മഞ്ജുപിള്ളയുടെ കച്ചവട‘മുറ’; സൂപ്പർഹിറ്റ് ആയി താരത്തിന്റെ മുറ പോത്തുകളുടെ വിപണന സംരംഭം
Mail This Article
കോവിഡ് കാലം തുടങ്ങുന്നതിനു 4 മാസം മുൻപാണ് നടി മഞ്ജു പിള്ള കൊല്ലം ആറ്റിങ്ങലിനടുത്ത് അവനവൻചേരിയിൽ ‘പിള്ളാസ് ഫാം ഫ്രഷ്’ തുടങ്ങുന്നത്. പുഴയോരത്ത് 5 ഏക്കറിലധികം സ്ഥലത്ത് കൃഷിയും മൃഗസംരക്ഷണവുമെല്ലാം ലക്ഷ്യമിട്ടാണ് ഫാം ആരംഭിച്ചത്. ലോക്ഡൗണും കോവിഡ്കാല നിയന്ത്രണങ്ങളുമൊക്കെയായി ജോലിത്തിരക്കില്ലാതിരുന്ന കാലത്ത് എല്ലാറ്റിലും സജീവമാകാനും കഴിഞ്ഞു. ആടും കോഴിയും പോത്തും പച്ചക്കറികളുമെല്ലാമായി കൃഷി പച്ചപിടിക്കുകയും ചെയ്തെന്ന് മഞ്ജു. അതിനിടയിലാണ് നാലു പോത്തുകളെ വാങ്ങി മുറയിലും കൈവച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ പിന്നിട്ട് സിനിമ–സീരിയൽ രംഗം സജീവമായതോടെ ഫാമില്‍ ചെലവിടാൻ സമയം കുറഞ്ഞു. അതോടെയാണ് കൂടുതൽ ലാഭവും കുറഞ്ഞ സമയവും ആവശ്യമുള്ള പോത്തുവ്യാപാരത്തില്‍ സജീവമായത്. ടെക്നോപാർക്കിൽ എൻജിനീയറും മുറ സംരംഭകനുമായ നിതിനെ വ്യാപാര പങ്കാളിയായി കിട്ടിയതോടെ മുറവ്യാപാരം ഊർജിതമായെന്നു മഞ്ജു.
തിരുവനന്തപുരം സ്വദേശി നിതിന് പഠനത്തിനൊപ്പം പെറ്റ്സ് സംരംഭമുണ്ടായിരുന്നു. അന്നു നായ്ക്കളിലെ എക്സോട്ടിക് ബ്രീഡുകളിലായിരുന്നു കമ്പം. മുറയെക്കുറിച്ച് വായിച്ചറിഞ്ഞ വിവരങ്ങൾവച്ച് 3 കൊല്ലം മുൻപ് നേരെ ഹരിയാനയിലേക്കു വിട്ടു. പിന്നാലെ അവിടെനിന്ന് ഒരു ലോഡ് മുറക്കുട്ടികളെ നാട്ടിലെത്തിച്ചു. അമ്പരപ്പിക്കുന്ന സ്വീകാര്യതയും ഡിമാന്‍ഡുമായിരുന്നു മുറ ബ്രീഡിനെന്ന് നിതിൻ. പിള്ളാസ് ഫാമുമായി കൈകോർക്കുന്നത് ഈ ഘട്ടത്തിലാണ്. പോത്തിനു മാത്രമല്ല, എരുമയ്ക്കും ഇപ്പോൾ കേരളത്തിൽ മികച്ച ഡിമാൻഡുണ്ടെന്ന് നിതിൻ പറയുന്നു.
പോത്തുവളർത്തി കൈപൊള്ളിയവരും കുറവല്ലെന്നു നിതിൻ. മുറയുടെ പരിപാലനത്തിനുള്ള അധികച്ചെലവാണ് പലർക്കും പാരയായത്. പോത്തുവളർത്തലിന് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യവും ഇതുതന്നെ. കൊഴുപ്പും മാംസ്യവും അന്നജവുമുള്ള ഭക്ഷണക്രമമാണ് പോത്തിനു വേണ്ടത്. ‘കപ്പപ്പൊടി നല്ലതെന്ന് കേട്ട് കാസർകോടുള്ള ഒരാൾ തിരുവനന്തപുരത്തുനിന്ന് കപ്പപ്പൊടി എത്തിച്ചാൽ തീറ്റച്ചെലവു കുതിച്ചുയരും. പൈനാപ്പിളില കൊള്ളാമെന്നു കേട്ട് തിരുവനന്തപുരത്തെ ഫാമുകാരൻ വാഴക്കുളത്തുനിന്ന് അത് എത്തിച്ചാലും ചെലവേറും. ചുരുക്കത്തിൽ ഫാറ്റും പ്രോട്ടീനും സ്റ്റാർച്ചും സമ്പന്നമായുള്ള, പ്രാദേശികമായി ലഭിക്കുന്ന, ചെലവു കുറഞ്ഞ തീറ്റയാവണം കണ്ടെത്തേണ്ടത്. അപ്പോഴേ പോത്തുവളർത്തൽ ലാഭകരമാവുകയുള്ളൂ. സമീകൃത പോത്തിൻതീറ്റ ഇപ്പോൾ വിപണിയിൽ ലഭ്യവുമാണ്.’
കഞ്ഞി, കാടിവെള്ളം, ഉഴുന്നു തവിട്, ചോളമാവ് എന്നിവയെല്ലാമുണ്ട് പിള്ളാസ് ഫാമിലെ പോത്തുകളുടെ മെനുവിൽ. നിത്യവും നിശ്ചിത അളവ് പുളിയരിയും മീനെണ്ണയും നൽകുന്നത് വളർച്ചവേഗം കൂട്ടുമെന്നും നിതിൻ. ചൂടുകാലത്ത് ദേഹം ഇടയ്ക്കിടെ തണുപ്പിക്കണം. എല്ലാ മാസവും വിരഗുളിക നൽകേണ്ടതും അത്യാവശ്യം. പെരുന്നാൾ ഉൾപ്പെടെ സീസൺ നോക്കി വിലപേശി വിൽക്കാനുള്ള മിടുക്കും കർഷകർ കാണിക്കണം.
ഫോൺ: (നിതിൻ) 9995995537, 9048003545
English summary: Actress Manju Pillai's Murrah Farm