ADVERTISEMENT

പൂച്ച പുഴുങ്ങിയത്? പേരിൽ സംശയിക്കേണ്ട ഇടുക്കി, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ കുമ്പിളപ്പത്തിന് ഇങ്ങനെയും പേരുണ്ട്. ചക്കയപ്പം, വഴനയപ്പം തുടങ്ങിയ പേരും ഇതിനു സ്വന്തം. ആട്ടെ, കുമ്പിളപ്പം ഇഷ്ടമാണോ? എന്താ സംശയം? ഭൂരിപക്ഷം മലയാളികളുടെയും ഇഷ്ട പലഹാരമാണത്. ജങ്ക് ഭക്ഷണം ഒഴിവാക്കി കുട്ടികൾക്ക് നല്ലത് നൽകാന്‍ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന നാലുമണിപ്പലഹാരം. നഗരവാസികൾക്കാവട്ടെ, ഗൃഹാതുരത്വം കലർന്ന ഓർമയും. പക്ഷേ സീസണാകുമ്പോൾ ചക്കപ്പഴം തേടിപ്പിടിച്ച് കുമ്പിളപ്പമുണ്ടാക്കാൻ എത്ര പേർക്കു സാധിക്കും? ഓഫ് സീസണിൽ അതും നടക്കില്ല. പക്ഷേ, കൊതിക്കു സീസണില്ലല്ലോ. ആഗ്രഹിക്കുമ്പോൾ കുമ്പിൾ നൽകാൻ കഴിയുന്ന സംരംഭകർ ഇതുവരെ ഇവിടെയുണ്ടായിരുന്നില്ല.

എന്നാലിതാ, വർഷം മുഴുവൻ കുമ്പിളപ്പം ലഭ്യമാക്കുകയാണ് എറണാകുളം കാക്കനാടുള്ള എബനേസർ പ്ലസ് ഉടമ ഷാൻ കല്ലറയ്ക്കൽ. സീസൺ, ഓഫ്സീസൺ ഭേദമില്ലാതെ 365 ദിവസവും വിപണിയിൽ എത്തിക്കുകയാണിവർ. 

shan
എബനേസർ പ്ലസ് ഉടമ ഷാൻ കല്ലറയ്ക്കൽ

‘കുമ്പിളപ്പം  കഴിക്കാൻ ഇനി സീസൺ നോക്കേണ്ട’ എന്ന പരസ്യ വാചകം എബനേസറിന്റെ എല്ലാ വിൽപനകേന്ദ്രങ്ങളിലുമുണ്ട്. എബനേസറിന്റെ ബ്രാൻഡ് അംബാസഡറായി കുമ്പിൾ മാറുമെന്നാണ് ഷാനിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ  50 ടൺ ചക്കപ്പഴമാണ് ഇവർ സംഭരിച്ച് ഫ്രീസറിൽ സൂക്ഷിച്ചത്. ഇങ്ങനെ സൂക്ഷിച്ച ചക്കപ്പഴം ദിവസേന കുമ്പിളുണ്ടാക്കാൻ ഉപയോഗിക്കുന്നു. ചക്കപ്പഴമല്ലാതെ മറ്റു പഴങ്ങളൊന്നും ചേർക്കാറില്ല. കാക്കനാട് തെങ്ങോടുള്ള സംസ്കരണശാലയിൽ  22 വനിതകളാണ് കുമ്പിളുണ്ടാക്കുന്നത്. രാവിലെ 5 മണിയാകുമ്പോൾ ആദ്യ ബാച്ച് കുമ്പിൾ തയാർ. ഡെലിവറി ഏജന്റുമാർ വഴിയാണ് വിതരണം. ആലുവ മുതൽ അരൂർ വരെ മഹാനഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുമ്പിളുമായി പോകുന്നവർക്ക് വിൽ‍പന പ്രശ്നമേയല്ല. ദിവസേന 4000 കുമ്പിളുണ്ടാക്കിയിട്ടും തികയാത്ത സ്ഥിതിയാണെന്നു ഷാൻ പറയുന്നു. 

മൂന്നു തരം കുമ്പിളുകളാണ് എബനേസറിലുള്ളത്. 70 ഗ്രാമിന്റെ പ്രീമിയം കുമ്പിളും 60, 50 ഗ്രാം വീതമുള്ള  സാദാ കുമ്പിളും.  പ്രീമിയം ഇനം പ്രമുഖ ബേക്കറികളിൽ വിൽക്കുമ്പോൾ 60 ഗ്രാമിന്റെ കുമ്പിൾ ഹോട്ടലുകൾ, ചായക്കടകൾ എന്നിവയെയും 10 രൂപയുടെ 50 ഗ്രാം കുമ്പിൾ ചായയും ചെറുകടികളും വിൽക്കുന്ന പെട്ടിക്കടകളുമാണ് ലക്ഷ്യമിടുന്നത്. ഒരു കടയിൽ 10–15 കുമ്പിളപ്പം മാത്രമാണ് നൽകുന്നത്. വിൽക്കാനാവാതെ വന്നാൽ തരികെയെടുക്കുമെന്ന ഉറപ്പ് നൽകുന്നുണ്ടെങ്കിലും അതിന്റെ ആവശ്യം വരാറില്ലെന്നു ഷാൻ. എബനേസറിന്റെ കുമ്പിളപ്പം വിൽക്കുന്ന 600 കടകൾ എറണാകുളത്തുണ്ട്. ഒരു കുമ്പിളിന്  ഒരു രൂപ നിരക്കിലാണ് വിതരണക്കാരുടെ വേതനം. 1000 കുമ്പിൾ വിതരണം ചെയ്താൽ അത്രയും തുക ഉറപ്പ്. 

ഏഴ് രുചിഭേദങ്ങളിലുള്ള നേന്ത്രൻ ചിപ്സിന്റെ കയറ്റുമതിയുമായി ഒന്നര വർഷം മുമ്പാണ് എബനേസർ ആരംഭിച്ചത്. സവിശേഷമായ അലുമിനിയം കാനുകളിൽ വായു കടക്കാതെ പായ്ക്കു ചെയ്യുന്നു. കേരളത്തിൽ ഈ പാക്കിങ് ആദ്യമായി കൊണ്ടുവരുന്നത് എബനേസറാണെന്ന് ഷാൻ അവകാശപ്പെട്ടു. പെരി പെരി, ക്രീം ഒനിയൻ, സോൾട് ആൻഡ്പെപ്പർ, ടൊമാറ്റോ, ബാർബിക്യു, പ്ലെയിൻ, പഴം എന്നീ രുചികളിലാണ് ഇവ തയാറാക്കുന്നത്.  എണ്ണയുടെ അംശം നീക്കം ചെയ്ത ഈ ചിപ്സുകൾ സവിശേഷ പാക്കിങ്ങിൽ ഗൾഫ് വിപണിയിൽ എത്തിക്കുന്നു. ഇതിന് ഒരു വർഷത്തെ സൂക്ഷിപ്പുകാലമുണ്ട്. പ്രീമിയം കുമ്പിളും ഫ്രീസ് ചെയ്ത് കയറ്റുമതി ചെയ്യുന്നു. ബോക്സ് തുറന്നു പുറത്തെടുക്കുന്ന കുമ്പിളിന് ആവി കയറ്റുകയേ വേണ്ടൂ. സ്വാദിഷ്ഠമായ കുമ്പിൾ വിദേശ മലയാളിക്കും വീട്ടിൽ ആസ്വദിക്കാനാകും. ഫ്രോസൺ കുമ്പിളപ്പത്തിന് 20 രൂപയാണ് വില. ഗൃഹാതുരത്വം വിപണനസാധ്യതയാക്കി മാറ്റാവുന്ന  എത്‌നിക് ഫുഡ് മേഖലയിലാണ് ഷാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗൾഫിലെ 7 രാജ്യങ്ങളിലും എബനേസർ പ്ലസ് തന്നെയാണ് വിപണനം. അവലോസുപൊടി, കോഴി – പോത്ത് ഇടിയിറച്ചി തുടങ്ങി മറ്റ് പാരമ്പര്യ ഭക്ഷണങ്ങളും ഇവർ കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കപ്പഴം പൊരിയാണ് ആലോചനയിലുള്ള മറ്റൊരു ഉൽപന്നം.

കുമ്പിൾ കച്ചവടത്തിനു സ്വീകാര്യതയേറുന്നത് കർഷകർക്കും പ്രയോജനകരമാണെന്ന് ഷാൻ.  പ്ലാവിനു മാത്രമല്ല, വഴനയ്ക്കും വരുമാനസാധ്യത നൽകാൻ കുമ്പിളിനു കഴിയും. കൊച്ചിയിലാണ് സംരംഭമെങ്കിലും കുമ്പിളുണ്ടാക്കാൻ വേണ്ട ചക്കപ്പഴം ഇടുക്കിയിലെയും കോട്ടയത്തെയും എറണാകുളത്തെയുമൊക്കെ നാട്ടിൻപുറങ്ങളിൽനിന്ന് എത്തണം. സീസണ്‍ അനുസരിച്ച് കിലോയ്ക്ക് 12–15 രൂപ നിരക്കിൽ ചക്കപ്പഴം വാങ്ങുന്നുണ്ടെന്ന് ഷാൻ പറഞ്ഞു. വെട്ടി ഒരുക്കി നൽകുന്നവർക്ക് കൂടുതൽ വില നൽകും. നിശ്ചിത അളവിൽ കൂടുതലുണ്ടെങ്കിൽ കമ്പനിവാഹനം നേരിട്ടെത്തി സംഭരിക്കുകയും ചെയ്യും. ചക്കപ്പഴം മാത്രം കിട്ടിയാൽ കുമ്പിളാകില്ലല്ലോ? കുമ്പിളിനെ കുമ്പിളാക്കുന്നതും ഹൃദ്യമായ ഗന്ധം നൽകുന്നതും അതിനെ പൊതിയുന്ന വഴനയില തന്നെ. ദിവസേന 5000–10000 വഴനയില കണ്ടെത്തുന്നതിന്റെ പ്രയാസം ഓർത്തു നോക്കൂ. നാട്ടിൻപുറങ്ങളിലെ കൃഷിക്കാരിലാണ് ഷാനിന്റെ പ്രതീക്ഷ. നിലവാരമുള്ള വഴനയില ശേഖരിച്ചു നൽകിയാൽ  ഒരിലയ്ക്കു ഒരു രൂപ നിരക്കിൽ വില നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആയിരം ഇല എത്തിച്ചാൽ ആയിരം രൂപ ലഭിക്കും. പക്ഷേ ഇലകൾക്ക് നിശ്ചിത വലുപ്പമുണ്ടായിരിക്കണം. നിലവാരം മോശമായാൽ വില കുറയും. അധിക വരുമാനസാധ്യതയായി വഴന പ്രയോജനപ്പെടുത്താൻ കർഷകർക്കു കഴിയുമെന്നാണ് ഷാനിന്റെ പ്രതീക്ഷ.

കുമ്പിളപ്പത്തിനു തൊട്ടുപിന്നാലെ പായ്ക്കു ചെയ്ത ചക്കപ്പഴവും വിദേശവിപണിയിലെത്തിക്കാൻ തയാറെടുത്തുകഴിഞ്ഞു.  കുമളി, കൊല്ലം എന്നിവിടങ്ങളിൽനിന്നാണ് ഇപ്പോൾ സംഭരണം.  പൊളിച്ചെടുക്കുന്ന ചക്കച്ചുളയിൽ കൂഴയിനമുണ്ടെങ്കിൽ വേർതിരിച്ചു സൂക്ഷിക്കുന്നു. വരിക്കച്ചക്കയുടെ കനമേറിയ ചുളകൾ വൃത്തിയാക്കി 300 ഗ്രാം പായ്ക്കറ്റുകളാക്കുന്നു. കനം കുറഞ്ഞ ചുളകൾ കൂഴയോടൊപ്പം അരച്ച് കുമ്പിളുണ്ടാ ക്കും. കയറ്റുമതി സംരംഭത്തിന്റെ ഭാഗമായി ശീതീകരിച്ചു സൂക്ഷിക്കുന്ന ചക്കച്ചുളകളായതുകൊണ്ടാണ് കുറഞ്ഞ വിലയിൽ വർഷം മുഴുവൻ കുമ്പിൾ വിൽക്കാൻ സാധിക്കുന്നത്. കയറ്റുമതി ചെയ്യുന്ന പ്രീമിയം ചുളകൾക്ക് മുന്തിയ വില കിട്ടും. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും വർഷം മുഴുവൻ കുമ്പിൾ വിൽക്കാനും  കൃഷിക്കാർക്ക് അധികവരുമാനം നേടിക്കൊടുക്കാനുമുള്ള പദ്ധതികളാണ് ഷാൻ സ്വപ്നം കാണുന്നത്. 

ഫോൺ:  9846977707

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com