സുനിലിനും റോഷ്നിക്കും കൃഷി എല്ലാം നല്‍കി, കുഞ്ഞുങ്ങളെയും
Mail This Article
ഉമ്മൻചാണ്ടി സർക്കാരിനെതിരെ സോളർ സമരവുമായി സഖാക്കൾക്കൊപ്പം മാരാരിക്കുളം പഞ്ചായത്തിലേക്കു മാർച്ച് ചെയ്യുമ്പോൾ വി.പി. സുനിലെന്ന രാഷ്ട്രീയപ്രവർത്തകൻ മനസ്സിൽപോലും കരുതിയില്ല സ്വന്തം ജീവിതം അടിമുടി മാറാന്‍ പോകുകയാണെന്ന്. 8വർഷങ്ങൾക്കിപ്പുറം സുനിലിന്റെ മേൽവിലാസം രാഷ്ട്രീയക്കാരൻ എന്നല്ല, പകരം, മുഴുവൻസമയ കർഷകൻ എന്നാണ്. 365 ദിവസവും ജൈവപച്ചക്കറി വിപണിയിലെത്തിക്കുകയും ദിവസം ചുരുങ്ങിയത് 1000 രൂപ ലാഭമുണ്ടാക്കുകയും ചെയ്യുന്ന ഒന്നാന്തരം ജൈവ കർഷകൻ.
ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴി മായിത്തറ വടക്കേത്തയ്യിൽ വീട്ടിൽ വി.പി. സുനിൽ കൃഷിയിലെത്തും മുൻപ് പല മേഖലകളിലും കൈവച്ചു. പഠന ശേഷം കയർ കയറ്റുമതി സ്ഥാപനത്തിലെ സൂപ്പർവൈസര്‍ ആയി തുടക്കം. ഇടയ്ക്ക് ജോലി രാജിവച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് 5 വർഷം കഞ്ഞിക്കുഴി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. കൃഷിയില്‍ ഗൗരവ ശ്രദ്ധ പതിയുന്നത് അപ്പോഴെന്നു സുനിൽ. കൃഷി ഒാഫിസറായിരുന്ന ടി. എസ്. വിശ്വന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിലെ ചൊരിമണലിലും പച്ചക്കറിക്കൃഷി മുന്നേറുന്ന കാലം. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയ്ക്ക് കാർഷിക പദ്ധതികളുടെ ആസൂത്രണത്തിൽ സുനിലും പങ്കാളിയായി. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ സുനിൽ പഴയ ലാവണത്തിലേക്കു മടങ്ങി. പക്ഷേ, ഒാർക്കാപ്പുറത്ത് കയർഫാക്ടറി പൂട്ടിയതോടെ ജീവിതം വഴിമുട്ടി.
പത്തുസെന്റ് മാത്രം സ്ഥലം സ്വന്തമായുള്ള സുനിൽ ഉപജീവനത്തിനായി നിർമാണമേഖലയിൽ തൊഴിലാളിയായി. ജീവിക്കാന്‍ ആ വരുമാനം പോരെന്നായപ്പോള്‍ തെരുവിൽ തട്ടടിച്ച് മത്സ്യക്കച്ചവടം. അന്നും സുനിലിലെ രാഷ്ട്രീയപ്രവർത്തകൻ ഒഴിവുനേരങ്ങളിൽ ഉശിരോടെ പ്രവർത്തിച്ചിരുന്നു. അങ്ങനെയാണ് 2013 ൽ സോളർ സമരവുമായി യുവജന സംഘടനകൾ മാരാരിക്കുളം പഞ്ചായത്തിലേക്കു മാർച്ച് നടത്തുമ്പോൾ അതിൽ പങ്കെടുത്തത്. സമരം ലാത്തിച്ചാര്‍ജില്‍ കലാശിച്ചു.
കേസില്‍ പ്രതിയായതോടെ ആലപ്പുഴ സബ് ജയിലിലേക്ക്. റിമാൻഡിലിരിക്കെ നെഞ്ചുവേദന വന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ അഡ്മിറ്റായ സുനിലിനെ കാത്തിരുന്നത് ആൻജിയോഗ്രാമും പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിയും. സമരവും ജയിലും ആശുപത്രിയും പിന്നിട്ട് മായിത്തറയിലെ കൊച്ചുവീട്ടിലിരിക്കുമ്പോൾ സുനിലിനും ഭാര്യ റോഷ്നിക്കും മുന്നിൽ ജീവിതം നിഴലും വെളിച്ചവും ഇഴപിരിഞ്ഞു കിടന്നു.
നിഴലിൽനിന്നു വെളിച്ചത്തിലേക്ക്
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിറങ്ങുമ്പോൾ നിർമാണമേഖലയിലേക്കു തിരിച്ചുപോകാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. വീട്ടിൽ വെറുതെയിരുന്ന ദിവസങ്ങളൊന്നിൽ പുറത്തിറങ്ങി കുറെ ഗ്രോബാഗുകൾ വാങ്ങി. കേരളം മുഴുവൻ അടുക്കളത്തോട്ടവും ജൈവക്കൃഷിയും ആഘോഷിച്ചു തുടങ്ങിയ കാലമാണത്. അങ്ങനെ സുനിലും ഗ്രോബാഗ് കർഷകനായി. മണ്ണും ചാണകവുമെല്ലാം നിറച്ച് വിത്തിട്ട ഗ്രോബാഗുകളിൽ വിളഞ്ഞത് ഭാവിയുടെ പ്രതീക്ഷകൾ കൂടിയായിരുന്നെന്നു സുനിൽ. ഗ്രോബാഗിലെ മികച്ച വിളവ് കണ്ടതോടെ ഇനി കൃഷിയിൽ ചുവടുറപ്പിക്കാം എന്നു നിശ്ചയിച്ചു.
നാലു സുഹൃത്തുക്കളുമായി ചേർന്ന്, കൂട്ടുകാരിൽ ഒരാളുടെ 50 സെന്റിൽ പച്ചക്കറിക്കൃഷി തുടങ്ങി. ആദ്യകൃഷിതന്നെ ലാഭം. എന്നാൽ 50സെന്റും 5 പങ്കുമായതിനാൽ ലാഭവിഹിതം തുച്ഛം. തുടര്‍ന്നു കൂട്ടുകാരുടെ അനുവാദത്തോടെ സ്വന്തം നിലയ്ക്ക് രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്തു. സുനിലും റോഷ്നിയും 2 ഏക്കറിൽ അന്നു തുടങ്ങിയ അധ്വാനം ഇന്നെത്തി നിൽക്കുന്നത് 10 ഏക്കറിൽ. അന്നു മക്കൾ ഇല്ലാതിരുന്നതിനാൽ നേരം വെളുക്കുമ്പോൾതന്നെ വീടു പൂട്ടി ഇരുവരും കൃഷിയിടത്തിലെത്തും. ഉച്ചയ്ക്ക് ഹോട്ടലിൽനിന്ന് ഒരു പൊതി ചോറ് വാങ്ങി പങ്കിട്ടു കഴിക്കും. നേരം ഇരുളും വരെ അധ്വാനം.
അന്നു മുതൽ ഇന്നോളവും കൃഷി ചതിച്ചിട്ടില്ല ഈ ദമ്പതികളെ. മാത്രമല്ല, അതുവരെയുള്ള കടങ്ങളെല്ലാം വീട്ടി. അതിലും വലിയൊരു ഭാഗ്യത്തിനും തുണയായി കൃഷി. വിവാഹം കഴിഞ്ഞ് 24 വർഷം കുഞ്ഞുങ്ങളില്ലായിരുന്നു. അന്നു ഫലപ്രദമായ ചികിത്സയ്ക്കു പണവുമുണ്ടായിരുന്നില്ല. കൃഷിയിൽനിന്നു സുസ്ഥിര വരുമാനമായതോടെ ചികിത്സിക്കാന്‍ ധൈര്യമായി. കഴിഞ്ഞ വർഷം ഇരട്ട കൺമണികള്‍ പിറന്നു ഈ ദമ്പതിമാർക്ക്.
ലാഭക്കൃഷി
സ്വന്തം പഞ്ചായത്തിൽ സ്വന്തം വാർഡിൽത്തന്നെയുള്ള പാട്ടഭൂമിയിലാണ് കൃഷി. വെണ്ട, പയർ, പാവൽ, പടവലം, പീച്ചിൽ എന്നീ പച്ചക്കറികൾ ആണ്ടുവട്ടം വിപണിയിലിറക്കാവുന്ന രീതിയില്‍ ക്രമീകരിക്കുന്നു. സീസൺ നോക്കി മത്തൻ, വെള്ളരി, പച്ചമുളക്, തണ്ണിമത്തൻ തുടങ്ങിയവയും.
ഒരുൽപന്നവും നിശ്ചിത വിലയിൽ താഴ്ത്തി വിൽക്കാൻ തയാറല്ല എന്നതാണ് ഈ ദമ്പതിമാരുടെ കൃഷിയെ ലാഭകരമാക്കുന്ന ഘടകം. അതെങ്ങനെ സാധിക്കുന്നുവെന്നു ചോദിക്കും മുൻപ് സുനിലിന്റെ ഉൽപന്നങ്ങളുടെ ശരാശരി വിലനിലവാരം അറിയണം. വള്ളിപ്പയർ കിലോ 70 രൂപ, പച്ചമുളക് 70–80 രൂപ, പാവൽ 60 രൂപ, പടവലം 40 രൂപ, പീച്ചിൽ 50 രൂപ. വിപണിയിൽ എത്ര വിലയിടിഞ്ഞാലും ഇവയൊന്നും 10–15 രൂപയിൽ താഴ്ത്തി വിൽക്കുന്ന പ്രശ്നമില്ലെന്നു സുനിൽ.
പച്ചക്കറിവിപണി വിലയിടിഞ്ഞു നിലം തൊടുന്ന സാഹചര്യങ്ങളിലും എങ്ങനെ സ്വന്തം ഉൽപന്നങ്ങളുടെ വില സംരക്ഷിക്കാൻ സുനിലിനു സാധിക്കുന്നു? ‘മുടങ്ങാതെ 365 ദിവസവും പച്ചക്കറി വില്‍ക്കാനുള്ളതുകൊണ്ട്’ എന്ന് മറുപടി. ജൈവ പച്ചക്കറി എന്ന മേന്മ കൂടിയാകുമ്പോള്‍ വിപണി കൈപ്പിടിയിലെന്നു സുനിൽ.
കേരളത്തിലെ പച്ചക്കറിക്കർഷകരിൽ നല്ല പങ്കും ഒന്നോ രണ്ടോ സീസണിൽ മാത്രമാണ് കൃഷി ചെയ്യുന്നത്. അതിനാല്‍ അവർക്കു നിശ്ചിതവും സുരക്ഷിതവുമായൊരു വിപണന സംവിധാനമില്ലെന്നു സുനിൽ. ഏതൊക്കെ സീസണിൽ ഏതിനൊക്കെ ഡിമാൻഡ് കൂടുമെന്നോ വിലയിടിയുമെന്നോ നോക്കാതെ ശീലിച്ച വിളതന്നെ തുടരുന്നു പലരും. ഇടനിലക്കാരൻ പറയുന്ന വിലയ്ക്ക് വിൽക്കേണ്ടി വരുന്നതും ഇതുകൊണ്ടുതന്നെ.
സുനിലുള്‍പ്പെടെ സുരക്ഷിതവിപണി കണ്ടെത്തുന്ന മറ്റുള്ളവരുടെ വഴി വേറെയാണ്. വർഷം മുഴുവൻ മുടങ്ങാതെ നിശ്ചിത ഇനം ഫാം ഫ്രഷ് ആയി കിട്ടുമെന്നതിനാല്‍ അടുത്തുള്ള വ്യാപാരികള്‍ അവരിൽനിന്നു പച്ചക്കറി സ്ഥിരമായി വാങ്ങുന്നു. അതുകൊണ്ടുതന്നെ കോവിഡ് വന്നാലും ഹർത്താൽ വന്നാലും ന്യായവില നല്‍കി സംഭരിക്കാൻ വ്യാപാരികള്‍ തയാർ.
ജൈവ പച്ചക്കറി എന്നതാണ് രണ്ടാമത്തെ അനുകൂല ഘടകം. വാരം കോരി തടമെടുത്ത് അടിവളമായി കോഴിക്കാഷ്ഠവും ചാണകപ്പൊടിയും ഒപ്പം മത്സ്യഫെഡ് വിപണിയിലെത്തിക്കുന്ന മത്സ്യവളവും നൽകി പ്ലാസ്റ്റിക് പുത വിരിച്ചാണ് കൃഷി. ഒാരോ കൃഷിക്കു ശേഷവും പുത ഉയർത്തി തടത്തിൽ വളം ചേർക്കും. ഇങ്ങനെ മൂന്നു വട്ടം കൃഷി കഴിയുന്നതോടെ ഉപയോഗശൂന്യമാകുന്ന പുത മാറ്റി കൃഷിയിടം പൂട്ടിയടിച്ച് വീണ്ടും വാരം കോരി വളം ചേർത്ത് പുതുക്കൃഷി. ജൈവക്കൃഷിയിൽ ഉൽപാദനം അൽപം കുറഞ്ഞാൽപോലും വിലകൊണ്ട് അതിനെ മറികടക്കാൻ കഴിയുമെന്നു സുനിൽ.
ലോക്ഡൗൺ കാലത്തുപോലും മുടങ്ങിയില്ല ഈ ദമ്പതിമാരുടെ കൃഷിയും വിപണനവും. നിത്യവും വിളവും വരുമാനവും നൽകുന്ന കൃഷിയിടത്തെ നോക്കി സുനിലും റോഷ്നിയും പറയുന്നു, ‘കൃഷി നൽകിയ ജീവിതം, കൃഷി തന്നെ ജീവിതം.’
ഉണക്കമീൻ തുണയ്ക്കും
പയറിലെ ചാഴിശല്യത്തെ നേരിടാൻ സുനിലിന്റെ പൊടിക്കൈ. അര കിലോ ഉണക്കമീൻ അഞ്ചു ലീറ്റർ വെള്ളത്തിൽ ദിവസം മുഴുവൻ ഇട്ടു വയ്ക്കുക. ശേഷം അതെടുത്ത് പിഴിഞ്ഞ്, അരിച്ചെടുത്ത വെള്ളത്തിൽ 100 മി.ലീ. വേപ്പെണ്ണയും 50 ഗ്രാം ബാർസോപ്പും ചേർത്ത് ഇളക്കുക. ഈ മിശ്രിതം ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചു തളിച്ചാല്‍ ചാഴിശല്യം കുറയും. നടാന്‍ തടമെടുക്കുമ്പോൾ അടിവളം നൽകും മുൻപ് ആദ്യ പാളിയായി ശീമക്കൊന്നയില നിരത്തുന്നത് മണ്ണിൽനിന്നുള്ള കീടാക്രമണം കുറയ്ക്കുമെന്നും അനുഭവം.
ഫോൺ: 9249333743
English summary: Success story of a vegetable farmer