ADVERTISEMENT

രുചിയില്ലായെന്ന പേരുദോഷം വളര്‍ത്തുമത്സ്യമായ വാളയ്ക്ക് ഏറെ നാളായുണ്ട്. മത്സ്യത്തിന്റെ ഇറച്ചിക്കുള്ളിൽ രൂപപ്പെടുന്ന കൊഴുപ്പാണ് ഈ രുചിമാറ്റത്തിന്റെ പ്രധാന കാരണം. തീറ്റ നൽകുന്നതിലുള്ള വ്യത്യാസവും വളരുന്ന സാഹചര്യവും രുചിയിൽ പ്രതിഫലിക്കും. 

മുൻപൊക്കെ കേരളത്തിലെ വൻകിട കർഷകർ ഉൽപാദിപ്പിക്കുന്ന വാള മത്സ്യങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറിപ്പോയിരുന്നു. മാത്രമല്ല കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വാങ്ങിയിരുന്നതും ഈ മത്സ്യംതന്നെ. കേരളീയർക്ക് വാളയുടെ രുചി അത്ര പോരാ... കൊഴുപ്പുള്ളത് കൂടാതെ കറി വയ്ക്കുമ്പോൾ ഉറപ്പില്ലാത്ത തരത്തിൽ മാംസം കാണപ്പെടുന്നതും ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ രുചിയുടെ പേരിൽ വാള തഴയപ്പെട്ടപ്പോൾ പെല്ലെറ്റ് ഫീഡ് നൽകി മികച്ച രീതിയിൽ വളർത്തുന്ന വാള മത്സ്യങ്ങളും അക്കൂട്ടത്തിൽപ്പെട്ടു. 

കൊഴുപ്പ് മൂലമുള്ള രുചിക്കുറവാണ് വാളയുടെ പ്രധാന പ്രശ്നം എന്നതുകൊണ്ടുതന്നെ അത് ഉരുകിമാറി മാംസം ഉറപ്പുള്ളതായാൽ ആളുകൾക്ക് ഇഷ്ടപ്പെടും. അതുകൊണ്ടുതന്നെ തൃശൂർ ചാലക്കുടി പോട്ടയിൽ പ്രവർത്തിക്കുന്ന മീൻചട്ടി എന്ന റസ്റ്ററന്റ് ഫിഷ് അൽഫാം വിഭവങ്ങളിൽ ഒന്നായി വാളയെ തിരഞ്ഞെടുക്കാൻ കാരണം. മത്സ്യക്കർഷകരായ 12 പേർ ചേർന്നു രൂപീകരിച്ച ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയാണ് മീൻചട്ടിയുടെ പിന്നിൽ.

meen-chatti-6

വൃത്തിയാക്കി പ്രത്യേക രീതിയില്‍ മുറിച്ച വാളമത്സ്യത്തില്‍ ഇവരുടെ പ്രത്യേക മസാലക്കൂട്ട് തേച്ചുപിടിപ്പിക്കുന്നു. പ്രത്യേക രീതിയിൽ മുറിച്ച എന്നു പറയുമ്പോൾ ഇരു വശങ്ങളും വരയുകയും മുതുകുഭാഗച്ച് തല മുതൽ വാലറ്റം വരെ ഉള്ളിൽ മസാല പുരട്ടാവുന്ന വിധത്തിൽ നീളത്തിൽ കീറുകയും ചെയ്യും. മസാല നന്നായി തേച്ചു പിടിപ്പിച്ചുകഴിഞ്ഞാൽ കുറച്ചുനേരം വയ്ക്കുകയും വേണം.

മസാല നന്നായി പിടിച്ചശേഷം കനലില്‍വച്ചു ചുട്ടെടുക്കുന്നതിനാല്‍ മത്സ്യത്തിനുള്ളിലെ നെയ്യെല്ലാം ഉരുകിവീഴും. അതോടെ രുചിയുള്ള ഒരു വിഭവമായി മാറുകയാണ് വാള. മത്സ്യത്തിനൊപ്പം കുബ്ബൂസ്, മയൊണൈസ്, പുതിനച്ചമ്മന്തി എന്നിവകൂടിയാകുമ്പോള്‍ ആര്‍ക്കും ഒന്നു കഴിക്കാന്‍ തോന്നും. കണ്ണുകള്‍ക്ക് കാഴ്ചവിരുന്നും നാവിന് രുചിവിരുന്നും നല്‍കുന്നതാണ് വാള അല്‍ഫാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: മീൻചട്ടി റസ്റ്ററന്റ്, പോട്ട, ചാലക്കുടി. ഫോൺ: 9846425873, 8921187986, 9562853989

English summary: Delicious Pangasius Fish Alfaham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com