ADVERTISEMENT

ഒൻപത് പതിറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള ചർമ മുഴ രോഗം അഥവാ ലംബി സ്കിൻ ഡിസീസ് കേരളത്തിലെ പശുക്കളിൽ വ്യാപകമായി കാണപ്പെടാൻ തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടു. പശുക്കളിൽനിന്ന് ഏതെങ്കിലും വാഹകർ വഴി പശുക്കളിലേക്കു പകരുന്ന ഈ പകർച്ചവ്യാധി കർഷകർക്ക് കുറച്ചൊന്നുമല്ല പ്രശ്നങ്ങൾ വരുത്തിവയ്ക്കുന്നത്. കേരളത്തിൽ ചർമമുഴ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് തൃശൂർ ജില്ലയിലാണെങ്കിലും ഇന്ന് എല്ലാ ജില്ലകളിലുംതന്നെ ഈ അസുഖമുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്തിടെ ചർമമുഴ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. തുടക്കകാലത്തെ തീവ്രമായ മുഴകളും വൃണങ്ങളും ഇല്ലാത്ത വിധത്തിലാണ് ഇപ്പോഴുള്ള ചർമമുഴ ലക്ഷണങ്ങളെങ്കിലും പശുവിന് ആരോഗ്യക്കുറവ്, തീറ്റമടുപ്പ്, ഉൽപാദനം കുറയൽ എല്ലാംതന്നെയുണ്ട്. മുഴകൾ പൊട്ടി വൃണങ്ങളാകുന്ന അവസ്ഥ വിരളമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്.

രോഗബാധ കണ്ടെത്തുന്ന പക്ഷം ലോകമൃഗാരോഗ്യ സംഘടനയ്ക്ക് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട 'നോട്ടിഫയബിള്‍ ഡിസീസ്' പട്ടികയില്‍പെട്ടതാണ് ചര്‍മമുഴ രോഗമെന്നതും  ഇതിന്റെ ഗൗരവമുയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ എല്‍എസ്‌ഡി രോഗത്തെക്കുറിച്ച് അൽപം കാര്യങ്ങള്‍ കര്‍ഷകരും പൊതുസമൂഹവും അറിഞ്ഞിരിക്കേണ്ടതുണ്ട്. 

എന്താണ് ചര്‍മമുഴ രോഗം?

പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചര്‍മമുഴ രോഗത്തിന് (എല്‍എസ്‌ഡി) കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എല്‍എസ്‌ഡി വൈറസുകളാണ്.  ഈ വൈറസുകളെ  കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗപ്പകര്‍ച്ചക്ക് സാധ്യതയുണ്ട്. വായുവിലൂടെയോ തീറ്റസാധനങ്ങളിലൂടെയോ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പകര്‍ച്ചാനിരക്ക്  കേവലം 20 ശതമാനവും മരണനിരക്ക് 5  ശതമാനത്തില്‍ താഴെയും മാത്രമാണെങ്കിലും രോഗം മൂലമുണ്ടാവുന്ന  ദീര്‍ഘനാളത്തെ ഉൽപാദന-പ്രത്യുൽപാദന നഷ്ടമാണ് സാംക്രമിക ചര്‍മമുഴ രോഗം വരുത്തിവയ്ക്കുന്ന  പ്രധാന ആഘാതം.

ചര്‍മമുഴ രോഗം ഒരു ജന്തുജന്യരോഗമല്ല

പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മമുഴ രോഗ സാധ്യതയുള്ളത്. എച്ച്എഫ് അടക്കമുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും. ഗര്‍ഭവതികളായ പശുക്കളിലും കിടാരികളിലും രോഗസാധ്യത ഉയര്‍ന്നതാണ്. ഈ രോഗം കന്നുകാലികളില്‍നിന്നു മനുഷ്യരിലേക്ക് പകരുന്ന  ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ലെന്ന കാര്യം പ്രത്യേകം മനസിലോര്‍ക്കണം. 

lumpy-skin-disease-1
ചർമമുഴ രോഗം ബാധിച്ച പശു (ഫയൽ ചിത്രം)

എങ്ങനെ തിരിച്ചറിയാം?

രോഗാണുബാധയേറ്റ 4 മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഉയര്‍ന്ന പനി, പാലുൽപാദനം ഗണ്യമായി കുറയല്‍, തീറ്റമടുപ്പ്, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, വായില്‍നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്റിമീറ്റര്‍  വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള  മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്റെ കീഴ്ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്. രോഗത്തിന് സാംക്രമിക ചര്‍മമുഴ രോഗം എന്നു പേര് വന്നതിനു  കാരണവും ഇതുതന്നെയാണ്.

ചെറിയ മുഴകള്‍ ക്രമേണ ശമിക്കുമെങ്കിലും വലിയ മുഴകള്‍  പൊട്ടി രക്തസ്രാവത്തിനും വ്രണങ്ങളായി തീരാനും സാധ്യതയുണ്ട്. ഇത്തരം മുഴകള്‍ വായിലും  അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. ഇത് പലപ്പോഴും ശ്വസനതടസം, ന്യൂമോണിയ, തീറ്റ കഴിക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയാക്കും. കീഴ്ത്താടി, ശരീരത്തിന്റെ കീഴ്ഭാഗം, കൈകാലുകള്‍  തുടങ്ങിയ ശരീരഭാഗങ്ങളോട് ചേര്‍ന്നുള്ള  നീര്‍ക്കെട്ടും ചര്‍മമുഴ രോഗബാധയില്‍ കണ്ടുവരുന്നു. ഗര്‍ഭിണിപശുക്കളുടെ ഗര്‍ഭമലസാനും പശു മദി കാണിക്കാതിരിക്കാനും പ്രത്യുൽപാദനചക്രം താളംതെറ്റാനും ചിലപ്പോള്‍ ചര്‍മമുഴ രോഗം കാരണമായേക്കാം. 

lumpy-skin-disease-2
ചർമമുഴ രോഗം ബാധിച്ച പശു (ഫയൽ ചിത്രം)

ചര്‍മമുഴ രോഗത്തെ എങ്ങനെ തടയാം 

രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂർണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ പശു കിടാക്കള്‍ കുടിക്കുന്നില്ലെന്ന കാര്യവും ഉറപ്പാക്കണം. 

ചര്‍മമുഴ രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. പൊതുവെ മരണനിരക്ക് കുറഞ്ഞ അസുഖമാണെങ്കിലും പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍, അകിടുവീക്കം അടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, ആന്റിബയോട്ടിക്, ആന്റി ഇൻഫ്ലമേറ്ററി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം.

മുഴകള്‍ പൊട്ടിയുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങാന്‍ ദിവസങ്ങളോളം സമയമെടുക്കും. വ്രണങ്ങളില്‍ അണുബാധകള്‍ക്കും ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയേറെയാണ്. ഈച്ചകളെ അകറ്റാനും മുറിവുണക്കത്തിനുള്ളതുമായ  മരുന്നുകള്‍ വ്രണങ്ങളില്‍ പ്രയോഗിക്കണം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ നീര്‍ക്കെട്ടൊഴിവാക്കുന്നതിനായി ചികിത്സകള്‍ക്കൊപ്പം ചൂടുകിഴി പ്രയോഗവും നടത്താവുന്നതാണ്. 

രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍നിന്നും അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഉയര്‍ന്നതായിരിക്കും. തൊഴുത്തില്‍നിന്നു ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയശേഷം തറയും, തീറ്റത്തൊട്ടിയും, മറ്റുപകരണങ്ങളും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ 2 ശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ, 4% വീര്യമുള്ള അലക്കുകാര (സോഡിയം കാര്‍ബണേറ്റ്) ലായനിയോ ബ്ലീച്ചിംഗ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം. വിപണിയില്‍ ലഭ്യമായ ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ ലായനികളും തൊഴുത്തും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കാം. ക്വാര്‍ട്ടനറി അമോണിയം അടങ്ങിയ മറ്റ് ലായനികളും മികച്ച അണുനാശിനികളാണ്.

രോഗം ബാധിച്ച ഉരുക്കളെ പാര്‍പ്പിച്ച തൊഴുത്തിന് ചുറ്റും കൊതുകുകളെയും, ഈച്ചകളെയും തടയുന്ന  വലകള്‍ കെട്ടുന്നതും അവയെ തടയുന്ന ലേപനങ്ങള്‍ തളിക്കുന്നതും കര്‍പ്പൂരവും മറ്റും പുകയ്ക്കുന്നതും രോഗസംക്രമണം നിയന്ത്രിക്കാന്‍ ഉപകരിക്കും.

രോഗാണുവിന്‍റെ വാഹകരായ ബാഹ്യപരാദങ്ങളെ തടയുന്നതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. ബാഹ്യപരാദലേപനങ്ങള്‍ ചേര്‍ത്ത് തൊഴുത്തിന്റെ ചുമര് വെള്ളപൂശാം. വളക്കുഴിയില്‍ ആഴ്ചയില്‍ രണ്ട് തവണ ഒരു കിലോ കുമ്മായം 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡറില്‍ ചേര്‍ത്ത് വിതറണം. കൊതുകുനിയന്ത്രണവും പരിസരശുചിത്വവും രോഗനിയന്ത്രണത്തില്‍ പ്രധാനമാണ്. 

അനുകൂല സാഹചര്യങ്ങളില്‍ മുഴകളിലെ പഴുത്ത് പൊട്ടിയ വ്രണങ്ങളിലും  ഉണങ്ങിയ  പൊറ്റകളിലും 35 ദിവസത്തോളം നിലനില്‍ക്കാന്‍ വൈറസുകള്‍ക്ക്  ശേഷിയുണ്ട്. അനുകൂല കാലാവസ്ഥയില്‍ തൊഴുത്തിലും, പരിസരത്തും നീണ്ടകാലം നിലനില്‍ക്കാനും വൈറസിന് സാധിക്കും. അതുകൊണ്ട് പശുക്കളില്‍ രോഗശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കാനും തൊഴുത്തും പരിസരവും മേല്‍പറഞ്ഞ അണുനാശിനികള്‍ ഉപയോഗിച്ച് നിത്യവും വൃത്തിയാക്കാനും ശ്രദ്ധപുലര്‍ത്തണം. 

lumpy-skin-disease-3
ചർമമുഴ രോഗം ബാധിച്ച പശു (ഫയൽ ചിത്രം)

അൽപം ചരിത്രം

സാംബിയ എന്ന  ആഫ്രിക്കന്‍ രാജ്യത്ത് 1929കളുടെ തുടക്കത്തില്‍ പശുക്കളില്‍ വ്യാപകമായി ചര്‍മം നിറയെ വീക്കവും തടിപ്പും ചെറിയ മുഴകളും പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ നാട്ടിലെ സാധാരണക്കാരായ കര്‍ഷകര്‍ അതത്ര കാര്യമാക്കിയില്ല. മേയുന്നതിനിടെ വല്ല വിഷച്ചെടികള്‍ കഴിച്ചതുകൊണ്ടോ കടന്നലുകളുടെ കുത്തേറ്റതുകൊണ്ടോ ആവാം തങ്ങളുടെ പശുക്കളുടെ ശരീരത്തില്‍ ഇത്തരം ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ്  അവര്‍ ധരിച്ചത്. എന്നാല്‍, പശുക്കളുടെ ചര്‍മം ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി  തീരുകയും, അവയുടെ ഉൽപാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന ഈ അവസ്ഥ ക്രമേണ മറ്റു  സ്ഥലങ്ങളിലേക്കെല്ലാം വ്യാപിച്ച് തുടങ്ങി. അതോടെ ഇതൊരു  പുതിയ സാംക്രമികരോഗമാണെന്ന് കര്‍ഷകരും അധികൃതരുമെല്ലാം തിരിച്ചറിഞ്ഞു. 

1949ല്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം 80 ലക്ഷത്തിലധികം കന്നുകാലികളെയാണ് ഈ സാംക്രമിക രോഗം  പിടികൂടിയത്. അതു വരുത്തിവച്ച സാമ്പത്തിക ഉൽപാദന നഷ്ടങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. 1989ല്‍ ഇസ്രയേലില്‍ ഈ രോഗം വലിയ തോതില്‍  പൊട്ടിപ്പുറപ്പെടുകയുണ്ടായി. ആഫ്രിക്കന്‍ രാഷ്ട്രമായ ഈജിപ്തില്‍നിന്ന്  ആഞ്ഞുവീശിയ മരുക്കാറ്റിനൊപ്പം പറന്നെത്തിയ കുതിരയീച്ചകളായിരുന്നു രോഗാണുവിനെ ഇസ്രയേലിലെ പശുക്കളിലേക്ക് പടര്‍ത്തിയത്. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പല രാജ്യങ്ങളിലും കന്നുകാലികളില്‍ ഇന്ന്  വ്യാപകമായി കണ്ടുവരുന്ന പുതിയ (emerging) രോഗങ്ങളില്‍ ഒന്നായ ലംപി സ്കിന്‍ ഡിസീസ് (എല്‍എസ്‌ഡി) അഥവാ സാംക്രമിക ചര്‍മമുഴ രോഗത്തിന്‍റെ പിന്നിട്ട ചരിത്രമാണ് മുന്നേ വായിച്ചത്.  

രോഗമുറപ്പിച്ചത് ഭോപ്പാലിലെ അതിസുരക്ഷാ ലാബില്‍ 

ഇന്ത്യയില്‍ സാംക്രമിക ചര്‍മമുഴ രോഗം ആദ്യമായി കണ്ടെത്തിയതും സ്ഥിരീകരിച്ചതും 2019 ഓഗസ്റ്റില്‍ ഒഡീഷയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയിരുന്നു.  കേരളത്തില്‍ 2020 ജനുവരിയിൽ തൃശൂര്‍, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലും സംസ്ഥാന അതിര്‍ത്തിഗ്രാമങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തു. ഇതേത്തുടര്‍ന്ന്  വെറ്ററിനറി സര്‍വകലാശാലയിലെ രോഗപ്രതിരോധ വിഭാഗം പശുക്കളില്‍നിന്നു കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍  നടത്തിയ പരിശോധനകളിൽ ഇത് സാംക്രമിക ചര്‍മമുഴ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചു. 

English Summary: Lumpy Skin Disease, Lumpy skin disease symptoms and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com