ADVERTISEMENT

‘ലോകം മുഴുവൻ അവ്ക്കാഡോ ആരാധകരാവുന്ന സ്ഥിതിയുണ്ടിപ്പോൾ. അത്രയധികമുണ്ട് പോഷകമൂല്യം. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പ്രിയപ്പെട്ട ബ്രെയ്ക് ഫാസ്റ്റ് ആണിന്ന് അവ്ക്കാഡോ വിഭവങ്ങൾ. തോക്കുധാരികൾ കാവൽനിന്ന് കൃഷി ചെയ്തെടുക്കുന്ന പഴം എന്ന് അവ്ക്കാഡോയെക്കുറിച്ച് പറഞ്ഞാൽ അതിശയോക്തിയല്ല. അവ്ക്കാഡോ ഉൽപാദകരാജ്യങ്ങളിൽ മുൻനിരയിലുള്ള മെക്സിക്കോയിലെ സ്ഥിതിയാണിത്. മെക്സിക്കൻ ലഹരി മാഫിയ സംഘങ്ങള്‍  പലതുമിപ്പോൾ ലഹരിക്കടത്തിനു പകരം അവ്ക്കാഡോ കൃഷിക്കാരെ തട്ടിക്കൊട്ടു പോയി വിലപേശലിനു ശ്രമിക്കുന്നുവെന്നാണ് വാർത്തകൾ. അത്രയധികം വരുമാനം അവ്ക്കാഡോയിൽനിന്നുണ്ട്’, എറണാകുളം–ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശമായ കല്ലൂർക്കാടിനടുത്ത് കലൂരിലുള്ള ഷാജി കൊച്ചുകുടിയെന്ന പഴവർഗക്കർഷകന്റെ വാക്കുകളിൽ നിറയെ അവ്ക്കാഡോ പ്രതീക്ഷകൾ. 

പത്തേക്കറിലാണ് ഷാജിയുടെ അവ്ക്കാഡോ കൃഷി. 2019ൽ നാടൻ ഇനങ്ങൾ പരീക്ഷിച്ചാണ് തുടക്കം. അവയെല്ലാം ഉൽപാദനത്തിലെത്തുകയും ചെയ്തു. എന്നാൽ അവ്ക്കാഡോ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ വിപണിക്കു യോജിച്ച ഇനങ്ങൾ കണ്ടെത്തണമെന്നു ഷാജി. അതുകൊണ്ടുതന്നെ കൃഷി വിപുലമാക്കാൻ  തിരഞ്ഞെടുത്തത് ടൈപ്പ് എ അവ്ക്കാഡോ വിഭാഗത്തിലുള്ള റസ്സൽ ഇനം. 3 വർഷം പിന്നിട്ട ഈ തൈകൾ പലതും ഇക്കൊല്ലം പൂവിട്ടു. അടുത്ത സീസണോടെ വിളവാകുമെന്ന് ഷാജി.

ശരിയായ ഇനം

‘വാണിജ്യക്കൃഷി ചെയ്യുമ്പോൾ ആഗോളവിപണിക്കു സ്വീകാര്യമായ ഇനങ്ങൾ  തിരഞ്ഞെടുക്കണം. അവ്ക്കാഡോയുടെ ആഗോള ഉൽപാദനത്തിന്റെ 60 ശതമാനവും പോഷകമൂല്യം കൂടിയ ഹസ് (Hass) ഇനമാണ്. ഹസിനു സ്വീകാര്യത വർധിക്കാൻ അതു മാത്രമല്ല കാരണം. മൂപ്പെത്തിയ ശേഷവും 2 മാസം വരെ മരത്തിൽ നിൽക്കുമെന്നതാണ് പ്രധാന കാര്യം. വിളവെടുത്താലും 20 ദിവസം വരെ സൂക്ഷിക്കാം. കൃഷിക്കാരനു വിലപേശാന്‍ കൂടുതല്‍ സമയം ലഭിക്കുന്നത് ചില്ലറ കാര്യമല്ല. കുറഞ്ഞ സൂക്ഷിപ്പുകാലമാണല്ലോ ഏതു പഴവർഗക്കൃഷിക്കാരനും നേരിടുന്ന സമ്മർദം. മറ്റൊന്ന് പഴത്തിന്റെ തൂക്കമാണ്. 250 ഗ്രാം വരുന്ന പഴത്തിനാണ് ആഗോളവിപണിയിൽ പ്രിയം. അതായത്, ബാക്കി പിറ്റേ ദിവസത്തേക്കു സൂക്ഷിച്ചു വയ്ക്കാതെ ഒരാൾക്ക് ഒരു നേരം കഴിച്ചു തീർക്കാൻ മാത്രം വലുപ്പമുള്ളതിന്. ഈ മേന്മയും ഹസിനുണ്ട്. അതേസമയം, സമുദ്രനിരപ്പിൽനിന്ന് 2000 അടിക്കു മുകളിൽ ഉയർന്ന പ്രദേശങ്ങളിലേ ഹസ് മികച്ച ഉൽപാദനം നൽകൂ. അതുകൊണ്ടുതന്നെ ഹൈറേഞ്ചിനു യോജിക്കുന്ന ഇനം. ഇടനാടൻ പ്രദേശങ്ങളിൽ, ഗുണങ്ങളിൽ ഹസിനൊപ്പം എത്തുന്ന റസ്സൽ ഇനമാണ് യോജ്യം’, ഷാജി പറയുന്നു.

അവ്ക്കാഡോയിൽ ടൈപ്പ് എ, ടൈപ്പ് ബി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. ആദ്യത്തേതിൽ രാവിലെ പെൺപൂക്കളും വൈകുന്നേരം ആൺപൂക്കളും വിരിയുമെങ്കിൽ രണ്ടാമത്തെ വിഭാഗത്തിൽ നേരെ തിരിച്ചാണ് സ്ഥിതി. അതുകൊണ്ടുതന്നെ ടൈപ്പ് എ വിഭാഗം അവ്ക്കാഡോ കൃഷി ചെയ്യുമ്പോൾ ഇടയിലായി അതിനു യോജിക്കുന്ന ടൈപ്പ് ബി  ഇനവും കൃഷി ചെയ്യണമെന്നു ഷാജി. പരാഗണത്തോതു കൂടാനും ഉൽപാദനം വർധിക്കാനും ഇതുപകരിക്കും. റസ്സലിനു യോജിച്ച ടൈപ്പ് ബി ഇനം ഇന്നു ലഭ്യമല്ലെങ്കിലും കിട്ടുന്ന മുറയ്ക്ക് നട്ടു വളർത്താൻ ഇടയിട്ടു തന്നെയാണ് ഷാജിയുടെ കൃഷി. മണ്ണുയർത്തി തയാറാക്കിയ തടങ്ങളി(raised bed)ലാണ് അവ്ക്കാഡോകൾ വളരുന്നത്. നീർവാർച്ചയ്ക്കും മികച്ച വളർച്ചയ്ക്കും  ഈ രീതി ഫലപ്രദമെന്ന് അദ്ദേഹം പറയുന്നു.

വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ തുടങ്ങി പഴവർഗക്കൃഷിക്കു പുകൾപെറ്റ രാജ്യങ്ങളും അവിടെയുള്ള ഗവേഷണകേന്ദ്രങ്ങളുമെല്ലാം സന്ദർശിച്ചിട്ടുള്ള ഷാജി അവ്ക്കാഡോയുടെ ഉൽപാദനവും വരുമാനവും സംബന്ധിച്ചുള്ള പ്രതീക്ഷകളും പങ്കുവയ്ക്കുന്നു. ‘ഒരേക്കറിൽ 100 അവ്ക്കാഡോ കൃഷി ചെയ്യാം. 5–ാം വർഷം ഒരു മരത്തിൽനിന്ന് കുറഞ്ഞത് 50 കിലോ ലഭിച്ചാൽ പോലും ഏക്കറിന് 5 ടൺ ഉൽപാദനം. കിലോയ്ക്ക് കുറഞ്ഞത് 100 രൂപ കണക്കാക്കിയാൽ ഏക്കറിന് 5 ലക്ഷം രൂപ നേട്ടം. മരം വളരുന്തോറും ഉൽപാദനം പല മടങ്ങു വർധിക്കുകയും ചെയ്യുും’, ഷാജിയുടെ വാക്കുകൾ.

എന്നാൽ ഇതിനർഥം, അനായാസം ഈ വരുമാനം നേടാമെന്നല്ല. ഉയർന്ന അളവിൽ നന വേണം അവ്ക്കാഡോയ്ക്ക്. മുതിർന്ന ചെടിക്ക് കടുത്ത വേനലിൽ ദിവസം 100 ലീറ്റർവരെ. അതിനു  സൗകര്യമുണ്ടാവണം. രോഗ, കീടബാധകൾ അപ്പപ്പോൾ തിരിച്ചറിഞ്ഞ് നിയന്ത്രിക്കണം. വിദേശപഴവർഗ പരിപാലനം നമ്മുടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ആഴത്തിൽ പഠിക്കണമെന്നു ഷാജി. വിദേശരാജ്യങ്ങളിൽ, വിശേഷിച്ചും ഇസ്രയേലിൽ, ലാബിൽനിന്ന് നേരെ ഫാമിലേക്ക് എന്ന നിലയിലാണ് കൃഷിയിലെ ഓരോ പ്രശ്നത്തിനും പരിഹാരമെത്തുന്നത്. നമുക്കും അതു സാധ്യമാകണം.  

‘കൃഷിക്ക് അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരും മുന്നിട്ടിറങ്ങണം. ഉദാഹരണമായി, പഴവർഗക്കൃഷിക്ക് ജലലഭ്യത പ്രധാനം. നെൽകൃഷിക്കായി നിർമിച്ച കനാലുകളൊക്കെ ഇപ്പോൾ പാഴായ സ്ഥിതിയാണ്. ഇവയിലൂടെ വെള്ളം സൗജന്യമായോ നിശ്ചിത ഫീസ് ഈടാക്കിയോ പഴവർഗക്കൃഷിക്കാർക്കു നല്‍കണ’മെന്നും ഷാജി പറയുന്നു. 

shaji-kochukudi-avocado-1
ഷാജി കൊച്ചുകുടി ദുരിയാനു സമീപം

അരികിലുണ്ട് ദുരിയാൻ 

മണം കൊണ്ട് മൂക്കു ചുളിപ്പിക്കുന്ന പഴം എന്നാണ് ദുരിയാനെക്കുറിച്ചുള്ള വിമർശനം. മണം മൂലം പല എയർപോർട്ടുകളിലും വിലക്കു നേരിടുന്ന പഴം. എന്നാൽ മധുരംകൊണ്ട് മനസ്സു നിറയ്ക്കുന്ന പഴം കൂടിയാണ് ദുരിയാൻ. കഴിക്കുന്തോറും കൊതി കൂടുന്ന രുചി. ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ട് ദുരിയാൻ. സീസണിൽ തായ്‌ലൻഡിൽ ദുരിയാൻ മേളകൾതന്നെ നടക്കുന്നുണ്ട്. ദുരിയാൻ ആസ്വദിക്കാൻ മാത്രം യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമൊക്കെ സീസണിൽ തായ്‌ലൻഡിലെത്തുന്ന സഞ്ചാരികളുമുണ്ട്. 

ആറു വർഷം പ്രായമെത്തിയ 100 ദുരിയാൻ മരങ്ങളുണ്ട് ഷാജിക്ക്. പത്തും പതിനഞ്ചും പഴങ്ങളുമായി പലതും വിളവെടുപ്പിലെത്തി. നിലവിൽ കിലോയ്ക്ക് 300–400 രൂപ വരെയെത്തും നമ്മുടെ വിപണിയിൽ ദുരിയാനു വില. 3–4 കിലോ വരുന്ന ഒരു പഴത്തിന്റെ വില എത്രയെന്ന് ആലോചിക്കുക. മുതിർന്ന ഒരു മരത്തിൽനിന്ന് 100 പഴങ്ങൾവരെ പ്രതീക്ഷിക്കാം.

ദുരിയാന്റെയും ഇണങ്ങുന്ന ഇനങ്ങൾ കണ്ടെത്തി കൃഷി ചെയ്യുക എന്നതു പ്രധാനം.  മോന്തോങ്, മുസാങ് കിങ് ഇനങ്ങളാണ് ഷാജി തിരഞ്ഞെടുത്തത്. മികച്ച രുചിയും ഗുണവുമുള്ള ഇനം എന്നതിനൊപ്പം ചിപ്സിനു യോജ്യം എന്ന മേന്മകൂടിയുണ്ട് മോന്തോങ്ങിന്. ദുരിയാൻ പഴത്തിന് എന്നപോലെ ഉയർന്ന വിലയുണ്ട് ദുരിയാൻ ചിപ്സിനും.

അവ്ക്കാഡോ, ദുരിയാൻ എന്നിവയ്ക്കൊപ്പം റംബുട്ടാൻ, മാങ്കോസ്റ്റിൻ കൃഷിയുമുണ്ട് ഷാജിക്ക്. കലൂരിൽ ഫാമിനോട് ചേർന്നും ഒപ്പം എറണാകുളത്തും ഫ്രൂട്ട് വാഗൺ എന്ന പേരിൽ പഴങ്ങളും ദുരിയാൻ ഷെയ്ക്ക് പോലുള്ള മൂല്യവർധന ഉൽപന്നങ്ങളും ലഭ്യമാക്കുന്ന ഔട്ട്ലെറ്റുകളുമുണ്ട്. സ്വന്തം പഴവർഗങ്ങൾ ബ്രാൻഡ് ചെയ്ത് നേരിട്ട് വിപണിയിലെത്തിക്കാനാണു ശ്രമമെന്നും അദ്ദേഹം പറയുന്നു.

ഫോൺ: 9447023820  

English summary: Avocado Farming in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com