ADVERTISEMENT

‘നമ്മുടെ സങ്കരപ്പശുക്കളില്‍ വിദേശരക്തത്തിന്റെ തോതു കൂടുതലാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഉപയോഗിക്കുന്ന ബീജത്തിന്റെ ഗുണമേന്മ സംബന്ധിച്ചു കര്‍ഷകര്‍ക്കുള്ള പരാതി അവഗണിക്കരുതെന്നും പറയട്ടെ.’

ഇക്കൊല്ലത്തെ പത്മശ്രീ ജേതാവും വെച്ചൂര്‍ പശു സംരക്ഷണ ട്രസ്റ്റ് അധ്യക്ഷയുമായ ഡോ. ശോശാമ്മ ഐപ് 

നാടൻ കന്നുകാലി സംരക്ഷണത്തിനു  നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് എനിക്ക്  പത്മശ്രീ പുരസ്കാരം. ഈ അംഗീകാരം എന്നോടൊപ്പം പ്രവർത്തിച്ച ഗവേഷകർ, വിദ്യാർഥികൾ, പശുക്കളെ സംരക്ഷിക്കുന്ന കർഷകർ എന്നിവർക്കു കൂടിയാണ്. ജൈവ വൈവിധ്യ സംരക്ഷകർക്കാകെ ഇതു പ്രചോദനമാകും. 

നാടൻ പശു സംരക്ഷണത്തിൽ കേരളം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. വെച്ചൂർ പശുക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അവയെ കൂടുതൽ തനിമയോടെ നിലനിർത്താനുള്ള പ്രവർത്തനമാണ്  ഇനി വേണ്ടത്. ഏറ്റവും മെച്ചപ്പെട്ടതു തിരഞ്ഞെടുത്ത് പ്രജനനം നടത്തണം. 2 - 2.5 ലീറ്ററാണ് ഇപ്പോൾ വെച്ചൂരിന്റെ ശരാശരി ഉൽപാദനം. സെലക്ടീവ് ബ്രീഡിങ്ങിലൂടെ അത് 4 ലീറ്ററാക്കണമെന്നാണ് എന്റെ ആഗ്രഹം, വെച്ചൂരിന്റെ തനതായ മറ്റു ഗുണങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെയാവണം ഇത്. സെലക്ടീവ് ബ്രീഡിങ്ങിന് വെറ്ററിനറി കോളജിൽ ഇത്രനാളും നടത്തിയ പ്രോജനി ടെസ്റ്റിങ് പഠനങ്ങൾ ഉപകരിക്കും. അവയിൽനിന്നു പാലുൽപാദനം കൂടിയ വെച്ചൂർ കാളകളുടെ സന്തതികളെ കണ്ടെത്താനാകും. 

ഗവേഷണത്തിൽ ഡേറ്റയ്ക്ക് ഏറെ പ്രാധാന്യമുള്ള കാലമാണ്. വെച്ചൂർ ട്രസ്റ്റായാലും വെറ്ററിനറി കോളജിലെ ഗവേഷകരായാലും ഇതുവരെയുള്ള എല്ലാ ഉരുക്കളുടെയും വംശാവലിയും വിവരശേഖരവും നന്നായി സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ ട്രസ്റ്റ് നേരിട്ടു സംരക്ഷിക്കുന്ന ഉരുക്കളുടെ 9 തലമുറവരെ പിന്നോട്ടുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്.  ട്രസ്റ്റിൽനിന്നു നൽകിയ പശുക്കളുടെ വംശാവലിയുമുണ്ട്. കൃത്യമായ വംശാവലിയുള്ള മൃഗമെന്ന നേട്ടം കേരളത്തിന്റെ വെച്ചൂരിനു മാത്രമുള്ളതാണ്. ദീർഘകാലത്തെ അധ്വാനത്തിലൂടെ നേടിയെടുത്ത ഈ വിവരശേഖരം തുടർഗവേഷണത്തിനു പ്രയോജനപ്പെടുത്തുകയാണ് ഇനി വേണ്ടത്. വെറ്ററിനറി കോളജും വെച്ചൂർ ട്രസ്റ്റും കെഎൽഡി ബോർഡുമൊക്കെ ഈ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ സഹായിക്കണം. ഏത് ഏജൻസിയിൽനിന്നായാലും വംശഗുണമുള്ള കാളകളുടെ ബീജം മാത്രമാണ് ഉപയോഗിക്കുന്നതെന്നും അത് ശരിയായി രേഖപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കണം. കുറച്ചു കേസുകളിൽ കലർപ്പുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ അതൊക്കെ കണ്ടെത്തി തിരുത്താവുന്നതേയുള്ളൂ.

വെറ്ററിനറി കോളജിൽ കുറെയധികം വെച്ചൂർ പശുക്കളും കാളകളും വളരെ ഭംഗിയായി സംരക്ഷിക്കപ്പെടുന്നതു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. കെഎൽഡി ബോർഡിനു ബീജശേഖരണത്തിനും വിതരണത്തിനുമൊക്കെ നിലവാരമുള്ള സംവിധാനങ്ങളുണ്ട്. വംശഗുണമുള്ള കാളകളുടെ ബീജം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നുറപ്പാക്കാനും അക്കാര്യം കൃഷിക്കാരെ ബോധ്യപ്പെടുത്താനും സാധിക്കണം. 

വെച്ചൂർ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നന്നായി തുടരാൻ സാധിച്ചത് കേരളത്തിലെ ജൈവ കർഷകരുടെയും പ്രകൃതി കർഷകരുടെയും ഉത്സാഹം മൂലമാണ്. നാടൻ പശുക്കൾക്ക് സാമ്പത്തികമൂല്യവും പ്രയോജനക്ഷ മതയും കൈവന്നത് അവരിലൂടെയാണ്. 

വെച്ചൂർ സംരക്ഷണ പ്രസ്ഥാനം നാടൻ ജനുസ് സംരക്ഷണത്തിനുള്ള മാതൃകയാണെന്ന് ഇന്ത്യൻ കാർഷിക കൗൺസിൽതന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പ്രവർത്തനം തുടങ്ങുമ്പോൾ ഇന്ത്യൻ കാലി ഇനങ്ങൾ 26 മാത്രമായിരുന്നു. ഇപ്പോൾ അവയുടെ എണ്ണം 44 ആണ്. 18 നാടൻ ജനുസുകളുടെ വീണ്ടെടുപ്പിനു പ്രചോദനവും വഴികാട്ടിയുമാകാൻ വെച്ചൂർ സംരക്ഷണപ്രവർത്തകർക്കു സാധിച്ചു. 

നാടൻപശു സംരക്ഷണത്തിലെ ചില മോശം പ്രവണതകൾ കൂടി ചൂണ്ടിക്കാണിക്കട്ടെ.  വെച്ചൂർ പശുക്കൾക്ക്  കിട്ടിയ പെരുമ മുതലെടുക്കാനായി ഉയരം കുറഞ്ഞ കാലികളെയൊക്കെ കറുത്ത വെച്ചൂർ, ചുവന്ന വെച്ചൂർ എന്നൊക്കെ പേരിട്ട് വളരെ ഉയർന്ന വിലയ്ക്കു വിൽക്കുന്ന പ്രവണതയുണ്ടായി. സത്യസന്ധരെന്നു കരുതിയവർപോലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതു കണ്ടപ്പോൾ വേദന തോന്നി. ചെറുവള്ളി പശുക്കളെ സംരക്ഷിക്കാൻ വെച്ചൂർ ട്രസ്റ്റ് ശ്രമം തുടങ്ങിയപ്പോൾതന്നെ ചെറുവള്ളി എസ്റ്റേറ്റിലും പരിസരത്തുമുണ്ടായിരുന്ന പശുക്കളെ മുഴുവൻ ചിലർ വാങ്ങിക്കൂട്ടി. എന്നാൽ കാളകളെ വാങ്ങിയതുമില്ല. അവയുടെ നല്ല പശുക്കളെ കിട്ടാനില്ല. സംരക്ഷണ പ്രവർത്തനങ്ങൾ പുറത്തു പറയാതെ നടത്തേണ്ട സ്ഥിതിയാണിപ്പോൾ. 

വാണിജ്യാവശ്യത്തിനുള്ള പശുവളർത്തലിൽ  സംസ്ഥാനത്തിന്റെ പ്രജനനനയം ശരിയായി നടപ്പാക്കാതെ പോയതാണ് ഈ രംഗത്തെ തിരിച്ചടികള്‍ക്കു കാരണം. നമ്മുടെ സങ്കരപ്പശുക്കളില്‍ വിദേശരക്തത്തിന്റെ തോതു കൂടുതലാണെന്നാണ് എന്റെ അഭിപ്രായം. ആഗോള താപനത്തിന്റെ കാലത്ത് ഇത് അപകടകരമാണ്. നട്ടുച്ചയ്ക്കുപോലും വെയിലത്തു മേഞ്ഞു നടക്കുന്ന വെച്ചൂർ പശുക്കളെ ഞാൻ വെറ്ററിനറി കോളജിൽ കണ്ടു. എന്നാൽ വിദേശ സങ്കരങ്ങൾക്ക് അത് സാധ്യമാവില്ല. വിദേശരക്ത അനുപാതം അൽപം കുറച്ച ശേഷം (downgrading) സെലക്ടീവ് ബ്രീഡിങ് നടത്തുകയാണ് ഇനി നാം ചെയ്യേണ്ടത്. കേരളത്തിൽ കന്നുകാലി പ്രജനനത്തിന് ഉപയോഗിക്കുന്ന ബീജത്തിന്റെ നിലവാരം സംബന്ധിച്ച് കൃഷിക്കാർക്ക് ആക്ഷേപങ്ങളുണ്ട്. ബന്ധപ്പെട്ടവര്‍ ഇതു കേള്‍ക്കാതെ പോകരുത്.

English summary: Interview with Dr. Sosamma Ipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com