ADVERTISEMENT

വർഷം മുഴുവൻ ശീതകാലവിളകൾ കൃഷി ചെയ്യുന്ന പ്രദേശമാണ് ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്തു ദേവികുളം. കൃഷിക്കും ഗ്രാമീണ ടൂറിസത്തിനും മികച്ച സാധ്യതകളുള്ള ഈ പ്രദേശം എന്തുകൊണ്ട് ശരിയായി പ്രയോജനപ്പെടുത്തിക്കൂടാ?

മൂന്നാറിന് മുഖവുര ആവശ്യമില്ല. അത്രമേൽ മലയാളിക്കു പ്രിയവും പരിചിതവുമാണ് പശ്ചിമഘട്ട മലനിരകളിലെ ഈ ഹിൽ സ്റ്റേഷൻ. വിനോദസഞ്ചാരകേന്ദ്രം എന്നതിനെക്കാൾ വിവാദങ്ങളുടെ പേരിലാണ് സമീപകാലങ്ങളിൽ മൂന്നാർ ചർച്ച ചെയ്യപ്പെട്ടതെന്നു മാത്രം. 2007ൽ, വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ വിവാദമായ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലും 2015ൽ കണ്ണൻ ദേവൻ കമ്പനിക്കെതിരെ നടന്ന സ്ത്രീതൊഴിലാളി സമരം ‘പെമ്പിളൈ ഒരുമ’യുമെല്ലാം മലയാളിയുടെ ഓർമയിൽനിന്നു മാഞ്ഞിട്ടില്ല. പിൽക്കാലത്ത് മൂന്നാർ വാർത്തകളിലിടം പിടിച്ചത് കൃഷിവകുപ്പ് പങ്കുവച്ച പകൽക്കിനാവുകളുടെ പേരിലാണ്. പ്രദേശം സ്പെഷൽ അഗ്രി സോൺ ആകുമെന്നും അവിടെ വിളയുന്ന ശീതകാല പച്ചക്കറികൾ മുഴുവൻ മലയിറങ്ങി സമതലങ്ങളിലെ അടുക്കളകളിലെത്തുമെന്നും അതോടെ ദേവികുളം താലൂക്കിലെ മുഴുവൻ കൃഷിക്കാരും സമ്പന്നരാവുമെന്നും രണ്ടു മൂന്നു കൊല്ലം മുൻപ് കൃഷിവകുപ്പ് പറഞ്ഞിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രം.

വിനോദസഞ്ചാര ഭൂപടത്തിൽ മൂന്നാർ മലനിരകൾ എന്നു സാമാന്യമായി പറയുന്ന പ്രദേശം മൂന്നാർ ഉൾപ്പെടെ ദേവികുളം താലൂക്കിന്റെ പരിധിയിലുള്ള വട്ടവട, കാന്തല്ലൂർ, മറയൂർ, പള്ളിവാസൽ തുടങ്ങി 13 വില്ലേജുകൾ ചേരുന്ന വിശാല ഭൂപ്രദേശമാണ്. സഞ്ചാരികൾ കൂടുതലെത്തുന്നതും വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ളതും ദേവികുളവും വട്ടവടയും കാന്തല്ലൂരും മറയൂരുംപോലെ മൂന്നോ നാലോ വില്ലേജുകളിലാണെന്നു മാത്രം. അതിൽത്തന്നെ ശീതകാല പച്ചക്കറിക്കൃഷി കൂടുതലുള്ളത് വട്ടവട, ദേവികുളം പഞ്ചായത്തുകളിൽ. 

കണ്ടു കണ്ടില്ല

ശീതകാല പച്ചക്കറിക്കൃഷിക്കുള്ള വൻ സാധ്യതകൾ, സ്പെഷൽ അഗ്രി സോൺ എന്നൊക്കെ ഉരു വിട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും പലവട്ടം വട്ടവട കയറിയതുകൊണ്ട് വട്ടവടയാണ് എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറ്. വട്ടവടയ്ക്ക് അതു ഗുണം ചെയ്തിട്ടുമുണ്ട്. വിപണനത്തിലടക്കം കർഷകർ നേരിടുന്ന പ്രതിസന്ധികള്‍ കുറഞ്ഞപക്ഷം മാധ്യമശ്രദ്ധ നേടുകയും കുറെയെങ്കിലും പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

വട്ടവടയെക്കാൾ കൃഷിസാധ്യതയുള്ള  ദേവികുളത്തിന് പക്ഷേ, ഈ ആനുകൂല്യമൊന്നും ലഭിക്കാറില്ല. കാരണമുണ്ട്, വട്ടവടയിലെ കൃഷിക്കാരിൽ നല്ല പങ്കിനും സ്വന്തം ഭൂമിയുണ്ട്, ദേവികുളത്ത് അതില്ല. കണ്ണൻദേവൻ കമ്പനിയുടെ ലയങ്ങളിൽ താമസിക്കുന്ന തമിഴ് വംശജരായ തോട്ടം തൊഴിലാളികളാണ് ദേവികുളത്തെ ഭൂരിപക്ഷം കൃഷിക്കാരും. അവരെ കൃഷിക്കാരാക്കി വളർത്താൻ കമ്പനിയും കമ്പനിയുമായി സഖ്യപ്പെട്ട് കൃഷിസാധ്യതകൾ ആസൂത്രണം ചെയ്യാൻ സർക്കാരും അത്രയൊന്നും താൽപര്യപ്പെടുന്നില്ല.

devikulam-1

സ്പെഷൽ അഗ്രി സോൺ ഒന്നുമായില്ലെങ്കിലും കൃഷിവകുപ്പും ടാറ്റയും കൈകോർത്താൽ ദേവികുളത്തുനിന്ന് വൻതോതിൽ ശുദ്ധമായ ശീതകാല പച്ചക്കറി ഉൽപാദിപ്പിക്കാനാവും. മഞ്ഞും കുളിരും ചാറ്റൽമഴയും ഈറൻ കാറ്റും ചേർന്ന് മനം കവരുന്ന കാലാവസ്ഥയാണ് വർഷം മുഴുവൻ ദേവികുളത്ത്. കാരറ്റും കാബേജും ബട്ടർ ബീൻസും ബീറ്റ്റൂട്ടും ഉരുളൻകിഴങ്ങും വിളയുന്ന കൃഷിയിടങ്ങൾ. പശുക്കളും ആടുകളും അരുവികളുമെല്ലാം സമ്മേളിക്കുന്ന ഹൃദ്യമായ ഭൂഭാഗങ്ങൾ. ചുരുക്കത്തിൽ, കേരളത്തിൽ ഗ്രാമീണ കാർഷിക ടൂറിസത്തിന്റെ സാധ്യതകളേറെയും ഒളിഞ്ഞുകിടക്കുന്ന പ്രദേശമാണ് ദേവികുളം പഞ്ചായത്ത്. പക്ഷേ, മനസ്സുവയ്ക്കണം, തടസ്സം നീക്കണം; സർക്കാരും ടാറ്റയും.

രേഖയിലില്ലാത്ത കൃഷി

മൂവായിരത്തിനു മുകളിൽ വരും പഞ്ചായത്തില്‍ കർഷകരുടെ എണ്ണം. പക്ഷേ, രണ്ടാം വാർഡിലൊഴികെ  ഒരിടത്തും കൃഷിക്കാർക്ക് സ്വന്തം ഭൂമിയില്ല. തോട്ടം തൊഴിലിൽനിന്ന് പിരിയും വരെ താമസിക്കാൻ ടാറ്റ അനുവദിക്കുന്ന 4–5 സെന്റ് സ്ഥലം മാത്രമാണ് ഓരോ കുടുംബത്തിനും. അതിനോടു ചേർന്നുള്ളതും ചുറ്റുവട്ടത്ത് തരിശുകിടക്കുന്നതുമൊക്കെ പ്രയോജനപ്പെടുത്തിയാണ് മിക്കവരുടെയും കൃഷി. മുഖ്യ ജോലി തേയിലത്തോട്ടത്തിലായതിനാൽ കൃഷി പാർട് ടൈം ആണ്.  എന്നാൽ ഫുൾ ടൈം തോട്ടം തൊഴിലിനെക്കാൾ അവർക്കു നേട്ടം നൽകുന്നുണ്ട് ഈ പാർട് ടൈം തൊഴിൽ. അതുകൊണ്ടുതന്നെ കൃഷിയിൽ ഉറച്ചു നിൽക്കാൻ അവർക്ക് ആഗ്രഹവുമുണ്ട്. പക്ഷേ സ്ഥലലഭ്യതയുൾപ്പെടെ ഒട്ടേറെ പരിമിതികൾ. നിലവിൽ പച്ചക്കറിക്കൃഷിക്ക് ആനുകൂല്യം നൽകുന്നുണ്ടെങ്കിലും നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാകുന്നതോടെ രേഖകളും ഓൺലൈനിൽ സമർപ്പിക്കേണ്ടി വരും. ആർക്കും കൈവശരേഖയില്ലാത്തത് ഭാവിയിൽ അതിനു തടസ്സമാകുമെന്ന് ദേവികുളം കൃഷിഭവൻ അധികൃതർ പറയുന്നു. ഇടനിലക്കാർ പിടിമുറുക്കിയ പ്രദേശം തന്നെയാണ് ദേവികുളവും. മുൻകൂർ വായ്പ നൽകുന്ന ഈ കച്ചവടക്കാരെ പിണക്കാൻ കർഷകർക്കു മനസ്സില്ല. കാരണം ചൂഷണമുണ്ടെങ്കിലും വിപണി ഉറപ്പാണ്. മറുവശത്ത്, വാഗ്ദാനങ്ങളല്ലാതെ നടപടിയുണ്ടാവില്ലെന്ന് കർഷകർക്കറിയാം. ചെണ്ടുവരയിൽ പ്രവർത്തിക്കുന്ന ഒരു സംഘം വഴിയുള്ള സംഭരണമല്ലാതെ ന്യായവിലയ്ക്ക് പച്ചക്കറി വിൽക്കാനുള്ള സർക്കാർ സംവിധാനങ്ങളൊന്നും ദേവികുളത്തില്ല. 

devikulam-2
കാബേജ് കൃഷിയിടത്തിൽ മനോഹരനും മകനും

ലാഭവിളകൾ

കാരറ്റും കാബേജും ബട്ടർ ബീൻസും ബീറ്റ്റൂട്ടും ഉരുളൻകിഴങ്ങുമാണ് ദേവികുളത്തെ പ്രധാന വിളകൾ. ദേവികുളത്തെ ദേവഭൂമിയാക്കുന്നതും അതിമനോഹരമായ ഈ പച്ചക്കറിപ്പാടങ്ങൾതന്നെ. വർഷം മുഴുവൻ, 4 സീസൺവരെയും, പച്ചക്കറി വിളയിക്കുന്ന പ്രദേശങ്ങളുണ്ട് ദേവികുളം പഞ്ചായത്തിൽ. എല്ലപ്പെട്ടി ഉദാഹരണം. എല്ലാക്കാലത്തുമുള്ള ജലലഭ്യതയാണ് എല്ലപ്പെട്ടിക്കു നേട്ടമാകുന്നത്. 90 ദിവസംകൊണ്ട് 10 സെന്റിൽനിന്ന് 30,000–35,000 രൂപ  നൽകുന്ന വിളകളാണ് ഇവയെന്ന് എല്ലപ്പെട്ടിയിലെ കർഷകനായ കെ.വി. മനോഹരൻ പറയുന്നു.

devikulam-4
ബട്ടർ ബീൻസ് കൃഷിയിടം

പുതുക്കുടി, സാന്റോസ് കോളനി പ്രദേശങ്ങളിൽ മുഖ്യവിള ബട്ടർ ബീൻസാണ്. പ്രോട്ടീൻ സമ്പന്നമായ ഈ പച്ചക്കറി  മലയാളിക്കു പക്ഷേ, പിടിക്കാറില്ല. തമിഴ്നാട്ടിലാകട്ടെ, വിരുന്നുകളിലെ വിശിഷ്ട വിഭവം. അതുകൊണ്ട് വിളവത്രയും വിൽക്കുന്നത് തമിഴ്നാട്ടിൽ. വില കിലോയ്ക്ക് 80 രൂപയിൽ താഴെപ്പോകുന്ന പ്രശ്നമില്ല. മിക്കപ്പോഴും 150–200 വരെ ഉയരുകയും ചെയ്യുമെന്ന് കർഷകർ. ‘പച്ചക്കറിക്ക് 70 രൂപയിൽ കൂടുതലായാൽ ചിക്കൻ വാങ്ങുന്നതാണ് ഭേദമെന്നുറപ്പിക്കുന്ന മലയാളിക്ക് ബട്ടർ ബീൻസ് താങ്ങാനാവില്ലെ’ന്ന് പ്രദേശത്തെ കർഷകർതന്നെ ചിരിയോടെ പറയുന്നു.

devikulam-3
ക്ഷീരകർഷകനായ ദാമോദരനും തോട്ടംതൊഴിലാളിയായ ഭാര്യയും

സമ്പുഷ്ടമായ മണ്ണ് സന്തുഷ്ടമായ വിളവ്

കൃഷിക്കൊപ്പം മൃഗസംരക്ഷണം കൂടിയുണ്ടെന്നതാണ് ദേവികുളത്തെ വട്ടവടയിൽനിന്നു വ്യത്യസ്തമാക്കുന്നത്.  മിക്ക വീടുകളിലുമുണ്ട് ആടുമാടുകൾ. ടാറ്റ കെട്ടിക്കൊടുത്ത പൊതു തൊഴുത്തിലാണ് പരിപാലനം. പാലും ചാണകവും പലർക്കും അധിക വരുമാനമാർഗം. പാലിനെക്കാൾ ലാഭം ചാണകവും തൊഴുത്തിലെ തീറ്റയവശിഷ്ടങ്ങളും ചേരുന്ന കമ്പോസ്റ്റിന്റെ വിൽപനയെന്ന് ക്ഷീരകർഷകനായ ദാമോദരൻ പറയുന്നു. ദേവികുളത്തെ കൃഷിയെയും വിളകളെയും സുരക്ഷിതമാക്കുന്നത് ഈ  ജൈവവള സമൃദ്ധി തന്നെ. സുരക്ഷിത പച്ചക്കറി എന്ന അധിക മൂല്യമൊന്നും പക്ഷേ, ഇവർക്കു ലഭിക്കുന്നില്ല. രാസവളങ്ങളും രാസകീടനാശിനികളും  അധികം കടന്നുചെല്ലാത്ത ഇത്തരം മേഖലകളെ എങ്ങനെ കർഷകർക്കും ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കാം എന്നാണ് സർക്കാരും ടാറ്റയും ചിന്തിക്കേണ്ടത്. ടാറ്റ മറ്റൊരു കയ്യേറ്റക്കാരനാണെന്നുള്ള സർക്കാർ മനോഭാവം മാറുകയും ടാറ്റ കുറെക്കൂടി ഉദാര സമീപനം സ്വീകരിക്കുകയും ചെയ്താല്‍ രാജ്യത്തെ ഏറ്റവും സുന്ദരമായ ഗ്രാമീണ വിനോദസഞ്ചാര മേഖലയായി ദേവികുളം താലൂക്ക് വളരും.  

English summary: Agriculture and tourism scope in devikulam

   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com