഭവങ്ങളെന്ന് ശ്രീകാന്ത്. വറുത്തരച്ച തേങ്ങാമസാലക്കൂട്ടുകൾ, തേങ്ങാച്ചമ്മന്തിപ്പൊടി തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളാണ് ആഡ്രിക്സ് എന്ന ബ്രാൻഡിൽ ഈ യൂണിറ്റിൽനിന്ന് വിപണിയിലെത്തുന്നത്. ഇവയിൽ പലതും വെളിച്ചെണ്ണ, വിർജിൻ കോക്കനട്ട് ഓയിൽ എന്നിവയുടെ ഉപോൽപന്നങ്ങൾ. അതുതന്നെയാണ് ലാഭത്തിനു കാരണമെന്നും ചിത്ര. വിർജിൻ കോക്കനട്ട് ഓയിലിനായി നാളികേരം പിഴിയുമ്പോൾ 50 ശതമാനം പാൽ നിലനിർത്തി ഈ പീരയാണ് മിക്ക വിഭവങ്ങൾക്കും  ഉപയോഗിക്കുന്നത്. ഇവയുടെ വിപണി വളർത്തിയെടുത്താണ് നാളികേര സംരംഭങ്ങൾ വളരേണ്ടതെന്നു ചിത്രയും ശ്രീകാന്തും ഓർമിപ്പിക്കുന്നു.

ലിസ്റ്റിലേക്ക് രണ്ട് മികച്ച ഉൽപന്നങ്ങൾകൂടി ഈയിടെ ഇവർ കൂട്ടിച്ചേർത്തു. ആദ്യത്തേത് പാഴായിപ്പോകുന്ന തേങ്ങാവെള്ളത്തിൽനിന്നു സ്ക്വാഷ്. ശ്രീകാന്തിന്റെ അമ്മ തങ്കം സേതുമാധവന്റെ കണ്ടെത്തലാണ് ഈ ഉൽപന്നം. രണ്ടാമത്തേത് വിർജിൻ കോക്കനട്ട് ഓയിൽ വേർതിരിക്കുമ്പോൾ ലഭിക്കുന്ന ഉപോൽപന്നമായ വേ മിൽക് (whey milk) ഉപയോഗിച്ചു തയാറാക്കുന്ന മിൽക് ക്യൂബ്സ്. തേങ്ങാപ്പാൽ ചേർത്തുള്ള കറികൾക്കെല്ലാം പാലിനു പകരം ഈ മിൽക് ക്യൂബ്സ്  ഉപയോഗിക്കാം. സൂക്ഷിപ്പു കാലാവധി കുറവായതിനാൽ സമീപത്തുള്ള ഹോട്ടലുകൾക്കാണ് അവ നൽകുക. മിതമായ വിലയിൽ തേങ്ങാപ്പാൽ ലഭിക്കുന്നതിൽ അവരും സന്തുഷ്ടർ. 

നാളികേര വികസന ബോർഡിന്റെയും എസ്എഫ്എസി (Small Farmers Agri-Business Consortium)യുടെയുമെല്ലാം പിന്തുണയും പ്രോത്സാഹനവും സംരംഭത്തിന് കരുത്തു പകരുന്നുവെന്ന് ചിത്രയും ശ്രീകാന്തും പറയുന്നു. കാർഷിക സർവകലാശാലയുടെ ബിസിനസ് ഇൻക്യുബേഷൻ സെന്ററുമായി ബന്ധപ്പെട്ട് കൂടുതൽ ഉൽപന്നങ്ങൾക്കുള്ള ശ്രമത്തിലാണ് ഈ ദമ്പതിമാർ.

ഫോൺ: 9847141191

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com