ADVERTISEMENT

‘ഓമനിച്ചു വളർത്താൻ പറ്റിയ പെറ്റ് ഏതുണ്ട്?’ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജയസൂര്യ ആലോചിച്ചു. പട്ടിയോ പൂച്ചയോ പക്ഷിയോപോലെ എന്തെങ്കിലും വാങ്ങാം. പക്ഷേ, പട്ടിയാണെങ്കിൽ പ്രശ്നമുണ്ട്. ആകെയുള്ളത് വീടിരിക്കുന്ന 5 സെന്റ് സ്ഥലം. തൊട്ടു മുന്നിൽ റോഡ്. എപ്പോഴും കാൽനടയാത്രക്കാർ. എങ്ങാനും തുടലഴിഞ്ഞ് ആരെയെങ്കിലും കടിച്ചാൽ ഗുലുമാലാകും. ആലോചനകൾക്കു ശേഷം ആറാം ക്ലാസ്സുകാരൻ അമ്മയോടും അച്ഛനോടും പറഞ്ഞു; എനിക്കൊരു ആടിനെ വാങ്ങിത്തന്നാൽ മതി.

ബേക്കറിത്തൊഴിലാളിയായ അച്ഛൻ ജയചന്ദ്രനും കയർ പിരിക്കുന്ന അമ്മ സ്മിതയും ഒറ്റ മകന്റെ ആഗ്രഹംപോലെ അയൽവീട്ടിൽനിന്ന് പ്രസവിക്കാറായ ഒരു നാടൻ ആടിനെ 3000 രൂപയ്ക്കു വാങ്ങി നൽകി. അങ്ങനെ പഠനത്തിനൊപ്പം ജയസൂര്യ ആടുവളർത്തലും തുടങ്ങി. തുടക്കത്തിൽ, മുറ്റത്തുനിന്ന് ടെറസിലേക്കുള്ള കോണിയുടെ അടിയിലെ ഇത്തിരി സ്ഥലത്ത് ആടിന് പാർപ്പിടമൊരുക്കി. ആദ്യ ആട് പ്രസവിച്ചത് ഒരു കുഞ്ഞിനെ. ജയസൂര്യയുടെ താൽപര്യം കണ്ട് 4–5 മാസം കഴിഞ്ഞപ്പോൾ പ്രസവിക്കാറായ നല്ലൊരു മലബാറി ആടിനെക്കൂടി വാങ്ങി നൽകി. അതു പ്രസവിച്ചപ്പോൾ 3 കുഞ്ഞുങ്ങൾ. അതോടെ ചെറിയൊരു സ്റ്റാൻഡ് നിർമിച്ച് അതിലായി പരിപാലനം. അമ്മ പുല്ലൊക്കെ മുറിച്ചു വയ്ക്കുമെങ്കിലും സ്കൂൾ വിട്ടെത്തിയാൽ കൂടു വൃത്തിയാക്കൽ ഉൾപ്പെടെ മറ്റു പരിപാലനമെല്ലാം ജയസൂര്യതന്നെ. ആടുകളുടെ എണ്ണം കൂടിയ തോടെ കൂട് ടെറസ്സിലേക്കാക്കി. 

വീട്ടുകാർ ചെറിയൊരു ലോണെടുത്ത് 25–30 ആടുകൾക്കു നിൽക്കാവുന്ന കൂടു നിർമിച്ചു നൽകി. തട്ടുകൾ നിർമിച്ച്, അതിൽ കാഷ്ഠവും മൂത്രവും ശേഖരിക്കാൻ സൗകര്യപ്രദമായ പ്ലാസ്റ്റിക് സ്ലാറ്റ് ഘടിപ്പിച്ചു. മുകളിൽ ഷീറ്റ് മേഞ്ഞു. താഴെ ടൈൽ നിരത്തി. 9–ാം ക്ലാസ്സിൽ വച്ച് അന്തഃപ്രജനന(inbreeding)ത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് രക്തബന്ധമുള്ളവയെ ഇണ ചേർത്താൽ അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് മനസ്സിലായതെന്ന് ജയസൂര്യ. അതോടെ ഇണചേർക്കാൻ സ്വന്തം മുട്ടന്മാരെ ഉപയോഗിക്കാതെയായി. ആടുകളെ പരിപാലിച്ചു തുടങ്ങിയതോടെ വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹം തോന്നിയതിനാൽ പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിന് ഒരു വർഷം നീക്കിവച്ചിരിക്കുകയാണ് ഈ കൊച്ചു കർഷകൻ. അതുകൊണ്ട് ആടുകളുടെ എണ്ണം 14 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

goat-farm-1

പല വഴിക്കാണ് ആടിൽനിന്നു നേട്ടമെന്ന് ജയസൂര്യ. കഴിഞ്ഞ വർഷം 10–12 പെണ്ണാട്ടിൻ കുഞ്ഞുങ്ങളെയാണ് വിറ്റത്. 5 മാസം വളർത്തി 6000 രൂപയ്ക്ക് വിൽപന. വർഷം 2–3 തള്ളയാടുകളെ, പ്രസവിച്ച് 2 മാസം കഴിയുമ്പോൾ കുഞ്ഞുങ്ങളോടു കൂടിത്തന്നെ ശരാശരി 15,000 രൂപയ്ക്കും വിൽക്കുന്നു. ഒന്നര വർഷം വളർത്തി വിൽക്കുന്ന മുട്ടന് 10000 രൂപവരെ ലഭിക്കും. ആട്ടിൻകാഷ്ഠത്തിന് നല്ല ഡിമാൻഡ് ഉണ്ടെന്ന് ജയസൂര്യ. കിഴങ്ങിനങ്ങൾ കൃഷി ചെയ്യുന്നവരും പൂച്ചെടികൾ പരിപാലിക്കുന്നവരുമാണ് ആവശ്യക്കാർ. ചാക്കിന് 50 രൂപയ്ക്കു വിൽപന. ദിവസവും 2 ചാക്ക് വിൽക്കാനുണ്ടാവും. വേനലിൽ മൂത്രത്തിനുമുണ്ട് ഡിമാൻഡ്. നേർപ്പിച്ച് ചീരക്കൃഷിക്കു നൽകാനാണ് കർഷകർ വാങ്ങുന്നത്. ലീറ്റർ 10 രൂപയ്ക്കു വിൽപന. ദിവസം അര ലീറ്റർ പാല്‍ 60 രൂപയ്ക്കു വിൽക്കാൻ കഴിയുന്നതും അത്ര ചെറുതല്ലാത്ത വരുമാനം.

പാർട് ടൈം കർഷകർക്ക് യോജിച്ച ആടിനം മലബാറി തന്നെയെന്ന് ജയസൂര്യ. മികച്ച ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള ഇനമായതിനാൽ പരിപാലനം എളുപ്പം. രോഗങ്ങൾ നന്നേ കുറവ്. ഏതു കാലാവസ്ഥയുമായും ഇണങ്ങും. ടെറസ്സിലെ ചൂടിനോടും പൊരുത്തപ്പെടും. എല്ലാ പ്രസവത്തിലും രണ്ടോ അതിൽ കൂടുതലോ കുഞ്ഞുങ്ങളും ഉറപ്പ്.

ജയസൂര്യയുടെ ആടുവളർത്തൽ ഇന്നു കുടുംബം മുഴുവൻ ഒന്നുചേർന്നുള്ള സംരംഭമായി മാറിയിരിക്കുന്നു. വീട്ടുകാരുടെ പിൻതുണയുണ്ടെങ്കിൽ വിദ്യാർഥികൾക്ക് പഠനത്തിനും വീടിനും സഹായകമായ സംരംഭമായി ആടുവളർത്തൽ തുടങ്ങാമെന്ന് ഈ വിദ്യാർഥി കർഷകൻ ഓർമിപ്പിക്കുന്നു.

ഫോൺ: 7025607604

തുടങ്ങും മുൻപ്

മലബാറിയെത്തന്നെ വളർത്തി തുടങ്ങാം. കുറഞ്ഞ മുതൽമുടക്ക്, ലളിതമായ പാർപ്പിടം, കുറഞ്ഞ തീറ്റച്ചെലവ്, അനായാസ  പരിപാലനം, ഉയർന്ന രോഗപ്രതിരോധശേഷി, ഒറ്റ പ്രസവത്തിൽ ഒന്നിലേറെ കുട്ടികൾ, ചുരുങ്ങിയ കൂലിച്ചെലവ്, സുസ്ഥിര വിപണി, മികച്ച വില എന്നിവ നേട്ടം. അതേസമയം ആടിനെ വളർത്താനിറങ്ങുമ്പോൾ ചെലവു കുറഞ്ഞ കൂട്, ശാസ്ത്രീയ കൂടുനിർമാണം, ഗുണമേന്മയുള്ള മാതൃശേഖരം, യഥാസമയം പ്രതിരോധ കുത്തിവയ്പ്, തീറ്റച്ചെലവു നിയന്ത്രിക്കൽ, അന്തഃപ്രജനനം(inbreeding) ഒഴിവാക്കൽ, വിപണി മനസ്സിലാക്കൽ എന്നീ കാര്യങ്ങളിൽ ജാഗ്രതയും വേണം.

English summary: Roof Top Goat Farm by a Student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com