ADVERTISEMENT

റബർ ടാപ്പിങ് യന്ത്രങ്ങൾ പലതും വിപണിയിലെത്തിയെങ്കിലും വ്യാപകമായ ഉപയോഗത്തിൽ വന്നിട്ടില്ല. പരമ്പരാഗത ടാപ്പിങ് പിന്തുടരാൻ ഇഷ്ടപ്പെടുന്ന കർഷകരാണ് ഏറെയും. എന്നാൽ, മുംബൈ മലയാളിയായ സക്കറിയാസ് മാത്യു വികസിപ്പിച്ച ബോലോനാഥ് ടാപ്പിങ് മെഷിന് ഇപ്പോൾ പ്രചാരമേറി വരുന്നുണ്ട്. സാങ്കേതികപരിശോധനകൾക്ക് ശേഷം ടാപ്പിങ്ങിനു യോജ്യമെന്നു റബർബോർഡ് വ്യക്തമാക്കിയതും സ്മാം പദ്ധതിയിൽ ഉൾപ്പെട്ടതും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഈ വർഷം 100 മെഷീനുകൾക്ക് സ്മാം പദ്ധതിയിൽ ഓർഡർ ഉണ്ടെന്ന് കേരളത്തിലെ വിതരണക്കാരായ സായാ ഫാം ടൂൾസ് ആൻഡ് മെഷീൻസ് കർഷകശ്രീയോടു പറഞ്ഞു. അപ്രൂവൽ ലഭിച്ചാൽ മെഷീനുകൾ കർഷകരിലെത്തും.

സക്കറിയാസ് മാത്യു വികസിപ്പിച്ച ഈ യന്ത്രത്തിന്റെ ടാപ്പിങ് തൃപ്തികരമാണെന്നും ടാപ്പിങ് പരിചയം ഇല്ലാത്തവർക്കുപോലും ഉപയോഗിക്കാനാകുമെന്നും പരിശോധനാറിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വർഷത്തെ പരീക്ഷണടാപ്പിങ്ങിനും പരിഷ്കാരങ്ങൾക്കും ശേഷമാണ് ബോർഡ് ഇതു സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ അധ്യാപകനായിരുന്ന സമയത്താണ് റബർ ടാപ്പിങ് മെഷീൻ എന്ന ആശയം തനിക്കു കിട്ടിയതെന്ന് സക്കറിയാസ് മാത്യു പറയുന്നു. കോട്ടയം സ്വദേശിയായ അദ്ദേഹം വേറെയും യന്ത്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പത്തുവർഷം മുൻപ് രൂപകൽപന പൂർത്തിയായെങ്കിലും യോജ്യമായ ലിഥിയം അയോൺ ബാറ്ററിക്കായി കാത്തിരുന്നതിനാലാണ് ടാപ്പിങ് മെഷീൻ വിപണിയിലെത്താൻ വൈകിയത്. 1.5 കിലോ മാത്രമാണ് കൈയിലെടുക്കേണ്ട ഉപകരണത്തിന്റെ ഭാരം. അനുബന്ധ ബാറ്ററി തോളിൽ തൂക്കിയിടണം. രണ്ടു മണിക്കൂർ റീചാർജ് ചെയ്താൽ  8 മണിക്കൂർ ടാപ്പിങ് നടത്താം. പേറ്റന്റ് നേടിയശേഷം നിർമാണം മുംബൈയിലുള്ള ബോലോനാഥ് കമ്പനിയെ ഏൽപിച്ചിരിക്കുകയാണ്.

സ്വയം ടാപ്പിങ് നടത്തുന്ന കർഷകരും പ്രവാസികളുമാണ് മെഷീൻ കൂടുതൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിതരണക്കാർ അറിയിച്ചു. റബർ ടാപ്പിങ് കൂടുതൽ ലളിതമായി എന്നാണ് മാസങ്ങളായി മെഷീൻ ഉപയോഗിക്കുന്ന പാലാ ചക്കാമ്പുഴ സ്വദേശി ചിന്മയൻ പ്രതികരിച്ചത്. കൃഷിയിടത്തിലെ ജോലികളെല്ലാം യന്ത്രസഹായത്തോടെ അനായാസം ചെയ്യുന്ന ചിന്മയന് ബോലോനാഥിന്റെ കൂടാതെ ചൈനീസ് കമ്പനിയുടെ ടാപ്പിങ് യന്ത്രവുമുണ്ട്.

എത്ര കനത്തിൽ ടാപ്പിങ് നടത്തണമെന്നു സെറ്റ് ചെയ്യാൻ സാധിക്കുന്ന ഈ യന്ത്രം റബർമരത്തിന്റെ തണ്ണിപ്പട്ടയിൽ സ്പർശിച്ച് കേടാവാതിരിക്കാൻ പ്രത്യേകം സെൻസറുകളും  ഘടിപ്പിച്ചിട്ടുണ്ട്. ടാപ്പ് ചെയ്യാനുദ്ദേശിക്കുന്ന ഭാഗത്ത്  ചേർത്തു വച്ച് സ്വിച്ചമർത്തുകയേ വേണ്ടൂ. മരത്തോടു ചേർന്നു നിശ്ചിത ചെരിവിൽ മുകളിലേക്ക് അരിഞ്ഞുനീങ്ങുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന– അട്ട നീങ്ങുന്നതുപോലെ. ഇപ്രകാരം മരത്തിൽ പിടിച്ചുനീങ്ങുന്നതിനാൽ യന്ത്രം പ്രവർത്തിക്കുമ്പോൾ കൈകളിലേക്ക് ബലം ചെലുത്തുന്നില്ലെന്ന് സക്കറിയാ മാത്യു ചൂണ്ടിക്കാട്ടി. തൃപ്തികരമായ രീതിയിൽ ലാറ്റക്സ് ലഭിക്കുമെന്നതു മാത്രമല്ല തണ്ണിപ്പട്ടയ്ക്ക്  കേടുവരുന്നില്ലെന്നതും പട്ടയുടെ വിനിയോഗം ക്രമീകരിക്കാമെന്നതും ഈ മെഷീന്റെ സവിശേഷതയായി നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. സാധാരണ ടാപ്പിങ്ങിനും കടുംവെട്ടിനുമായി രണ്ട് വ്യത്യസ്തമാതൃകകൾ ലഭ്യമാണ്.  അഞ്ചു വർഷത്തോളം പ്രവർത്തനക്ഷമമായിരിക്കുമെന്ന് അവകാശപ്പെടുന്ന യന്ത്രത്തിനു രണ്ടുവർഷത്തെ ഗാരണ്ടിയും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.  30,000 രൂപ വിലവരുന്ന ഈ ടാപ്പിങ് യന്ത്രത്തിന് സ്മാം പദ്ധതിപ്രകാരം 50 ശതമാനം സബ്സിഡി ലഭിക്കും.

ഫോൺ: 9820084947, 8078072777

English summary: Rubber Tapping Machine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com