ADVERTISEMENT

ജോസ് പ്രകാശ്‌ മുതലാളിയുടെ സ്മരണയ്ക്കായി ഒരു മുതലകഥൈ...

ഏക്കറുകണക്കിനു മലർന്നുകിടക്കുന്ന പാടശേഖരങ്ങൾ അതിനതിരിട്ടുകൊണ്ട്‌  കാവലായി നിൽക്കുന്ന റബർ മരത്തോട്ടങ്ങൾ. അതിൽ ഓടിക്കളിക്കുന്ന മാനുകളും പാടശേഖരങ്ങളിലെ കുളങ്ങളിൽ വളരുന്ന മുതലക്കുഞ്ഞുങ്ങളും. സന്ധ്യാസമയത്തു നൈറ്റ്‌ ഗൗണും ഇട്ട്‌ ഒരു പൈപ്പും ഒക്കെ കടിച്ചു പിടിച്ച്‌   മുതലക്കുളത്തിന്റെ കരയിലിരുന്നു വിസ്കിയും നുണഞ്ഞു  തന്തൂരി ചിക്കനും കടിച്ചു വലിച്ച് ഇടക്ക്‌ ആ ചിക്കൻ കഷണങ്ങൾ മുതലക്കുഞ്ഞിനും ഇട്ടുകൊടുത്തു ബോറടിക്കുമ്പൊൾ അടുത്തിരിക്കുന്ന ഡബിൾ ബാരൽ ജർമൻ തൊക്കെടുത്തു ഒരു മാനിനെ വെടിവെച്ചു വീഴ്ത്തി...

അങ്ങനെയങ്ങിനെ ഹോ എന്തൊക്കെ മോഹങ്ങൾ...

ഇതിനൊന്നും പാങ്ങില്ലാത്തതുകൊണ്ട്‌ ഒള്ള 60 സെന്റ്‌ പാടത്ത് ഒരു കുഴീം കുത്തിയതിലഞ്ചാറു മീനേം മേടിച്ചിട്ടു. വൈകുന്നെരം ആവുമ്പൊ കോഴിക്കടേലെ വേസ്റ്റ്‌ എടുത്തു മുഷിക്കിട്ടുകൊടുത്തു പന ചെത്തുന്നതിനു കിട്ടുന്ന വീതക്കള്ളും മേടിച്ച്‌ അതും കുടിച്ച്‌ ഒരു ദിനേശും പുകച്ചിരുന്ന് കാലം പോക്കി.

എങ്കിലും ഒരു മുതലക്കുഞ്ഞിനെ വളർത്തണം എന്ന മോഹം തലയിൽനിന്നും പോയില്ല. അങ്ങനെയിരിക്കെയാണ് ഈ മുതല വളർത്തൽ ഒരു വൻ വ്യവസായം ആണെന്നു പിടികിട്ടിയത്. എന്നാൽ പിന്നെ അതൊന്നന്വേഷിക്കാം എന്നോർത്തു. സംഭവം സത്യമാണു കേട്ടോ... എന്റെ ജോസ് പ്രകാശ് മുതലാളിയാണേ സത്യം...

crocodile-3
മുതലകൾക്കു ഭക്ഷണം നൽകുന്നു. Source: Internet

അന്താരാഷ്ട്രതലത്തിൽ കോടിക്കണക്കിനു ഡോളറിന്റെ വ്യാപാരം ആണ് ഈ മുതല വളർത്തൽ! തായ്‌ലൻഡ് ആണ് ഇതിൽ മുൻപിൽ നിൽക്കുന്നത്. അവിടുത്തെ ആയിരക്കണക്കിലേറെ വരുന്ന മുതല ഫാമുകളിലായി ഏതാണ്ട്‌ 12 ലക്ഷത്തോളം മുതലകളാണു വളരുന്നത്. അവിടുത്തെ ശ്രീ ആയുതയ എന്ന ഫാമിൽ മാത്രം ഒന്നരലക്ഷം മുതലകൾ!!

മുതലത്തുകൽ ആണ് പ്രധാനമെങ്കിലും ഇറച്ചിയും രക്തവും പിത്തസഞ്ചിയിലെ നീരുമൊക്കെ ഡോളറുകൾ വാരിക്കൂട്ടുന്ന ഉൽപന്നങ്ങളാണ്.

crocodile-2
Source: Internet

ഒരു മുതലത്തോൽ വാനിറ്റി ബാഗിന് 2500 ഡോളർ വരെ വിലയുള്ളപ്പൊൾ ഒരു മുതലത്തോൽ ജാക്കറ്റിനു വില 5000 ഡോളറിനു മുകളിലാണ്. മുതല ഇറച്ചിക്ക്‌ കിലോയ്ക്ക്‌ 600 രൂപ. മുതലച്ചോര ഉണങ്ങിയ ക്യാപ്സ്യൂളിനും പിത്താശയ സ്രവത്തിനുമൊക്കെയും ഇതുപോലെ വിലയുണ്ട്‌.

ഈ രംഗത്തു അമേരിക്കൻ സംസ്ഥാനങ്ങളും പുറകിലല്ല. ആഫ്രിക്കൻ രാജ്യങ്ങളും ഈ വ്യവസായത്തിൽ മുന്നേറുന്നുണ്ട്‌. ദക്ഷിണാഫ്രിക്ക 75 മില്യൺ ഡോളറിന്റെ കയറ്റുമതി വരുമാനം ഈ മുതലക്കുഞ്ഞു വ്യവസായത്തിലൂടെ ഉണ്ടാക്കുമ്പോൾ  സാംബിയയും 65 മില്യണും കെനിയ 62 ഉം സിംബാബ് വേ 30ഉം മില്ല്യൺ ഡോളർ ഉണ്ടാക്കുന്നു.

സ്വന്തം  രാജ്യത്തെ ലൈസൻസ്‌ കൂടാതെ Convention on International Trade in Endangered Species of Wild Fauna and Flora (CITES)യിലെ റജിസ്ട്രേഷൻ കൂടിയുണ്ടെങ്കിലേ കയറ്റുമതിയൊക്കെ നടക്കൂ. കോഴിയിറച്ചിക്കു സമാനം ആണു മുതലയിറച്ചി എന്നാണു പറയപ്പെടുന്നത്.

crocodile-4
മുതലകളെ വളർത്തുന്ന വലിയ ഫാം. Source Internet

ഇന്ത്യയിൽ ഏതായാലും ഈ മുതല ഫാമിങ് നിയമവിരുദ്ധം എന്നും, അല്ല സംരക്ഷിത ഇനങ്ങളായ മൂന്നെണ്ണത്തിനെ ഒഴിച്ചു ബാക്കിയുള്ളവയെ വളർത്താം എന്നും കേൾക്കുന്നു. എങ്കിലും ഇവയിൽ നിന്നുള്ള ഉൽപന്നങ്ങൾ വിപണനം ചെയ്യാമൊ എന്ന കാര്യത്തിലും എനിക്ക്‌ വലിയ പിടിയില്ല. 

ഈ പറഞ്ഞ മുതല വളർത്തലിന്റെ സാങ്കേതികവശങ്ങളും പ്രോജക്റ്റ്‌ റിപ്പോർട്ടും ഇന്റർനെറ്റിൽ ലഭ്യമാണ്.

English summary: Crocodile farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com